2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

തനത് നാടകത്തിന് ഒരാമുഖം - ടി. കെ. അനിൽ കുമാർ

തനത് നാടകത്തിന് ഒരാമുഖം
ടി. കെ. അനിൽ കുമാർ
മലയാളനാടകവേദി എക്കാലത്തും പുതിയകാലത്തെ അഭിസംബോധന ചെയ്യാനും പതിവ് ശീലങ്ങളിൽ നിന്ന് വഴിമാറി നടക്കാനും നിരന്തരശ്രമം നടത്തിയിരുന്നു.തമിഴ് സംഗീത നാടകങ്ങളുടെ സ്വാധീനത്തിൽ നിന്നാണ് വിനോദചിന്താമണി,രസികരഞ്ജിനി,കായംകുളം നാടകസംഘം,വഞ്ചിയൂർ ശ്രീ വിലാസം നാടകസംഘം,പരമശിവവിലാസം നടനസഭ തുടങ്ങിയ നാടകസംഘങ്ങൾ രൂപപ്പെട്ടത്.സമാനസ്വഭാവമുള്ള നാടകങ്ങളാണ് ഈ സംഘങ്ങൾ അവതിരിപ്പിച്ചതെങ്കിലും പരീക്ഷണങ്ങളോട് അവർ വിമുഖത കാണിച്ചിരുന്നില്ല. തിരുവട്ടാർ നാരായണപിള്ള ശാകുന്തളം നാടകത്തിൽ ശാകുന്തളയോടൊപ്പം ആട്ടിൻകുട്ടികളെ പുള്ളികുത്തിച്ച് മാനുകളാക്കി രംഗത്ത് കൊണ്ടുവരാനുള്ള സാഹസം കാണിച്ചിരുന്നത്രേ.മാപ്പാട്ട് മനയ്ക്കൽ ശ്രീകുമാരൻ നമ്പൂതിരി 14 ആം നമ്പർ മണ്ണണ്ണ വിളക്ക് ഉപയോഗിച്ച് സ്പോട്ട് ലെറ്റ്‌ ഉണ്ടാക്കിയതിനെക്കുറിച്ചും രേഖപ്പെടുത്തലുകളുണ്ട്.സംഗീതനാടകങ്ങളുടെ പൊതുരീതിയിൽ നിന്ന് വഴിമാറി നടക്കാൻ ശ്രമിച്ചവരാണ് മഹാകവി കുട്ടമത്തും വിദ്വാൻ പി.കേളു നായരും.കേളുനായരുടെ അവതരണങ്ങൾക്ക് ശേഷമാണ് സ്വാമി ബ്രഹ്മവ്രതന്റെ കരുണ(1930)അരങ്ങിലെത്തുന്നത്.ഇതിന്റെ തുടർച്ചയായാണ് മലയാള നാടകവേദി സ്വയം നവീകരണത്തിന് വിധേയമായത്.അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും കമ്മ്യൂണിസ്റ്റാക്കിയിലേക്കും നമ്മുടെ നാടകം വളർന്നു. ഇങ്ങനെ നവീകരിക്കാനുള്ള ശ്രമം നാടകവേദിയിൽ ഇന്നും കാണാം.കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം രണ്ടു വർഷവും നേടിയ കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ മത്തി(2013),കാണി (2014)എന്നീ നാടകങ്ങളും (സംവിധാനം -ജിനോ ജോസഫ് )കൊച്ചി ആക്ടേഴ്സ് തിയേറ്ററിന്റെ ഞായറാഴ്ച (2014.സംവിധാനം-ഷൈജു അന്തിക്കാട് ) എന്ന നാടകവും നിലനിൽക്കുന്ന രംഗാവതരണങ്ങളെ പൊളിച്ചെഴുതിയവയാണ്.ഇങ്ങനെ പൊതുബോധത്തെ പൊളിച്ചെഴുതിയ നാടകാവതരണങ്ങളുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരിടം തനത് നാടകവേദിക്കും കാവാലത്തിനും ഉണ്ട്.
60 കളിലാണ് നമ്മുടെ നാടകവേദിയെക്കുറിച്ചുള്ള ചർച്ച ശക്തമായത്.മലയാളത്തിന് സ്വന്തമായ നാടകവേദി എന്ന ആശയം സി.എൻ.ശ്രീകണ്ഠൻ നായർ, എം.ഗോവിന്ദൻ,ഡോ.അയ്യപ്പപണിക്കർ, ജി.ശങ്കരപിള്ള,കാവാലം നാരായണപണിക്കർ എന്നിവർ മുന്നോട്ട് വെച്ചു. സി.എന്നിന്റെ കലി എന്ന നാടകത്തിന്റെ ആദ്യാവതരണം 67 ൽ മാമ്മൻ മാപ്പിള ഹാളിൽ നടന്നപ്പോൾ കാണികൾ കൂവി തോൽപ്പിച്ചെങ്കിലും തന്റെ ചിന്തകൾ ശരിയാണെന്ന ബോധ്യത്തിൽ അദ്ദേഹം ഉറച്ചു നിന്നു.1967 ൽ ശാസ്താംകോട്ട വെച്ചു നടന്ന നാടകക്കളരിയിലാണ് എം.ഗോവിന്ദൻ ഈ ആശയം മുന്നോട്ട് വെക്കുന്നത്.കൂത്താട്ട് കുളത്ത് വെച്ച് നടന്ന രണ്ടാമത്തെ നാടകക്കളരിയിലാണ് സി.എൻ.ശ്രീകണ്ഠൻ നായർ തന്റെ തനത് നാടകം എന്ന പ്രബന്ധം അവതരിപ്പിക്കുന്നത്.1974 ൽ കാവാലത്തിന്റെ ദൈവത്താറിലൂടെ ഈ ആശയം യാഥാർത്ഥ്യമായി.ദൈവത്താർ എന്ന നാടകത്തിന്റെ ആമുഖ ചർച്ച (ഡോ.അയ്യപ്പപണിക്കർ,സി.എൻ.ശ്രീകണ്ഠൻ നായർ ,ജി.ശങ്കരപിള്ള,കാവാലം നാരായണപണിക്കർ,ജി.ശങ്കരപിള്ള, അരവിന്ദൻ,പി.കെ.വേണുക്കുട്ടൻ നായർ എന്നിവർ പങ്കാളികളായി)ഈ അർത്ഥത്തിൽ പ്രസക്തമാണ്.1975 ൽ തനത് നാടകം എന്ന ആശയം അവനവൻ കടമ്പ ഇറങ്ങിയതോടെ പൂർണ്ണാർത്ഥത്തിൽ സാക്ഷാൽക്കരിച്ചു.കടമ്പയുടെ ആമുഖചർച്ചയും പ്രസക്തം തന്നെ.
കാക്കാരിശ്ശിനാടക മടക്കമുള്ള നമ്മുടെ നാടോടി പാരമ്പര്യത്തെയും കഥകളിയടക്കമുള്ള നമ്മുടെ രഗകലാപാരമ്പര്യത്തേയും സമന്വയി പ്പിക്കാനുള്ള ശ്രമം തനത് നാടകത്തിൽ കാണാം.നാടകപാഠത്തേക്കാൾ രംഗപാഠത്തിന് പ്രാധാന്യമുള്ള പുതിയ സംവേദനശീലങ്ങളാണ് തനത് നാടകവേദി മുന്നോട്ട് വെക്കുന്നത്.യഥാർത്ഥത്തിൽ നടന്റെ വേദിയാണ് തനത് നാടകവേദി ."പരിശീലനം ലഭിക്കാത്ത നടൻ തനത് നാടകവേദിയിൽ പെട്ടെന്ന് അപ്രസക്തനായി മാറും"എന്ന് സുരേഷ് അവസ്തി പറയുന്നുണ്ട്.ഗീത-നൃത്ത-വാദ്യങ്ങൾ അടങ്ങിയ തൗരത്രികാധിഷ്ഠിതമാണ് ഇത്.നൃത്ത നൃത്യ ഗീതാദികൾ കൊണ്ട് പുഷ്ടിപ്പെടുത്തുന്ന(നാട്യ ധർമ്മി)അഭിനയരീതിയാണ് നമ്മുടെ പാരമ്പര്യം.ഇതിനോട് നാടകത്തെ ചേർത്ത് നിർത്തുന്നു.ആഹാര്യാഭിനയത്തിന് തനത് നാടകത്തിൽ പ്രാധാന്യം കൈവരുന്നു.കേരളതനിമയും ഗ്രാമീണ അന്തരീക്ഷവും ഇതിൽ കാണാം.തുറസ്സായ രംഗവേദി എന്ന കാഴ്ചപ്പാട് ഈ നാടകം സാക്ഷാത്കരിക്കുന്നു.യഥാർത്ഥത്തിൽ സംഭാഷണമാണ് നാടകത്തിന്റെ ജീവൻ എന്ന കാഴ്ചപ്പാടിനെ തനത് നാടകവേദി മാറ്റി മറിക്കുന്നു.കാലിൽ നിന്ന് വായിലേക്ക് വന്ന നമ്മുടെ അഭിനയശീലത്തെ കാവാലം തനതിലൂടെ മാറ്റിപണിയുന്നു.അഭിനയം ശരീരത്തിലേക്ക് വഴിമാറുന്നു.നമ്മുടെ നിത്യജീവിതത്തിൽ പോലും സംഭാഷണങ്ങളേക്കാൾ ശക്തം ശരീരഭാഷയ് ക്കാണല്ലോ.(55%)ഇത് തനത് നാടകത്തിൽ പ്രസക്തമായി തീരുന്നു.ഘടനയിലെ നാടോടി വഴക്കം പോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകിയ പ്രാധാന്യവും കാവാലത്തിന്റെ തനതിടങ്ങളെ ശ്രദ്ധേയമാക്കുന്നു.രചനയിലെ തനിമയും സംവിധായകൻ നൽകുന്ന രംഗരൂപവും ഈ നാടകങ്ങളെ വേറിട്ടതാക്കുന്നു. സംഗീതത്തിന്റെ അനന്ത സാധ്യതകൾ കാവാലം ഉപയോഗിക്കുന്നുണ്ട്.ഈ നാടകങ്ങളുടെ അന്തർ ധാരയായി രാഷ്ട്രിയാവബോധം കാണാം.അഗ്നിവർണന്റെ കാലുകൾ ഇതിന് മികച്ച ഉദാഹരണമാണ്.(കാവാലവും അഗ്നിവർണന്റെ കാലുകളും വിശദമായ ചർച്ചയ്ക്ക് നമുക്ക് വിധേയമാക്കേണ്ടതുണ്ട്.അത് മറ്റൊരവസരത്തിൽ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ