2015, നവംബർ 4, ബുധനാഴ്‌ച

മോഷണം - അയ്യപ്പപ്പണിക്കർ.

അയ്യപ്പപ്പണിക്കരുടെ മോഷണം. (ഉമ്മർ ടി കെ.)

അയ്യപ്പപണിക്കരുടെ മോഷണം ഐറണിക്കു നല്ലൊരുദാഹരണമാണെന്നു തോന്നുന്നു. ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള കാർട്ടൂൺ കവിതകൾ അദ്ദേഹത്തിന്റേതായി വേറെയുമുണ്ട്.
വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ താൻ കള്ളനെന്നു വിളിച്ചില്ലേ? എന്ന പരിഹാസ ചോദ്യത്തോടെയാണ് കവിത ആരംഭിക്കുന്നത്. മോഷ്ടാവും കള്ളനും ഒന്നു തന്നെയാണ്. കക്കലും മോഷ്ടിക്കലും സമാനം തന്നെയെങ്കിലും വെറുമൊരു മോഷ്ടാവ് എന്നു പ്രയോഗിക്കുന്നതിലൂടെ മോഷണപ്രവൃത്തി ലഘൂകരിക്കപ്പെടുന്നു. പിന്നെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. അതിൽ തുണി മോഷ്ടിച്ചതിനുള്ള ന്യായീകരണമാണുള്ളത്. തുണി മോഷണം കാണുന്നവരുടെ നാണം മാറ്റാനായിരുന്നു. അതിലൊരു യുക്തിയുണ്ട്. വസ്ത്രം ധരിക്കാത്തവനെ പോലെ അതു കണ്ടു നിൽക്കുന്നവനും നാണം സ്വാഭാവികം. വസ്ത്രം മനുഷ്യന്റെ അടിസ്ഥാനാവശ്യവുമാണല്ലോ. കോഴിയെ മോഷ്ടിച്ചതിനു യുക്തി പൊരിച്ചു തിന്നാനാണെന്നു മറുപടിയിൽ എന്തു യുക്തിയാണു കാണാൻ കഴിയുക? കോഴി നമ്മുടെ വിശിഷ്ട ഭോജ്യം. പൊരിച്ചു തിന്നലതിലും വിശിഷ്ടം. അവിടെയും നിൽക്കുന്നില്ല പാലു കുടിക്കാനാണ് പശുവിനെ മോഷ്ടിച്ചതെന്നു അടുത്ത ന്യായീകരണം. ഇതൊന്നും വൈദ്യൻ പോലും വിലക്കിയതല്ലല്ലോ എന്ന അതിയുക്തി അതിനുമേൽ സ്ഥാപിക്കുന്നു. പതിയെപ്പതിയെ മോഷണത്തെ ആഖ്യാതാവായ കള്ളൻ ഒരവകാശമാക്കി മാറ്റുന്നത് നാം കാണുന്നു. എന്നാൽ അവിടെയും നിൽക്കാതെ ഇത് എല്ലാ പരിധികളും ലംഘിച്ച് അവകാശപ്പോരാട്ടം മുദ്രാവാക്യങ്ങളായി ഉയർത്തിക്കൊണ്ടാണ് കവിത അവസാനിക്കുന്നതും. ചട്ടങ്ങളെ മാറ്റാനുള്ള ആഹ്വാനം കവിതയിലെ വലിയ ഐറണിയായി മാറുന്നു. ഇതാണ് കവിതയുടെ മർമ്മവും.
ചട്ടങ്ങളെ മാറ്റാനുള്ള ആഹ്വാനം നമ്മെ കുമാരനാശാനിലെത്തിക്കും. സമൂഹത്തെ ജീർണ്ണിപ്പിക്കുന്ന ചട്ടങ്ങൾ പൊട്ടിച്ചെറിഞ്ഞാൽ മാത്രമേ ലോകം പുരോഗമിക്കൂ. അങ്ങിനെ രൂപപ്പെട്ടതാണ് നാം ജീവിക്കുന്ന സമൂഹം. അതിനായി ആശാനുയർത്തിയ വിപ്ലവാഹ്വാനം വർഷങ്ങൾക്കു ശേഷം അയ്യപ്പപണിക്കരിൽ വീണ്ടുമുയരുന്നു. പക്ഷേ അത് പ്രഹസനമായി, വെറും പാരഡിയായി മാറുന്നു എന്നിടത്താണ് ഐറണി കുടികൊള്ളുന്നത്. ജനതയുടെ അധ്വാനവും അന്തസ്സും മോഷ്ടിച്ച് ജാതിഘടനയിൽ കെട്ടിപ്പൊക്കിയ പഴയ ലോകത്തിന്റെ ചട്ടങ്ങളെ തകർത്ത് നാം പുതു ലോകം തീർത്തു. എന്നാൽ പുതു ലോകത്തിന്റെ അവസ്ഥയെന്താണ്? അസമത്വങ്ങൾ ഇല്ലാതായോ? തുല്യത കൈവന്നോ? മോഷണത്തെ അവകാശമാക്കി മാറ്റിയ,അതിനൊത്താശചെയ്യുന്ന പുതിയ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതൃത്വങ്ങൾ ഉയർന്നു വന്നു. നേതൃത്വം ഉയർന്നു വന്നു. അതിനെതിരെയുള്ള രൂക്ഷപരിഹാസം തന്നെയല്ലേ കവിതയിലുള്ളത്? മോഷണവും ചതിയെയുമെല്ലാം അവകാശമാക്കി മാറ്റുന്ന, അതിനായി ചരിത്രത്തെ മാറ്റിത്തീർത്ത വിപ്ലവാഹ്വാനത്തെത്തന്നെ ഉപയോഗിക്കുന്നിടത്താണ് കവിതയിലെ പരിഹാസം ശക്തമാവുന്നതും. പാരഡി അയ്യപ്പപ്പണിക്കരുടെ കവിതകളിൽ എപ്പോഴുമുണ്ട് എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. കുടുംബപുരാണത്തിൽ-
സ്തുതിപാടുകനാം മർത്ത്യനു
സ്തുതി പാടുകനാം തന്നയൽ പക്ക-
ത്തരവയർ നിറയാപ്പെണ്ണിനു
പെരുവയർ നൽകും മർത്ത്യനു സ്തുതി പാടുക നാം
എന്ന വരികൾ ഓർക്കുമല്ലോ. അതിൽ തന്നെ
കുഞ്ഞുന്നാളിലെനിക്കൊരു മോഹം
കുന്നില്ലാത്തൊരു നാടെൻ നാടെ-
ന്നിന്നാ ദുഖം തീർന്നൂ ചുറ്റും
കുന്നായ്മകളുടെ കുന്നുകൾ കാൺകേ.
എന്നും അദ്ദേഹം പാടുന്നുണ്ട്. കവിതയിൽ മിന്നി മറയുന്ന പാരഡിസ്വഭാവം പൂർണ്ണപാരഡിയായി മാറുന്നത് 90 കൾക്കു ശേഷം നാം കാണുന്നു.
ഉദാഹരണത്തിന് അഞ്ചു പാരഡിക്കവിതകളിൽ ടാഗോറിന്റെ കവിതകൾക്കു പാരഡി സൃഷ്ടിക്കുന്നതു നോക്കുക.
എവിടെ മനസ്സ്.
എവിടെ മനസ്സ് ഭയകൗടില്യലോഭങ്ങൾക്കു വശം വദമാകുന്നതിൽ സന്തോഷിക്കുന്നുവോ
എവിടെ ബുദ്ധി കക്ഷിതാൽപര്യങ്ങളുടെ പരിലാളന കൊണ്ട്
താൽക്കാലിക നേട്ടമുണ്ടാക്കുന്നതിൽ വിജയിക്കുന്നുവോ…..(തുടരും)
******
വർത്തമാന കാലത്തിൽ കവിതയ്ക്കു വന്നു ചേരുന്ന സവിശേഷ പ്രാധാന്യം മുൻ നിർത്തി വന്ദേ മാതരം എന്ന കവിത മുഴുവനായും നൽകട്ടെ..
വന്ദേ മാതരം
സുജലയും സുഫലയുമാണെന്നല്ലേ പറഞ്ഞത്?
ജലമെല്ലാം നാം കെട്ടിയടയ്ക്കുകയല്ലേ?
കിണറെല്ലാം മൂടിപ്പോയോ?
എത്ര നദികൾ വറ്റിപ്പോയി?
എന്നിട്ടും പ്രളയത്തിന്റെ പ്രതികാരത്തിൽ
നിന്നു മോചനമുണ്ടോ?
രാത്രി പുളകമണിയുന്നു.
വനജ്യോൽസ്നകൾ ശുഭ്രകളായിരിക്കുന്നു.
പൂക്കളും ഇലച്ചാർത്തുകളും കൊണ്ടു
മരുഭൂമി ശോഭയാർന്നിരിക്കുന്നു.
അമ്മേ വന്ദനം.
നിൽക്കൂ ആരാണാ കൊലവിളിയുയർത്തുന്നത്?
വാളും പന്തവുമായി ആരാണു ചുറ്റും
വന്നു നിറയുന്നത്?
എവിടെയാണ ബോംബുകൾ പൊട്ടുന്നത്?
അഴികളിൽ പിടിച്ചു വെളിയിലേക്കു നോക്കുകയാണുഞാൻ.
അഴി ഇത്രയും മതിയോ?
എന്ന് അധികാരികൾ അന്വേഷിക്കുന്നു.
അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു.
മധുരഭാഷിണിയായ അമ്മേ
നിന്റെ നിന്റെ മന്ദഹാസമെവിടെപോയി മറഞ്ഞു?
അട്ടഹാസപ്രിയ മാത്രമായോ നീ.
അന്റെ സ്വപ്നങ്ങളെ പേടിസ്വപ്നങ്ങളാക്കുന്നതാരാണമ്മേ?
നീ തന്നെയോ എന്നു ഞാൻ എങ്ങനെ ചോദിക്കും?
ജനനസമയത്തെ
ചോരയൊഴുക്ക്
ഇന്നും ഇനിയും നിലച്ചിട്ടില്ല
എന്നു വയറ്റാട്ടിമാർ
രേഖപ്പെടുത്തിയിവയ്ക്കുന്നു.
എങ്കിലും അമ്മേ
എങ്ങിനെ വന്ദനം പറയാതിരിക്കും?

ഇങ്ങനെ കാലം മാറുമ്പോൾ വന്നു ചേരുന്ന മൂല്യശോഷണത്തെ പരിഹസിക്കുന്ന രീതി അയ്യപ്പപ്പണിക്കരുടെ കവിതകളുടെ സവിശേഷതയാണ്. അതിന് ഉദാഹരണമായി വേണം മോഷണത്തെയും കാണാൻ.