2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

വേരുകൾ നഷ്ടപ്പെടുത്തുന്നവരും കൈപ്പാടും -- ഉമ്മർ ടി കെ

വേരുകൾ നഷ്ടപ്പെടുത്തുന്നവരും കൈപ്പാടും.
എൻ എ നസീറിൻറെ വേരുകൾ നഷ്ടപ്പെടുത്തുന്നവർ എന്ന ലേഖനവും കൈപ്പാടും ഏറെക്കുറെ സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. മനുഷ്യ കേന്ദ്രിതമായ പരിസ്ഥിതി ബോധത്തിൽ നിന്നും ഭിന്നമായ ഒരു പ്രകൃതിദർശനം ഇവ മുന്നോട്ടു വെക്കുന്നുണ്ട്. പ്രകൃതി മനുഷ്യനുവേണ്ടിയുള്ളതാണ് അതിനു വേണ്ടി പ്രകൃതിയെ നിലനിർത്തണം എന്ന കാഴ്ചപ്പാടിൽ നിന്നു ഭിന്നമാണിത്. സുഗതകുമാരിയുടെ മരത്തിനു സ്തുതി എന്ന കവിത ഓർക്കുക. കുട്ടിക്കാലത്ത് തൊട്ടിലായും പിന്നീട് കട്ടിലായും വാർധക്യത്തിൽ ഊന്നു വടിയായും നമുക്ക് സഹായകമാവുന്ന മരത്തെക്കുറിച്ചാണ് ആ കവിതയിൽ പറയുന്നത്. ഇവിടെ കാഴ്ചപ്പാടിൻറെ കേന്ദ്രം മനുഷ്യനാണ്. മരം മനുഷ്യനു വേണ്ടിയാണ്. എന്നാൽ എൻ എ നസീറിൽ പ്രകൃതി മനുഷ്യനു വേണ്ടിയാണെന്ന കാഴ്ചപ്പാടില്ല. മരവും മനുഷ്യനും പുല്ലും പുൽച്ചാടിയുമെല്ലാം പ്രകൃതിയുടെ ഭാഗമാണ്. അവയ്ക്ക് വലിപ്പച്ചെറുപ്പമില്ല. പ്രകൃതിയിൽ എല്ലാം തുല്യമാണ്. ഈ സവിശേഷ ദർശനമാണ് വേരുകൾ നഷ്ടപ്പെടുത്തുന്നവരിൽ പ്രത്യക്ഷപ്പെടുന്നത്.
കൈപ്പാടിലും ഈയൊരു ദർശനം മുന്നോട്ടു വെക്കുന്നതു നമുക്ക് കാണാം. പ്രകൃതിയെ ഒന്നായി കാണുന്ന മണ്ണിരയെയും മനുഷ്യനെയും കിളികളെയും സൂക്ഷ്മ ജീവികളെയുമെല്ലാം പ്രകൃതിയുടെ ഭാഗമായി കാണുന്ന സമീപനം കൈപ്പാടിൻറെ സവിശേഷതയാണ്. പ്രകൃതിയുടെ അനന്തമായ ആവർത്തനത്തിൽ ഒരു വാർഷിക ചക്രമാണ് ബാബു കാമ്പ്രത്ത് സൂക്ഷ്മമായി ചിത്രീകരിക്കുന്നത്. പ്രകൃതി നശിപ്പിക്കരുത് അത് മനുഷ്യനു വേണ്ടിയാണ് എന്ന ഉദ്ബോധനം അവിടെയില്ല. മണ്ണിലേക്ക് സൂക്ഷ്മമായി നോക്കുന്ന ക്യാമറ എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ തൊട്ടു മുമ്പിലേക്കു നോക്കാൻ. അവിടെ നാം ഇതു വരെ കാണാത്ത അദ്ഭുത പ്രപഞ്ചങ്ങളുണ്ട്. ജൈവവെവിധ്യങ്ങളുടെ കലവറയാണ് നാം നടക്കുന്ന വഴികൾക്കിരുപുറവുമുള്ളത്. നമുക്കു ചുറ്റും എന്നുമതുണ്ടായിരുന്നു. നാമതു കാണാൻ ശ്രമിച്ചില്ലെന്നു മാത്രം. അതു നോക്കിക്കാണാനുള്ള പ്രേരണയാണ് കാമ്പ്രത്തിൻറെ ക്യാമറ നമുക്കു നൽകുന്നത്. പ്രകൃതിയെ അറിയാൻ വേരുകളെ അറിയാൻ കാട്ടിലേക്കു പോകണമെന്നില്ല. നമ്മുടെ ചുറ്റുപാടും നോക്കിയാൽ മതി. അങ്ങനെ നോക്കിക്കാണാനുള്ള കണ്ണ് കുട്ടികൾക്കു നൽകാൻ നമുക്കു കഴിയണം. കുട്ടിയായിരിക്കെ സത്യജിത് റായ് രവീന്ദ്ര നാഥടാഗോറിനെ കാണാൻ പോയ കഥയുണ്ട്. എന്താണ് നിൻറെ ആഗ്രഹമെന്നു ടാഗോർ റായിയോട് ചോദിച്ചു. ഈ ലോകം മുഴുവൻ ചുറ്റിക്കാണണമെന്നാണ് ആഗ്രഹമെന്ന് റായ് പറഞ്ഞു. അപ്പോൾ ടാഗോർ പറഞ്ഞത്രെ. നീ പുലർച്ചയ്ക്ക് എഴുന്നേൽക്കുക. എന്നിട്ട് നിൻറെ വീട്ടു മുറ്റത്തേക്കിറങ്ങുക. അവിടെ ഒരു പുൽക്കൊടി നീ കാണും. അതിനറ്റത്ത് ഒരു മഞ്ഞു തുള്ളി ഇറ്റുവീഴാൻ നിൽക്കുന്നുണ്ടാവും. അത് സൂക്ഷ്മമായി നിരീക്ഷിക്കുക. പ്രപഞ്ചം മുഴുവൻ അതിൽ പ്രതിഫലിക്കുന്നത് നിനക്കു കാണാം. മഹാകവിയുടെ ഈ വാക്കുകളുടെ പൊരുൾ ഈ ഡോക്യുമെൻററി നമുക്ക് പറഞ്ഞു തരുന്നു. ഒരു വർഷം നീണ്ട കൊറ്റിയുടെ ധ്യാനത്തിലൂടെയാണ് ബാബു കാമ്പ്രത്തിൻറെ ക്യാമറ തൻറെ തൊട്ടടുത്തുള്ള ഈ ലോകം അതി സൂക്ഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചു വാചാലമാകുന്ന ക്യാമറയല്ല നാമിവിടെ കാണുന്നത്.
സാധാരണ പരിസ്ഥിതി ചിത്രത്തിൽ നിന്നും ഇതിനെ ഭിന്നമാക്കുന്ന പ്രധാന ഭടകമെന്താണ്? പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ച്, കുന്നിടിക്കുന്നതിനെക്കുറിച്ചോ, വയൽ നികത്തലിനെക്കുറിച്ചോ പുഴമലിനമാകുന്നതിനെക്കുറിച്ചോ പ്രത്യക്ഷമായ ദൃശ്യങ്ങളൊന്നും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. എങ്കിലും ചിത്രം കണ്ടു കഴിയുമ്പോൾ ഈ സുന്ദരമായ പ്രകൃതിയിലേക്ക് ഇരച്ചു വരുന്ന ജെ സി ബികളെ ക്കുറിച്ച് നാമോർക്കാതിരിക്കില്ല. തീർച്ചയായും ഈ ചിത്രം പൂരിപ്പിക്കപ്പെടുന്നത് ആസ്വാദകൻറെ മനസ്സിലാണ്.
• വേരുകളിലെ ദർശനം
വേരുകളെക്കുറിച്ചാണ് പറയുന്നതെങ്കിലും ജീവിതത്തെക്കുറിച്ചുള്ള സവിശേഷമായ ദർശനം ഈ ലേഖനം മുന്നോട്ടു വെക്കുന്നതു കാണാം. ഇലയടരുകളെക്കുറിച്ചുള്ള വിവരണത്തിലൂടെയാണിത് പ്രത്യക്ഷമാകുന്നത്. കറുത്ത ണ്ണിനു മുകളിൽ അഴുകി കുഴമ്പു രൂപത്തിലായ മരിച്ച ഇലകൾ. അതിനു മുകളിൽ പഴകിയ ഇലകളുടെയും പൊടിഞ്ഞ ഇലകളുടെയും അടുക്ക്.വീണ്ടും മുകളിൽ പൊടിഞ്ഞു ദ്രവിച്ചു കൊണ്ടിരിക്കുന്ന ഇലകൾ. ഈ ഇലയടരുകളെല്ലാം അങ്ങ് താഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ്. വേരുകളിലൂടെ വീണ്ടും വൃക്ഷത്തിലെത്തി പുനർജനിക്കാൻ എന്നു വായിക്കുമ്പോൾ നമുക്കെന്തു തോന്നും? പ്രത്യക്ഷത്തിൽ ഇത് ഇലകളെക്കുറിച്ചാണെങ്കിലും ജീവിതത്തെക്കുറിച്ച് അതിൻറെ ചാക്രികതയെക്കുറിച്ചുള്ള ഒരു ചിന്ത നമ്മുടെ മനസ്സിൽ ഉയരുന്നില്ലേ? അനാദിയായ കാലത്തിൻറെ വിശാലമായ ക്യാൻവാസിൽ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും വരാനിരിക്കുന്നവരുമെല്ലാം നിറയുന്നില്ലേ? അതിലൊരു ഇലയടരു മാത്രമാണു നാമെന്ന ചിന്ത നമ്മുടെ മനസ്സിലുയരുന്നു.
ചിറകുകളിൽ സംഗീതമുള്ള കളഹംസമേ
അരിയ നിൻ ചിറകിൻറെ യൊരു തൂവലിൻ തുമ്പി
ലൊരു മാത്രയെങ്കിലൊരു മാത്രയെൻ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ.(ഭൂമിക്കൊരു ചരമ ഗീതം)
ഭൂമിയെ അരയന്നമായി സങ്കൽപ്പിച്ച് അതിൻറെ ചിറകിൻ തുമ്പിലെ തൂവലിൽ തൻറെ ജീവിതം ഒരു മാത്രയെങ്കിലും ജ്വലിക്കുന്നതിനെക്കുറിച്ച് ഓ എൻ വി പറയുന്നത് ഓർക്കാം. ഭൂമിയുടെ അവകാശികളിൽ പ്രത്യക്ഷപ്പെടുന്ന ബഷീറിൻറെ കാഴ്ചപ്പാട് ഓർക്കുക. അനന്തമായ കാലത്തിൽ തൻറെ ജീവിതത്തെ ഒരനർഘ നിമിഷമായി ബഷീർ കാണുന്നുമുണ്ട്.
കാടിനെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മ കൂടിയാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു കാലത്തെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ അബോധചോദനകളിലുണ്ടാവാം. അതാവാം നാം വീടിനോടു ചേർന്ന് ചെടികൾ നട്ടു പിടിപ്പിക്കുന്നത്. ഓരോ പൂന്തോട്ടവും ഒരർഥത്തിൽ ചെറിയൊരു കാടിനെ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ്. നമുക്ക് നഷ്ടപ്പെട്ട വിദൂരഭൂതകാലത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമം. മനുഷ്യ വർഗത്തിൻറെ ഓർമ്മകളാണ് ചരിത്രമെങ്കിൽ വേരുകൾ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രകൃതിയുടെ ഓർമ്മകളാണ്. (ആ അർഥത്തിൽ ഓർമ്മയുടെ ഞരമ്പിനെയും ലേഖനത്തെയും ഒന്നു താരതമ്യപ്പെടുത്തി നോക്കൂ.) വേരുകൾ മരങ്ങൾക്കു മാത്രമല്ലെന്നുള്ള സൂചന ലേഖനത്തിലുണ്ടല്ലോ. ഭൂതകാലത്തിൽ കാലുറപ്പിച്ചു മാത്രമേ നമുക്കു ഭാവിയിലേക്കു മുന്നേറാൻ പറ്റൂ. ആ വേരുറപ്പ് മരങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആധി നസീറിൻറെ ലേഖനത്തിലുണ്ട്. വികസനത്തിൻറെ പേരിൽ വേരുകൾ പറിച്ചറിയപ്പെടുന്നത് മരങ്ങൾക്കു മാത്രമല്ല മനുഷ്യർക്കു കൂടിയാണ്.

സിനിമയും സമൂഹവും ഉമ്മർ ടി കെ

സിനിമയും സമൂഹവും 
ഒ.കെ ജോണിയുടെ സിനിമയും സമൂഹവും എന്ന ലേഖനത്തിലെ ആശയങ്ങൾ എങ്ങിനെയാണ് കുട്ടികളിലേക്കെത്തിക്കുക? ലേഖനത്തിലെ മുഖ്യാശയങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം.
1. ജനപ്രിയസിനിമകളെ അവഗണിക്കരുത്.
2. അവയെ വിമർശനാത്മകമായി പഠിക്കേണ്ടതുണ്ട്.
3. അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയണം.
4. എന്തു കൊണ്ട് ഇവ ജനപ്രിയമാവുന്നു എന്നു കണ്ടെത്തണം.
5. അവ വിനിമയം ചെയ്യുന്ന അർഥ തലങ്ങൾ, മുന്നോട്ടു വെക്കുന്ന മൂല്യസങ്കൽപ്പങ്ങൾ ഇവ തിരിച്ചറിയണം.
6. സിനിമ എങ്ങിനെ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കണം. ഇത്തം ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ നമുക്കെന്തു ചെയ്യാൻ പറ്റും?
അവർ പൊതുവായി കാണുന്ന സിനിമകളെ ക്കറിച്ച് സംസാരിക്കാൻ പറയാം. അവ എത്രമാത്രം യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു എന്ന ചോദ്യമുന്നയിക്കാം. ചില പൊതു സ്വഭാവമുള്ള സിനിമകൾ അവർക്കു കണ്ടെത്താനാവുമോ എന്നന്വേഷിക്കാം. അല്ലെങ്കിൽ സിനിമകളിൽ പൊതുവായി കണ്ടു വരുന്ന, ആവർത്തിക്കുന്ന സവിശേഷതകളെക്കുറിച്ചാവാം ചോദ്യം. ചിലതെങ്കിലും അവർ പറയും. നായക കേന്ദ്രീകൃതം. നായകൻ ശക്തൻ. കരുത്തരായ പ്രതിനായകൻ. അന്തിമ വിജയം നായകന്. 
സ്വന്തം നാട്ടിലേക്കു തിരിച്ചു വരുന്ന നായകൻ. അയാളുടെ വരവിൻറെ ഉദ്ദേശം പ്രതികാരമാണ്, അല്ലെങ്കിൽ മുടങ്ങിയ ഉൽസവം നടത്തൽ, അതുമല്ലെങ്കിൽ നഷ്ടപ്പെട്ട തറവാടു വീണ്ടെടുക്കൽ ഇങ്ങനെയെന്തെങ്കിലും ആകാം. അയാൾക്കു പ്രതിബന്ധങ്ങളെ നേരിടേണ്ടി വരാറുണ്ടോ? ആ പ്രതിബന്ധങ്ങൾക്കവസാനം ആത്യന്തിക വിജയം അയാൾക്കു തന്നെയാണോ? ഇതുപോലുള്ള വെറെയും സമാനമായ ചേരുവയുള്ള ഇതിവൃത്തങ്ങൾ കുട്ടികൾ കണ്ടെത്തും.ഉദാഹരണമായി കുടുംബം. കൂട്ടുകുടുംബം നിലനിർത്താൻ നായകൻ നടത്തുന്ന ശ്രമങ്ങൾ, അതിൽ അയാൾക്കു നേരിടേണ്ടി പ്രതിസന്ധികൾ കുടുംബത്തിലെ സമ്പത്ത് അയാൾ കൈക്കലാക്കുകയാണെന്ന സംശയങ്ങൾ, കുടുംബത്തിൽ മുഴുവൻ അയാൾ തെറ്റിദ്ധരിക്കപ്പെടുന്നത്, ഇങ്ങനെ കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട് സ്ഥിരം ശൈലിയിലുള്ള കഥകൾ അവർ ഓർത്തെടുക്കും. 
ഇത്തരം സിനിമകൾ എത്ര മാത്രം യാഥാർഥ്യവുമായി ബന്ധമുള്ളവയാണ് എന്നു ചോദിക്കാവുന്നതാണ്. അവയുടെ മറ്റു പ്രത്യേകതകൾ കണ്ടെത്താനും ആവശ്യപ്പെടാം.
അവ അതിശയോക്തിയുടെ പിൻബലത്തിൽ യാഥാർഥ്യത്തിൻറെ പ്രതീതി സൃഷ്ടിക്കുന്നവയാണ്. ഒരൊറ്റ അച്ചിൽ വാർത്തെടുക്കപ്പെട്ടവയാണ്. നായകനു പ്രാധാന്യം നൽകുന്നവയാണ്….
ഇത്തരം സിനിമകൾ എന്തു കൊണ്ട് ഒരു സമൂഹത്തിന് ആവശ്യമായി വരുന്നു? നാം നേരത്തേ സിനിമാപാട്ടുകളെക്കുറിച്ചു പറഞ്ഞപ്പോൾ സൂചിപ്പിച്ചു. നമ്മുടെ സ്വപ്നങ്ങളുടെ, അടിച്ചമർത്തപ്പെടുന്ന അഭിലാഷങ്ങളുടെ സാക്ഷാൽക്കാരം പാട്ടുകളിലൂടെ സംഭവിക്കുന്നുണ്ട് എന്ന്. സിനിമയും ഇതേ ധർമ്മം തന്നെയാണു നിർവ്വഹിക്കുന്നത്. ഭൗതിക ജീവിതത്തിലെ ഇല്ലായ്മകളെ പൂരിപ്പിക്കുകയാണ് സിനിമ െയ്യുന്നത്. നമുക്ക് പ്രണയിക്കണം. എന്നാൽ അതിന് സാമൂഹികമായ വിലക്കുകളുണ്ട്. അതുകൊണ്ട് നമുക്കു വേണ്ടി നമ്മുടെ നായകൻ പ്രണയിക്കുകയും ധീരമായി പ്രതിബന്ധങ്ങളെ അതിജീവിക്കുകയും ചെയ്യുന്നു. നായകനുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെ നമ്മുടെ പ്രശ്നങ്ങൾ സിനിമയിലൂടെ സമാശ്വസിപ്പിക്കപ്പെടുന്നു. യഥാർഥമായ പ്രശ്നത്തിന് വ്യാജമായ പരിഹാരം. വേറെയും ഉദാഹരണം പറയാം. പോലീസ് നമ്മുടെ വലിയ ഭയങ്ങളിലൊന്നാണ്. ആ ഭയത്തെ സിനിമയിലൂടെ എങ്ങിനെയാണ് മറികടക്കുന്നത്? നമ്മുടെ വീര നായകൻ ഉയർന്ന പോലീസുദ്യോഗസ്ഥനെ തെരുവിൽ വെച്ചു തന്നെ നേരിടുന്ന സന്ദർഭം ജനപ്രിയ സിനിമകളിലെ മുഖ്യചേരുവകളിലൊന്നാണ്. ആ ദൃശ്യത്തിലൂടെ പോലീസ് ഭീതിയെ നാം പരിഹരിക്കാൻ ശ്രമിക്കുന്നു. ഇവിടെ നമ്മുടെ യഥാർഥ പ്രശ്നത്തെ സത്യസന്ധമായി പരിശോധിക്കുകയല്ല സിനിമ ചെയ്യുന്നത് മറിച്ച് അയഥാർഥ്യമായ ഒരു പരിഹാരത്തിലൂടെ നമ്മെ തൃപ്തരാക്കുകയാണ് ചെയ്യുന്നത്.
മിത്തുകളെക്കുറിച്ച് ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. മിത്തുകളെന്താണെന്ന് കുട്ടികളെ പരിചയപ്പെടുത്തണം. മൂല്യവത്തായ മനുഷ്യാനുഭവങ്ങൾ കഥകളിലൂടെരൂപപ്പെട്ട് തലമുറകളിലൂടെ കൈമാറ്റം ചെ്യപ്പെടുന്നവയാണ് മിത്തുകൾ.പഴയ കാലത്തിലെ ഒരു വ്യക്തിയുടെ പ്രതികാരം ത്യാഗം കൊലപാതകം തുടങ്ങി എന്തെങ്കിലും അനുഭവങ്ങൾ സമൂഹം സ്വീകരിച്ച് കഥകളായോ അനുഷ്ഠാനങ്ങളായോ തലമുറകളിലേക്കു കൈമാറുമ്പോൾ അവ മിത്തുകളായിത്തീരുന്നു. നമ്മുടെ തെയ്യങ്ങളുമായും കാവുകളുമായും ബന്ധപ്പെട്ട് എത്രയെത്ര മിത്തുകളുണ്ട്. 
കഥപറയുമ്പോൾ എന്ന സിനിമ ഭൂരിഭാഗം കുട്ടികളും കണ്ടിട്ടുണ്ട്. ആ സിനിമയിൽ പുരാണകഥയുടെ അടിയൊഴുക്ക് ഉണ്ടല്ലോ എന്ന് കുട്ടികളോടു പറയുക.അവരുടെ ഓർമ്മയിൽ കൃഷ്ണകുചേലജീവിതം പൊങ്ങി വരാതിരിക്കില്ല. ആ മിത്തിനെ ആധുനികവൽക്കരിക്കുകയാണ് സിനിമ ചെയ്തത്. കുചേലൻറെ സ്ഥാനത്ത് ബാർബറാം ബാലനും കൃഷ്ണൻറെ സ്ഥാനത്ത് ഇന്നത്തെ താരദൈവവും. സ്വന്തം തൊഴിലിൽ അഭിവൃദ്ധിപ്പെടാൻ ശ്രമിക്കാത്ത ഈ നായകന് സൂപ്പർ സ്റ്റാറിൻറെ അനുഗ്രഹം വേണ്ടി വന്നു ജീവിതം രക്ഷപ്പെടുത്താൻ. ഇത് അഭികാമ്യമായി തോന്നുന്നുമ്ടോ എന്നു കുട്ടികളോടു ചോദിച്ചു കൂടേ? സൂപ്പർ നായകനുമായുള്ള സൗഹൃദം എന്ന ലോട്ടറിയാണ് ബാലനെ രക്ഷപ്പെടുത്തുന്നത്. നായകനോട് സൗഹൃദപ്പെടുവാനുള്ള അഭിവാഞ്ച എല്ലാ ആരാധകർക്കുമുള്ളതാണല്ലോ. ആ ആഗ്രഹത്തെയും സിനിമ തൃപ്തിപ്പെടുത്തുന്നു എന്നു പറയാം. കൃഷ്ണനു പകരം താരങ്ങൾ പുതിയ നാഗരിക മിത്തുകളായി മാറുന്നതും നമുക്കിവിടെ കാണാം. 
പഴശ്ശിരാജ എന്ന സിനിമയും ചലച്ചിത്രമാവുമ്പോൾ ജനപ്രിയ സിനിമയുടെ ചേരുവകൾ സ്വീകരിക്കുന്നത് നമുക്ക് കാണാം. 
കലകൾ പൊതുവെ സമൂഹത്തിൻറെ മൂല്യസങ്കൽപ്പങ്ങളെ നിരന്തരം വെല്ലുവിളിക്കുകയും അവയെ നവീകരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് കല സംസ്കാരത്തെ പുതുക്കിപ്പണിയുന്ന ഒന്നായിത്തീരുന്നത്. നമ്മുടെ ജനപ്രിയ സിനിമകൾ നമ്മുടെ സാമൂഹികമൂല്യങ്ങളെ വെല്ലു വിളിക്കുകയല്ല അവയെ ഊട്ടിയുറപ്പിക്കുകയാണു ചെയ്യുന്നത്. സ്ത്രീ, കുടുംബം,മതം,ദാമ്പത്യം തുടങ്ങി ഏതിനെ സംബന്ധിച്ചും നിലവിലുള്ള മൂല്യബോധത്തിനെതിരായി സംസാരിക്കുന്ന ജനപ്രിയ സിനിമകൾ നമുക്ക് കണ്ടെത്താനാവില്ല. പരമ്പരാഗതമായ സങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അതു കൊണ്ടു തന്നെ ജനപ്രിയ സിനിമകൾ മയക്കു മരുന്നു പോലെ സമൂഹത്തെ ഉറക്കിക്കിടത്തുന്ന ഒന്നായിത്തീരുന്നു.
ഇത്തരം സിനിമകളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നാണ് നാം ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലേക്കെത്തേണ്ടത്. ആ സിനിമ കണ്ട കുട്ടികളോട് നാം നിരന്തരം കാണുന്ന സിനിമകളിൽ നിന്ന് ഈ ചിത്രം എങ്ങിനെയെല്ലാം വത്യാസപ്പെട്ടിരിക്കുന്നു എന്നു ചോദിക്കാവുന്നതാണ്. നാം പരിചയിച്ച വാർപ്പു മാതൃകയല്ല ഇവിടെയുള്ളത്. നായകനെ നമ്മുടെ സിനിമയിൽ അവതരിപ്പിക്കുന്നതിലെ സവിശേഷതകൾ നമുക്കറിയാം. ലോ ആംഗിളുകൾ ഉപയോഗിച്ച് നായകനെ അമാനുഷനാക്കി ചിത്രീകരിക്കുന്ന രീതി ഇവിടെ കാണാനാവില്ല. നായകൻ മാത്രമല്ല അയാൾ ഉൾപ്പെടുന്ന സമൂഹം പലപ്പോഴും ഫ്രെയിമുകളിൽ കടന്നു വരുമ്പോൾ അത് ഒരു വ്യക്തിയുടെ കഥയ്ക്കപ്പുറം സമൂഹത്തിൻറെ അനുഭവമായി മാറുന്നു എന്ന കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തണം. നമ്മുടെ സൂപ്പർ നായക സിനിമകളിൽ നിരന്തരം ക്ളോസപ്പുകൾ ഉപയോഗിച്ച് ഒരൊറ്റ നായക ബിംബത്തെ പർവതീകരിക്കുന്ന ഏകാധിപത്യപരമായ ക്യാമറാസമീപനമല്ല ഇവിടെയുള്ളതെന്ന് അവരെ ബോധ്യപ്പെടുത്തണം. ഓരോ ഷോട്ടും വെറുതെയല്ലെന്നും അവയുടെ ആംഗിളുകൾ, ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ തുടങ്ങി പലതും അർഥോൽപ്പാദന സാധ്യത ഉള്ളവയാണെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കണം. സൈക്കിൾ കള്ളൻമാരിൽ സാധാരണ മനഷ്യജീവിതാനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. ഫ്രെയിമുകളിലേക്കു നിരന്തരം കടന്നു കയറുന്ന ആൾക്കൂട്ടവും സൈക്കിളുകളുമെല്ലാം റിച്ചിയുടെ അനുഭവത്തെ സമൂഹത്തിൻറെ പൊതുവായ അനുഭവങ്ങളാക്കി മാറ്റുന്നു. നമ്മുടെ സിനിമകളിൽ ഇന്ന് സാമാന്യമനുഷ്യരുടെ അനുഭവങ്ങൾ അപ്രത്യക്ഷമായിത്തീർന്നിരിക്കുന്നു എന്നു നമുക്കറിയാം. ഉപരിവർഗത്തിൻറെ അനുഭവങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള സാമാന്യ ജനതയുടെ അഭീഷ്ടത്തെ തൃപ്തിപ്പെടുത്തുന്ന ജനപ്രിയ സിനിമകളിൽ നിന്നും വത്യസ്തമായി യുദ്ധവും ദാരിദ്ര്യവും തകർത്തു കളഞ്ഞ ഒരു രാജ്യത്തിൻറെ വേദന തന്നെയാണ് റിച്ചിയിലൂടെ, ബ്രൂണോയിലൂടെ, മരിയയിലൂടെ, അവർക്കു ചുറ്റും നിറഞ്ഞിരിക്കുന്ന ആൾക്കൂട്ടത്തിലൂടെ വിറ്റോറിയോ ഡിസീക്ക അവതരിപ്പിക്കുന്നത്. ഇത്തരം സിനിമകളുടെ നിരന്തരമായ കാഴ്ചകളിലൂടെ മാത്രമേ അത്രമേൽ മലീമസമായ കാഴ്ചാനുഭവങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. പുതിയ തലമുറയുടെ അഭിരുചികളെ മുഴുവൻ നിർണ്ണയിക്കുന്ന കാഴ്ചയുടെ ലോകത്തെ മാറ്റിയെടുക്കാൻ അധ്യാപകർ ശ്രമിച്ചേ മതിയാവൂ. സാഹിത്യത്തെക്കാൾ പ്രാധാന്യം കൊടുക്കേണ്ട മേഖലയായി സിനിമ മാറിയിട്ടുണ്ട് എന്നതു നാം വിസ്മരിച്ച കൂടാ... ഈ യൂണിറ്റ് നല്ല രീതിയിൽ വിനിമയം ചെയ്യാൻ ഈ കുറിപ്പ് സഹായകമാകുമായെങ്കിൽ പ്രതികരണങ്ങൾ അറിയിക്കണം. കൂട്ടിച്ചേർക്കലുകളും വേണം. തിരുത്തലുകളും. ഇതൊരു വെറും പാഠഭാഗമായി കണ്ട് "പഠിപ്പിച്ചു" തീർക്കരുത്. നിരന്തരമുള്ള പ്രവർത്തനമായി കാണണം. ഒരു പീരിയഡ് ഫ്രീ കിട്ടുമെങ്കിൽ ഒരു ഷോർട്ട് ഫിലം പ്രദർശിപ്പിക്കാൻ ശ്രമിക്കണം. 
സിനിമകൾ അനേകമുണ്ട്. ചിലത് താഴെ കൊടുക്കാം. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, പാൻസ് ലാബിറിന്ത്, മജീദി മജീദിയുടെ സിനിമകൾ, ഡ്രീംസ്, ഗ്രേവ് ഓഫ് ദ ഫയർ ഫ്ളൈസ്(ആനിമേഷൻ) ഹോട്ടൽ റുവാണ്ട,ടാൻജറിൻസ്, ഗെറ്റിങ്ങ് ഹോം, അമോർ, നൈറ്റ് ആൻറ് ഫോഗ്,പ്ളാനറ്റ് എർത്ത് തുടങ്ങി അനേകം സിനിമകളുണ്ട്. ഈ പറഞ്ഞ സിനിമകൾക്ക് മലയാളം സബ്ടൈറ്റിലുകളുമുണ്ട്.https://www.facebook.com/groups/MSONEsubs/ ഈ ലിങ്കിൽ നിന്ന് സബ് ടൈറ്റിലുകൾ ഡൗൺ ലോഡ് ചെയ്തെടുക്കാം സിനിമകൾ. നിങ്ങളെക്കുറിച്ചുള്ള ഓർമ്മ നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളിൽ ഒരു പ്രചോദനമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറച്ചു കഷ്ടപ്പാടുകളിലൂടെ കടന്നു പോവണം. വെറും സാദാ മാഷായി ഒടുങ്ങനാണ് താൽപ്പര്യമെങ്കിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടില്ല. നന്ദി.

ചലച്ചിത്രഗാനത്തെക്കുറിച്ച്--ഉമ്മർ ടി കെ

ചലച്ചിത്ര ഗാനത്തെക്കുറിച്ച് എഡിറ്റു ചെയ്യാത്ത ചില കുറിപ്പുകൾ.....
ഒന്നാം വർഷം സിനിമാ പഠനം കഴിഞ്ഞിട്ടുണ്ടാവില്ലെന്നു വിചാരിക്കട്ടെ.
എന്തൊക്കെയാണ് ആ യൂണിറ്റുമായി ബന്ധപ്പെ്ടു നാം വിനിമയം ചെയ്യേണ്ടത്? ആദ്യമായി ഒരു സിനിമാഗാനമാണ് ഉള്ളത് അല്ലേ? ക്ളാസിൽ സിനിമാഗാനം സിനിമയ്ക്ക് അത്യാവശ്യമോ എന്നു ചർച്ച ചെയ്യേണ്ടതുണ്ട്. അതിൻറെ ഉത്തരം എന്തായാലും ശരി സിനിമാഗാനങ്ങളില്ലെങ്കിൽ സാധാരണ മനുഷ്യജീവിതം എത്ര ദരിദ്രമായിരിക്കും എന്നോർത്തു നോക്കുക. നമ്മുടെയൊക്കെ വേദനകളും യാതനകളും വിഷാദങ്ങളുമെല്ലാം നാം അലിയിച്ചു കളയുന്നത് സിനിമാപ്പാട്ടുകളിലൂടെയാണ്. നമ്മുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാൽക്കാരവും സിനിമാപ്പാട്ടുകളിലൂടെത്തന്നെ. ഇന്ത്യൻ സിനിമയുടെ ആചാര്യനായ രാജ് കപൂർ അഭിപ്രായപ്പെട്ടത് ഞങ്ങൾ ജനങ്ങൾക്ക് സ്വപ്നങ്ങളെ വിൽക്കുന്നു എന്നാണ്. ലഭിക്കാതെ പോയ സൗഭാഗ്യങ്ങളെ, പ്രതീക്ഷകളെയൊക്കെ സ്വപ്നത്തിൽ പെടുത്താമല്ലോ. അപ്പോൾ സാധാരണക്കാരനെ സംബന്ധിച്ച് സിനിമ അവൻറെ സ്വപ്നങ്ങളുടെ ആവിഷ്ക്കാരം തന്നെ. ഒരു ഉദാഹരണത്തിലൂടെ ഇതു വിശദമാക്കാം. നമ്മുടെ ഒരു സിനിമാപ്പാട്ടിൽ പ്രണയരംഗം ആവിഷ്ക്കരിക്കുന്നതു നോക്കുക. പ്രണയം ഇത്ര വലിയ ആഘോഷമായിത്തീരുന്നത് എന്തു കൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരൊറ്റക്കാരണമേയുള്ളു. പ്രണയിക്കുന്നത് ഒര ക്രിമിനൽ കുറ്റമായ സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന പ്രണയവികാരങ്ങൾക്ക് പുറത്തു ചാടാനുള്ള സന്ദർഭങ്ങളാണ് സിനിമയും സിനിമാപ്പാട്ടുകളും. പ്രണയം അതി സാധാരണമായ ഒരു യൂറോപ്യൻ സമൂഹം നമ്മുടെ പ്രണയരംഗങ്ങളെ എങ്ങിനെ കാണും എന്ന് ഓർത്തു നോക്കിയാൽ ഇതു മനസ്സിലാവും. പറഞ്ഞു വന്നത് സിനിമാഗാനങ്ങൾ സമൂഹത്തിൻറെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ സ്വപ്നാത്മകമായ ആവിഷ്ക്കാരമായി മാറുന്നു എന്നാണ്. ഇത് സിനിമാപ്പാട്ടിൻറെ മാത്രം കാര്യമല്ല. സിനിമ മുഴുവൻ തന്നെ സമൂഹത്തിൻറെ അടിച്ചമർത്തപ്പെടുന്ന അഭിലാഷങ്ങളുടെ ആവിഷ്ക്കാരമാണ്. കാൽപ്പനികമായ പ്രണയം നമുക്ക് ഇത്ര പ്രിയംകരമായിത്തീരുന്നത് അതിന് വലിയ തടസ്സങ്ങൾ നമ്മുടെ സമൂഹത്തിൽ നേരിടുന്നതു കൊണ്ടാണ്. പ്രതിബന്ധങ്ങളാണ് ഒരു കാര്യത്തിൻറെ മൂല്യം നിർണ്ണയിക്കുന്നത് എന്നർഥം. പ്രണയം അനുവദനീയമായ ഒരു സമൂഹത്തിൽ ഇത്തരം സിനിമകൾക്ക് വലിയ പ്രസക്തിയുണ്ടാവില്ലെന്നാണു പറഞ്ഞു വന്നത്. സിനിമാപ്പാട്ടുകൾ സിനിമയ്ക്ക് ആവശ്യമായാലും ഇല്ലെങ്കിലും സിനിമാഗാനങ്ങൾ ഇല്ലാത്ത നമ്മുടെ സമൂഹം ഏറെ ശൂന്യമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
സിനിമാപാട്ടുകളുടെ കാവ്യഭംഗി, അതിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളുടെ സവിശേഷതകൾ എല്ലാം തന്നെ ചർച്ചകൾക്കു വിധേയമാക്കാവുന്നതാണ്. പാട്ടുകൾ കാതിൻറെ കല എന്നതിൽ നിന്നു മാറി കണ്ണിൻറെ കലയായി മാറിയിട്ടുണ്ടോ എന്നു കുട്ടികളോട് അന്വേഷിക്കാൻ പറയാം. സാധാരണ മനഷ്യജീവിതത്തിൽ നിന്ന് എത്രമാത്രം അകലെയാണ് അയഥാർഥ്യമാണ് പാട്ടുകളിലെ ദൃശ്യ ലോകം എന്നകാര്യവും ചർച്ചയിൽ കൊണ്ടു വരാൻ ശ്രദ്ധിക്കുക. കർണ്ണാടക സംഗീതത്തിൻറെ ഒരു വരേണ്യ ലോകം കേരളത്തിനുണ്ടായിരുന്നു. ഫോക് സംഗീതത്തിൻറെ മറ്റൊരു ജനകീയധാരയും. ഫോക് ധാരയെ സിനിമയിലൂടെ അവതരിപ്പിച്ച് സിനിമാപ്പാട്ടുകളെ സാമാന്യജനതയോടടുപ്പിച്ചു എന്നതാണ് പി ഭാസ്കരനും രാഘവൻ മാസ്റ്ററും ഗാനലോകത്ത് നിർവഹിച്ച ധർമ്മം. റിത്വിക് ഘട്ടക്കിൻറെ സുബർണ രേഖ എന്ന സിനിമയിലെ ഈ രംഗം കുട്ടികൾക്കു കാണിച്ചു കൊടുക്കാവുന്നതാണ്. അത് പൊതു ചലച്ചിത്രഗാനങ്ങളുടെ അവതരണത്തിൽ നിന്ന് എങ്ങിനെ വത്യാസപ്പെടുന്നു എന്നു ചോദിക്കാവുന്നതാണ്. പ്രണയത്തിൻറെ സ്വപ്നലോകം അവരുടെ ഭാവങ്ങളിൽ മാത്രമാണ്. നമ്മുടെ നിത്യജീവിത സന്ദർഭങ്ങളാണ് -അടുക്കള, തുണിയുണക്കൽ, പുസ്തകം അടുക്കൽ- ഇവയിലൂടെയൊക്കെ പ്രണയത്തെ സാമാന്യജീവിതാനുഭവമാക്കി മാറ്റുന്നത് ശ്രദ്ധിക്കുക.
http://www.youtube.com/watch…

സിനിമയെ വായിക്കുമ്പോൾ-ഉമ്മർ ടി കെ.

സിനിമയെ വായിക്കുമ്പോൾ ഉമ്മർ ടി കെ
കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വസിനിമ ദൃശ്യഭാഷയെക്കുറിച്ചു പഠിക്കുന്നതിന് ഏറ്റവും ഉചിതമാണ്. കണ്ണുകാണാത്ത ഹസ്ന എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതുവരെ സിനിമയെക്കുറിച്ചുള്ള പഠനങ്ങളാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ സിനിമ തന്നെ നേരിട്ടു ടെക്സ്റ്റായി വന്നിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. നമ്മുടെ പാഠപുസ്തകത്തിൽ ഈ മാറ്റം ആദ്യമാണ്. അതുകൊണ്ടു തന്നെ സിനിമ കാണിക്കാതെ പോവുന്നത് കുട്ടികളോടു ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കും.
സിനിമ ആദ്യം കുട്ടികളെ കാണിക്കാവുന്നതാണ്. മുൻവിധികളില്ലാതെ അവർ സിനിമ കാണട്ടെ. അതിനെക്കുറിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കാവുന്നതാണ്. പലതും അവർക്കു പറയാനുണ്ടാവും. പല സംശയങ്ങളും അവരെ പിടികൂടിയിട്ടുണ്ടാവും. എന്തു കൊണ്ടാവുമത്? സംശയമൊന്നുമില്ല. അവർക്ക് പരിചിതമല്ലാത്ത ഒരു ദൃശ്യഭാഷയിലൂടെയാണവർ കടന്നു പോയത്. കാവ്യഭാഷയുമായി ഇതിനെ ഒന്നു താരതമ്യപ്പെടുത്തി നോക്കാം. വളരെ ലളിതമായ കവിതകളിൽ നിന്ന് ഗഹനമായ കാവ്യ ഭാഷയിലേക്ക് അവർ കുറേയൊക്കെ മുന്നേറിയിട്ടുണ്ട്. കവിതയിൽ വാക്കുകൾക്ക് നിഘണ്ടുവിലെ അർഥമല്ല ഉള്ളതെന്നും സന്ദർഭത്തിൽ നിന്ന് വാക്കുകൾ സവിശേഷമായ അർഥം സ്വീകരിക്കുകയാണെന്നും നമുക്കറിയാം. കട്ടികളെ നാമിതു ശീലിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ നമ്മിൽ പലരും സിനിമയെ ഗൗരവമായി കാണാൻ ശ്രമിച്ചിട്ടില്ല. കാവ്യഭാഷയുടെ ഈ സവിശേഷത നാം മനസ്സിലാക്കിയത് എങ്ങിനെയാണ്? തീർച്ചയായും നിരന്തരമായ കവിതാപരിചയത്തിലൂടെയാണ്. മാധ്യമം ഏതായാലും ആസ്വാദന ബോധമെന്നത് ചരിത്രപരം കൂടിയാണ്. സിനിമയുടെ കാര്യത്തിൽ ഇത്തരമൊരു നവീകരണം നാം നടത്തിയിട്ടുണ്ടോ? നമ്മുടെ അലസ വേളകളിലെ വിനോദമെന്നതിനപ്പുറം അതിനെ ഗൗരവുമുള്ള ഒന്നായി ഗണിച്ചിട്ടുണ്ടോ? അത്തരം ഗൗരവമായ സിനിമകൾ നാം എത്രമാത്രം കണ്ടിട്ടുണ്ട്? ആലോചിക്കേണ്ടതല്ലേ?
ഇനി മറ്റൊരു കാര്യം. എന്തിനാണ് സിനിമ കരിക്കുലത്തിൽ ഉൾപ്പെടുത്തിയത്? സാഹിത്യം പഠിക്കുന്നിടത്ത് സിനിമയ്ക്കെന്തു കാര്യം? നാമോർക്കേണ്ടത് ആദ്യകാലത്ത് സാഹിത്യമെന്നാൽ കാവ്യ,നാടക പഠനങ്ങൾ മാത്രമായിരുന്നു. ഗദ്യം പോലും വളരെക്കാലം അപകൃഷ്ടമായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കലാരൂപം സിനിമയല്ലാതെ മറ്റെന്തുണ്ട്! നമ്മുടെ കുട്ടികളുടെ വേഷത്തെ, രൂപത്തെ, ചലനത്തെ, ജീവിതത്തെത്തന്നെ ഇതുപോലെ സ്വാധീനിക്കുന്ന മറ്റെന്തുണ്ട്? അതുകൊണ്ട് ഈ മാധ്യമത്തെ വളരെ ഗൗരവമായി സമീപിക്കുന്നതിലൂടെ മാത്രമേ മലീമസമായ സിനിമാസ്വാദന ബോധത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ കഴിയൂ. നമ്മുടെ കുട്ടികളിൽ അത്തരമൊരു സംസ്കാരം വളർത്തിയെടുക്കണമെങ്കിൽ നാമും ആ മേഖലയിൽ കുറച്ച് അറിവുള്ളവരായേ മതിയാവൂ.
സിനിമ സംവിധായകൻറെ കലയാണെന്നു നമുക്കറിയാം. ബൈസിക്കിൾ തീവ്സിൽ ആവർത്തിച്ച് മീഡിയം ഷോട്ടുകൾ ഉപയോഗിക്കുന്നത് റിച്ചിയെയും ബ്രൂണോയെയും മാത്രമല്ല ചുറ്റുമുള്ള മനുഷ്യരെക്കൂടി ഉൾച്ചേർക്കാൻ വേണ്ടിയാണ്. ഇവിടെ നമ്മുടെസൂപ്പർനായക ചിത്രങ്ങളെ ഓർക്കാവുന്നതാണ്. അവിടെ നിരന്തരം ഉപയോഗിക്കുന്നത് ക്ളോസപ്പുകളാണ്. നായകൻറെ അമാനുഷത്വത്തെ, മറ്റാരെയം പൊറുപ്പിക്കാത്ത ഏകാധിപത്യത്തെ ഇത്തരം ക്ളോസപ്പുകളുടെ ആവർത്തനത്തിലൂടെയാണ് സംവിധായകർ ഉറപ്പിക്കുന്നത്. ലോ ആംഗിളിൽ ക്യാമറവെച്ച് നായകൻറെ ബൂട്ടിട്ട പാദം കാറിൽ നിന്നുമിറങ്ങുന്നത് കാണിച്ചു കൊണ്ടാണ് നമ്മുടെ ജനപ്രിയ നായകനെ അവതരിപ്പിക്കാറുള്ളതെന്നു കുട്ടികൾക്കെല്ലാമറിയാം. അത്തരമൊരു ദൃശ്യം എന്തു കൊണ്ടു സൈക്കിൾ മോഷ്ടാക്കളിലില്ല എന്ന് കുട്ടികളോടു ചോദിക്കാം. സാധാരണ മനുഷ്യർ, സാധാരണസാഹചര്യങ്ങൾ,സാധാരണമായ ആവിഷ്ക്കാരം ഇതെല്ലാം സൈക്കിൾ മോഷ്ടാക്കളുടെ സവിശേഷതയായി കാണാൻ നാം നിരന്തരം കാണുന്ന സിനിമകളിലെ ദൃശ്യങ്ങളെ താരതമ്യം ചെയ്യുന്നതിലൂടെ കുട്ടികൾക്കാവും. ക്യാമറയുടെ ഒരാംഗിൾ പോലും ദൃശ്യങ്ങൾക്കു സവിശേഷമായ അർഥം നൽകുന്നു എന്നാണിതു സൂചിപ്പിക്കുന്നത്. നല്ല സിനിമയിൽ ഓരോ ദൃശ്യവും വളരെ സൂക്ഷ്മതയോടെയാണ് സംവിധായകർ ഒരുക്കാറുള്ളത്. ഉദാഹരണങ്ങൾ ഏറെയുണ്ട്. പ്രകൃതിയും നുഷ്യനും തമ്മിലുള്ള ലയം പ്രധാനമായി വരുന്ന പഥേർ പാഞ്ചാലിയിൽ ദുർഗ പൂച്ചകളെ കാണുന്ന ഒരു ദൃശ്യം നാം ഓർക്കുന്നുണ്ടാവും. തൊട്ടടുത്ത ദൃശ്യത്തിൽ കലത്തിനുള്ളിലൂടെ പൂച്ചകൾ കാണുന്ന ദുർഗയുടെ മുഖം ചിത്രീകരിച്ചിരിക്കുന്നു. ദുർഗയ്ക്കു പൂച്ചയെ കാണാമെങ്കിൽ പൂച്ചകൾക്കു ദുർഗയെയും കാണാം. ഇങ്ങനെ ഓരോ ഷോട്ടും സൃഷ്ടിക്കുന്ന അർഥം തിരിച്ചറിയാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണം. ഇതിനെല്ലാം ഉതകുന്ന ചിത്രമാണ് കേൾക്കുന്നുണ്ടോ.
ചിത്രം കാണിച്ച് കുട്ടികളോട് ചോദ്യങ്ങളുന്നയിക്കണമെന്നു നാം നേരത്തേ പറഞ്ഞു.
എന്താണ് സിനിമയുടെ പ്രമേയം?
ആരൊക്കെയാണ് കഥാപാത്രങ്ങൾ?
പ്രത്യക്ഷത്തിൽ ഹസ്നയുടെ ജീവിതത്തെക്കുറിച്ചാണെന്നു കുട്ടികൾ പറയും. എന്നാൽ സൂക്ഷ്മ തലത്തിലേക്കു ചെന്നാൽ മറ്റു പലതും നമുക്ക് തിരിച്ചറിയാൻ പറ്റും.
സാമൂഹികമായ ഉൽക്കണ്ഠകൾ സിനിമയിൽ പ്രത്യക്ഷമാകുന്നുണ്ടോ എന്നു ചോദിച്ചു കൂടേ? പരിസ്ഥിതി പ്രശ്നം, കളിക്കളം നഷ്ടമാവുന്നത്, വികസനത്തിൻറെ പേരിൽ ചായക്കട ഒഴിപ്പിക്കപ്പെടുന്നത്, ഇങ്ങനെ പലതും കുട്ടികൾ കണ്ടെത്തുകയില്ലേ? രണ്ടു ദൃശ്യങ്ങളിൽ മാത്രം വരുന്ന ചായക്കടക്കാരനെ എടുക്കുക. എന്താണ് അയാളുടെ പ്രശ്നം? ഇനിയൊരു അവധി പറയരുതെന്ന ആദ്യ സംഭാഷണത്തിലും അടുത്തയാഴ്ച ഈ ചായക്കടതന്നെയുണ്ടാകുമോ എന്നു സംശയമാണെന്നു പറയുന്ന രണ്ടാമത്തെ ദൃശ്യത്തിലും നാം കാണുന്നത് ഹസ്നയുടെ മുഖമാണ്. കാറിൽ ഹസ്നയെയും കൊണ്ടു തിരിക്കുന്ന സന്ദർഭത്തിൽ ഇതിൻറ അപ്പൻ എൻറെ പണിക്കാരനായിരുന്നു എന്നതു ശരിതന്നെയാ എന്നു വിചാരിച്ച് ഇതിൻറെ ബാധ്യത ഏറ്റെടുക്കാനൊന്നും എന്നെക്കാണ്ടാവില്ലെന്നും ഇതിൻറേന്നു മാത്രമല്ല ആരുടേം എന്നും പറയുന്ന മുതലാളിയുടെ സംഭാഷണ സന്ദർഭത്തിലും ഹസ്നയെത്തന്നെയാണു നാം കാണുന്നത്. ഇത്തരത്തിൽ ഹസ്നയിലൂടെയാണ് എല്ലാ വ്യക്തികളെയും അവതരിപ്പിച്ചിരിക്കുന്നത്.
സിനിമതുടങ്ങുന്നതെങ്ങിനെയാണ്?
ബ്രെയിലി ലിപിയിൽ തെളിയുന്ന കേൾക്കുന്നുണ്ടോ? എന്ന ടൈറ്റിൽ. പിന്നീട് ആനിമേഷൻ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ശബ്ദപഥത്തിൽ ഒരു കുട്ടിയുടെ കഥപറച്ചിലിൻറെ ശബ്ദം. വർണങ്ങൾക്കു തീരെ പ്രാധാന്യമില്ലാത്ത ആനിമേഷൻ ദൃശ്യങ്ങൾക്കൊപ്പം പൂർത്തീകരിക്കാതെ കഥ അവസാനിക്കുന്നത് അസ്നയുടെ ചെരുപ്പിലാണ്. പിന്നെ അവളിരിക്കുന്ന വർക്ക് ഷോപ്പിൻറെ വിശദാംശങ്ങളിലേക്കും. കാഴ്ചയില്ലാത്തവരുടെ ലോകത്ത് ഏറ്റവും പ്രധാനം കേഴ് വിക്കാണ്. (ആകാശവാണിയിലെ ചന്ദ്രബാബു പറഞ്ഞ ഒരു കാര്യം സന്ദർഭവശാൽ ഇവിടെ ഓർക്കാൻ എന്നെ അനുവദിക്കണം. ബസ്സിൽ സഞ്ചരിക്കുമ്പോൾ കണ്ടക്ടറോട് ടിക്കറ്റ് പറയുമ്പോൾ അരികിൽ ഒരന്ധൻ തൻറെ ശബ്ദം കേട്ടാൽ ആ നിമിഷം തന്നെ തിരിച്ചറിഞ്ഞ് ചന്ദ്രബാബുവല്ലേ എന്നു ചോദിക്കുമത്രേ.) ശബ്ദങ്ങൾക്ക് സിനിമയിൽ നൽകിയിട്ടുള്ള പ്രാധാന്യമെന്തെന്ന് തുടക്കത്തിൽ തന്നെ നമുക്കു മനസ്സിലാവും. ആദ്യം കണ്ട ആനിമേഷൻ ദൃശ്യങ്ങൾ ഇത്ര ചാരനിറമാർന്നതെന്തെന്നും ഇപ്പോൾ നാം മനസ്സിലാക്കും. കുട്ടികളൊഴിഞ്ഞു പോവുമ്പോൾ ശബ്ദങ്ങളില്ലാതാവുമ്പോൾ വിഷമിക്കുന്ന ഹസ്നയെ ആശ്വസിപ്പിക്കുന്ന രണ്ടു പേരെയും നാം കാണുന്നു. ആരാണത് എന്ന നമ്മുടെ സംശയങ്ങൾക്കു മറുപടി നൽകാതെ അമ്മയുടെ കൂടെ പോകുന്ന ഹസ്നയെയാണ് നാം പിന്നീടുള്ള ദശ്യങ്ങളിൽ കാണുക. അമ്മ വടി പിടിച്ചു വാങ്ങിയിട്ടും കൂസലില്ലാതെ നടക്കുന്നു അവൾ. തൊട്ടടുത്ത ദൃശ്യം ശബ്ദങ്ങളുടെ മറ്റൊരു പ്രഭാതമാണ്. ശബ്ദങ്ങളിലേക്കു ചെവിതുറന്നിരിക്കുന്ന ഹസ്നയിലേക്കു പതിക്കുന്ന പല പല ശബ്ദങ്ങൾ. വളരെ സൂക്ഷ്മത ആവശ്യമാണ് നമ്മുടെ കാഴ്ചയ്ക്ക്. നമ്മുടെ അലസമായ കാഴ്ചാരീതികൾക്കു വഴങ്ങുന്നതല്ല കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രം. കേഴ്വി ഇവിടെ കാഴ്ചതന്നെയായി മാറുന്നു എന്നത് തൊട്ടടുത്ത ദൃശ്യങ്ങൾ നമ്മോടു പറയും. ദേഷ്യത്തോടെ അകത്തേക്കു പോകുന്ന കണ്ണുള്ള ചാക്കോ ടിന്നിൽ തട്ടി വീഴുന്നത് നാം കാണുന്നു. അടുത്ത നിമിഷത്തിൽ ടിന്ന് കത്യമായി കാണുന്ന ഹസ്നയെ അവതരിപ്പിക്കുന്നതിലൂടെ ദൃശ്യങ്ങൾ എങ്ങിനെയാണ് സംസാരിക്കുന്നത് എന്നു നാം തിരിച്ചറിയുന്നു. കവിതയിൽ വാക്കുകൾ സന്ദർഭങ്ങൾക്കനുസരിച്ച് അർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നതു പോലെയാണ് ദൃശ്യങ്ങളിൽ നിന്നോ രണ്ടു ദൃശ്യങ്ങളുടെ സവിശേഷമായ ചേർച്ചയിൽ നിന്നോ അർഥങ്ങൾ നാം വായിച്ചെടുക്കുന്നത്. കാറിൻറെ ശബ്ദം കേൾക്കുമ്പോൾ അവളുടെ മുഖം പ്രസന്നമാകുന്നത് നാം കാണുന്നു. അതിൻറെ നിറത്തെക്കുറിച്ചവൾക്കറിയണം. നിറങ്ങളുടെ ലോകം അവൾ സങ്കൽപ്പിക്കുന്നുണ്ട്. പിന്നീടു വരുന്ന സീനുകളിൽ അവളുടെ ഉമ്മ വീട്ടു ജോലികൾ ചെയ്യുന്നവളാണെന്നും ഗാരേജു മുടക്കമായ ദിവസം ജോലി ചെയ്യുന്ന വീട്ടിലേക്കു കൂട്ടിയതാണെന്നും നാം തിരിച്ചറിയുന്നു. ആ വീട്ടിലെ കുട്ടി അവളെ ക്ഷണിക്കുകയും ചിത്രം വരയ്ക്കാൻ കൂടുകയും ചെയ്യുന്നുണ്ട്. അവർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തൻറെ കൂട്ടുകാരായ ഈച്ചയെയും പൂച്ചയെയും എങ്ങിനെ ബാധിക്കുമെന്നാണ് ഹസ്ന സങ്കൽപ്പിക്കുന്നത്. പിന്നെയും വർക്ക്ഷോപ്പിൻറെ ദൃെശ്യം തന്നെ. നക്ഷത്രം തൂക്കുന്ന ചാക്കോ കൃസ്തുമസ്സ് വളരെ അടുത്തെത്തിയെന്നു സൂചന നൽകുന്നു. നേരത്തേ ഉമ്മയോട് പറഞ്ഞ് ജെംസ് വാങ്ങിയത് കൂട്ടുകാരെ സമ്പാദിക്കാനാണെന്നും നാം അറിയുന്നു. പിന്നെ കരോളിൻറെ ആഹ്ളാദനിമിഷങ്ങളാണ്. വർണ്ണങ്ങളുടെ സമൃദ്ധി നമുക്കിവിടെ കാണാം. അതിനിടെ അമ്മുവിൻറെ അരികിൽ നിന്നും ഉമ്മയെ അന്വേഷിച്ചു പോകുന്ന ഹസ്ന മറ്റാരും കാണാത്ത ഒരു കാഴ്ചയിലേക്ക് നമ്മെ കൊണ്ടു പോകുന്നു. ഇരുണ്ട അന്തരീക്ഷത്തിൽ മാലാഖയെപ്പോലെ തോന്നിക്കുന്ന ഹസ്ന. പിറ്റേ ദിവസം അവളെ വേലപ്പന് അവളെ അഭിമുഖീകരിക്കാൻ കഴിയുന്നത് കാറിൻറെ നിറത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ മാത്രമാണ്.
വികസനത്തിൻറെ പേരിൽ മൈതാനം നശിപ്പിക്കപ്പെടുമ്പോൾ ഹസ്ന ചോദിക്കുന്നു ഇനിയവർ എവിടെ കളിക്കും? റിയൽ എസ്റ്റേറ്റ് വികസനമായിക്കാണുന്ന, എല്ലാവരും ബ്രോക്കർമാരായിത്തീരുന്ന നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള സൂചന സംഭാഷണങ്ങളിലുണ്ട്. സാധാരണക്കാരൻ നിൽക്കുന്നിടത്തെ മണ്ണ് ചോർത്തപ്പെടുന്നതിലെ വേവലാതിയും. കൂട്ടുകാരുടെ ശബ്ദങ്ങളില്ലാതെ യന്ത്രങ്ങളുടെ മാത്രം ശബ്ദമുയരുന്ന ഒരു ദിവസം ഡാൻസിലൂടെ സമയം കളയുന്ന ഹസ്നയെയാണ് നാം കാണുന്നത്. തൊട്ടടുത്ത ദിവസം അവരുടെ വർക്ക് ഷോപ്പിനരികിലേക്കെത്തുന്ന പൊടിപടലങ്ങളും ക്യാമറ കാണിച്ചു തരുന്നു. അവൾ മനസ്സിൽ സൃഷ്ടിക്കുന്ന മൈതാനങ്ങളിൽ യന്ത്രങ്ങളുടെ കടന്നു കയറ്റം ആനിമേഷനിലൂടെത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. ഓടുന്ന ബൈക്കുകൾക്കും കാറുകൾക്കുമിടയിലൂടെ ശബ്ദമില്ലാത്ത ലോകത്തു നിന്നും ഓടിയകലുന്ന ഹസ്നയെയാണ് അടുത്ത ദൃശ്യങ്ങളിൽ നാം കാണുക. ചാക്കോ അവളെ കണ്ടെത്തുമ്പോഴാണ് ശബ്ദങ്ങളുടെ ലോകം അവൾക്കു തിരിച്ചു കിട്ടുന്നതും. അവളെയും കൂട്ടി മുതലാളിയും ജോലിക്കാരും തിരിച്ചു വരുമ്പോൾ കേൾക്കുന്ന സംഭാഷണങ്ങളിൽ നിന്നാണ് അവളുടെ പിതാവ് ആ വർക്ക് ഷോപ്പിലെ പണിക്കാരനായിരുന്നെന്നും അയാൾ മരിച്ചു പോയതാണെന്നും നാം മനസ്സിലാക്കുന്നത്. മറ്റു രണ്ടു ജോലിക്കാരെയും കാത്തിരിക്കുന്ന അനിശ്ചിതത്വവും അവിടെ വ്യക്തമാക്കപ്പെടുന്നുണ്ട്. കൃസ്തുമസ്അവധി തീരാറാകുന്നു. നേഴ്സറി സ്കൂൾ പൂട്ടിയ ദിവസം ആരംഭിച്ച ഹസ്നയുടെ ലോകത്തിൽ, അവൾ കാറിൽ വരുമ്പോൾ അവളുടെ മുഖത്തിൻറെ ക്ളോസപ്പിലേക്കു കടന്നു വരുന്ന മണിയൊച്ച നാം കേൾക്കാതെ പോവരുത്. വൈകുന്നേരം പാതിയും പൊളിച്ച വർക്ക് ഷോപ്പിൻറെ വരാന്തയിൽ യൂണിഫോമിൽ അവളെ നാം കാണുന്നു. അവളുടെ കാതുകളിൽ കുട്ടികളുടെ കളിയൊച്ചകൾ നിറയുന്നു. കണ്ണുകൾ ഇറുക്കിയടച്ച് ശബ്ദങ്ങളിൽ മുങ്ങിപ്പോവുന്ന ഹസ്നയിൽ ചിത്രം അവസാനിക്കുന്നു.
അന്ധയായ പെൺകുട്ടിയെ അവളുടെ ദൈന്യതകൾ ചിത്രീകരിച്ച് ഒരു മെലോഡ്രാമ സൃഷ്ടിക്കാൻ ഗീതു മോഹൻദാസ് ശ്രമിക്കുന്നില്ല. എന്തെങ്കിലും അവശതകളുനുഭവിക്കുന്ന കുട്ടികൾക്ക് ലോകത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയല്ല ഈ സിനിമയുടെ രീതി. മറ്റു സിനിമകളിൽ നിന്നും ഈ സിനിമയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും അതു തന്നെ. നല്ല സിനിമ പരത്തിപ്പറയേണ്ടതല്ലെന്നും ബുദ്ധിയുള്ള ആസ്വാദകർക്കു വേണ്ടിയാണെന്നും ഈ ചെറു ചിത്രം നമ്മോടു പറയുന്നു.
ഇതൊരു സിനിമാ വായനയാണോ എന്നെനിക്കറിയില്ല. എൻറേതായ ഒരു വായന മാത്രം. ഇത് ഒരു കാഴ്ചയിൽ നിന്നു നമുക്ക് കിട്ടുന്നതല്ല. വീണ്ടും വീണ്ടുമുള്ള കാഴ്ചയിൽ നിന്നു മാത്രഇമേ ശബ്ദങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കുന്ന അർഥങ്ങളുടെ അടരുകളിലേക്കു നമുക്ക് ചെന്നെത്താനാവൂ. കുട്ടികൾക്കാണ് ദൃശ്യങ്ങളെ പെട്ടെന്നു വായിക്കാനാവുക. ആദ്യത്തെ കാഴ്ചയ്ക്കു ശേഷം ചർച്ചകൾക്കും ചോദ്യങ്ങൾക്കും ശേഷം സിനിമ വീണ്ടും കാണിക്കണം. കാഴ്ച വളരെ സൂക്ഷ്മമാണെന്നും ഒരു ദൃശ്യം പോലും വെറുതെ വിട്ടുകളയേണ്ടതല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. ഉദാഹരണത്തിന് ഇൻ ദി നെയിം ഓഫ് ദ കിങ്ങ്, മകൻറെ അച്ഛൻ, ഹയ്ലേസാ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ കാലസൂചകങ്ങൾ മാത്രമാണോ? അതോ ബുദ്ധിശൂന്യമായ അനുഭവങ്ങളെ ചിത്രീകരിക്കുന്ന സിനിമകളുടെ വിമർശനമോ? ഏതായാലും സംവിധായക അറിയാതെ ഫ്രെയിമിൽ ഒരു ഈച്ച പോലും പാറില്ല. ഇങ്ങനെ നല്ല സിനിമയെ സ്നേഹിക്കുന്നവരാക്കി മാറ്റാൻ, സിനിമയെ ബുദ്ധിപൂർവം സമീപിക്കേണ്ടതാണെന്നു മനസ്സിലാക്കിക്കാൻ ലോക സിനിമകളിൽ നിന്നും ഉൽകൃഷ്ടമായ സിനിമകൾ തിരഞ്ഞെടുത്ത് കാണിക്കുക തന്നെ വേണം. കൂടുതൽകൂട്ടിച്ചേർക്കലുകളും ചർച്ചകളും ക്ഷണിച്ചു കൊണ്ട്.. 

സംക്രമണത്തെക്കുറിച്ച്---വി അബ്ദുൽ ലത്തീഫ്

സംക്രമണം ഒരു പുരുഷപക്ഷ രചന 
********************************************
മലയാളകവിതയുടെ അനുശീലനങ്ങളിലേക്ക് ഭാവപരമായും രൂപപരമായും പരിഭ്രമങ്ങളും പ്രതീക്ഷയുമുണർത്തി കടന്നു വന്ന കവിതയാണ് 1960 കളിൽ പുറത്തുവന്ന ആറ്റൂരിന്റെ സംക്രമണം. പിന്നീട് മലയാളകവിതയിൽ നിറഞ്ഞുനിന്ന ആധുനികതയ്ക്ക് മാതൃകയായി വർത്തിച്ച കവിതകളിലൊന്നാണിത്. പുറത്തുവന്ന കാലത്ത് അക്കാലത്തെ മുൻനിര നിരൂപകർ ഈ കവിതയെ ദുർഗ്രഹമെന്നു മാറ്റിനിർത്തുകയാണുണ്ടായത്. ആറ്റൂരിന് നല്ല പദ്യം വശമില്ലാത്തതുകൊണ്ടാണ് ഗദ്യത്തിലെഴുതുന്നതെന്ന് ആക്ഷേപമുയർന്നു. ഋജുവായി കാര്യങ്ങൾ പറഞ്ഞുപോകുന്ന വൈലോപ്പിള്ളി പാരമ്പര്യത്തിൽനിന്നുള്ള വിച്ഛേദമായിരുന്നു അനുഭവങ്ങളെയും കാഴ്ചകളെയും പ്രതികരണങ്ങളെയും ബിംബങ്ങളിലേക്കു മാറ്റി വിന്യസിക്കുന്ന ആറ്റൂരിന്റെ രീതി. ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകൾ ഛന്ദോബദ്ധതയുടെയും ഉചിതഭാഷാപ്രയോഗത്തിന്റെയും സൗന്ദര്യമുള്ള പദ്യത്തിൽ പറഞ്ഞ നേർക്കുനേരെയുള്ള ആവിഷ്കാരങ്ങളായിരുന്നു. പദ്യത്തിന്റെ കെട്ടുവിടുവിച്ച് ഗദ്യത്തിൽ പറഞ്ഞാലും അവർ മുന്നോട്ടു വെയ്ക്കുന്ന ചിന്താധാരയ്ക്ക് നിലനില്പുണ്ട്. എന്നാൽ സംക്രമണത്തിൽ കാണുന്ന ബിംബവിന്യാസം പൊളിച്ചടുക്കിയാൽ തകർന്ന ശില്പത്തിന്റെ ശിലാപാളികൾ പോലെ അർത്ഥം നഷ്ടപ്പെട്ടുപോകും. സച്ചിദാനന്ദനെപ്പോലുള്ളവർ സൂചിപ്പിച്ച സമഗ്രധ്വനിയിലൂടെ മാത്രമേ ആറ്റൂരിന്റെയും പിൻമുറക്കാരുടേയും കവിതയിൽനിന്ന് പാഠത്തെ രൂപപ്പെടുത്തിയെടുക്കാനാവൂ.
കുറേനാളായുള്ളി-
ലൊരുത്തിതൻ ജഡമളിഞ്ഞുനാറുന്നു
ഉള്ളിൽ ഒരുത്തിയുടെ ജഢം അളിഞ്ഞു നാറുക എന്ന പ്രായോഗം സാമാന്യയുക്തിക്കു നിരക്കുന്നതല്ല. പക്ഷെ, പുതിയ കാലത്ത് കവിത വായിക്കുന്ന ഒരു സ്കൂൾവിദ്യാർത്ഥിക്കുപോലും അതിന്റെ പൊരുൾ ഊഹിച്ചെടുക്കാൻ പ്രയാസമുണ്ടാവില്ല. കവിത കടന്നുവന്ന വഴികൾ അത്തരമൊരു ആസ്വാദനശീലത്തിലേക്ക് നമ്മെ വളർത്തിയെടുത്തു എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. കവിതയുടെ ഇത്തരത്തിലുള്ള രൂപമാറ്റങ്ങൾ സംക്രമണം എന്ന കവിത പഠിപ്പിക്കാനെടുക്കുമ്പോൾ നിർബന്ധമായും പരിഗണിക്കണം.
വരാനിരിക്കുന്ന വിപ്ലവസ്വപ്നങ്ങൾക്കുള്ള ആഹ്വാനമായി ഈ കവിത വായിക്കപ്പെട്ടിട്ടുണ്ട്. ഉള്ളിൽ ചീഞ്ഞുനാറുന്ന സ്ത്രീ ആർഷസംസ്കാരമാണെന്നും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ സമമൂഹമനസ്സിൽ നടത്തുന്ന ശസ്ത്രക്രിയയാണെന്നും പുതിയ ഉടലിലേക്ക് സംക്രമിക്കുന്ന ആ കടുവ ഉറക്കം തൂങ്ങുന്ന പുതുതലമുറയുടെ ആത്മാവിൽ അലർച്ചയാവണമെന്നും ലീലാവതി നിരീക്ഷിക്കുന്നുണ്ട്. പുതിയ കാലത്ത് ഇനി അത്തരമൊരു വായനയ്ക്കു പ്രസക്തിയില്ല. അറുപതുകളിൽ കണ്ട സ്വപ്നങ്ങളല്ല പിന്നീട് നടപ്പിലായത്. തുടക്കത്തിൽത്തന്നെ വഴിതെറ്റിയ ആ സ്വപ്നങ്ങൾ വേറൊരു വഴിക്ക് തിരിച്ചു നടക്കുന്നതിന്റെ ആകുലതകൾ പേറുന്ന തൊണ്ണൂറുകളും കടന്നെത്തുമ്പോൾ സംക്രമണം ഒരു ചരിത്രവസ്തു മാത്രമാണ്. പ്രമേയപരമായി ഈ കവിത മുന്നോട്ടുവെക്കുന്നതെന്താണെന്നു നോക്കാം. പെണ്ണിന്റെ ഉടലിനെക്കുറിച്ചും അതിൽനിന്നുണ്ടാകുന്ന എഴുത്തിനെക്കുറിച്ചും (writings from the body) യൂറോപ്പിൽ വലിയ ചിന്തകളുണ്ടായത് ഈ കവിതയുടെ പശ്ചാത്തലമായി കാണണം. ആ അർത്ഥത്തിൽ പെണ്ണുടലിന്റെ സ്വാതന്ത്ര്യത്തെ കവിതയുടെ ബിംബമാക്കുന്ന ആദ്യത്തെ മലയാളകവിതയാകും സംക്രമണം. മുടിത്തെയ്യങ്ങളുറയുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് സച്ചിദാനന്ദനും പിന്നീട് കടമ്മനിട്ടയ്ക്കും തോന്നുന്നതിന്റെ തുടക്കം സംക്രമണത്തിൽ വായിക്കാം.
പ്രത്യക്ഷത്തിൽ ഈ കവിത പെണ്മയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ പുതിയ ബോധങ്ങളിലേക്കു സംക്രമിക്കുന്നതിന്റെ ആവിഷ്കാരമാണ്. രണ്ടു കാര്യങ്ങൾ ഇവിടെ ആലോചിക്കേണ്ടതുണ്ട്. അറുപതുകളിൽ ആറ്റൂർ മുന്നിൽക്കണ്ട ആധുനികത എന്തായിരുന്നു എന്നതാണ് ആദ്യത്തേത്. അതിനെ രൂപപ്പെടുത്തിയ വഴികൾ നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും അലയൊലികളാണെന്നു വ്യക്തം. (അതു കൃത്രിമമോ കപടമോ ആയ ഒരു ആധുനികതയെയാണ് മുന്നോട്ടുവെച്ചത് എന്ന വാദം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.) രണ്ടാമത്തെ കാര്യം ആറ്റൂരിന്റെ ഉള്ളിൽ ചീയുന്ന ആ സ്ത്രീ ആരാണ് എന്നതാണ്. അത് സ്ത്രീയെയല്ല, അത് ഒരു കെട്ട കാലമോ സംസ്കാരമോ ആണ് എന്ന മട്ടിലുള്ള വായനയ്ക്ക് മനസ്സു വരാത്തതുകൊണ്ട് കവിതയിലെ പെണ്ണിനെ കേവലമായ പെണ്ണായിത്തന്നെ കണ്ട് വായിക്കാനാണ് എനിക്കിഷ്ടം. പതിനൊന്നാം ക്ലാസിലെ ഒരു പാഠം എന്ന നിലയിൽ അതാണ് സൗകര്യം. എങ്കിൽ എല്ലാ മലയാളി സ്ത്രീകളുടെയും പ്രതിനിധാനം ഏറ്റെടുക്കാൻ ആ സ്ത്രീക്കു കഴിയുമോ? വി.ടി.യും എം.ആർ.ബി.യും പിൽക്കാലത്ത് ദേവകി നിലയങ്ങോടുമെല്ലാം ചൂണ്ടിക്കാണിച്ച അന്തർജ്ജനങ്ങളുടെ പ്രതിനിധിയാണ് സംക്രമണത്തിലെ സ്ത്രീ. കേരളത്തിലെ സ്ത്രീ ഏകമുഖമുള്ള ഒന്നല്ല. ദളിത്,ആദിവാസി,മുസ്ളിം തുടങ്ങിയ കള്ളികളിൽ അവളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സാമൂഹികപദവിക്കും ഏകരൂപമില്ല. ഒരുപക്ഷെ, കുറത്തിയെക്കാളും ദയനീയാവസ്ഥയിലായിരുന്നു അക്കാലത്തെ അന്തർജ്ജനങ്ങൾ എന്നു കാണാനാവും. അവർ മനുഷ്യർ പോലുമായിരുന്നില്ല, സാധനം മാത്രമായിരുന്നു. (താത്രിക്കുട്ടിയെ ഓർക്കാം) പൊതുമലയാളി എന്ന കാഴ്ചപ്പാട് ആധുനികതയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽനിന്ന് ഒരിക്കലും യാഥാർത്ഥ്യത്തിലേക്കു വരാത്ത ഒന്നാണ്. ഈ പെണ്ണുടലിനെ കവി എന്താണ് ചെയ്യുന്നത് എന്നു നോക്കാം.
ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തുഞാ-
നതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ
ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം കടുവയിൽ
ഈ വരികളിലെ ചേർക്കാവൂ എന്ന ക്രിയാപദം കവിതയിലേക്കുള്ള താക്കോൽ വാചകങ്ങളിലൊന്നായി പരിഗണിക്കേണ്ടിയിരിക്കുന്നു. ചേർക്കും എന്നോ ചേർക്കണം എന്നോ പറയാതെ ചേർക്കാവൂ എന്നു പറഞ്ഞതിന്റെ പൊരുൾ എന്തായിരിക്കും? കേൾക്കാവൂ, കലർത്താവൂ, അണയ്ക്കാവൂ എന്നെല്ലാം ഇത് ആവർത്തിക്കുന്നുണ്ട്. കവിതയുടെ തുടക്കത്തിൽക്കാണുന്ന പെണ്ണിന്റെ ആത്മാവിനെ പുതിയ ലോകത്തേക്ക് സംക്രമിപ്പിക്കുന്നിടത്താണ് ഈ പ്രയോഗങ്ങൾ കാണുന്നത്. അഞ്ചോ ആറോയിടത്ത് കാണുന്ന ഈ ക്രിയാപദങ്ങളിൽ കേൾക്കാവൂ എന്നതൊഴികെ ബാക്കിയെല്ലാം പ്രയോജകക്രിയകളാണ്. വക്താവ് ഞാനും. (കേൾക്കാവൂ എന്ന പ്രയോഗത്തിന്റെ സാഹചര്യം അല്പം വ്യത്യസ്തമാണ്) പെണ്ണിന്റെ ജഢത്തിൽനിന്ന് അഴിച്ചെടുക്കുന്ന ആത്മാവ് കടുവയിലും നാവ് ചെന്നായയിലും വിശപ്പ് ജനപദങ്ങളിലും വേദന സന്ധ്യയിലും ശാപം സൂര്യനിലും ചേർക്കാവൂ എന്നാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ് സംക്രമണം. ഈ കവിതയിലെ സംക്രമണത്തെ സൂചിപ്പിക്കുന്ന ആവൂ പ്രയോഗത്തിന് ഒരു നിർദ്ദേശകസ്വഭാവമാണുള്ളത്. ഇങ്ങനെയേ ചെയ്യാവൂ എന്നതിന് ഇങ്ങനെ ചെയ്യണം എന്നു പറയുന്നതിനേക്കാൾ ഒരു അധികമാനമുണ്ട്.
കേരളത്തിൽ രൂപപ്പെട്ട ആധുനികത കപടവും അംഗവൈകല്യമുള്ളതുമായിരുന്നു. സമത്വത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും വാചാലമാകുമ്പോൾത്തന്നെ സവർണ്ണബോധവും ആൺകോയ്മയും നിലനിർത്താനുള്ള ആന്തരികമായ ഒരു പ്രതിരോധപ്രവർത്തനം അതിന് കൂടപ്പിറപ്പാണ്. ഭാഷ വെളിപ്പെടുത്തുമ്പോൾത്തന്നെ മറച്ചുവെക്കുന്നതും കൂടിയാണെന്ന ഹെബർമാസിനെപ്പോലുള്ളവരുടെ ചിന്തകളെ ചേർത്തു വെച്ചുവേണം അറുപതുകളെയും എഴുപതുകളേയും ഇനി വായിക്കേണ്ടത്. വിപ്ലവത്തിന്റെ ആഹ്വാനത്തിനപ്പുറം പെണ്ണിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനെ കരുതലോടെ കാണണമെന്ന ആൺനോട്ടം (മെയിൽഷോവനിസ്റ്റ് പ്രതിരോധപ്രവർത്തനം) ആറ്റൂരിന്റെ ഈ ആവൂ പ്രയോഗത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അതുകൊണ്ടാണ്. അങ്ങനെയാണെങ്കിൽ സംക്രമണം ഒരു പുരുപക്ഷ കവിതയും പുരുഷനുള്ള മുന്നറിയിപ്പ് കവിതയുമായി മാറും. യന്ത്രസമാനമായ സാഹചര്യത്തിൽനിന്ന് ജൈവികമായ ചലനാത്മകത വൈവരിച്ചാൽ മാത്രമമേ സ്ത്രീയുടെ വിമോചനം സാധ്യമാകൂ. എന്നാൽ ആറ്റൂർ യന്ത്രത്തിൽനിന്ന് അഴിച്ചെടുത്ത് പെണ്ണായ്മയെ കൂട്ടിക്കെട്ടുന്നത് ജൈവികതയുടെ ജനകീയ പരിസരത്തേക്കല്ല, മറിച്ച് ചെന്നായയുടെയും കടുവയുടെയും ആൾക്കൂട്ടത്തിന്റെയും സൂര്യന്റെയും പൊള്ളലുകളിലേക്കാണ്. അങ്ങനെ വരുമ്പോൾ ആ അളിഞ്ഞു നാറൽ ഉടൻ മറവു ചെയ്യേണ്ട സാഹചര്യമാണുണ്ടാക്കുന്നത്. ഇത്തരത്തിലേ ചെയ്യാവൂ എന്ന ആവർത്തിക്കൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. നാലുകെട്ട്, വൈക്കോൽക്കൂന, കഴിയുമെങ്കിൽ മുറ്റത്തൊരാന എന്ന മധ്യവർഗ്ഗഅരിസ്റ്റോക്രസി വിദ്യാഭ്യാസവും പണവും സ്വാധീനവും എന്നു മാറുകയേ ചെയ്തിട്ടുള്ളൂ. അല്ലാതെ അത് സമൂഹബോധനവീകരണത്തിലേക്ക് മാറുന്നില്ല എന്ന യാഥാർത്ഥ്യമാണ് ഇത്തരമൊരു പരിശോധന ആവശ്യപ്പെടുന്നത്. ചുരുക്കത്തിൽ അരനൂറ്റാണ്ടിനിപ്പുറം ഒരു ചരിത്രവസ്തു എന്ന നിലയിൽ പരിഗണനയ്ക്കെടുക്കേണ്ട ഈ രചന കവിതയുടെ സൗന്ദര്യാത്മകമായ ആസ്വാദനത്തിനപ്പുറം ഇടപെടലുകളുടെ രാഷ്ട്രീയവായനകൾക്കു കൂടി സാധ്യതകൾ തുറന്നിടുന്നുണ്ട്.

എം എൻ വിജയന്റെ ലേഖനം. ഉമ്മർ ടികെ

എം എൻ വിജയൻറെ ലേഖനത്തിലേക്ക്
ശരീരചലനത്തെ ക്രമപ്പെടുത്തുമ്പോൾ നൃത്തമാകുന്നു. ശബ്ദത്തെ ചിട്ടപ്പെടുത്തുമ്പോൾ സംഗീതമാവുന്നു. പദങ്ങളെ ക്രമപ്പെടുത്തലാണ് കവിത. അത് അലൗകികമൊന്നുമല്ല. മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം വേണ്ട ഒരു തൊഴിൽ മാത്രം. വാക്കാണ് കവിയുടെ ഉപാധി. വാക്കുകൾക്ക് സാമാന്യ ഭാഷയിൽ സ്വാഭാവികമായ അർഥങ്ങളുണ്ട്. എന്നാൽ അതേ വാക്കുകൾ തന്നെ കവിതയിൽ സവിശേഷ അർഥങ്ങൾ കൈവരിക്കുന്നു. വാക്കുകൾക്ക് നിയതമായ അർഥം നിഘണ്ടു നൽകുന്നുണ്ട്. എന്നാൽ കവിതയിൽ സന്ദർഭങ്ങളാണ് വാക്കുകൾക്ക് അർഥം നൽകുന്നത്. ദേവൻ പെരുമാറുന്ന മസ്തകത്തിനടിയിൽ പിശാചുക്കൾ മന്ത്രിക്കുന്നു എന്നു വൈലോപ്പള്ളി പറയുന്നു. മുകളിൽ ദേവൻ, താഴെ അല്ലെങ്കിൽ ഉള്ളിൽ പിശാച്. ഇത് വൈലോപ്പള്ളിയിൽ നാം മുമ്പും കണ്ടിട്ടുണ്ടല്ലോ? പുഞ്ചിരി പുറത്തും അകത്ത് കള്ളവും, സ്വസ്ഥിതി തൻ മറുപുറം തപ്പുന്നത്, വസന്തത്തിൽ വസൂരി രോഗാണുക്കളെ കാണുന്നത് കവിയുടെ സ്വഭാവമാണല്ലോ. കെട്ടപ്പൊക്കിയ ദൈവികത്വത്തിൻറെയും സംസ്കാരത്തിൻറെയും എടുപ്പുകൾക്കു താഴെ കിരാതത്വമാണെന്ന് കവി ഓർമ്മിപ്പിക്കുന്നു. പുഞ്ചിരിക്കുന്ന നമ്മുടെ മാന്യതയ്ക്കു പിന്നിലെ നിഗൂഢവും പാപപങ്കിലവുമായ അബോധത്തെയും അത് ഓർമ്മിപ്പിക്കുന്നു. നമ്മെ നിരന്തരം നിയന്ത്രിക്കുന്ന നമ്മുടെ മനസ്സാക്ഷി എന്നൊക്കെ പറയുന്ന സൂപ്പർ ഈഗോ ദേവനായി മാറുന്നു. ആന സംസ്കാരത്തിൻറെ പന്തിയിൽ ക്രൂരമായി മെരുക്കപ്പെട്ട ആധുനിക മനുഷ്യനായിത്തീരുകയും ചെയ്യുന്നു.
ഓരോ വാക്കും നൂറ്റാണ്ടുകളിലെ മനുഷ്യാനുഭങ്ങളുടെ പാടുകളേറ്റു വാങ്ങിയാണ് നമ്മുടെ കൈകളിലെത്തിച്ചേരുന്നത്. വാക്ക് സാമൂഹികമായ ഒരുൽപ്പന്നമാണ്. അത് വ്യക്തിയുടെയോ കവിയുടെയോ സ്വകാര്യസ്വത്തല്ല. ഓരോ വാക്കും ചരിത്രത്തിൽ നിന്ന് പുതിയ അർഥങ്ങൾ സ്വീകരിക്കുകയും ചെയ്യും. ചങ്ങമ്പുഴയുടെ സ്പർശത്തിൽ നിന്ന് വാഴക്കുലയ്ക്ക് ചരിത്രപരമായ ഒരർഥം കൈവന്നത് നമുക്കറിയാമല്ലോ. പിശാച് എന്ന വാക്ക് നമ്മെ ഹവ്വയിലേക്കു കൊണ്ടു പോകാതിരിക്കില്ല. പിശാച് ചെവിയിലോതിയ വാക്കുകളാണല്ലോ ജ്ഞാനത്തിൻറെ പുതിയ ലോകം അവർക്കു മുമ്പിൽ തുറന്നു കൊടുത്തത്. പൗരാണികമായ അനുഭവങ്ങളിലേക്കും വാക്കുകൾ നമ്മെ കൊണ്ടു പോകുന്നു. ഓരോ വാക്കും കേവലം ഓരോ അർഥങ്ങളെ സംവഹിക്കുന്ന ഉപകരണങ്ങളല്ല.
പഴംപായിലായാലും പട്ടുമെത്തയിലായാലും പഴംപായിലിരുന്നു പറഞ്ഞാൽ മാത്രമേ കവിതയാവൂ എന്ന ധാരണ നിലനിന്ന ഒരു കാലം ഇതിനു പിന്നിലുണ്ട്. പഴംപായോ പട്ടുമെത്തയോ എന്നതല്ല, സങ്കീർണമായിത്തീർന്ന പുതിയ കാലത്തെ ആവിഷ്ക്കരിക്കാൻ കഴിയുക എന്നതാണു പ്രധാനമെന്നു ലേഖകൻ പറയുന്നു. തിളയ്ക്കുന്ന ഈ അനുഭവങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാതെ ഇത് സാധ്യമല്ലെന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. പുസ്തകങ്ങളുടെ വായനയുടെ ലോകത്തിനപ്പുറം വൈചിത്ര്യവും വൈപുല്യവുമാർന്ന് സങ്കീർണമായ പുതുലോകത്തിൻറെ മനസ്സാക്ഷിയാകണം എന്നാണു സൂചന. അപ്പോൾ പുസ്തകപ്പുഴു പുസ്തകം തിന്ന് പുസ്തകത്തിൽ ജീവിച്ച് അവിടെത്തന്നെ മരിക്കുന്ന സമൂഹത്തിന് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാത്ത ഒന്നായിത്തീരുന്നു. കവിത മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം ആവശ്യമുള്ള മനുഷ്യനുപകാരപ്രദമായ ഒന്നാണെന്ന മാഷുടെ കാഴ്ചപ്പാടും ഓർക്കുക. അപ്പോൾ സമസ്താനുഭവങ്ങളെയും ആഹരിച്ച് ലോകത്തിന് ഉപകാരപ്രദമായ വളം പ്രദാനം ചെയ്യുന്ന ഞാഞ്ഞൂൽ യഥാർഥ കവിയുടെ പ്രതീകമായിത്തീരുന്നു. നീലകണ്ഠനെപ്പോലെ സമൂഹത്തിലെ വിഷം സ്വയം ആഹരിച്ച് ലോകത്തെ രക്ഷിക്കുന്നവരാണ് കലാകാരന്മാർ എന്ന് കേസരി സമുദായത്തിലെ വിഷം തീനികൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പഴം പായയ്ക്കും പട്ടുമെത്തക്കും മുകളിലല്ല, പച്ചയായ, പരുപരുത്ത സങ്കീർണ്ണമായ മണ്ണടരുകളിലേക്ക് സഞ്ചരിച്ച് മണ്ണിനെ ജീവിതവ്യമാക്കുന്നു മണ്ണിര എന്ന് അർഥം കാണുന്നതാണ് സന്ദർഭത്തിന് യോജ്യം.
ബോധം ചരിത്രപരമാണ് എന്നു പറയുന്നത് ശ്രദ്ധിക്കുക. ആസ്വാദനബോദത്തിൻറെ കാര്യമെടുക്കുക. സംക്രമണം എന്ന കവിത നമുക്ക് പഠിക്കാനുണ്ട്. അത് പുറത്തിറങ്ങിയ കാലത്ത് ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ കവിതയായിരുന്നു അത്. പ്രത്യേകിച്ചും ദുർഗ്രഹതയുടെ പേരിൽ അന്നത്തെ പണ്ഡിതന്മാരിൽ നിന്നു തന്നെ. നിഘണ്ടുവിൽ നിന്ന് കൃത്യമായ അർഥം കണ്ടെത്തി വിശദീകരിക്കേണ്ട ഒന്നല്ല കവിത എന്നു നാമിന്നു തിരിച്ചറിയുന്നു. കുറേനാളായുള്ളിലൊരുത്തിതൻ ജഢമളിഞ്ഞുനാറുന്നു എന്നു വായിക്കുമ്പോൾ ഒരാളുടെ മനസ്സിൽ ഒരുത്തി ഇങ്ങനെ അളിഞ്ഞു നാറുമോ ഇതൊക്കെ എങ്ങിനെ അന്വയിക്കും എന്നൊന്നും ഇന്നു നാം വേവലാതിപ്പെടാറില്ല. നമുക്കു കണ്ടാത്തെനാവുന്ന ഒരു തലം നാം തിരിച്ചറിയാൻ ശ്രമിക്കുന്നു. കവിത ആസ്വാദകൻറെ മനസ്സിൽ ആയിരം അർഥങ്ങളുടെ സാധ്യതകൾ നിരത്തുന്നു. കവിതയെ ഇങ്ങനെ സമീപിക്കാനുള്ള ബോധംപോലും ചരിത്രപരമാണ് എന്നാണ് പറഞ്ഞുവന്ന്.
കവി എഴുതിയ കവിതയല്ല നാം വായിക്കുന്നത്. അഥവാ കവി കൽപ്പിച്ച അർഥം ആകണമെന്നില്ല വായനക്കാരൻ കണ്ടെത്തുന്നത്. മനുഷ്യപ്രദർശനത്തിൽ ഗോത്രരാജാവിൻ ജനനേന്ദ്രിയമിത് എന്നു കുരീപ്പുഴ എഴുതുമ്പോൾ ജനനേന്ദ്രിയം പോലും അപ്രസക്തമാവുന്ന ക്ളോണിങ്ങ് കാലത്തെക്കുറിച്ച് നാം ചിന്തിക്കുക തന്നെ ചെയ്യും. ക്ളോണിങ്ങ് കണ്ടു പിടിക്കുന്നതിനു മുമ്പാണ് താനിതെഴുതിയതെന്നു കുരീപ്പുഴ വാദിച്ചു എന്നു തന്നെ വിചാരിക്കുക. എങ്കിലും എൻറെ വായനയ്ക്ക് അത് തടസ്സമാകുന്നില്ല. വാക്ക് കവിയുടെ സ്വകാര്യ സ്വത്തല്ല. ചരിത്രത്തിലൂടെ പുതിയപുതിയ അർഥങ്ങൾ സ്വീകരിച്ചാണ് അത് കവിയുടെ കൈകളിലും നമ്മുടെ കൈകളിലും എത്തിച്ചേരുന്നത്. കാലത്തിൻറെ, ചരിത്രത്തിൻറെ ഉമിനീരു കൂടി ചേർത്താണ് നാം കവിത ആസ്വദിക്കുന്നത്. ഉൽവത്തിന് ഇടഞ്ഞ ഒരാനയുടെ കഥമാത്രമാണ് സഹ്യൻറെ മകൻ എന്നു വൈലോപ്പിള്ളിക്കു വാദത്തെ മുഖവിലക്കെടുക്കേണ്ടതില്ല. ചരിത്രത്തിൻറെയും സമൂഹത്തിൻറെയും ഉൽപന്നമായ ഭാഷ നമ്മുടെ ബോധം പോലെ തന്നെ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ മഞ്ഞിനായാലും ഇന്ദുലേഖയ്ക്കായാലും പുതിയപുതിയ വായനകൾ ഉണ്ടായിക്കൊണ്ടിരിക്കും.
അവ്യവസ്ഥിതത്വം ആണ് കവിതയുടെ ഒരു സൗന്ദര്യം. കവി ഒന്നു പറയുന്നു. നാം മറ്റൊരർഥത്തിൽ വായിക്കുന്നു. ഒരു ടെക്സ്റ്റിനു തന്നെ പലപാരായണങ്ങൾ. അതുകൊണ്ടാണ് കവിത ടെക്സ്റ്റ്വൽ അല്ല കോൺടെക്സ്റ്റ്വൽ ആണ് എന്നു പറയുന്നതും. ഒരു വാക്ക് വ്യത്യസ്ഥ സമൂഹങ്ങളിൽ വ്യത്യസ്ഥ ആശയങ്ങൾ സൃഷ്ടിക്കാം എന്നു ലേഖകൻ പറയുന്നതും ഓർക്കുക. മേഘം മലയാളി കാണുന്നതു പോലെയല്ല ഉത്തരേന്ത്യക്കാരൻ കാണുന്നത്. ഉത്തരേന്ത്യയിൽ യാത്രപോയ പ്രിയപ്പെട്ടവർ തിരിച്ചു വരുന്നകാലമാണത്. അതുകൊണ്ട് അനുരാഗസൂചകവും. അതുകൊണ്ടാണ് യക്ഷന് ആ മേഘദർശനം ഏറ്റവും വേദനാജനകമായത്. കാളിദാസൻ കണ്ടതുപോലെയല്ല വള്ളത്തോൾ മേഘത്തെ കാണുന്നത്. ചരിത്രസന്ദർഭങ്ങൾ വാക്കുകൾക്ക് പുതിയ മാനം നൽകുന്നത് ശ്രദ്ധിക്കുക.
ശൈശവഭാവനയാൽ തിരസ്കൃതനായ മുതിർന്ന മനുഷ്യൻ എന്നു യക്ഷനെ വിശേഷിപ്പിക്കുന്നുണ്ട്. ആകാശത്ത് മേഘം കാണുമ്പോൾ അത് ആന കൊമ്പുകുത്തിക്കളിക്കുകയാണോ എന്നു ചിന്തിക്കുന്നത് തീർച്ചയായും ഒരു ശൈശവമനസ്സാണ്. ഇത്തരം ഭാവനകൾ കുട്ടികളുടെ സവിശേഷതയാണല്ലോ. യക്ഷൻ രാമഗിര്യാശ്രമത്തിലേക്ക് നാടുകടത്തപ്പെട്ടത് ഇത്തരം ഭാവനകളിൽ മുഴുകി ജോലിയിൽ അശ്രദ്ധകാണിച്ചതുകൊണ്ടാണ് എന്നും ഓർക്കുക.

എം എൻ വിജയന്റെ ലേഖനത്തെക്കുറിച്ച് അൽപം കൂടി ---- ഉമ്മർ ടികെ

എം എൻ വിജയൻറെ ലേഖനത്തെക്കറിച്ച് അൽപം കൂടി…
സൂപ്പർ ഈഗോ. നമ്മുടെ മനസ്സാക്ഷി എന്നോ സമൂഹബോധം എന്നോ ഒക്കെ പറയാവുന്നത്. ഒരു കൊച്ചു കുട്ടിയെ നാമടിച്ചാൽ അവൻ തിരിച്ചടിക്കും. അത് വളരെ സ്വാഭാവികമാണ്. എന്നാൽ വളരുമ്പോൾ തിരിച്ചടിക്കാൻ പാടില്ലെന്ന് അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവിനെയാണ് നാം സംസ്കാരം എന്നു പറയുന്നത്. സ്വാഭാവികമായ പ്രതികരണത്തെ തടയാനുള്ള കഴിവു നേടുകയാണ് വ്യക്തി. ഇതൊരർഥത്തിൽ മെരുക്കിയെടുക്കലാണ്. സംസ്കാരം ഇവിടെ ഒരാനപ്പന്തിയായി മാറുന്നു. സ്കൂൾ,കുടുംബം, സമൂഹം എല്ലാം ഈ ആനപ്പന്തിയുടെ ഭാഗം തന്നെ. ചിലപ്പോൾ മെരുക്കപ്പെട്ട ആന അടിച്ചമർത്തപ്പെട്ട പ്രാകൃതമായ ചോദനയുടെ പ്രേരണയാൽ സ്വാതന്ത്ര്യത്തിലേക്കു വിലക്കുകൾ പൊട്ടിച്ചു കുതിക്കാനായുന്നു. മദം പൊട്ടുക എന്നു നാമതിനെ വിളിക്കുന്നു. ചിലപ്പോൾ ശക്തമായ ശിക്ഷണം മടുത്ത് മദം പൊട്ടിയ ഒരു കുട്ടി മാഷെ തള്ളി മാറ്റി സ്വാതന്ത്ര്യത്തിൻറെ ലോകത്തേക്കു കുതിച്ചു എന്നു വരാം. 
സമൂഹികജീവിതം സങ്കീർണ്ണമാവുമ്പോൾ കവിതയും സങ്കീർണ്ണമാവുന്നു. വള്ളത്തോളിൻറെ കാലത്തെ അനുഭവങ്ങളല്ല വൈലോപ്പിള്ളിയുടെ കാലത്തുള്ളത്. ആറ്റൂരിൻറെ അനുഭവങ്ങളല്ല ടി പി രാജീവനുള്ളത്. കാലം മാറുമ്പോൾ അനുഭവങ്ങൾ കൂടുതൽ വൈപുല്യവും വൈചിത്ര്യവുമുള്ളതായി മാറുന്നു. സമൂഹത്തിൻറെ അവ്യവസ്ഥിതത്വം കവിതയിലും പ്രത്യക്ഷമാവുന്നു. അതു കൊണ്ടു തന്നെ അവ്യവസ്ഥിതത്വം കവിതയുടെ ഒരു സ്വഭാവമായിത്തീരുന്നു. വള്ളത്തോളിൻറെ കവിതയുടെ കൃത്യമായ അർഥോൽപ്പാദന രീതിയല്ല മൽസ്യത്തിനുള്ളത്.
പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴുവായിത്തീരുന്നു. മണ്ണു തിന്നുന്നവൻ ഞാഞ്ഞൂലായിത്തീരുന്നു…. പഴംപായിലിരുന്നു പറഞ്ഞാൽ മാത്രമേ കവിതയാവൂ എന്ന ധാരണ നിലനിന്ന ഒരു കാലം ഇതിനു പിന്നിലുണ്ട്. പഴം പായോ പട്ടുമെത്തയോ എന്നതല്ല, സങ്കീർണമായിത്തീർന്ന പുതിയ കാലത്തെ ആവിഷ്ക്കരിക്കാൻ കഴിയുക എന്നതാണു പ്രധാനമെന്നു ലേഖകൻ പറയുന്നു. തിളയ്ക്കുന്ന ഈ അനുഭവങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാതെ ഇത് സാധ്യമല്ലെന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. പുസ്തകങ്ങളുടെ, വായനയുടെ ലോകത്തിനപ്പുറം വൈചിത്ര്യവും വൈപുല്യവുമാർന്ന് സങ്കീർണമായ പുതുലോകത്തിൻറെ മനസ്സാക്ഷിയാകണം കവിത എന്നാണു സൂചന. അപ്പോൾ പുസ്തകപ്പുഴു പുസ്തകം തിന്ന് പുസ്തകത്തിൽ ജീവിച്ച് അവിടെത്തന്നെ മരിക്കുന്ന സമൂഹത്തിന് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാത്ത ഒന്നായിത്തീരുന്നു. കവിത മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം ആവശ്യമുള്ള മനുഷ്യനുപകാരപ്രദമായ ഒന്നാണെന്ന മാഷുടെ കാഴ്ചപ്പാടും ഓർക്കുക. അപ്പോൾ സമസ്താനുഭവങ്ങളെയും ആഹരിച്ച് ലോകത്തിന് ഉപകാരപ്രദമായ വളം പ്രദാനം ചെയ്യുന്ന ഞാഞ്ഞൂൽ യഥാർഥ കവിയുടെ ചിഹ്നമായിത്തീരുന്നു. പാവങ്ങൾ എന്ന കൃതി ലോകത്തെ എങ്ങിനെ മാറ്റിത്തീർത്തു എന്നു നമുക്കറിയാം. ആശാൻ ഉൾപ്പെടുന്ന ആധുനികകവികളും തകഴി അടക്കമുള്ള നോവലിസ്റ്റുകളും കേരളത്തിൻറെ മണ്ണിനെ ഫലഭുയിഷ്ഠമാക്കിയ മണ്ണിരകളത്രെ. നീലകണ്ഠനെപ്പോലെ സമൂഹത്തിലെ വിഷം സ്വയം ആഹരിച്ച് ലോകത്തെ രക്ഷിക്കുന്നവരാണ് കലാകാരന്മാർ എന്ന് കേസരി സമുദായത്തിലെ വിഷം തീനികൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പഴം പായയ്ക്കും പട്ടുമെത്തക്കും മുകളിലല്ല, പച്ചയായ, പരുപരുത്ത സങ്കീർണ്ണമായ മണ്ണടരുകളിലേക്ക് സഞ്ചരിച്ച് മണ്ണിനെ ജീവിതവ്യമാക്കുന്ന മണ്ണിര എന്ന് അർഥം ലഭിക്കുന്നു. മണ്ണിൽ നടക്കുന്നവൻ എന്നു പറയുമ്പോൾ ലഭിക്കുന്ന അർഥം നോക്കുക. പി ഭാസ്ക്കരൻറെ വിണ്ട കാലടികളിൽ മണ്ണിൽ നടക്കുന്ന മനുഷ്യനെ കുട്ടികൾ പരിചയപ്പെട്ടിട്ടുണ്ട്. വിണ്ട കാലടികൾ തന്നെ അവിടെ എങ്ങിനെ ചിഹ്നമായിത്തീരുന്നു എന്നും കുട്ടികൾ പറയാതിരിക്കില്ല.
വാഴക്കുല ഓരോ ചരിത്രഘട്ടത്തിലും വ്യത്യസ്ഥമായ അർഥം കൈവരിക്കുന്നതിനെക്കുറിച്ച് പറഞ്ഞതോർക്കുക. ചരിത്രഘട്ടം മാത്രമല്ല സാമൂഹിക സാഹചര്യങ്ങളും കാഴ്ചകളെ നിയന്ത്രിക്കും. ആർഷഭാരതത്തിൻറെ മഹത്വത്തെക്കുറിച്ച് വള്ളത്തോളിന് യഥേഷ്ടം പാടാം. എന്നാൽ അയിത്തം തൻറെ ശരീരം കൊണ്ടറിയുന്ന ആശാന് അത് അത്ര മഹത്വമുള്ളതായി തോന്നണമെന്നില്ല. ആ സംസ്കാര മഹത്വത്തെ തകർക്കാൻ വന്നവരായിട്ടാണ് വെള്ളക്കാരെ വള്ളത്തോൾ കാണുന്നതെങ്കിൽ തങ്ങളെ മനുഷ്യരായി അംഗീകരിച്ചവരായി മാത്രമേ അവരെ ആശാനു കാണാൻ കഴിയൂ. 
തീണ്ടൊല്ല തൊടല്ലെന്നു 
തങ്ങൾ തങ്ങളിൽ മൗഢ്യം 
പൂണ്ടാട്ടിയോടിക്കുന്ന കാലമെന്നോളം നിൽക്കും… എന്നു തുടങ്ങുന്ന വരികളോർക്കുക.
അതു വരെയും തറവാട്ടിലെ ഭ്രഷ്ടരാണ് നാം എന്നാണ് ആശാൻ പറയുന്നത്. അതു കൊണ്ടുതന്നെയാണ് വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും വാങ്ങിയത് ആശാൻറെ ശരിയായി മാറുന്നതും. നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നു നാരായണ ഗുരു പറഞ്ഞതും ഓർക്കുക. ചരിത്രഘട്ടം മാത്രമല്ല വ്യക്തിയുടെ സാമൂഹ്യസാഹചര്യങ്ങളും കാഴ്ചപ്പാടുമെല്ലാം ഇവിടെ പ്രധാനമായിത്തീരുന്നു. 
നാമുണ്ടാക്കുന്ന ലോകം ഉണ്ടു തീർക്കുന്ന ലോകം..
ഉപഭോഗസ്വഭാവത്തിന് (കൺസ്യൂമറിസം) ഇത്രയും ഭംഗിയുള്ളൊരു മലയാളം- ഉണ്ടു തീർക്കുക- നമുക്കു കണ്ടെത്താനാവില്ല. ഉൽപാദനത്തിൻറെയും ഉപഭോഗത്തിൻറെയും അപ്പുറം ചില സന്ധികളുണ്ടെന്നും- സന്ധിക്കുന്നതാണല്ലോ സന്ധ്യ- അതിനെ തിരിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നവരാണ് കവികളായിത്തീരുന്നതെന്നും. ചരിത്രത്തിൻറെ ഈ ടേണിങ്ങ് പോയൻറുകളാണല്ലോ കുടിയൊഴിക്കലിൽ വൈലോപ്പിള്ളിയും സംക്രമണത്തിൽ ആറ്റൂരും അവതരിപ്പിക്കുന്നത്.

ആറ്റൂരിന്റെ സംക്രമണം- ഗീതാ തോട്ടം

സംക്രമണം
സ്ത്രീയെ പുരുഷൻ നോക്കിക്കാണുന്ന കോണുകൾ പലതാണ്........ അമ്മ, പെങ്ങൾ, ഭാര്യ, കാമുകി, കൂട്ടുകാരി, മകൾ എന്നിങ്ങനെ എത്രയോ മുഖങ്ങൾ പെണ്ണിനുണ്ട്! പെണ്ണുങ്ങൾ പലപ്പൊഴും മത്സരിക്കുന്നത്, പുരുഷന്റെയൊപ്പം എത്തുക അല്ലെങ്കിൽ പുരുഷനേക്കാൾ ഉയരത്തിൽ എത്തുക എന്ന കാര്യമാണ്. അതിനുമാത്രം എന്താണ് പുരുഷൻ!!! എല്ലാ തൊഴിലാളിയുടെയും അന്തിമമായ സ്വപ്നം മുതലാളിയാവുക എന്നതാണ് എന്നു പറഞ്ഞപോലെ പുരുഷൻ ഒരു പടർന്നുപന്തലിച്ച മാമരമായി ഓരൊ പെണ്ണിന്റെയും ഉള്ളിൽ ഉണ്ട്. അത് അങ്ങനെ മരമായി ഉണ്ടായതല്ല തലമുറകൾക്കു മുൻപേ പാകിയ വിത്ത് തലമുറകളിലൂടെ വളർന്ന് ഇപ്പോൾ മരമായി മാറിയതാണ്...ഇനിയും അത് പടർന്നുവളർന്നുകൊണ്ടിരിക്കും.
ഇനി പുരുഷന്റെ കാഴ്ചപ്പാടിലെ പെണ്ണോ? കൗതുകവും ആർത്തിയും അതി ഗൂഢമായ ഭീതിയും അവൻ അവളുടെനേരെ പുലർത്തുന്നു..കൗതുകവും ആർത്തിയും ഒരുപക്ഷെ ആസക്തിയും വരെ അവൻ സമ്മതിച്ചുതരുമെങ്കിലും ഈ ഭയം അവൻ ഉറക്കെയുറക്കെ നിരസിക്കും...എത്രയുറക്കെ നിരസിക്കുന്നുവോ അത്രയധികം ഭയക്കുന്നു എന്നു സാരം!!
ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണത്തിൽ നോക്കിക്കാണാൻ ശ്രമിക്കുന്നു......... ഒരുത്തിയുടെ ചീഞ്ഞുനാറുന്ന ഉടൽ ഉള്ളിൽ പേറുന്നവനാണ് ഓരോ ആണും....എതിർക്കാതെ അനുസരിക്കുന്ന, പ്രതികരിക്കാതെ കീഴടങ്ങുന്ന, ദാസ്യവൃത്തിചെയ്യുന്ന,വഴങ്ങുന്ന, പഞ്ചേന്ദ്രിയക്ഷമതയില്ലാത്ത,പരാതികളില്ലാത്ത അടിമ അല്ലെങ്കിൽ ജഡം....അതാണ് ശരാശരി ആണൊരുത്തൻ കൊതിക്കുന്ന പെണ്ണ്.......എന്നാൽ സ്മാർട്ട് ആയ മിടുക്കിപ്പെണ്ണിനെ പരസ്യമായി അഭിനന്ദിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും അവൻ പാഴാക്കുകയുമില്ല...പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും പറയും. Everybody should be like that except my wife എന്നതാണ് അവന്റെ പോളിസി.....സ്വകാര്യ സ്വത്തായി പെണ്ണിനെക്കാണുന്ന ഉടമയും അടിമയും എന്ന ഭാവം ഇപ്പോഴും കൃത്യമായി നിലനിര്ത്തുടന്ന ഫ്യൂഡൽ മനോഭാവത്തിന്റെ ഉടമകളാണവര്‍. ചത്തത് കുറേക്കാലം കഴിയുമ്പോള്‍ സ്വാഭാവികമായും ചീഞ്ഞുനാറും...നാറ്റം ഉള്ളിലായതിനാല്‍ എടുത്തുകളയാനും വയ്യ. ഉള്ളില്‍ നാറ്റം കുറ്റബോധത്തിന്റെ‍താവാം..... ജഡമായവളെ പിന്നീട്, വിശക്കുമ്പോള്‍ ഇര വളഞ്ഞു കൊന്നുതിന്നുന്ന ചെന്നായായി സംക്രമിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷെ ഈ കുറ്റബോധം കൊണ്ടാവാം...
അകക്കണ്ണ് തെളിച്ചുകൊണ്ട്‌ അറിവുപകരുന്ന അമ്മയാണ് പുരുഷൻ ആദ്യം പരിചയിക്കുന്ന പെണ്ണ്.. എല്ലാ വെളിച്ചവും ദുഃഖമാണ്,തമസ്സാണ് സുഖം ....അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ / വെറുതേ സൌന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചൂ എന്ന് ജി .അറിവിന്റെ അസ്വസ്ഥതകൊണ്ട് തന്റെ സ്വാസ്ഥ്യം നശിപ്പിക്കുന്ന അമ്മ അവന്റെ ആദ്യ ശത്രുവാകുന്നു. വിശപ്പിനാൽ വാരിവലിച്ചു തിന്നു ചത്തവന്‍ എന്ന പരാമർശം നമ്മെ പലതും ഓര്മ്മിപ്പിക്കുന്നു......ഇടശ്ശേരിയുടെ‘പണിമുടക്ക’ത്തെ ഒർക്കാമല്ലൊ അല്ലെ?
കാഴ്ച, കേൾവി സംസാരം എല്ലാം വിലക്കപ്പെട്ട പെണ്ണൊരുത്തി നേരത്തെ പറഞ്ഞ പഞ്ചേന്ദ്രിയക്ഷമത വിലക്കപ്പെട്ടവള്‍ തന്നെ. ‘ഒരൊറ്റ സൂര്യനുമവളെക്കാള്‍ നേര്ത്തെ പിടഞ്ഞെണീറ്റീലാ എന്നതിനെ 'ഞായറോടൊപ്പം ഉണര്ന്നു നിലങ്ങളിൽ' (കുരീപ്പുഴ- മനുഷ്യ പ്രദർശനം ) എന്ന പരാമർശത്തോട് ചേര്ത്ത് വായിക്കാം.
പതിറ്റാണ്ടുകള്ക്കുമപ്പുറത്താണ് ഇപ്പോഴും അവളുടെ കാലടികള്‍. അടുക്കളയില്‍ ഒരുദിവസം പെണ്ണ് നടന്നുതീര്ക്കു ന്ന ദൂരം നീളത്തിലല്ല വൃത്തത്തിലാണ് എന്നും ഓര്ക്കുക.ദുരനുഭവങ്ങള്‍ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടിയിട്ടും അവളുടെ വിധേയത്വത്തിന്റെ കൂന് നിവരുന്നേയില്ല....
കുറ്റിച്ചൂല് എന്ന ബിംബം എത്രയോ തിരസ്കരണങ്ങളെ, ഉപയോഗിച്ച് വലിച്ചെറിയലുകളെ, നിരാസങ്ങളെ വീണ്ടും വീണ്ടും മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിച്ച് പരമാവധി മുതലെടുക്കലിനെ, കുറിക്കുന്നു. (അനിതാ തമ്പിയുടെ ‘മുറ്റമടിക്കുന്നവൾ’ ഒർക്കാവുന്നതാണിവിടെ.)നാറത്തേപ്പും അതുതന്നെ. പലവിധ ഉപയോഗങ്ങൾ കഴിഞ്ഞ് ഉപയോഗശൂന്യമായ തുണികൾ വസ്ത്രങ്ങൾ അതിന്റെ ഇഴ പിന്നി നൂലാകുവോളം നാം വീണ്ടും തുടയ്ക്കാനും ചവിട്ടാനും ഒക്കെ ഉപയോഗിക്കും. പരമാവധി ഊറ്റിഎടുക്കുക, ഊറ്റിത്തീര്ന്നകതിൽ നിന്ന് വീണ്ടും പിഴിഞ്ഞെടുക്കുക എന്ന ചൂഷണ സംസ്കാരം. .അതില്‍ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഭേദമില്ല.പെണ്ണിനെ നിസ്സാരവല്ക്കരിക്കാവുന്നതിന്റെ പരമാവധിയാണ് കുറ്റിച്ചൂല്‍, നാറത്തേപ്പ്, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം എന്നീ പ്രയോഗങ്ങള്‍. ഒരട്ടിമണ്ണ് അവളുടെ ആത്യന്തിക അവസ്ഥയെ, അന്ത്യമായ, പരമമായ അഭയസ്ഥാനത്തെ കുറിക്കുന്നതാവാം..ദെസ്തയോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിൽ എല്ലാ ആശ്രയവും അറ്റ അല്ല്യോഷി അവസാനം ഭൂമിയെ (മണ്ണിനെ) നെഞ്ചോട്‌ ചേര്ത്ത് വാരിപ്പിടിച്ചു ആശ്വാസം കൊള്ളുന്നതും ഓര്മ്മി ക്കാം.
രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ വേദനകൾ കുഴിവെട്ടിമൂടി അതില്നിന്നു ഉയിർക്കൊള്ളുന്ന ശക്തിസ്വരൂപിണിയായ പെണ്ണിന്റെ ചിത്രം തെളിയുന്നു.ദേവീരൂപമാർന്ന, മര്ദ്ദി്നീരൂപമാര്ന്ന സംഹാരപ്പെരുമയാണ്ടാവളായ നാരി,.നിഷേധിക്കപ്പെട്ടതെല്ലാം സ്വന്തം കരുത്തുകൊണ്ട് പിടിച്ചുവാങ്ങാൻ പ്രാപ്തയായ സ്ത്രീസ്വരൂപം കാഴ്ചയിൽ തെളിയുന്നു. അത് പക്ഷെ “പൂജാമുറിയിലിരുത്തിയ ദേവിയായ്/ ജീവപര്യന്തം വിധിക്കപ്പെടുന്നവൾ” അല്ല . ആത്മാവ്, ഉടല്‍, നാവ്, പാതാളത്തോളം ആഴത്തില്‍ അടക്കിവച്ച- വനവഹ്നിയോളം പോന്ന- ജഠരാഗ്നി ഒരുപാട് ആത്മബലികളുടെ വേദന, ഒരിക്കലും പുറത്തെടുക്കാതെ ഉള്ളിൽ കുഴികുത്തി മൂടിയ ശാപവചനങ്ങള്‍ എല്ലാം ആവാഹിച്ച് പുറത്തെടുപ്പിക്കുന്നു.
ഇഷ്ടപ്പെട്ട പുരുഷനെ സ്വയംവരം ചെയ്തു സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യത്തിൽനിന്ന് ആര്യത്വത്തിന്റെ കപട ആഢ്യത്വത്തിലെയ്ക്കു പടവുകളിറങ്ങിയപ്പോൾ പിടിവള്ളിയായിക്കിട്ടിയത്,ഗർഭിണിയെ നടതള്ളാനും പെണ്ണിനുപകരം സ്വർണ്ണം (ദ്രവ്യം) മതിയെന്നുവയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു. സംസ്കാരത്തിന്റെ നാൾവഴികളിൽ എവിടെയാണ് പെണ്ണ് തളയ്ക്കപെടേണ്ടവളാണെന്ന കെട്ടബോധം വന്നുകയറിയത്?ചിറകുമുറിച്ചു കൂട്ടിലടച്ചും തായ്വേരറുത്ത് ചട്ടിയിലാക്കിയും അവളെ ഒരു വർത്തുളരേഖയുടെ പരിധിയ്ക്കകത്ത് കുടിയിരുത്താമെന്ന് ധരിച്ചുവശായത്? ഭാഷയിലും സംസ്കാരത്തിലും വന്നുപെട്ട ആര്യവത്കരണത്തിനെതിരായ ഒരു പടപ്പുറപ്പാടായി കൂടി സംക്രമണത്തെ വായിക്കാം..ആറ്റൂർ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ സ്വഭാവത്തിലും ആ ദ്രാവിഡത കാണാം.വസൂരിമാലയും, ആവാഹന ഉച്ചാടനങ്ങളും, ബലിമൃഗവും കുരുതിക്കളവും അങ്ങനെയങ്ങനെ…..
നൂലട്ടപോലെ ഇഴയുന്ന അവളുടെ ആത്മാവിനെ കവി ചേര്‍ക്കുന്നത് 'നരഭുക്കായ' കടുവയിലാണ്. ഒരു കടുവ നരഭുക്കാവുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായ ഇരപിടിക്കല്‍രീതി അനുവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിപരീത സാഹചര്യമാണ് അതിനെ നരഭുക്കാക്കുന്നത്.ഒരിക്കല്‍ നരമാംസം രുചിച്ചുകഴിഞ്ഞാല്‍ അത് പിന്നീട് മറ്റൊരു ഇരയേയും തേടില്ല.കിടയ്ക്കാന്‍ എളുപ്പമുള്ളതും കായികാധ്വാനം പ്രായേണ കുറവുള്ളതുമാണ് നരവേട്ട. ഗത്യന്തരമില്ലാത്ത പെണ്ണൊരുത്തി നരഭുക്കായ കടുവയെപ്പോലെ അപകടകാരിതന്നെ. ഭയക്കേണ്ടവള്‍.... എങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴേ അത് ഇരതേടാന്‍ വരുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക ..ഏതു പ്രതികാരത്തിലും ഉണ്ണികളേക്കുറിച്ചുള്ള ആര്‍ദ്രത അത് മനസ്സില്‍ സൂക്ഷിക്കുന്നു. അവളുടെ നാവ് ചേരുന്നതാകട്ടെ 'ചെന്നാ'യില്‍ ആകുന്നു. 'നിശ്ശബ്ദമാം മുറിവ' മാത്രമായിരുന്ന വായ ...അത് വന്യ നിശ്ശബ്ദതയേ കീറിമുറിക്കുന്ന ഭീതിദമായ ഒരിയായി മാറുന്നു.സിംഹ ഗര്‍ജ്ജനത്തിനെക്കാള്‍ ഭയപ്പെടുത്തുന്ന, നട്ടെല്ലിലൂടെ മിന്നല്‍ പായിക്കുന്ന ഓരിയിടല്‍... നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ടാവളായി മാറുന്ന സ്ത്രീസത്ത...
പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന് ഇടശ്ശേരി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനിൽക്കുകയും ആക്രമിച്ചു തോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേയ്ക്കു അവളുടെ സ്വത്വം പറിച്ചുനടപ്പെടുന്നു.
ഇവിടെ സംക്രമണം ....... ജഡത്തിൽ നിന്നു ജീവനെടുക്കാൻ കരുത്താർജ്ജിച്ചവളിലേയ്ക്ക്, ശവത്തിൽ നിന്ന് ശക്തിയിലേയ്ക്ക്, ഉള്ള പെണ്മയുടെ പകര്ന്നാട്ടമായി മാറുന്നു. ‘

മുഹിയുദ്ദീൻ മാല- ഉമ്മർ ടി കെ.

മുഹിയുദ്ദീൻ മാല
അറബി മലയാളം സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകൃതി. മാലപ്പാട്ടുകൾ എന്നാൽ ഔലിയാക്കളുടെ അഥവാ പുണ്യ പുരുഷന്മാരുടെ അപദാനങ്ങൾ കീർത്തിക്കുന്ന ഗാനശാഖയാണ്. കേരളത്തിലെ മുസ്ലിം കുടുംബങ്ങളിൽ നൂറ്റാണ്ടുകളായി പാടി വന്നിരുന്നവയാണ് ഈ പാട്ടുകൾ. നേർച്ചപ്പാട്ടുകൾ എന്നും ഇവ അറിയപ്പെടുന്നു. ബദർമാല, രിഫായി മാല, മലപ്പുറം മാല, നഫീസത്ത് മാല ഇങ്ങനെ മാലപ്പാട്ടുകൾ പലതുണ്ട്. ഇവ വീടുകളിൽ പാടുന്നത് പുണ്യകർമ്മമായാണ് കരുതിപ്പോരുന്നത്. (പൂർണ്ണഗർഭിണികളുള്ള മുസ്ലിം വീടുകളിൽ പണ്ടു കാലത്ത് പ്രസവം സുഖകരമാകാൻ നഫീസത്തുമാല പാടിയിരുന്നു.)
കൊല്ലവർഷം 782 ൽ ആണ് മുഹിയുദ്ദീൻ മാല രചിച്ചിട്ടുള്ളത്. അത് എഴുത്തച്ഛൻറെ രാമായണത്തിൻറെ രചനയ്ക്കും അഞ്ചു വർഷം മുമ്പാണെന്നു പറയപ്പെടുന്നു.
കൊല്ലം എഴുന്നൂറ്റി എൺപത്തി രണ്ടിൽ ഞാൻ / കോർത്തേൻ ഇമ്മാലനെ നൂറ്റമ്പത്തഞ്ചുമ്മേൽ. / മുത്തും മാണിക്കവും ഒന്നായിക്കോർത്ത പോൽ / മൊഹിയുദ്ദീൻ മാലനെ കോർത്തേൻ ഞാൻ ലോകരെ
നൂറ്റി അമ്പത്തഞ്ചു ഈരടികളിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ആധ്യാത്മിക അനുഭവങ്ങളെ ഒരു സമുദായത്തിന് ഏറ്റവും ലളിതമായ ഭാഷയിൽ പകർന്നു കൊടുക്കുക എന്ന ധർമ്മമാണ് ഇവിടെ നിർവഹിക്കപ്പെടുന്നത്.
ബാഗ്ദാദിനടുത്തുള്ള ജിലാൻ എന്ന സ്ഥലത്ത് ജനിച്ച മുഹിയുദ്ദീൻ ഷെയ്ഖിൻറെ മഹത്വങ്ങളാണ് ഇതിലെ പ്രതിപാദ്യം. ശൈഖ് അബ്ദുൽ കാദിരി കൈലാനി - ഖാദർ ജീലാനി എന്നതിൻറെ തൽഭവ രൂപം – എല്ലാ സൂഫിശ്രേഷ്ഠൻമാർക്കും നേതാവായിട്ടുള്ളയാൾ. ദൈവം ഏറ്റവും സ്നേഹിച്ചവൻ, അനന്തമായ മേന്മകൾക്ക് പാത്രമായിട്ടുള്ളവൻ. ആ മേന്മയിൽ അൽപം മാത്രമാണ് കവി പ്രതിപാദിക്കുന്നത്. പറയാനാണെങ്കിൽ ഏറെ ഉണ്ടുതാനും. പാലിൽ നിന്ന് വെണ്ണ എടുക്കുന്നതു പോലെ അവയിൽ മുഖ്യമായ ചിലത് മാത്രമാണ് ഗാനമാക്കി ചൊല്ലുന്നതെന്നും കവി സൂചിപ്പിക്കുന്നു. ഇത് മനസ്സിലാക്കുന്നവർ പഠിക്കുന്നവർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്. അറിവാളൻ എന്നാൽപണ്ഡിതൻ. കണ്ടൻ അറിവാളൻ എന്നതിന് നേരിട്ടുകണ്ട, മുഹിയുദ്ദീൻ ഷെയ്ഖിൻറെ അൽഭുതകൃത്യങ്ങൾ നേരിട്ടു കണ്ട പണ്ഡിതർ എന്നാണർഥം കാണുന്നത്.(മറ്റൊരു തരത്തിൽ കണ്ടൻ - കഷ്ണം, കണ്ടം - എന്നത് അൽപജ്ഞാനി എന്നായാലോ? അങ്ങിനെയെങ്കിൽ അൽപജ്ഞാനിയായ ഞാൻ ഷെയ്ഖിൻറെ മഹത്വങ്ങൾ പറയുന്നു എന്ന വിനയപ്രസ്താവനയായി മാറില്ലേ?) കോർവാ ഇതൊക്കെയും നോക്കി എടുത്തോവർ - പല രചനകളുടെയും പിൻബലത്തിലാണ് താനിത് രചിച്ചത് എന്നർഥം. ഓരോ ഈരടികളിലും ഷെയ്ഖിൻറെ ജീവിതത്തിലെ ചില അൽഭുത സംഭവങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അറിവും നിലയും ഇല്ലാത്തവർക്ക് അത് നൽകി. അതേസമയം അറിവിൻറെയും നിലയുടെയും പേരിൽ അഹങ്കരിച്ചവരിൽ നിന്ന് അത് എടുത്തു കളയുകയും ചെയ്തു. അഹങ്കാരിയായ ഒരു ഷെയ്ഖിനെ പാഠം പഠിപ്പിച്ച കാര്യവും ഇവിടെ സൂചിപ്പിക്കുന്നു. തൻറെ ശിഷ്യന്മാർക്ക് വരാൻ പോകുന്ന ദുഷ്പ്രവർത്തികളെ നേരത്തേ സ്വപ്നത്തിൽ കാട്ടിക്കൊടുക്കുകയും തിന്മയിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. ജിന്നുകൾ പാമ്പിൻറെ രൂപത്തിൽ വന്ന് ഉപദ്രവിക്കാൻ നോക്കിയ സമയത്ത് അവയെ പറിച്ചെറിഞ്ഞ സംഭവവും വിശദീകരിക്കുന്നു. ഒരിക്കൽ ജിന്ന് ഒരു പെൺകുട്ടിയെതട്ടിക്കൊണ്ടു പോവുകയുണ്ടായി. പിതാവ് ഷെയ്ഖിൻറെ മുന്നിൽ ആവലാതിയുമായെത്തി. ജിന്നുകളുടെ രാജാവിനെത്തന്നെ വിളിച്ച് ആ കുട്ടിയെ പിതാവിന് തിരിച്ചെത്തിച്ച കഥ ഇവിടെ സൂചിതമാകുന്നു. നല്ല ഭക്ഷണം തിന്നാൻ കൊതിച്ചവർക്ക് അതു നൽകി. പെയ്യുന്ന മഴയെയും പുഴയെയും തൻറെ അൽഭുതസിദ്ധിയാൽ നിർത്തിക്കാനും മുഹിയുദ്ദീൻ ഷെയ്ഖിനു കഴിഞ്ഞു. കനിയില്ലാത്ത കാലത്ത് കനികൾ കൊടുക്കാനും, ഉണങ്ങിയ മരത്തിൽ കായ്കൾ ഉണ്ടാക്കാനും കഴഞ്ഞതും ഷെയ്ഖിൻറെ അൽഭുതം തന്നെ.
അറബി മലയാളം എന്ന സാഹിത്യശാഖയിലെ പ്രഥമകൃതിയാണ് മുഹിയുദ്ദീൻ മാല എന്നു പറഞ്ഞുവല്ലോ. സാധാരണ ജനങ്ങളിൽ ആധ്യാത്മിക ബോധം വളർത്തുക എന്നതായിരുന്നു ഇത്തരം പാട്ടുകളുടെ ധർമ്മം. എഴുത്തച്ഛൻറെ രാമായണരചനയുടെ ലക്ഷ്യവും മറ്റൊന്നല്ലല്ലോ. അറബിലിപിയിൽ എഴുതപ്പെട്ടിരുന്ന ഇത്തരം മലയാള – അറബിമലയാള - കൃതികളിലെ ഭാഷയ്ക്കും സവിശേഷതകളുണ്ട്. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം പോലെ അറബിവാക്കുകളുടെ ഉപയോഗം ഇത്തരം കൃതികളിൽ സർവസാധാരണമാണ്. ഖുത്തുബ്, ബൈത്ത്, കോർവ, ഹാറ് തുടങ്ങിയ പദങ്ങൾ ശ്രദ്ധിക്കുക.
അറബിമലയാളത്തിൻറെ വ്യവസ്ഥകളും നിയമങ്ങളും രൂപപ്പെടുന്നതിനുമുമ്പാണ് ഖാസി മുഹമ്മദിൻറെ മുഹിയുദ്ദീൻ മാല രചിക്കപ്പെട്ടത്. അതു കൊണ്ടുതന്നെ കൃഷ്ണഗാഥ പോലെ ലളിതമായ ഭാഷയാണ് ഇതിൽ ഉള്ളത്. ഇസ്ലാമിൻറെ കർശനമായ ആചാരാനുഷ്ഠാനങ്ങളുടെ ഒരു ധാരയ്ക്കു സമാന്തരമായി കഥകളിലൂടെയും ഭാവനയിലൂടെയും സാധാരണക്കാരിലേക്ക് ഭക്തി പ്രദാനം ചെയ്യുന്ന ഒരു സാംസ്കാരികധാര – സൂഫിസം – ഇസ്ലാം പ്രചരിച്ചിടത്തെല്ലാം നിലനിന്നിരുന്നു. അതിൻറെ ഉദാഹരണം കൂടിയാണ് മുഹിയുദ്ദീൻ മാല. മതസൗഹാർദ്ദത്തിൻറെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന സങ്കരഭാഷയാകുന്നു അറബിമലയാളം.
ഉറവുകൾ എന്ന പാഠഭാഗത്താണല്ലോ നമുക്കിതു കൈകാര്യം ചെയ്യാനുള്ളത്. മലയാള ഭാഷ, സംസ്കാരം എന്ന നദി അനേകം കൈവഴികൾ ചേർന്നതാണ്. ഒരു ഉറവയല്ല, അനേകം ഉറവുകളിൽ നിന്നാണ് നാമിന്നു കാണുന്ന നമ്മുടെ ഭാഷയും സംസ്കാരവും രൂപപ്പെട്ടത് എന്നു തിരിച്ചറിയേണ്ടതുണ്ട്.

പെർസിസ്റ്റൻസ് ഓഫ് മെമ്മറി- സാൽവദോർ ദാലി. വെള്ളെഴുത്ത് വി

ദാലിയുടെ ചിത്രത്തിനെപ്പറ്റി
ക്ലാസിൽ ഈ ചിത്രം എടുത്തു കാണിച്ചിട്ട് അവർ കണ്ട കാര്യങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞു..ഈ ചിത്രം പ്രസിദ്ധമാണെന്നും വരച്ചത് ദാലിയെന്ന സ്പാനിഷ് ചിത്രകാരനാണെന്നും, ഘടികാരങ്ങൾ, ഉരുകുന്ന വാച്ചുകൾ എന്നെല്ലാം പേരുണ്ടെങ്കിലും ചിത്രകാരൻ 'ഓർമ്മയുടെ സ്ഥിരത' എന്നാണ് പേരു നൽകിയിരിക്കുന്നതെന്നും മാത്രമാണ് വിശദീകരിച്ചത്. പതിവുപോലെ വരണ്ട ഭൂമി, ഉണങ്ങിയ മരം, വിചിത്ര ജീവി, മല.. തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ എഴുതി..വളരെ കുറച്ചുപേർ അല്പം കടന്നിട്ട് എന്താണ് അത് എന്നു വിശദീകരിച്ചു ഒന്നോ രണ്ടോ വരികളിൽ ( അങ്ങനെ എഴുതാൻ പറഞ്ഞിട്ടല്ല)
അവയിൽ ചിലത് :
- ക്ലോക്കുകൾ നശിക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണ്. ആറ്റം വികിരണംകൊണ്ട് ഉരുകിയ ക്ലോക്കുകളാണ് ചിത്രത്തിൽ കാണുന്നത്
- സമയനിഷ്ഠയില്ലാതെ നശിച്ചു പോകുന്ന മനുഷ്യന്റെ പ്രതീകമാണ് ചിത്രത്തിലെ ക്ലോക്ക്, നാം സമയം കർശനമായി പാലിച്ചില്ലെങ്കിൽ നമ്മൾ നശിക്കും എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്
- സമയം പെട്ടെന്ന് നശിച്ചുപോകും എന്നാണ് ചിത്രം പറയുന്നത്
- ലോഹം പോലും ഉരുകിപോകുന്ന വേനൽക്കാലത്തെ ചിത്രീകരിച്ചിരിക്കുന്നു ചിത്രത്തിൽ..
തീരെ മോശമല്ലെന്നാണ് തോന്നിയത്. കുട്ടികൾ ഒഴിഞ്ഞ പാത്രമല്ല, ഇതുവരെ അവർ നേടിയതുമായി പുതുതായി കാണുന്ന കാര്യത്തെ അവർക്ക് ബന്ധപ്പെടുത്താൻ അറിയാം..
ഇനി ചിത്രത്തിലേക്കു പോകാം. ദാലി 27-മത്തെ വയസ്സിലാണ് ചിത്രം വരക്കുന്നത്. സർ റിയലിസ്റ്റുകൾ അബോധത്തിന്റെ വാസ്തവത്തെ ചിത്രീകരിക്കാൻ പരീക്ഷണം നടത്തിയവരാണ്. ദാലിയുടെ വാക്കുകളിൽ, "കൈകൊണ്ട് ചായം നൽകിയിട്ടുള്ള സ്വപ്നത്തിന്റെ ഫോട്ടോഗ്രാഫുകൾ". ( സർ റിയലിസ്റ്റു ചിത്രങ്ങൾക്ക് പൊതുവേ ചേരുന്ന വിശേഷണം) അതുകൊണ്ട് ശ്രദ്ധിച്ചാലറിയാം, ചിത്രം ഒരു ഫോട്ടോഗ്രാഫുപോലെ വ്യക്തമാണ്. അതേ സമയം അതിലെ വസ്തുക്കളും സ്ഥലവും നിഗൂഢവുമാണ്. ചിത്രത്തിലെ സ്ഥലം സ്വപ്നത്തിലെ സ്ഥലമാണ്. കവിതയിലെന്നപോലെ ചിത്രത്തിൽ ബിംബങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്, അതുവച്ച് സ്വപ്നത്തിൽ സമയം അസ്ഥിരമാണ്. പെട്ടെന്ന് ഞെട്ടി ഉണരുന്ന ഒരാൾക്ക് ഇത് ഏത് സമയമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്. സ്വപ്നത്തിൽ സമയത്തിന് ഒരർത്ഥവുമില്ല. അതിന്റെ ശക്തി നശിച്ച അവസ്ഥയെ വ്യക്തമാക്കാൻ ഘടികാരങ്ങൾക്ക് നിശ്ചിത ഘടനയില്ലാതെയാവുന്നു ചിത്രത്തിൽ. പലതരത്തിൽ അർത്ഥം നഷ്ടപ്പെടുന്ന ഘടികാരങ്ങളെയാണ് 4 ക്ലോക്കുകളുടെ വ്യത്യസ്തമായ അവസ്ഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്..ഉറക്കത്തിലേക്കുള്ള സൂചനയ്ക്കായി മറ്റൊരു ബിംബം ചിത്രത്തിലുള്ള ആ ജീവിയാണ്. അത് ഉറങ്ങുകയാണ്.. അതിന്റെ വലിയ കൺപീലി സ്വപ്നാവസ്ഥയിൽ ചലിക്കുന്ന കണ്ണുകളുടെ ഓർമ്മ കൊണ്ടുവരുന്നു. അങ്ങനെ സ്വപ്നത്തിനകത്ത് മറ്റൊരു സ്വപ്നം കൂടി ദാലി ഒരുക്കുന്നു.
മറ്റൊരു വ്യാഖ്യാനം, ക്ലോക്കുകൾ 1920,30 കാലയളവിൽ യൂറോപ്പിലെ മധ്യവർഗം സമയം പാഴാക്കാതിരിക്കാനായി കൊണ്ടു നടന്ന പോക്കറ്റു വാച്ചുകളുടെ വികസിത രൂപമാണെന്നാണ്. സാമൂഹികമായ സമ്മർദ്ദങ്ങളിൽനിന്ന് വിടുതൽ നേടാൻ ജീവിതത്തെ സർക്കാസ്റ്റിക്കായി, നോക്കിക്കണ്ടവരാണ് സർ റിയലിസ്റ്റുകൾ. അതുകൊണ്ട് ഐൻസ്റ്റീന്റെ കാലത്തിനു ശേഷം സമയം എന്ന സംഗതി അത്ര പ്രധാനമുള്ളതല്ലെന്നും അതൊരു പോക്കറ്റു വാച്ചിനകത്ത് കെട്ടിയിടാനുള്ളതല്ലെന്നും അത് കൂടുതൽ സങ്കീർണ്ണവും ആപേക്ഷികവുമാണെന്നുമുള്ള ആശയം ഉരുകുന്ന, ഉറുമ്പുകൾ തിന്നു തീർക്കുന്ന വാച്ചുകളിലുണ്ട് എന്നു ചിലർ വാദിക്കുന്നു..'സ്ഥിരമായ ഓർമ്മ' അഥവാ 'ഓർമ്മയുടെ ശാഠ്യം' എന്ന ശീർഷകം പോലും ഒരു തമാശയായിട്ടാണ് ചിത്രത്തിനു ദാലി നൽകിയത് എന്ന് വാദമുണ്ട്.
ഇതെല്ലാം ശരിയാവുമ്പോഴും ഇതെങ്ങനെ ഓർമ്മയുമായി ബന്ധപ്പെടുന്നു എന്നിടത്താണ് ചിത്രത്തിന്റെ ആത്മകഥാപരമായ വ്യാഖ്യാനത്തിനു പ്രാധാന്യം വരുന്നത്. സ്പെയിനിലെ പോർട്ട് ലിഗെറ്റ് എന്ന കടലോര നഗരമാണ് ദാലിയുടെ ജന്മസ്ഥലം. അവിടം ഉപേക്ഷിച്ചുപോന്ന ചിത്രകാരന്റെ അബോധത്തിലെ ആ സ്ഥലത്തിന്റെ പുനർജ്ജന്മമാണ് ചിത്രത്തിൽ നാം കാണുന്ന വരണ്ട സ്ഥലം. മനസാ ഉപേക്ഷിക്കപ്പെട്ട സ്ഥലം എന്നതിന്റെ സൂചനയാണ് വരണ്ടതായി കാണുന്ന പ്രദേശം. അയയിൽ തൂക്കിയിട്ട തുണിയും മറ്റും ബാല്യകാല ഓർമ്മകളാണ് സ്വപ്നത്തിന്റെ സ്വഭാവം വച്ച് ഒന്ന് മറ്റൊന്നായി പരിണമിക്കും അങ്ങനെ ഓർമ്മയും കാലവു (സമയവും) ഇവിടെ പരസ്പരം വച്ചു മാറുന്നു. ദൂരെയായി കാണുന്ന മല, പോർട്ട് ലിഗെറ്റിലുള്ള മൗണ്ട് പൈയാണെന്ന് ചില നിരൂപകർ ചൂണ്ടി കാണിച്ചിട്ടുണ്ട്..
അങ്ങനെ, ഒരു കാര്യമല്ല, പല കാര്യങ്ങൾ ചേർന്നാണ് പെർസിസ്റ്റൻസ് ഓഫ് മെമ്മറിയെ വ്യാഖ്യാന ക്ഷമമാക്കുന്നത്.. ഇനിയുമുണ്ട്.. പക്ഷേ നിർത്താം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ചിത്രത്തെപ്പറ്റി അധികം ദാലി വിശദീകരിച്ചിട്ടില്ലെങ്കിലും, ഉരുകുന്ന വാച്ചുകൾ ഐൻസ്റ്റീന്റെ ആപേക്ഷിക സീദ്ധാന്തത്താൽ പ്രചോദിതമായ കലാരൂപമല്ലേ എന്നു ചോദിച്ച നിരൂപകയ്ക്ക് ദാലി നൽകിയ മറുപടി, ഹേയ്, അതൊന്നുമല്ല, വടക്കൻ ഫ്രാൻസിലെ പഴയ ഒരുതരം ചീസ് (പാൽക്കട്ടി) വെയിലത്തിടുമ്പോൾ ഉരുകുന്നതു കണ്ട് അതുപോലെ വരച്ചതാണ് എന്നാണ്..

ജോനാഥൻ എന്ന കടൽക്കാക്ക- ബൈജു. കെ പി

ജൊനാഥൻ ലിവിങ്ങ്സ്റ്റൺ എന്ന കടൽകാക്ക  -   ബൈജു. കെ. പി
“ ജീവിതത്തിന്‌ ഒരു ഉയർന്ന അർത്ഥം കണ്ടെത്തുകയും അതു പിന്തുടരുകയും ചെയ്യുന്ന ഒരുവനാണോ നിരുത്തരവാദി? ആയിരം വർഷങ്ങളായി നമ്മൾ മീനുകൾക്കു പിറകേ കുതിക്കുവാൻ തുടങ്ങിയിട്ട്. എന്നാൽ, ഇന്ന് നമ്മുടെ ജീവിതത്തിന്‌ ഒരു പുതിയ അർത്ഥം കൈവന്നിരിക്കുകയാണ്‌- പഠിക്കുവാനും കണ്ടെത്തുവാനും സ്വതന്ത്രരാകുവാനുമെല്ലാം! എനിക്കൊരവസരം കൂടി തരൂ. എന്റെ കണ്ടെത്തലുകൾ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം”
കാലങ്ങളായി മീനുകൾക്കു പിന്നാലെ കുതിച്ച് ഭക്ഷിച്ചും ജീവിച്ചും മാത്രം കഴിയുന്ന കടൽകാക്കകൾക്ക് പരിചിതമല്ലാത്ത ചിന്തയാണ്‌ ജൊനാഥന്റേത്. ജീവിച്ചു മരിക്കുക എന്നതിലുപരി ലോകത്തിൽ തന്റേതായ ഒരിടം രൂപപ്പെടുത്തുകയാണ്‌ ജൊനാഥന്റെ ലക്ഷ്യം. അത് മീനുകൾക്ക് പിന്നാലെയുള്ള വിശപ്പിന്റെ മാത്രം പറക്കലല്ല. പുതിയ ലോകങ്ങൾ തേടിയുള്ള പറക്കലാണ്‌. പറക്കുക എന്നത് തന്റെ ജീവിതനിയോഗമെന്ന ഒരു പറവയുടെ തിരിച്ചറിവാണ്‌. അതുകൊണ്ടാണ്‌ അവൻ പുതിയ പറക്കൽ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത്. ഇര തേടുന്നതിനുള്ള വേഗതയല്ല അവന്റെ ലക്ഷ്യം. പുതിയ പുതിയ വേഗങ്ങൾ കണ്ടെത്തലാണ്‌. പുതിയ കണ്ടെത്തലുകളുടെ ലഹരിയാണ്‌. അത് ഉയരങ്ങളിളേക്കുള്ള യാത്രയാണ്‌.
അതുകൊണ്ടാണ്‌ ഈ അന്വേഷണങ്ങൾ കടൽകാക്കകളുടെ കൂട്ടത്തിൻ ദഹിക്കാതെ വരുന്നത്.അതുകൊണ്ടാണ്‌ താൻ കണ്ടെത്തിയ പുതിയ ചക്രവാളങ്ങൾ കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുവാനായി മുന്നോട്ടു ചെല്ലുന്ന ജൊനാഥൻ മറ്റുള്ളവരാൽ അവഹേളിക്കപ്പെടുന്നത്. ഭക്ഷണവും ജീവിതവും മാത്രം ലക്ഷ്യമാക്കിയ പഴയ തലമുറയുടെ മഞ്ഞ ബാധിച്ച കണ്ണുകളിൽ ജൊനാഥൻ അപരാധിയാകുന്നു. അനുസരണ മാത്രം ശീലമാക്കിയ സമൂഹം ജൊനാഥനു നേരെ ചെവിയടച്ചു പുറംതിരിഞ്ഞു നില്ക്കുന്നു.
1970ൽ പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തിനുള്ളിൽ തന്നെ ഒരു ദശലക്ഷത്തിനു മേലെ കോപ്പികൾ വിറ്റഴിഞ്ഞ ലോകത്തിലെ മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്‌ Jonathan Livingston Seagull.
ഈ ജനപ്രിയതയുടെ അടിസ്ഥാനമെന്താണ്‌? ജീവിതത്തിലെ ആവർത്തന വിരസതകളിൽനിന്നുള്ള മനുഷ്യന്റെ പലായനപ്രവണത? ജീവിതം വെറുതേ ജീവിച്ചു തീർക്കാനുള്ളതല്ലെന്ന തിരിച്ചറിവ്? സത്യത്തിൽ ആരും അതു തിരിച്ചറിയുന്നില്ലെങ്കിലും ബഹു ഭൂരിപക്ഷവും വെറുതേ ജീവിച്ചു പോകുമ്പോഴും തന്റെ ജീവിതം അങ്ങനെയാകരുതെന്ന ഓരോരുത്തരുടേയും ഉള്ളിലുള്ള ആഗ്രഹം. എല്ലാവരും ഈ മോഹങ്ങൾ സ്വന്തം ജീവിതത്തെക്കുറിച്ച് നെഞ്ചേറ്റുന്നു എന്നതാണ്‌ സത്യം. ഓ എൻ വി പാടിയതു പോലെ
വെറുതേ ഈ മോഹങ്ങൾ ഏന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം.
എങ്കിലും ഈ ആഗ്രഹം പോലും പുരോഗമനപരമാണ്‌ എന്നതിൽ തർക്കമില്ല. കിനാവുകൾ അനവധി കാണുമ്പോഴാണ്‌ അവയിൽ ചിലതെങ്കിലും യാഥാർത്ഥ്യമാകുക. ജൊനാഥൻ സമൂഹത്തിന്റെ സ്വപ്നങ്ങളുടെ പ്രതീകമാകുന്നത് അങ്ങനെയാണ്‌.
ഈ അറിവുകളുടെ ലോകം കേവല ജീവിതത്തിൽ നിന്നും ഉയരെയാണ്‌. ജീവിതത്തിന്റെ സമാന്തരങ്ങളിൽ നിന്നും അറിവു തേടി ഋഷിമാർ പർവ്വതങ്ങളിൽ തപം ചെയ്തത് അതുകൊണ്ടാകണം. ജൊനാഥനും സമൂഹത്തിൽ നിന്നും ബഹിഷ്കൃതനായി എത്തിച്ചേരുന്നത് ഉയരങ്ങളിലെ മറ്റൊരു ലോകത്തിലാണ്‌. ഭൗതികതയിൽ നിന്നും ബഹിഷ്കൃതരായ ഈ ആത്മാന്വേഷികളുടെ സ്വർഗം അറിവിന്റെ പൂർണ്ണതയാണ്‌. അവിടെ തപം ചെയ്ത്, തന്നെ തിരിച്ചറിഞ്ഞ് പൊലിഞ്ഞുപോകുന്ന മഹർഷിയാണ്‌ ചിയാംഗ്. ജീവിതത്തിന്റെ അജ്ഞാതവും എന്നാൽ പൂർണ്ണത നിറഞ്ഞതുമായ അർഥങ്ങൾ കണ്ടെത്തുവാനാണ്‌ ചിയാംഗിന്റെ ഉപദേശം. അറിവിന്റെ പൂർണ്ണതയുടെ ലഹരിയിൽ സ്വയം തളച്ചിടാൻ പക്ഷേ ജൊനാഥനാകുന്നില്ല. അവൻ തന്റെ സംഘത്തെ തേടി, അവരിൽ പുതിയ ലോകം നിറയ്ക്കുന്നതിനായി തിരികെ ഭൂമിയിലേക്കു പറക്കുന്നു.
അറിവിൽ നിറഞ്ഞ് പ്രകാശമായി പ്രപഞ്ചത്തിൽ ലയിക്കുന്ന ചിയാംഗിൽ നിന്നും ജൊനാഥനുള്ള വ്യത്യാസം ഇതാണ്‌. താൻ അറിഞ്ഞ പുതുവഴിയെ മറ്റുള്ളവരിലേക്ക് പകരാതെ, ആർക്കും ഉപകരിക്കാതെ പൊലിഞ്ഞുപോകുന്നതുകൊണ്ട് എന്താണ്‌ ഗുണം? ജീവിതത്തെക്കുറിച്ച് മൂല്യവത്തായ സ്വപ്നങ്ങൾ തന്റെ വംശത്തിനു കൈമാറി അവരേയും ആ വഴിയേ നടത്തുമ്പോഴാണ്‌ ജീവിതം സാർഥകമാകുന്നത്. ഒരിക്കൽ തന്നെ നിഷ്കാസനം ചെയ്തവർ ക്രമേണ പതിവു ജീവിതത്തിനുമപ്പുറത്തേയ്ക്ക് നീങ്ങുമ്പോൾ ജോനാതൻ വിജയിയാകുന്നു.
മൽസരങ്ങളുടെ വർത്തമാനലോകത്തിൽ വിജയികളുടെ നേതാവാണ്‌ ജൊനാഥൻ.മുതലാളിത്ത സ്ഥാപനങ്ങളുടെ വ്യക്തിത്വവികസനപരിശീലന പരിപാടികളുടെ അടയാളമായി ജൊനാഥൻ മാറുന്നത് അതുകൊണ്ടാണ്‌. നോർമൻ വിൻസെന്റ് പീലിനെ പോലുള്ളവരുടെ പോസിറ്റീവ് ചിന്തയുടെ ഉത്തമ മാതൃകയാകുന്നു അവൻ. അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന കച്ചവടയുക്തിയുടെ വിജയചിഹ്നം.അങ്ങനെ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ മെരുക്കിയെടുക്കൽ പ്രക്രിയയുടെ സ്റ്റാർ ഐക്കണായി ജൊനാഥൻ സ്വീകരിക്കപ്പെടുന്നു.
അമേരിക്കൻ എഴുതുകാരനായ റിച്ചാർഡ് ബാച്ച് 1936ൽ ഇല്ലിനോയിസിൽ ജനിച്ചു. പതിനേഴ് വയസ്സുമുതൽ തന്നെ പറക്കൽ അദ്ദേഹത്തിൻ ഒരു ഒരു ലഹരിയായിരുന്നു. പില്ക്കാലത്ത് യു എസ്സ് നേവിയിൽ വൈമാനികനായ അദ്ദേഹത്തിന്റെ എഴുത്തുകാളിൽ സാഹസികതയും പറക്കലും പ്രധാന ഘടകമായി വരുന്നുണ്ട്. ജൊനാഥൻ എന്ന കടൽകാക്ക എന്ന രചനയിൽ ആദ്യത്തെ മൂന്നു ഭാഗങ്ങൾക്കു പുറമേ 2013ൽ ഒരു നാലാം ഭാഗം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അദ്ദേഹത്തിന്‌ ഗുരുതരമായി പരിക്കേറ്റ വിമാനാപകടത്തെ തുടർന്നുണ്ടായ ചില ചിന്തകളെ പ്രതിഫലിപ്പിക്കുന്നു.
1998ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കൃതിയുടെ വിവർത്തകൻ റോബി അഗസ്റ്റിൻ മുണ്ടയ്ക്കലാണ്‌. തിരുവനന്തപുരം മാർ ഇവാനൊയോസ് കോളേജിലെ ജേർണലിസം വിഭാഗം മേധാവിയായ അദ്ദേഹത്തിന്റെ വിവർത്തന ശ്രമങ്ങളിലും ഏറിയ പങ്കും വ്യക്തിത്വ വികസന സാഹിത്യമാണ്‌.റസ്സൽ മൺസണിന്റെ മനോഹരമായ ചിത്രങ്ങളും ഈ കൃതിയുടെ ഭാഗമാണ്‌.

പ്രണയം!

പ്രണയം!

സന്ദർശനത്തെക്കുറിച്ച് പഠനസഹായിയിൽ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്. പ്രണയമാണല്ലോ കവിതയിലെ മുഖ്യാശയം. ഈ പ്രണയത്തെക്കുറിച്ച് നാം ക്ലാസ്സിൽ ചർച്ച ചെയ്യാറുണ്ടോ? മനുഷ്യന്റെ ഏറ്റവും തീവ്രമായ ഈ വികാരത്തെ, ഈ വേദനയെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതല്ലേ? ഇപ്പോഴല്ല്ലെങ്കിൽ മറ്റെപ്പോഴെങ്കിലും? പ്രത്യേകിച്ചും കൗമാരക്കരോട്. പ്രണയം മനുഷ്യജീവിതത്തിന് സഹജമാണ്. ഈ വികാരമില്ലെങ്കിൽ ജീവിതം എത്ര ശൂന്യമായിത്തീരും? എന്തായിരിക്കും അതിന്റെ അടിസ്ഥാനം? അത് സങ്കുചിതമായ വെറും ഉടമസ്ഥതാബോധം മാത്രമാണോ? എന്താണ് പ്രണയ നേട്ടം അല്ലെങ്കിൽ നഷ്ടം? പ്രണയത്തെ പലരും പലതരത്തിൽ സങ്കൽപ്പിക്കുന്നുണ്ട്. ക്വോട്ടുകൾ യഥേഷ്ടമെടുത്തോളൂ. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇതിനും കാലത്തിനും ദേശത്തിനുമനുസരിച്ച് വത്യാസങ്ങൾ വരാം. കൊട്ടാരത്തിൽ മറ്റു ഭാര്യമാരുണ്ടായിരുന്ന  ദുഷ്യന്തന് കാട്ടിൽ വെച്ച് ശകുന്തളയോടു തോന്നിയ വികാരത്തിന് നാമിന്നു പ്രണയം എന്നു പറയുമോ? നളചരിതത്തിലും ദമയന്തിക്കു പ്രണയമുദിക്കുന്നത് നളന്റെ സ്ഥാനമാനങ്ങൾക്കനുസരിച്ചാണ്. എന്നാൽ ആധുനിക കാലത്ത്  ജാതിയുടെയും സാമ്പത്തികവ്യവസ്ഥയുടെയും തട്ടുകളെ തകർക്കുന്ന ഒന്നായി പ്രണയം പ്രത്യക്ഷപ്പെടുന്നു. ആശാനിലും ചങ്ങമ്പുഴയിലും നാമതു കാണുന്നു. പ്രണയത്തിന്റെ ആ ഉന്നത മൂല്യം. മലയാളിസമൂഹത്തിന് പ്രണയമെന്ന വികാരത്തെ നൽകിയത് ആശാനായിരുന്നില്ലേ?
          ഏതൊരു വസ്തുവിനും മൂല്യം നൽകുന്നത് ലഭിക്കനുള്ള പ്രയാസങ്ങളാണല്ലോ. ഇഷ്ടപ്പെടുന്നവർക്ക് ഒന്നിച്ചു ചേരുന്നതിൽ യാതൊരു പ്രശ്നവുമില്ലാത്ത പാശ്ചാത്യന്റെ മൂല്യമല്ല അനേകം പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുന്ന നമ്മുടെ പ്രണയമൂല്യം. ഒരു പക്ഷേ ആ പ്രതിബന്ധങ്ങൾ ദുർബലമായാൽ ആ മൂല്യബോധത്തിലം മാറ്റം വരും. എൻ വി കൃഷ്ണവാരിയർ  കൊച്ചു തൊമ്മനിൽ ഇതു രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരർഥത്തിൽ ചങ്ങമ്പുഴയ്ക്കുള്ള പാരഡിയാണ് കൊച്ചു തൊമ്മൻ എന്നു പറയാം. പ്രണയവേദനയിൽ മുങ്ങി തീവ്രമായ ആത്മപീഢാവാസനയോടെ സമൂഹത്തെ പഴിക്കുന്ന ചങ്ങമ്പുഴയുടെ നായകന്മാർ വിവാഹത്തിനായി ഒരു ചെറുവിരലെങ്കിലും അനക്കുന്നത് കണ്ടിട്ടുണ്ടോ? ക്ലാരയെ സ്വപ്നം കണ്ട് ക്ലാസിൽ കയറാതെ(ക്ല ക്ല ക്ലാസിലിരിക്കവേ ബോറൻ ലക്ചറിൽ ശ്രദ്ധിക്കാൻ മരമല്ലല്ലോ തൊമ്മൻ) പഠനം കളഞ്ഞ് പരീക്ഷകളെഴുതാതെ ഉന്മാദാവസ്ഥയിലെത്തിയ കൊച്ചു തൊമ്മന്റെ  മുന്നിൽ ക്ലാര വന്ന് താൻ സാധാരണ ഒരു പെൺകുട്ടിയാണെന്നും അച്ഛൻ ടിക്കറ്റ് ചെക്കറാണെന്നും കൃത്യവിലോപത്തിന് ഇന്നലെ ജയിലിലായെന്നും തന്നെ സ്വീകരിക്കമെന്നും പറയുന്നു ക്ലാര. സങ്കൽപ്പ ലോകത്തുനിന്നും യാഥാർഥ്യ ലോകത്തേക്ക് അടിതെറ്റി വീഴുന്നു തൊമ്മൻ.
      കുട്ടികളിൽ പ്രണയമില്ലാത്തവർ ഉണ്ടാവില്ല. പാശ്ചാത്യ രാജ്യങ്ങളിൽ കൗമാരത്തിലെത്തിയ കുട്ടി ബോയ്ഫ്രണ്ടിനെയോ ഗേൾഫ്രണ്ടിനെോ കൂട്ടി നടക്കുന്നില്ലെങ്കിൽ അവന് /അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നു മനസ്സിലാക്കി രക്ഷിതാക്കൾ മനശ്ശാസ്ത്രജ്ഞനെ കാണാൻ പോകും. നമ്മൾ  പേടിപ്പിക്കും, സ്റ്റാഫ് റൂമിൽ വിളിച്ച് അപമാനിക്കും, അല്ലെങ്കിൽ സദാചാരപ്പോലീസിനെ വിട്ടു തല്ലിക്കും എന്നു കുട്ടികൾക്ക് അസ്സലായി അറിയാം. അതുകൊണ്ട് ആർക്കൊക്കെ പ്രണയമുണ്ടെന്നൊന്നും ചോദിക്കേണ്ടതില്ല. പക്ഷേ സ്വയം ആലോചിച്ചു നോക്കാൻ പറയാം. എന്താണ് ആ പ്രണയത്തിന്റെ അടിസ്ഥാനം?  ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയാറുണ്ടല്ലോ. പ്രഥമദൃഷ്ട്യാ അനുരാഗം! അതല്ല തമ്മിൽ വളരെയധികം മനസ്സിലാക്കി അഭിരുചികൾ പൊരുത്തപ്പെടും എന്നു മനസ്സിലാക്കിയിട്ടോ? അതിനുള്ള സാധ്യതയൊക്കെ നമ്മുടെ സമൂഹം നൽകുന്നുണ്ടോ? (പല ആദിവാസി സമൂഹങ്ങളിലും വിവാഹത്തിനു മുമ്പേ ഒന്നിച്ചു ജീവിച്ചതിനുശേഷം മാത്രമേ വിവാഹമാകാവൂ എന്ന ചിട്ടകളുണ്ട്. രവീന്ദ്രന്റെ അകലങ്ങളിലെ മനുഷ്യർ നോക്കുക. മാലി എന്ന മുസ്ലിം രാജ്യത്ത് പ്രണയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു വിവാഹവും നടക്കില്ലെന്നാണ് അറിവ്.) പ്രഥമ ദൃഷ്ട്യാ അനുരാഗമെന്നതിൽ അസംബന്ധത്തിന്റെ അംശമുണ്ടോ? അപ്പോൾ പ്രഥമദൃഷ്ടിയിൽ അവരെ അടുപ്പിച്ചത് എന്താവാം? നമുക്കിഷ്ടമുള്ള നടനോട്/നടിയോട് വിദൂരസാദൃശ്യമുള്ള ചേഷ്ടാസാദൃശ്യമുള്ള ചില വ്യക്തികളോട് ചിലപ്പോൾ ഇഷ്ടം തോന്നാനുള്ള സാധ്യതയില്ലേ? പുനർജന്മം എന്ന സിനിമയുടെ ഇതിവൃത്തം അമ്മയോട് സാദൃശ്യമുള്ള ഭാര്യയോട് രതി തോന്നാത്ത ഭർത്താവിനെ ചികിൽസിച്ചുമാറ്റുന്നതാണ്. എടി കോവുരിന്റെ ഒരു കേസ് ഡയറിയാണ് സിനിമയ്ക്കാധാരം. ചില ഒബ്സെഷനുകൾ വ്യക്തികളിലുണ്ടാകാനുള്ള സാധ്യത സാധാരണമാണ്. അമ്മയോട് വളരെ വിധേയത്വമുള്ള ഒരു വ്യക്തിക്ക് അമ്മയോട് സാദൃശ്യമുള്ള സ്ത്രീകളോട് താല്പര്യം തോന്നുക സ്വാഭാവികം. ഇത്തരം ഫിക്സേഷനുകൾ ചെറുപ്പത്തിലേ സംഭവിക്കാം. വളരെ ചെറുപ്പത്തിൽ വീട്ടിൽ വിരുന്നു വന്ന ബന്ധത്തിലെ ചേച്ചിമാരോട് / ചേട്ടന്മാരോട് നമുക്കെത്ര ഇഷ്ടമായിരുന്നു. അവർ കുറച്ചു ദിവസം താമസിച്ചു തിരിച്ചു പോകുമ്പോൾ നാമെത്ര വിഷമമിച്ചിരുന്നു. അവരെ നാം പിന്നീടു മറന്നിട്ടുണ്ടാകാം. എങ്കിലും അവരുടെ രൂപം നമ്മുടെ അബോധമനസ്സിൽ ഉണ്ടാവും. ആ രൂപത്തോട് സാമ്യം തോന്നുന്ന മുഖങ്ങളോട് നമുക്ക് വല്ലാത്ത ഇഷ്ടം തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. രൂപം കൊണ്ട് ഇഷ്ടം തോന്നുന്ന വ്യക്തികളിൽ ഇത്തരം അബോധഘടകങ്ങൾ പ്രവർത്തിച്ചേക്കാം എന്നു മാത്രമാണു പറഞ്ഞത്.
        പൂർണ്ണമായും ശരിയാണെന്നു പറയാനാവുമോ എന്നറിയില്ല. ശിഥില കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ, വളരെ അന്തർമുഖരായവർ ഇവരൊക്കെ പ്രണയത്തിൽ നിലതെറ്റി വീഴുന്നത് കണ്ടിട്ടുണ്ട്. മറ്റെല്ലാം നഷ്ടപ്പെടുമ്പോൾ അവരുടെ എല്ലാ വേദനകളും ഇറക്കി വെക്കാനുള്ള ഒന്നായി പ്രണയത്തെ കാണുന്നതാണോ? അന്തർമുഖന്മാരിൽ ആന്തരിക ജീവിതം കൂടുതലായിരിക്കും. മനസ്സിൽ പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നസൗധങ്ങൾ അവർ കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കും. അതു തകർന്നാൽ ജീവിതം അവസാനിപ്പിക്കാൻ പോലും അവർ മടിക്കില്ല. അഥവാ അവരുടെ പ്രണയം വിവാഹത്തിൽ കലാശിച്ചാൽ വളരെ നിരാശരാകുന്നതും കണ്ടിട്ടുണ്ട്. ആന്തരിക ലോകത്തിൽ അഭിരമിക്കുന്നവർക്ക് യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുക വളരെ പ്രയാസകരമായിരിക്കും. ചെറുപ്പത്തിൽ കണ്ട സിനിമയിൽ എല്ലാദിവസവും രാവിലെ ഭാര്യയ്ക്കു ചുംബനം കൊടുത്ത് ജോലിക്കു പോകുന്നഭർത്താവിനെ ഏതോ സിനിമയിൽ കണ്ടിരുന്നത് ഞാനോർക്കുന്നുണ്ട്. അതായിരുന്നു വളരെക്കാലം എന്റെ ഉൽക്കൃഷ്ട ദാമ്പത്യ മാതൃക. വൈലോപ്പിള്ളിയിൽ ഈ പ്രണയം നാനാതരം വേലകൾക്കിടയിലോർത്തന്തരാ ലജ്ജിക്കാവുന്ന ഒരു നിമിഷനേരത്തെ അനുഭൂതിയായി, ആറ്റൂരിന്റെ നഗരത്തിൽ ഒരു യക്ഷനിൽ പോയമധുവിധുകാലത്തിനേക്കാളുമേറെ പ്രിയമെനിക്കിന്നു നിന്നോടെടോ! എന്ന തിരിച്ചറിവായി പ്രണയം മാറുന്നു. ഓർത്തു നോക്കൂ നമ്മുടെ പ്രണയത്തെയും സങ്കൽപ്പങ്ങളെയും രൂപപ്പെടുത്തിയത്  സിനിമകളാല്ലാതെ മറ്റെന്താണ്? അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇത്തരം സ്വാധീനങ്ങൾ ഏതൊക്കെ അളവിലുണ്ടെന്നു തിരിച്ചറിയാൻ ഇത്തരം ചർച്ചകൾ സഹായിക്കില്ലേ? നിലം തൊടാത്ത സങ്കൽപ്പങ്ങൾ നിറഞ്ഞ ഈ പ്രണയം ശരിയോ തെറ്റോ എന്നു വിധിക്കാനൊന്നും ഞാനില്ല. ഈ സ്വപ്നാത്മകതയില്ലെങ്കിൽ എന്തു പ്രണയം? അതിന്റെ വിജയം വിവാഹം തന്നെയാകമമെന്നുണ്ടോ? വിജയം എന്നതു തന്നെ എത്ര അസംബന്ധമാണ്! വിജയപരാജയങ്ങൾ നിശ്ചയിക്കാൻ ഇതൊരു ഗുസ്തിമൽസരമല്ല. പ്രണയം പ്രണയമാണ്. അത്രതന്നെ.
           എങ്കിലും നമ്മുടെ സാമൂഹിക ബന്ധങ്ങൾക്ക് ഒരേസമയം ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്. കുടുംബബന്ധങ്ങൾക്ക് സാമൂഹികബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നവരാണ് പൗരസ്ത്യ സമൂഹങ്ങൾ. അത്രയധികം കെട്ടുപാടുകൾ നമുക്കതുമായുണ്ട്. അതില്ലാതെ ജീവിക്കണമെങ്കിൽ വല്ലാത്തൊരൂർജ്ജം വ്യക്തിയിലുണ്ടാകണം. പ്രതിരോധിക്കാനുള്ള ശക്തിവേണം. ജാതിയുടെയും മതത്തിന്റെയും മൂശയിൽ വാർത്തെടുക്കപ്പെട്ടാണ് ഓരോരുത്തരും പുറത്തു വരുന്നത്. പ്രണയം ഈ അതിരുകളെ മായ്ക്കുമെങ്കിലും പിൽക്കാലത്ത് പലതും പുറത്തുവരും. പ്രണയത്തിൽ പെട്ടവ്യക്തി ഇണയ്ക്ക് വലിയ സ്വാതന്ത്ര്യം കൊടുക്കും, മിക്കവാറും വിവാഹത്തോടെ അത് അധികാരസ്ഥാപനമായിമാറും. സംഘർഷങ്ങൾ ആരംഭിക്കും. സംസ്കാരവത്യസങ്ങളും ചിലപ്പോൾ പുറത്തുചാടും. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനു ശേഷം കൃസ്ത്യനിയിയായ ഭർത്താവിന്  മീൻ മണം അനുഭവപ്പെടുന്ന ഹിന്ദുസ്ത്രീയെക്കുറിച്ച് അശേകൻ ചരുവിലിന്റെ കഥയുണ്ട്. പേരോർക്കുന്നില്ല.
          ബന്ധങ്ങൾക്കു നാം കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു. അമൃതാപ്രീതത്തിന്റെ ആത്മകഥയിൽ അവരുടെ മകൾ തീപൊള്ളലേറ്റ് പാരീസിൽ ആശുപത്രിയിലായപ്പോൾ അവർ കാണാൻ പോയ സംഭവം സൂചിപ്പിക്കുന്നുണ്ട്. ആശുപത്രി അധികൃതർ കാണാൻ സമ്മതിച്ചില്ല. മന്ത്രി തലത്തിൽ ബന്ധപ്പെട്ട് അനുമതി സമ്പാദിച്ച അവരെ നീരസത്തോടെയാണ് ഡോക്ടർമാർ കണ്ടത്. പത്തിരുപതു വർഷം മുമ്പ് കഥകളി പഠിക്കാൻ കേരളത്തിലെത്തി പിന്നീട് കാശ്മീർ കാണാൻ പോയപ്പോൾ അവിടെ വെച്ച് ഭീകരവാദികളുടെ വെടിയേറ്റു മരിച്ച ഒരു വെള്ളക്കാരന്റെ പേരു മറന്നു. പത്രങ്ങളിൽ അന്നത് വലിയ വാർത്തായായിരുന്നു. അദ്ദേഹം കോട്ടക്കൽ ശിവരാമനെയാണെന്നു തോന്നുന്നു ആശപത്രിയിൽ സന്ദർശിച്ച കാര്യം ഒരു കുറിപ്പായി എഴുതിയിരുന്നു. അതിൽ അൽഭുതകരമായി പറഞ്ഞത് അനേകം ബന്ധുക്കൾ രോഗിയെക്കാണാൻ ആശുപത്രിയിൽ സന്ദർശിക്കുന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സംഭവങ്ങൾ സൂചിപ്പിച്ചത് ബന്ധങ്ങൾ നമുക്ക് എത്ര പ്രധാനമാണ് എന്നു കാണിക്കാൻ വേണ്ടിയാണ്. പാശ്ചാത്യലോകത്ത് വ്യക്തിക്കാണ് പരമ പ്രാധാന്യം. നമ്മുടെ ജീവിത്തിൽ കുടുംബവും സാമൂഹവും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവരെല്ലാം പ്രണയത്തിൽ എതിർപക്ഷത്തു നിൽക്കുക വളരെ സ്വാഭാവികവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതത്വം നഷ്ടപ്പെടുക എന്നത് ദുർബലരെ സംബന്ധിച്ച്, ചിന്താശൂന്യരെ സംബന്ധിച്ച് വളരെ വിഷമകരമാണ്. നമ്മുടെ സമൂഹമാകട്ടെ അത്രമേൽ യാഥാസ്ഥിതികവുമാണ്. ശുദ്ധജാതകമായതിനാൽ മുപ്പതുവയസ്സുകഴിഞ്ഞിട്ടും വിവാഹം കഴിയാത്ത ഒരു സുന്ദരി എന്റെ സ്റ്റാഫ് റൂമിലുള്ളപ്പോൾ എനിക്കീ സമൂഹത്തെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല. എന്നാൽ ഈ കുടുംബജീവിതത്തിൽ നിന്നും സാമൂഹികജീവിത്തിൽ നിന്നും കുറച്ചെങ്കിലും വിടുതൽനേടി പുറമെ ജീവിക്കുന്ന ചെറുപ്പക്കാർക്കിടയിൽ പ്രണയവിവാഹങ്ങൾ കൂടുതലുണ്ട് എന്നത് ആശ്വാസകരമായും തോന്നുന്നു. ഒരു ടീച്ചർ പറഞ്ഞത് പ്രണയം പോലും ഇപ്പോൾ ജാതിയും മതവും നോക്കിയിട്ടാണെന്നാണ്.
         ഭിന്ന മതങ്ങളിൽ ജാതികളിൽപെട്ടവർ വിവാഹം കഴിക്കുമ്പോൾ സംസ്കാരങ്ങളെ ഉൾക്കൊള്ളാനും സഹിഷ്ണുത കാണിക്കാനും നമുക്കു കഴിവുണ്ടാകുമോ? ഉയർന്ന ചിന്തയും സഹിഷ്ണുതയും പുലർത്തുന്നവർക്കു മാത്രവേ സംസ്കാര, വിശ്വാസവൈവിധ്യങ്ങളെ ആരോഗ്യപരമായി സമീപിക്കാൻ കഴിയൂ. അല്ലെങ്കിൽ ഒരാളുടെ സമ്പൂർണ്ണമായ കീഴടങ്ങലാണ് മിക്കവാറും സംഭവിക്കുക. പ്രത്യക്ഷത്തിൽ തോന്നുന്ന വെറും ഫാൻസിക്കപ്പുറം (പൂവുപോലുള്ളൊരോമനക്കൗതുകം)എന്തെങ്കിലുമാണോ അത് എന്നൊക്കെ മനസ്സിലാക്കാൻ ഈ ചർച്ച സഹായകമാവില്ലേ?  വളരെ കലഹപ്രിയരോ നിഷേധാത്മകവാസനയോ ഉള്ളവരിൽ പ്രണയം ഒരു സാഹസമായി പ്രവർത്തിക്കാനുള്ള സാധ്യതയുണ്ടാകും. ഒരു സാഹസത്തിന്റെ ലഹരിയാവാം പ്രണയം അവർക്കു നൽകുന്നത്. അങ്ങിനെ സവിശേഷവും സ്വാഭാവികവുമായ ഈ വികാരത്തെ പലതലങ്ങളിലാണ് വ്യക്തികളിൽ പ്രവർത്തിക്കുന്നത്. ഇവയൊക്കെ തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതല്ലേ? വളരെ അന്തർമുഖരായ ആളുകൾക്ക് ബഹിർമുഖരായ ആളുകളോടും തിരിച്ചും താൽപര്യം തോന്നുന്നതായും കണ്ടിട്ടുണ്ട്. ഇതൊക്കെ പൂർണ്ണമായും ശരിയാണെന്നല്ല പറഞ്ഞത്. ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു എന്നു മാത്രം.
     സ്കൂളുകളിൽ കുട്ടികളുടെ പ്രണയം കണ്ടെത്താൻ കുട്ടികളെത്തന്നെ ചാരന്മാരായി നിയോഗിക്കുന്ന അധ്യാപകർ ഏറെയുണ്ട്. മിക്കവാറും ഒരു കൗതുകമായി വളർന്ന് സ്വാഭാവികമായി അവസാനിച്ചേക്കാവുന്ന അത്തരം താല്പര്യങ്ങളെ മാന്തിപ്പുണ്ണാക്കുന്നതിൽ ബഹുതാല്പര്യം പുലർത്തുന്നവരുമുണ്ട്. ഇന്ന് വളരെ സ്വാഭാവികമായി ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപഴകാനുള്ള സ്വാതന്ത്ര്യം മിക്ക സ്കൂളുകളിലുമുണ്ട്. ആരോഗ്യപരമായ മാനസികവികാസത്തിന് അതത്യാവശ്യവുമാണ്. അത്തരം സ്കൂളുകളിൽ നിന്നു വരുന്നവർ മാനസികാരോഗ്യമുള്ളവാവുമ്പോൾ കർശനമായ നിയന്ത്രണങ്ങളുള്ള സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾ പെർവേർട്ടഡ് ആയ മനോഭാവം പുലർത്തുന്നതു കാണാം. പറഞ്ഞു വന്നത് പാഠപുസ്തകത്തിനപ്പുറം പ്രണയമെന്ന അനുഭൂതിയെക്കുറിച്ചു ചർച്ച ചെയ്യേണ്ടത് ഒരാവശ്യമാണെന്നാണ്. പ്രസക്തമല്ലെങ്കിൽ ഈ പോസ്റ്റ് പിൻവലിക്കുന്നതായിരിക്കും എന്ന ഉറപ്പോടെ ചർച്ചകൾക്ഷണിക്കുന്നു.