2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ദൈവദശകം

ദൈവദശകം
അനുകമ്പാദശകം നാം പരിചയപ്പെട്ടതാണല്ലോ. അതും ദൈവദശകവും ഒരേവർഷം എഴുതിയതാണ്. ദൈവദശകത്തിലെ മൂന്നു ശ്ലോകങ്ങളാണ്
ഇവിടെ പഠിക്കാനുള്ളത്.
ശിവഗിരിയിലെ കുട്ടികൾക്കു ചൊല്ലാൻഒരു പ്രാർഥന എന്ന ഉദ്ദേശ്യത്തിൽ എഴുതിയതാണ് ദൈവദശകം. തങ്ങളെ കൈവിടാതെ കാത്തു കൊള്ളാൻ ഗുരു
ദൈവത്തോടർഥിക്കുന്നു. സംസാരസാഗരം കടത്താനുള്ള ആവിവൻതോണിയുടെ നാവികൻ എന്നു ദൈവത്തെ വിശേഷിപ്പിക്കുന്നു.
കപ്പൽ എന്ന പദത്തിനു പകരം പുതിയൊരു തനി മലയാള പദം വരുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്. തോണി എന്ന പദം നമുക്കുണ്ട്.
ആവി കൊണ്ട് നീങ്ങുന്ന വൻതോണി അഥവാ ആവിവൻതോണി പുതുതായി രൂപപ്പെടുന്ന മലയാളപദമാണ്. അതിനു പിന്നീട് പ്രചാരം കിട്ടാതെ
പോയി. അതുപോലെ നാവിഗേറ്റർ എന്ന പദത്തിൽ നിന്നും രൂപപ്പെടുന്ന നാവികൻ എന്ന പദം നോക്കുക. തമിഴിൽ ഇങ്ങിനെ പുതിയ പദങ്ങൾ
സൃഷ്ടിക്കുന്ന രീതി ഇന്നുമുണ്ട്. ഉദാഹരണമായി വാട്ടർ തീം പാർക്ക് അവർ നീർ വിളയാട്ടുപൂങ്കാവനമാക്കുന്നതു നോക്കുക. മൊബൈൽ ഫോണിനെ
കൈപ്പേശിയും കോയിൻ ബോക്സിനെ തുട്ടു വിളിപ്പെട്ടിയുമാക്കുന്നുണ്ട്. കാരൂർ ഒരു കഥയിൽ കാളിങ് ബെല്ലിനെ വിളിമണി എന്നുപയോഗിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ വേണോ വേണ്ടയോ എന്നതൊക്കെ ചർച്ച ചെയ്യേണ്ടതാണ്. കൊളോണിയൽ സർക്കാർ പുറപ്പെടുവിച്ച ഒരുത്തരവ്
മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത ഗാര്‍ത്ത്‌വെയ്റ്റിന്റെ കത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന മലയാളപദങ്ങൾ നോക്കുക:
കല്ലെണ്ണ ഉല്‍പ്പന്നങ്ങള്‍ -പെട്രോളിയം ഉല്‍പ്പന്നങ്ങൾ, കല്ലെണ്ണ- പെട്രോൾ, കല്ലെണ്ണത്തോണി, തീക്കപ്പൽ ഇങ്ങനെ മലയാള പദങ്ങൾ
അതിൽ കാണാം. ആവിവണ്ടിയും തീവണ്ടിയും നാമിങ്ങനെ നിർമ്മിച്ച പദങ്ങളാണെന്നോർക്കുക. പിന്നീട് നാമെപ്പോഴോ മലയാളത്തിനു
ഗൗരവം കുറവെന്ന തോന്നലിൽ സംസ്കൃതപദങ്ങൾക്കുംആംഗലപദങ്ങൾക്കും പിന്നാലെ പോയി. നീരും വിളയാട്ടവും പൂങ്കാവനവും മലയാളത്തിനും
സ്വന്തമായ പദങ്ങളാണെന്നും ഓർക്കുക. ഭാഷയുടെ ഇത്തരം സവിശേഷതകൾ ചർച്ച ചെയ്യാൻ പറ്റുന്ന ഒരു സന്ദർഭം കൂടിയാണിത്. മാതൃഭാഷയുടെ
പ്രാധാന്യം ഇവിടെ നാം എടുത്തു പറയുന്നുണ്ടല്ലോ.
ഭവാബ്ധി കടക്കുന്നതിൽ സഹായിക്കാൻ നാവികനായ ഈശ്വരനോട് അർഥിക്കുന്നു. ഗീതയിൽ കൈവർത്തകക്കേശവാ എന്നാണ് സംബോധന
ചെയ്യുന്നത്. കൈവർത്തകനായ, നദികടത്തുന്നവനായ കേശവൻ.
രണ്ടാം ശ്ലോകത്തിൽ ഈ നാമപ്രപഞ്ചത്തെ നാം കാണുന്നരീതിയെക്കുരിച്ചു പറയുന്നു. ഓരോരോ നാമങ്ങൾ നൽകി വ്യവച്ഛേദിച്ചു കണ്ടു കണ്ട് തീരുന്ന സമയത്ത് ഒടുവിൽ അതെല്ലാത്തിനും പൊരുളായ ഒന്നിൽ അവസാനിക്കും. പലപലപേരുകളിൽ നാം വ്യവച്ഛേദിച്ചറിയുന്നതെല്ലാം സത്യത്തിൽ
ഒന്നു തന്നെ. ഒന്നൊന്നായി എണ്ണുന്ന ഭേദ ചിന്ത വിട്ട മനസ്സ് നിന്നിൽ ഉറച്ചു നിൽക്കണം(അസ്പന്ദം) എന്നാണ് ഗുരു പറയുന്നത്.
ഒന്നൊന്നായെണ്ണിത്തൊട്ടെണ്ണും പൊരുൾ എന്നത് ലൗകികമായ ദേദചിന്തകൾ തന്നെയാണ്. ദ്വൈതമായ ചിന്തകൾ വിട്ട് അദ്വൈതത്തെ തിരിച്ചറിയുക
എന്നത് മോക്ഷം അഥവാ ഈശ്വര സാക്ഷാൽക്കാരം തന്നെയാകുന്നു.
ഘടാകാശമഹാകാശന്യായം കൊണ്ട് ഇതിനെ വിശദീകരിക്കാറുണ്ട്. ഘടാകാശം കുടത്തിലെ ആകാശം. കുറേ കുടം ഉണ്ടെന്നു വെക്കുക.
അവയിലെല്ലാമുള്ളത് ആകാശം തന്നെ. എന്നാൽ കാണുന്നതോ കുടങ്ങൾ മാത്രവും. അത് പൊട്ടിയാൽ എല്ലാം ഏകമായ ആകാശത്തിൽ ലയിക്കുന്നു.
കുടങ്ങളുടയുമ്പോൾ മാത്രമാണ് എല്ലാം ഒന്നാണെന്നു (അദ്വൈതം) നാമറിയുക. ഇതു തന്നെയാണ് പരമ ജ്ഞാനം. എല്ലാത്തിലും മറഞ്ഞിരിക്കുന്ന
പൊരുൾ ഒന്നുതന്നെ. വേദാന്തികൾ താമരയിലയിലെ ജലബിന്ദു എന്ന പ്രതീകമുപയോഗിച്ചും ഇതു വിശദീകരിക്കാറുണ്ട്. തടാകത്തിലെ
താമരയിലയിലെ ഒരു വെള്ളത്തുള്ളി നോക്കുക. മരണത്തിന്റെ നേർത്ത കാറ്റിൽ അത് തടാകത്തിൽ ലയിച്ചാൽ പിന്നെ അതിന് സ്വതന്ത്രമായ
അസ്തിത്വമില്ല. ഒരർഥത്തിൽ അത് തടാകം തന്നെയായി മാറുന്നു. വെള്ളത്തുള്ളി ജീവാത്മാവും തടാകം പരമാത്മാവുമാണെങ്കിൽ വെള്ളം തടാകത്തിൽ
ലയിക്കുന്നതോടെ അത് പരമാത്മാവു തന്നെയായി മാറുന്നു. അഹം ബ്രഹ്മാസ്മി. ഞാൻ എന്റെ എന്ന ഭേദചിന്ത ഈശ്വര സാക്ഷാത്കാരം നേടുന്നതോടെ
ഇല്ലാതാവുന്നു.
ജലകണികപോലവേ തരളമെൻ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നിൽപ്പതും
എന്നു ഓ എൻ വി പറയുന്നതും (ഭൂമിക്കൊരു ചരമ ഗീതം) മറ്റൊന്നല്ല.
ദൈവത്തോടുള്ള പ്രാർഥനയാണ് ദൈവദശകമെങ്കിൽ (ആ ആവശ്യത്തിലേക്കായി എഴുതപ്പെട്ടതുമാണല്ലോ) അനുകമ്പാദശകത്തിന് മറ്റൊരു തലമുണ്ട്. അവിടെ ദൈവത്തിനപ്പുറം അനുകമ്പയെയാണ് മുഖ്യ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മാനുഷികമായ ഒരു വികാരത്തിന്റെ ഏറ്റവും ഉന്നത രൂപമായ
അനുകമ്പയെ ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഗുരു ചെയ്യുന്നത്. കേവലം ഈശ്വരപ്രാർഥനയ്ക്കപ്പുറം ഔന്നത്യം അതുകൊണ്ടു തന്നെ
അനുകമ്പാദശകത്തിനുണ്ട്. വേദാന്ത ചിന്തകൾക്കപ്പുറം അരൂപിയായ ദൈവത്തിനപ്പുറം എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന സഹജീവി
സ്നേഹത്തെ ഈശ്വരന്റെ സ്ഥാനത്തേക്കുയർത്തുന്നു എന്നതാണ് അനുകമ്പാദശകത്തിന്റെ സവിശേഷത. അനുകമ്പ എന്നത് വെറും സഹതാപമോ അനുതാപമോ അല്ല. അത് അഭേദചിന്തയിൽ നിന്നുയരുന്ന ഉദാത്തമായ മൂല്യബോധമാണ്. മറ്റൊരാളുടെ ദു:ഖത്തിൽ പങ്കു ചേരുകയല്ല
ആ ദു:ഖം തന്റേതാണെന്ന തിരിച്ചറിവാണത്.
(എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെൻ കൈയ്യുകൾ നൊന്തീടുകയാ-
ണെങ്ങോമർദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു, എന്ന് എൻ വി.)
മനുഷ്യനിൽ സഹജമായിട്ടുള്ള ഒരു വികാരത്തിന്റെ ഉദാത്തമായ, സംസ്കൃതീകരിച്ച രൂപത്തെ, ഒരു മൂല്യത്തെ ദൈവസ്ഥാനത്തേക്കു കൊണ്ടു വരുന്നു ഗുരു.
ഒരു കൽപ്രതിഷ്ഠ കൊണ്ട് വ്യവസ്ഥയെ വെല്ലു വിളിച്ച, പിന്നീട് സ്വന്തം മനസ്സാക്ഷിയെത്തന്നെ ദൈവമായിക്കണ്ട(കണ്ണാടി പ്രതിഷ്ഠ) ഗുരുവിനെ
സംബന്ധിച്ച് ഇതിൽ അസാധാരണമായി ഒന്നുമില്ല. ജീവിതത്തിന്റെ അർഥമെന്തെന്ന അന്വേഷണത്തിന് ഗുരു ആത്മാവിൽ നിന്നും കണ്ടെത്തുന്ന
ഉത്തരമാകുന്നു അനുകമ്പ. എന്നാൽ അതിന്റെ (അനുകമ്പാദശകം) മഹത്വം കാണാതിരിക്കുകയും കേവലമായ പ്രാർഥനയെ(ദൈവദശകം)
കേരളം കൊണ്ടാടുകയും ചെയ്തതെന്തു കൊണ്ടാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ