2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

അവകാശങ്ങളുടെ പ്രശ്നം

അവകാശങ്ങളുടെ പ്രശ്‌നം
മാന്ത്രികയാഥാർഥ്യത്തെ നാം പരിചയപ്പെട്ടുകഴിഞ്ഞു. അത്തരം മാന്ത്രികമായ അനുഭവതലങ്ങള്‍ പത്മരാജന്റെ കഥയിലുണ്ടോ
എന്നു കുട്ടികളോടന്വേഷിക്കാം. അവ കണ്ടെത്താനായി കുട്ടികള്‍ കഥ വായിക്കട്ടെ.
- എന്താണ് അവകാശങ്ങളുടെ പ്രശ്നത്തിലെ പ്രമേയം?
- ആദ്യവാക്യം തന്നെ അസാധാരണമായ ഒരനുഭവലോകത്തിലൂടെയാണ് കഥ മുന്നേറുക എന്ന സൂചന നല്‍കുന്നുണ്ടോ?
- തെരുവുകള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വില്‍ക്കുന്ന തെരുവ് എന്നതില്‍ ഒരസ്വഭാവികതയില്ലേ?
- ആദ്യ വാക്യം കൊണ്ടു തന്നെ ഒരസാധാരണതയിലേക്കു നീങ്ങാന്‍ നാം തയ്യാറാവുന്നു.
അച്ഛനമ്മമാരുടെ ചിത്രങ്ങളന്വേഷിച്ചാണ് ദിവാകരന്റെ അലച്ചില്‍. ആയിരക്കണക്കിനു കടകളാണാ തെരുവിൽ. എല്ലാം മരിച്ചവരുടെ
ചിത്രങ്ങൾ വിൽക്കുന്നവ.അയാളുടെ അന്വേഷണം അനന്തമായി തുടരുന്നു. ഏറെ അന്വേഷിച്ച് ക്ഷീണിതനായ ദിവാകരനോട് കടക്കാരന്‍
ചോദിക്കുന്നുണ്ട്. ഏതെങ്കിലും കുറേ പടങ്ങള്‍ പോരേ? ഇന്നതു തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് അത്ര ബുദ്ധിയാണോ എന്ന്.
വേണ്ടപ്പെട്ടവരുടെ ചിത്രങ്ങളാണ് ഞാന്‍ തിരക്കുന്നത്. കണ്ടവന്റെയൊന്നും പടം എനിക്കാവശ്യമില്ല എന്നാണ് ദിവാകരന്റെ മറുപടി. വേണ്ടപ്പെട്ടവരും കണ്ടവന്മാരും എന്ന വിരുദ്ധ തലങ്ങള്‍ ഈ കഥയിലുണ്ട്. ദിവാകരന്റെ അലച്ചില്‍ വേണ്ടപ്പെട്ടവരെ അന്വേഷിച്ചാണ്.
കഥയുടെ ശീര്‍ഷകം അവകാശങ്ങളുടെ പ്രശ്‌നമെന്നാണല്ലോ. അവകാശം, അവകാശി തുടങ്ങിയ വാക്കുകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
അത് ഉടമസ്ഥതയെയും ബന്ധങ്ങളെയും സൂചിപ്പിക്കുന്നതാണല്ലോ. മരിച്ചു പോയവരുടെ അവകാശിയായ ദിവാകരന്‍ തന്റെ ബന്ധങ്ങളെയാണ്
അന്വേഷിക്കുന്നത്. കഥയിലെ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അയാൾ മധ്യവയസ്സുള്ള ഒരു വ്യക്തിയായിരിക്കാന്‍ സാധ്യതയുണ്ട്. അയാള്‍
എത്തിപ്പെടുന്ന മരിച്ചവരുടെ ലോകത്തില്‍ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് ഏതെങ്കിലും പടങ്ങള്‍ പോരേ എന്ന കച്ചവടക്കാരന്റെ
ചോദ്യം സൂചിപ്പിക്കുന്നുണ്ട്. ബന്ധങ്ങള്‍, തുടര്‍ച്ചകള്‍ അന്വേഷിക്കാനുള്ള ത്വര, മരണത്തോടെയും അവസാനിക്കുന്നില്ലെന്നോ?
കഥയിലേക്കു തന്നെ വരാം. രാത്രിയും പകലും ഭേദമില്ലാത്ത തെരുവിൽ ബന്ധുക്കളുടെ ഛായാചിത്രമന്വേഷിച്ച് പുലരുവോളം ദിവാകരൻ
അലയുന്നു. ഛായാചിത്രങ്ങളുടെ സമുദ്രത്തിൽ അലയവേ അയാൾക്ക് അച്ഛന്റെ മുഖം പോലും മറന്നു പോവുന്ന അവസ്ഥയുണ്ടായി. മുഖങ്ങളുടെ
സാദൃശ്യം ദിവാകരനെ വിഷമിപ്പിക്കുന്നുണ്ട്. ഏതാണ്ടെല്ലാ പടങ്ങളും ഒരു പോലെയാണെന്നും ദിവാകരനൊരിക്കൽ തോന്നുന്നുണ്ട്. മരണം കൊണ്ട് നിരപ്പാക്കപ്പെടുന്ന, എല്ലാ വൈവിധ്യങ്ങളും ഇല്ലാതാവുന്ന ഒരു അപരലോകം. വെളിച്ചം പോലും അവിടെ വൈവിധ്യരഹിതമാണ്.
(എന്തിലും കച്ചവട സാധ്യത കാണുന്ന എന്തിനെയും വിറ്റ് കാശാക്കാൻ ശ്രമിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ ക്രൂരത ഇവിടെ കാണാമെന്നും ഉൽപ്പന്നം തേടി ഉൽപ്പന്നമായി മാറുന്നു എന്നും ഉൽപ്പന്നത്തിന്റെ പ്രളയത്തിൽ മുക്കിക്കളയുന്ന വിപണനതന്ത്രം എന്നും മറ്റുമുള്ള പാഠവിശകലനത്തിൽ കാണുന്ന വായനകൾ ഈ കഥയോട് നീതി പുലർത്തുമോ ആവോ? ടീച്ചര്‍ ടെക്സ്റ്റലെ വരികള്‍ നോക്കൂ...
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്നവരുടെ തെരുവിൽ ജീവിച്ചിരിക്കുന്നവരുടെ അസ്തിത്വം ദുശ്ശകുനമാകുന്നത് കഥാകൃത്ത്
വെളിപ്പെടുത്തുന്നു. നാം നമുക്കു തന്നെ അപരിചിതരാവുന്ന പ്രശ്നപരിസരമാണ് അവകാശപ്രശ്നമായി വരുന്നത്.......തലമറന്ന് എണ്ണതേക്കുന്നവർക്ക്
കപടവൈകാരികതയുടെ വികൃതമന്ദഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു. ഒരു കടയിൽ കണ്ടത് വേറൊരു കടയിൽ കാണുകയില്ലല്ലോ എന്നു
ദിവാകരൻ ചോദിക്കുമ്പോൾ അങ്ങനെ ഉറപ്പൊന്നുമില്ല എന്നു വികൃത മന്ദഹാസത്തോടെ കടക്കാരൻ മറുപടി പറയുന്നു. നഷ്ടപ്പെടുത്തിയതെല്ലാം
തിരിച്ചു പിടിക്കാനാവുമെന്ന ധാർഷ്ട്യം എന്തും കച്ചവടച്ചരക്കായ ലോകത്ത് അപഹാസ്യമാവുകയാണ്.) കഥാപഗ്രഥനത്തിൽ കാണുന്ന ഇത്തരം
ജാർഗണുകളുമായി കുട്ടികളെ സമീപിച്ചാൽ നാം പരിഹാസ്യരാവില്ലേ?
കഥയിൽ ദിവാകരൻ തന്റെ അന്വേഷണം ആരംഭിക്കുന്നത് ഉച്ചനേരത്താണ്. കഥയിൽ അയാൾക്കു മധ്യവയസ്സാണെന്നു നാം കാണുകയുണ്ടായി. അത് അയാളുടെ ജീവിതത്തിന്റെ ഉച്ച കൂടിയാണ്. രംഗബോധമില്ലാതെയെത്തുന്ന മരണത്തെക്കുറിച്ച് പത്മരാജൻ എന്നും വേവലാതിപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങൾ ഹൃദ്രോഗബാധയെത്തുടർന്ന് ജിവിതത്തിന്റെ ഉച്ചയിൽ മരണത്തെ പുൽകിയവരായിരുന്നു. മരണത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ പല കഥകളിലുമുണ്ട്. മരണം പല എഴുത്തുകാരെയും ഭയപ്പെടുത്തുന്ന വിഷയമാണ്. മരണത്തെക്കുറിച്ചുള്ള ഭയത്തെ മറികടക്കാനുള്ള ശ്രമം രചനകളിലൂടെ എഴുത്തുകാർ നടത്താറുമുണ്ട്.
ഉദാഹരണങ്ങൾ ഏറെയുണ്ട്. ജീവിതത്തിന്റെ അർഥമെന്തെന്ന അന്വേഷണം ഒരാസ്തികനെ സംബന്ധിച്ച് പരലോകത്തിൽ മറ്റൊരു ജീവിതമാണ്. വീണുപൂവിൽ ആശാൻ
സൽപുഷ്പമേ ഇവിടെ വിരിഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ
എന്നു പറയുന്നത് ഈ അർഥത്തിലാണ്. പിന്നീട് സ്നേഹം എന്ന മൂല്യത്തെയും (നളിനി) സാമുദായിക പ്രവർത്തനത്തെയും (ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി) ജീവിതത്തിന്റെ അർഥമാക്കി ആശാൻ പരിവർത്തിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ അർഥമെന്തെന്ന ചോദ്യത്തിന് വൈലോപ്പിള്ളി ഉത്തരം കണ്ടെത്തുന്നത്
മനുഷ്യമഹാപ്രവാഹത്തിലെ ഒരു കണ്ണി മാത്രമാണു താനെന്നും (നിങ്ങൾ താനവരിന്നത്തെ പാട്ടിൽ നിന്നു ഭിന്നമല്ലന്നെഴും ഗാനം)
ഒരൊറ്റ ജീവിതം തന്നെയാണു തലമുറകളിലൂടെ ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള ആശയം കൊണ്ടാണ്. മരണത്തെ കാമുകനായി
സങ്കൽപ്പിച്ച് (എന്റെ വേളി, നിഴലുകൾ നീളുന്നു.) ആ മഹാകാലഭയത്തെ കാൽപനികവൽക്കരിക്കുന്നു ജി.
ആധുനികരെ സംബന്ധിച്ച് ജീവിതത്തിനപ്പുറം എന്ത് എന്ന ചോദ്യത്തിന് ആസ്തികമായ ഒരുത്തരം കണ്ടെത്താനാവുന്നില്ല. മരണാനന്തര
ജീവിതത്തിൽ അവർക്ക് വിശ്വാസമില്ല. പുത്രന്മാരിലൂടെയാണ് മോക്ഷം എന്ന പൗരാണിക വിശ്വാസവും അവരുടെ രക്ഷയ്ക്കെത്തുന്നില്ല. ജീവിതത്തെ
സംബന്ധിച്ച ഈ അർഥരാഹിത്യം ആധുനികരുടെ രചനകളിൽ പ്രധാനമാണ്. ഞാനാരാ നാണ്വാരേ? എന്നു ചോദിക്കുന്ന മുകുന്ദൻ കഥാപാത്രം
(പ്രഭാതം മുതൽ പ്രഭാതം വരെ), രാധരാധമാത്രത്തില്‍ തന്നെ ആര്‍ക്കും തിരിച്ചറിയാതെ പോവുന്ന അവസ്ഥയെ നേരിടുന്ന രാധ, മരണ സർട്ടിഫിക്കറ്റ് തുടങ്ങി എഴുപതുകളിലെ അനേകം രചനകളിൽ ഈ അസ്തിത്വ പ്രശ്നം പ്രമേയമായി വരുന്നുണ്ട്. അതിന്റെ സ്വാധീനം ഈ കഥയിലും ശക്തമാണ്.
നിരർഥകതയുടെയും പ്രതീക്ഷാരാഹിത്യത്തിന്റെയും ഒരാവരണം ഈ കഥയിൽ ആദ്യാവസാനം വീണുകിടക്കുന്നുണ്ട്. പ്രകാശത്തിന്റെ വർണ്ണവൈചിത്ര്യങ്ങളോ, ആർദ്രമായ ഓർമ്മകളുടെ ശേഷിപ്പുകളോ നാമിവിടെ ദർശിക്കുന്നേയില്ല. അയാൾക്ക് വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടെത്താന്‍ കഴിയുന്നില്ല. അതിനേക്കാൾ പ്രധാനമായി മക്കളെ അയാൾക്കു തിരിച്ചറിയാനും കഴിയുന്നില്ല. എവിടെയും മരണത്തിന്റെ മരവിച്ച ചിത്രങ്ങൾ മാത്രം. കൊമാലയെക്കുറിച്ചുള്ള ഓർമ്മ ഈ അന്തരീക്ഷം ഉണർത്തുക തന്നെ ചെയ്യും. മരണത്തെക്കുറിച്ചുള്ള തന്റെ ഭയം തന്നെയല്ലേ ഇത്തരത്തിൽ ഒരു കഥയായി രൂപം കൊണ്ടത്? സത്യത്തിൽ ജീവിതം എന്താണ്? അത് മരണത്തിലേക്കുള്ള യാത്രയല്ലാതെ മറ്റൊന്നുമല്ലെന്നാണോ കഥ മുന്നോട്ടു വെക്കുന്ന ആശയം?
(വെള്ളെഴുത്തിന്റെ നിരീക്ഷണം ശ്രദ്ധിക്കുക: "അതൊരു ഇല്ലാത്ത സ്ഥലത്ത് നടക്കുന്ന കഥയാണ്. എന്നാൽ ഉള്ളതുപോലെ അനുഭവിപ്പിക്കുന്നതുമാണ്. ആ കഥ സൈക്കിക് ഇൻസിഡന്റ് ആണ് എന്നു പറയുന്നതുപോലെ അസാധാരണമായ വെളിച്ച മുള്ള, പകലോ രാത്രിയോ അടയ്ക്കാത്ത, നിഗൂഢമായി കച്ചവടക്കാർ പെരുമാറുന്ന, അവകാശങ്ങളുടെ പ്രശ്നത്തിലെ കഥയും
ഒരു മാനസിക സംഭവമാവുന്നതാണ് ശരി. ഏതു സമയവും അയാൾ ഉണരാം. അപ്പോൾ കഥ തീരും. ഒരു വസ്തുവിനെ മറ്റൊന്നാക്കുന്ന
സ്വപ്നത്തിന്റെ സ്വഭാവവും കഥയ്ക്കുണ്ട്, അതുകൊണ്ടാണ് അതുവരെ ചലിച്ചുകൊണ്ടിരുന്ന അയാൾ - ദിവാകരൻ - ഒരു നിമിഷംകൊണ്ട് ഒരു
ചിത്രമായി മാറുന്നത്... ഉറക്കം മരണത്തിന്റെ കൊച്ചു പതിപ്പുകളായതുകൊണ്ട് ആ നിലയ്ക്കും കഥ ആലോചന അർഹിക്കുന്നുണ്ട്.")
ഇത് സ്വപ്നമാണോ? അതോ ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള സമയമോ? മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളുമായിക്കൂടേ? പുറത്തു നിൽക്കുന്ന കുട്ടികളുടെ അവസാന കാഴ്ചയ്ക്കു ശേഷമാണ് അയാൾ ചുമരിനോട് ചേര്‍ന്നു നിന്ന് ഒരു ചിത്രമായി മാറുന്നത്. മരണത്തിനു തൊട്ടുമുമ്പുള്ള മുഹൂർത്തങ്ങളിൽ അയാൾ കടന്നു പോകുന്ന അനുഭവങ്ങളെയാണോ കഥാകൃത്ത് അവതരിപ്പിക്കുന്നത്?
കുട്ടികൾ അവിടെയെത്തുന്നത് വെളുപ്പാൻ കാലത്താണെന്ന് കഥയിൽ തന്നെ പറയുന്നുമുണ്ട്. മാനസികമായ ഒരനുഭവതലത്തിന്റെ ആവിഷ്കാരമായി
വേണം ഈ കഥയെ കാണേണ്ടത് എന്നു തോന്നുന്നു. ഒരു ഉച്ച മുതൽ പിറ്റേന്നു പുലർച്ചവരെയുള്ള കാലമാണ് കഥയിലുള്ളത്. ഉച്ച ദിവാകരന്റെ മധ്യവയസ്സിനോട് ചേർന്നു നിൽക്കും പോലെ വെളുപ്പാൻ കാലം കുട്ടികളുമായും ചേർന്നു നിൽക്കുന്നു. ദിവാകരന്റെ അലച്ചിൽ നിഷ്ഫലമാണ്. അയാൾക്ക് തന്റെ അച്ഛനമ്മമാരെ കണ്ടെത്താനാവുന്നില്ല. എന്നാൽ അവിടെയെത്തുന്ന കുട്ടികൾ ദിവാകരനെന്ന ചിത്രത്തെ കണ്ടെത്തുന്നു. രാത്രിയെന്നോ പകലെന്നോ വത്യാസമില്ലാതെ തുറന്നിരിക്കുന്ന,വെളിച്ചങ്ങളുടെ വൈവിധ്യമില്ലാത്ത ആ തെരുവ് കഥയ്ക്ക് പ്രത്യേക മാനം നൽകുന്നുണ്ട്.
ഈ കഥയിൽ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ടല്ലോ. ചിത്രം ഒരർഥത്തിൽ മരണത്തെ ജയിക്കാനുള്ള ഒരുപാധിയാണ്. ജീവിതത്തിന്റെ
അനുസ്യൂതചലനത്തെ ഒരു നിമിഷത്തിൽ നിശ്ചലമാക്കുകയാണല്ലോ ചിത്രം ചെയ്യുന്നത്. ചലനം ഒരേ സമയം വളർച്ചയും മരണവുമാണല്ലോ.
രാജാക്കന്മാർ തങ്ങളുടെ പ്രതിമകൾ, ചിത്രങ്ങൾ സ്ഥാപിക്കുന്നത് ജീവിതത്തെ അഥവാ അതിന്റെ അടയാളങ്ങളെ ഇവിടെ നിലനിർത്താൻ വേണ്ടിയാണ്. തറവാടിന്റെ ചുമരിൽ തൂങ്ങുന്ന പൂർവികന്റെ ചിത്രം അനുഷ്ഠിക്കുന്നതും ഈ ധർമ്മം തന്നെ. ഒരർഥത്തിൽ ജീവിതമെന്ന മഹാപ്രവാഹത്തിന്റെ മുൻകണ്ണികളെ പിൻകണ്ണികളുമായി വിളക്കിച്ചേർക്കുന്നവയാണീ ചിത്രങ്ങൾ. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലും ഫോട്ടോയിലുണ്ട്. പ്രതിമകളിലും ഫോട്ടോകളിലുമെല്ലാം മരണത്തെ ജയിക്കാനുള്ള ഈയൊരു ശ്രമം
ഉൾച്ചേർന്നിരിക്കുന്നുവെന്നാണ് ഉദ്ദേശിച്ചത്. പണ്ട് രാജാക്കന്മാർ മാത്രമാണ് തങ്ങളുടെ ജീവിതത്തിന്റെ അടയാളങ്ങൾ ഇവിടെ അവശേഷിപ്പിച്ചിരുന്നതെങ്കിൽ ജനാധിപത്യം സെൽഫികളുടെ പ്രളയം തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട് എന്നും ഓർക്കുക.
മരണം എന്ന യാഥാർഥ്യത്തിനപ്പുറമുള്ള ലോകം നമ്മെയൊക്കെ വിസ്മയിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന ഒന്നാണ്. അതിനെ പലരും പലതരത്തിൽ സങ്കൽപ്പിക്കും. പത്മരാജന്റെ കഥയിൽ അവതരിപ്പിക്കുന്ന ഈ അന്തരീക്ഷം മരണത്തിനും ജീവിതത്തിനും ഇടയിലെ ഒരപരലോകമാകണം. ഈ മറുലോകത്തെക്കുറിച്ചു പറഞ്ഞപ്പോഴാണോര്‍ത്തത് ശ്രീ എന്‍ പ്രഭാകരന്റെ മറുപിറവി എന്ന കഥയെക്കുറിച്ച്. അതിലെ ഇടിഞ്ഞു പൊളിയാറായ പുരാതന സത്രവും അവിടെ കരുണനെന്നും കുമാരനെന്നും പേരുള്ള രണ്ട് ഊരു തെണ്ടികള്‍ ഒരു രാത്രി ഒത്തു ചേരുന്നതും പോയജന്മത്തിലെ കഥകള്‍ പറയുന്നതും നമ്മെ ഞെട്ടിക്കാതിരിക്കില്ല. അവിടെ ജന്മങ്ങളുടെ അതിരുകള്‍ മാഞ്ഞു പോകുന്നു. തലമുറകളിലൂടെ ഓരോജന്മത്തിന്റെയും യാതനകളുടെ ഭാണ്ഡങ്ങളുമായി അലയേണ്ടിവരുന്ന മനുഷ്യജന്മത്തിന്റെ നിസ്സഹായത നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. അതിലെ നിരുന്മേഷകരമായ അന്തരീക്ഷവും വിസ്മയാവഹമായ ക്രാഫ്റ്റും കുട്ടികളെ ആകർഷിക്കാതിരിക്കില്ല. വി പി ശിവകുമാറിന്റെ അമ്മ വന്നു എന്ന ഗംഭീരമായ കഥയിലും രചനയുടെ മാന്ത്രിക സങ്കേതങ്ങൾ അസാധാരണമാം വിധം ഉപയോഗിച്ചിരിക്കുന്നതു കാണാം. ഈ കുറിപ്പ് സമഗ്രമാമെന്ന അഭിപ്രായമില്ല ചർച്ചകൾ, വിമർശനങ്ങൾ, കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്.

8 അഭിപ്രായങ്ങൾ:

  1. തീർത്തും ഉപയോഗപ്രദമായ കുറിപ്പുകളാണിത്

    മറുപടിഇല്ലാതാക്കൂ
  2. youtube tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv
    youtube tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv tv mp3 juice tv tv tv tv tv tv tv tv tv tv tv

    മറുപടിഇല്ലാതാക്കൂ