2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പ്രവേശകം

ഒന്നാം വർഷത്തിലെ പാഠഭാഗങ്ങളിലേക്കു കടക്കാൻ സമയമായി.  പ്രണയം, സാഹസികത, സ്വാതന്ത്ര്യബോധം, ചെറുത്തുനിൽപ് തുടങ്ങി കൗമാരത്തോട് ചേർന്നു നിൽക്കുന്ന അനുഭവതലങ്ങൾ ഉൾക്കൊള്ളുന്ന രചനകളാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തെ യൂണിറ്റിലേക്കുള്ള പ്രവേശകമായി കൊടുത്തിട്ടുള്ളത് ജോനാഥൻ ലിവിങ്ങ് സ്റ്റൺ എന്ന കടൽക്കാക്ക(റിച്ചാർഡ് ബാക്ക്)യെക്കുറിച്ചുള്ള ചെറു കുറിപ്പാണ്. ആ കടൽക്കാക്കയിൽ തെളിയുന്ന മനോഭാവത്തെക്കുറിച്ച് കുട്ടികളോട് ചോദിക്കാവുന്നതാണ്.
- മറ്റു കടൽക്കാക്കകളിൽ നിന്ന് ജോനാഥനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങളെന്താണ്? - ജോനാഥനെ മുന്നോട്ടു നയിക്കുന്ന സ്വപ്നമെന്താണ്? - കുട്ടികൾ സ്വപ്നം കാണാറുണ്ടോ? വ്യക്തിപരമായ സ്വപ്നങ്ങൾ നമുക്കെല്ലാമുണ്ട്. എന്നാൽ ജോനാഥന്റെ സ്വപ്നം എത്തരത്തിലുള്ളതാണ്? - ഭാവിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുള്ള സ്വപ്നം കാണുന്നവരുണ്ടോ എന്നും ചോദിക്കാം. ചിലർ കണ്ട സ്വപ്നങ്ങളാണ് ലോകത്തെ മാറ്റിത്തീർത്തത്. ഇരുവഴിയിൽ പെരുവഴിനല്ലൂ പെരുവഴിയെ പോ ചങ്ങാതീ എന്നു തുടങ്ങുന്ന വഴിവെട്ടുന്നവരോട് എന്ന കക്കാടിന്റെ കവിത ഓർമ്മയുണ്ടാകുമല്ലോ. എന്നും വഴിവെട്ടിത്തെളിക്കുന്നവർ ആദ്യം അപഹസിക്കപ്പെടും. പിന്നെ മിക്കവാറും മരണാനന്തരം വാഴ്ത്തപ്പെടും. മുമ്പേഗമിച്ചീടിന ഗോവു തന്റെ പിമ്പേഗമിക്കും ബഹുഗോക്കളെല്ലാം എന്നത് മനുഷ്യനെ സംബന്ധിച്ചുള്ള സത്യമാണ്. മറ്റുള്ളവരെ അനുകരിക്കുക എന്നതിനപ്പുറം സ്വയം ചിന്തിക്കുകയും അതിനനുസരിച്ചു ജീവിതത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നവർ സമൂഹത്തിൽ വളരെ വളരെ കുറവാണ്. അത്തരത്തിൽ ജീവിക്കുന്നവരെ അംഗീകരിക്കുകയല്ല വിമർശിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണ് പൊതു രീതി. എന്തെല്ലാം ഉദാഹരണങ്ങളുണ്ട്. പെൺകുട്ടികൾ സൈക്കിൾ യാത്ര നടത്തുന്നത് ഇന്ന് സർവസാധാരണം. എന്നാൽ നാട്ടിൻപുറത്തുകൂടി ആദ്യമായി സൈക്കിൾ ചവിട്ടിപ്പോയ പെൺകുട്ടിയെ ഓർത്തു നോക്കൂ. വഴിയിൽ ആൺകുട്ടികൾ അവൾക്കു നേരെ എന്തെല്ലാം കമന്റുകൾ ഉയർത്തീട്ടുണ്ടാവും. എത്ര മുതിർന്നവരുടെ പുരികങ്ങൾ ചുളിഞ്ഞിട്ടുണ്ടാവും. നാട്ടിൽ എന്തുമാത്രം ചർച്ചയായിട്ടുണ്ടാവും! അവൾ അനുഭവിച്ച അപമാനത്തിന്റ തീവ്രത എത്രയായിരിക്കും! ഇന്ന് സൈക്കിളോടിക്കുന്ന, സ്കൂട്ടറോടിക്കുന്ന, ജീൻസ് ധരിക്കുന്ന പെൺകുട്ടികൾക്ക് അതിനുള്ള സ്വാതന്ത്ര്യം വെറുതെ കിട്ടിയതല്ല എന്നാണ് പറഞ്ഞു വന്നത്.
ഇന്ന് ജാതിമതഭേദമില്ലാതെ കുട്ടികൾ ഒന്നിച്ചിരുന്നു പഠിക്കുന്നു. സൗഹൃദം പങ്കുവെക്കുന്നു. ക്ലാസ്സിലെത്തുമ്പോൾ അവർ ജാതിയോ മതമോ ചോദിച്ചറിഞ്ഞല്ല സുഹൃത്തുക്കളാവുന്നത്. പത്തെൺപതു കൊല്ലം മുമ്പ് ഇത് സാധ്യമാവുമായിരുന്നില്ല. ഭിന്ന ജാതിയിൽ പെട്ടവർ ഒന്നിച്ചിരിക്കുന്നതോ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതോ തെറ്റായാണ് അന്നു സമൂഹം കണ്ടിരുന്നത്. അന്ന് ഭൂരിഭാഗത്തിനും അതിലൊരു ശരികേടും തോന്നിയിരുന്നില്ല എന്നതാണു വാസ്തവം. എന്നാൽ ഇന്നോ? നമുക്കത് സങ്കൽപ്പിക്കാൻ കഴിയുമോ? നാരായണഗുരുവിനെപോലെ സഹോദരൻ അയ്യപ്പനെപോലെ കുമാരനാശാനെ പോലെ ചിലർക്ക് അത് ശരിയല്ലെന്നു തോന്നി. അവരതിനെതിരെ പ്രതികരിക്കുകയും പന്തിഭോജനം നടത്തുകയും കവിതയെഴുതുകയുമൊക്കെ ചെയ്തു. അവരുടെ സ്വപ്നങ്ങളാണ് നാമിന്നു ജീവിക്കുന്ന സമൂഹത്തെ സൃഷ്ടിച്ചത്. ഇപ്പോൾ എല്ലാം സമ്പൂർണ്ണമാണ് എന്നൊന്നും പറയുന്നില്ല. ആൺകുട്ടികൾക്കുള്ള എല്ലാ സ്വാതന്ത്ര്യവും പെൺകുട്ടികൾക്കും വേണ്ടേ എന്നു ചോദിച്ചാൽ കുട്ടികൾ അനുകൂലമായി എന്തു മറുപടി പറയും?ഭൂരിപക്ഷംപേരും പെൺകുട്ടികൾക്കു സ്വാതന്ത്ര്യം വേണ്ട എന്ന അഭിപ്രായക്കാരായിരിക്കുമോ? ആൺകുട്ടികൾക്ക് ഇന്ന് രാത്രികാലങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാം. ബസ്സ്സ്റ്റോപ്പുകളും കളിസ്ഥലങ്ങളും പാർക്കുകളും രാത്രിയാത്രകളും പെൺകുട്ടികൾക്ക് അന്യമാണ്. കുറച്ചു പെൺകുട്ടികൾ ഇതിനെ ചോദ്യം ചെയ്യുന്നു എന്നിരിക്കട്ടെ. അവർ ബസ്സ് സ്റ്റോപ്പലിരിക്കുന്നു, രാത്രി സഞ്ചരിക്കുന്നു എന്നു വിചാരിക്കുക. അവരെ എങ്ങിനെയാവും നമ്മുടെ സമൂഹം കാണുക? എന്തെല്ലാം പീഡനങ്ങൾ അവർക്ക് വീട്ടിൽ നിന്നും നാട്ടിൽ നിന്നും അനുഭവിക്കേണ്ടി വരും? പക്ഷേ അവർ അനുഭവിക്കുന്ന അപമാനങ്ങളാവും നാളെത്തെ പെൺകുട്ടികൾക്കു സ്വാതന്ത്ര്യമായി മാറുക. തീർച്ചയായും വരും നാളുകളിൽ ആൺകുട്ടികൾ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും പെൺകുട്ടികളും അനുഭവിക്കുന്ന ഒരു കാലം വന്നേക്കും. പക്ഷേ അതിനുള്ള വഴിയൊരുക്കുന്നവർ അതിന് വലിയ വില കൊടുക്കേണ്ടി വരും എന്നുമാത്രം. നാം സഞ്ചരിക്കുന്ന രാജപാതകൾ പണ്ട് മുൾക്കാടുകളായിരുന്നു. അവിടെ വഴിവെട്ടിയ ആദ്യ പഥികരെ നാമോർക്കാറില്ലെന്നു മാത്രമല്ല അവരെ സമൂഹം തന്നെ ബലി കൊടുക്കുകയും ചെയ്യും. അവരുടെ സ്വപ്നങ്ങളാണ് ഇന്നിന്റെ യാഥാർഥ്യങ്ങളായി മാറിയത്. സ്വപ്നമോ രാക്കിനാവുകളല്ലീ സുപ്രഭാതത്തിൻ പൂവുകളെല്ലാം എന്നു വൈലോപ്പിള്ളി പറയുന്നതും ഇതു തന്നെ.
കൗമാരവും യൗവനവുമാണ് സമൂഹത്തിന്റെ അസമത്വങ്ങൾക്കെതിരെ എന്നും ശബ്ദമുയർത്തിയിട്ടുള്ളത് എന്നും ഓർക്കേണ്ടതുണ്ട്. ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് വ്യവസ്ഥിതിക്കെതിരെ പോരാടാനുള്ള തന്റേടം കൗമാരത്തിനു സഹജമാണ്. ജോനാഥനിൽ സ്ഫുരിക്കുന്നതും ഈ കരുത്തു തന്നെയാണ്. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത് നാം തന്നെയാണ്. യാഥാസ്ഥിതികതയുടെ തേഞ്ഞപാതകൾ വിട്ട് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കുയരാൻ ശ്രമിക്കുന്ന ജോനാഥന്മാരാകാൻ നമുക്കും കഴിയേണ്ടതല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ