2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

പെർസിസ്റ്റൻസ് ഓഫ് മെമ്മറി- സാൽവദോർ ദാലി. വെള്ളെഴുത്ത് വി

ദാലിയുടെ ചിത്രത്തിനെപ്പറ്റി
ക്ലാസിൽ ഈ ചിത്രം എടുത്തു കാണിച്ചിട്ട് അവർ കണ്ട കാര്യങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞു..ഈ ചിത്രം പ്രസിദ്ധമാണെന്നും വരച്ചത് ദാലിയെന്ന സ്പാനിഷ് ചിത്രകാരനാണെന്നും, ഘടികാരങ്ങൾ, ഉരുകുന്ന വാച്ചുകൾ എന്നെല്ലാം പേരുണ്ടെങ്കിലും ചിത്രകാരൻ 'ഓർമ്മയുടെ സ്ഥിരത' എന്നാണ് പേരു നൽകിയിരിക്കുന്നതെന്നും മാത്രമാണ് വിശദീകരിച്ചത്. പതിവുപോലെ വരണ്ട ഭൂമി, ഉണങ്ങിയ മരം, വിചിത്ര ജീവി, മല.. തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ എഴുതി..വളരെ കുറച്ചുപേർ അല്പം കടന്നിട്ട് എന്താണ് അത് എന്നു വിശദീകരിച്ചു ഒന്നോ രണ്ടോ വരികളിൽ ( അങ്ങനെ എഴുതാൻ പറഞ്ഞിട്ടല്ല)
അവയിൽ ചിലത് :
- ക്ലോക്കുകൾ നശിക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണ്. ആറ്റം വികിരണംകൊണ്ട് ഉരുകിയ ക്ലോക്കുകളാണ് ചിത്രത്തിൽ കാണുന്നത്
- സമയനിഷ്ഠയില്ലാതെ നശിച്ചു പോകുന്ന മനുഷ്യന്റെ പ്രതീകമാണ് ചിത്രത്തിലെ ക്ലോക്ക്, നാം സമയം കർശനമായി പാലിച്ചില്ലെങ്കിൽ നമ്മൾ നശിക്കും എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്
- സമയം പെട്ടെന്ന് നശിച്ചുപോകും എന്നാണ് ചിത്രം പറയുന്നത്
- ലോഹം പോലും ഉരുകിപോകുന്ന വേനൽക്കാലത്തെ ചിത്രീകരിച്ചിരിക്കുന്നു ചിത്രത്തിൽ..
തീരെ മോശമല്ലെന്നാണ് തോന്നിയത്. കുട്ടികൾ ഒഴിഞ്ഞ പാത്രമല്ല, ഇതുവരെ അവർ നേടിയതുമായി പുതുതായി കാണുന്ന കാര്യത്തെ അവർക്ക് ബന്ധപ്പെടുത്താൻ അറിയാം..
ഇനി ചിത്രത്തിലേക്കു പോകാം. ദാലി 27-മത്തെ വയസ്സിലാണ് ചിത്രം വരക്കുന്നത്. സർ റിയലിസ്റ്റുകൾ അബോധത്തിന്റെ വാസ്തവത്തെ ചിത്രീകരിക്കാൻ പരീക്ഷണം നടത്തിയവരാണ്. ദാലിയുടെ വാക്കുകളിൽ, "കൈകൊണ്ട് ചായം നൽകിയിട്ടുള്ള സ്വപ്നത്തിന്റെ ഫോട്ടോഗ്രാഫുകൾ". ( സർ റിയലിസ്റ്റു ചിത്രങ്ങൾക്ക് പൊതുവേ ചേരുന്ന വിശേഷണം) അതുകൊണ്ട് ശ്രദ്ധിച്ചാലറിയാം, ചിത്രം ഒരു ഫോട്ടോഗ്രാഫുപോലെ വ്യക്തമാണ്. അതേ സമയം അതിലെ വസ്തുക്കളും സ്ഥലവും നിഗൂഢവുമാണ്. ചിത്രത്തിലെ സ്ഥലം സ്വപ്നത്തിലെ സ്ഥലമാണ്. കവിതയിലെന്നപോലെ ചിത്രത്തിൽ ബിംബങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്, അതുവച്ച് സ്വപ്നത്തിൽ സമയം അസ്ഥിരമാണ്. പെട്ടെന്ന് ഞെട്ടി ഉണരുന്ന ഒരാൾക്ക് ഇത് ഏത് സമയമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്. സ്വപ്നത്തിൽ സമയത്തിന് ഒരർത്ഥവുമില്ല. അതിന്റെ ശക്തി നശിച്ച അവസ്ഥയെ വ്യക്തമാക്കാൻ ഘടികാരങ്ങൾക്ക് നിശ്ചിത ഘടനയില്ലാതെയാവുന്നു ചിത്രത്തിൽ. പലതരത്തിൽ അർത്ഥം നഷ്ടപ്പെടുന്ന ഘടികാരങ്ങളെയാണ് 4 ക്ലോക്കുകളുടെ വ്യത്യസ്തമായ അവസ്ഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്..ഉറക്കത്തിലേക്കുള്ള സൂചനയ്ക്കായി മറ്റൊരു ബിംബം ചിത്രത്തിലുള്ള ആ ജീവിയാണ്. അത് ഉറങ്ങുകയാണ്.. അതിന്റെ വലിയ കൺപീലി സ്വപ്നാവസ്ഥയിൽ ചലിക്കുന്ന കണ്ണുകളുടെ ഓർമ്മ കൊണ്ടുവരുന്നു. അങ്ങനെ സ്വപ്നത്തിനകത്ത് മറ്റൊരു സ്വപ്നം കൂടി ദാലി ഒരുക്കുന്നു.
മറ്റൊരു വ്യാഖ്യാനം, ക്ലോക്കുകൾ 1920,30 കാലയളവിൽ യൂറോപ്പിലെ മധ്യവർഗം സമയം പാഴാക്കാതിരിക്കാനായി കൊണ്ടു നടന്ന പോക്കറ്റു വാച്ചുകളുടെ വികസിത രൂപമാണെന്നാണ്. സാമൂഹികമായ സമ്മർദ്ദങ്ങളിൽനിന്ന് വിടുതൽ നേടാൻ ജീവിതത്തെ സർക്കാസ്റ്റിക്കായി, നോക്കിക്കണ്ടവരാണ് സർ റിയലിസ്റ്റുകൾ. അതുകൊണ്ട് ഐൻസ്റ്റീന്റെ കാലത്തിനു ശേഷം സമയം എന്ന സംഗതി അത്ര പ്രധാനമുള്ളതല്ലെന്നും അതൊരു പോക്കറ്റു വാച്ചിനകത്ത് കെട്ടിയിടാനുള്ളതല്ലെന്നും അത് കൂടുതൽ സങ്കീർണ്ണവും ആപേക്ഷികവുമാണെന്നുമുള്ള ആശയം ഉരുകുന്ന, ഉറുമ്പുകൾ തിന്നു തീർക്കുന്ന വാച്ചുകളിലുണ്ട് എന്നു ചിലർ വാദിക്കുന്നു..'സ്ഥിരമായ ഓർമ്മ' അഥവാ 'ഓർമ്മയുടെ ശാഠ്യം' എന്ന ശീർഷകം പോലും ഒരു തമാശയായിട്ടാണ് ചിത്രത്തിനു ദാലി നൽകിയത് എന്ന് വാദമുണ്ട്.
ഇതെല്ലാം ശരിയാവുമ്പോഴും ഇതെങ്ങനെ ഓർമ്മയുമായി ബന്ധപ്പെടുന്നു എന്നിടത്താണ് ചിത്രത്തിന്റെ ആത്മകഥാപരമായ വ്യാഖ്യാനത്തിനു പ്രാധാന്യം വരുന്നത്. സ്പെയിനിലെ പോർട്ട് ലിഗെറ്റ് എന്ന കടലോര നഗരമാണ് ദാലിയുടെ ജന്മസ്ഥലം. അവിടം ഉപേക്ഷിച്ചുപോന്ന ചിത്രകാരന്റെ അബോധത്തിലെ ആ സ്ഥലത്തിന്റെ പുനർജ്ജന്മമാണ് ചിത്രത്തിൽ നാം കാണുന്ന വരണ്ട സ്ഥലം. മനസാ ഉപേക്ഷിക്കപ്പെട്ട സ്ഥലം എന്നതിന്റെ സൂചനയാണ് വരണ്ടതായി കാണുന്ന പ്രദേശം. അയയിൽ തൂക്കിയിട്ട തുണിയും മറ്റും ബാല്യകാല ഓർമ്മകളാണ് സ്വപ്നത്തിന്റെ സ്വഭാവം വച്ച് ഒന്ന് മറ്റൊന്നായി പരിണമിക്കും അങ്ങനെ ഓർമ്മയും കാലവു (സമയവും) ഇവിടെ പരസ്പരം വച്ചു മാറുന്നു. ദൂരെയായി കാണുന്ന മല, പോർട്ട് ലിഗെറ്റിലുള്ള മൗണ്ട് പൈയാണെന്ന് ചില നിരൂപകർ ചൂണ്ടി കാണിച്ചിട്ടുണ്ട്..
അങ്ങനെ, ഒരു കാര്യമല്ല, പല കാര്യങ്ങൾ ചേർന്നാണ് പെർസിസ്റ്റൻസ് ഓഫ് മെമ്മറിയെ വ്യാഖ്യാന ക്ഷമമാക്കുന്നത്.. ഇനിയുമുണ്ട്.. പക്ഷേ നിർത്താം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ചിത്രത്തെപ്പറ്റി അധികം ദാലി വിശദീകരിച്ചിട്ടില്ലെങ്കിലും, ഉരുകുന്ന വാച്ചുകൾ ഐൻസ്റ്റീന്റെ ആപേക്ഷിക സീദ്ധാന്തത്താൽ പ്രചോദിതമായ കലാരൂപമല്ലേ എന്നു ചോദിച്ച നിരൂപകയ്ക്ക് ദാലി നൽകിയ മറുപടി, ഹേയ്, അതൊന്നുമല്ല, വടക്കൻ ഫ്രാൻസിലെ പഴയ ഒരുതരം ചീസ് (പാൽക്കട്ടി) വെയിലത്തിടുമ്പോൾ ഉരുകുന്നതു കണ്ട് അതുപോലെ വരച്ചതാണ് എന്നാണ്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ