2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര

(ഓർമ്മയുടെ ഞരമ്പ്)
- മറവിക്കെതിരെയുള്ള കലാപം
ക്രാഫ്റ്റിൽ കാണിക്കുന്ന മികവാണ് കെ ആർ മീരയുടെ കഥകളുടെ ഏറ്റവും പ്രധാന സവിശേഷത എന്നു തോന്നുന്നു. കൃഷ്ണഗാഥ, ഒറ്റപ്പാലം കടക്കുവോളം, ഓർമ്മയുടെ ഞരമ്പ് തുടങ്ങി മിക്ക കഥകളിലും ഈ സവിശേഷത കാണാം. എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും വളരെ പ്രധാനം തന്നെ. മീരയുടെ ഒട്ടുമിക്ക കഥകളിലൂടെയും കടന്നു പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പഠനാവശ്യത്തിനു വേണ്ടി സൂക്ഷ്മമായി മറ്റു കഥകൾ പരിശോധിച്ചിട്ടില്ലെന്ന കാര്യം ആദ്യം തന്നെ പറയട്ടെ. അതുകൊണ്ട് ഓർമ്മയുടെ ഞരമ്പിൽ തന്നെ നമുക്ക് ഒതുങ്ങി നിൽക്കേണ്ടി വരും.
സത്യത്തിൽ ഓർമ്മയുടെ കഥയാണിത്. വൃദ്ധയുടെ ഓർമ്മകൾ. അതും ക്രമബന്ധമില്ലത്തവ. അവരെ നാം കാണുന്നത് ആ തറവാട്ടിലേക്കു വിവാഹം ചെയ്തു കൊണ്ടു വന്ന പുതുതലമുറയിലെ പെൺകുട്ടിയിലൂടെയാണ്. ഭർത്താവ് വിവാഹത്തിനു പോയ ദിവസം അവൾ വൃദ്ധയുടെ പഴക്കം മണക്കുന്ന മുറിയിലേക്കു കടന്നു ചെല്ലുന്നു. വൃദ്ധ അവളോട് ആദ്യമായി ചോദിക്കുന്നത് കുട്ടി എഴുതുമോ എന്നാണ്. വേലക്കാരിയല്ലാതെ മറ്റാരും കയറാത്ത ആ മുറിയിലേക്ക് പെൺകുട്ടി കടന്നു ചെന്നത് ഏകാന്തത മായ്ക്കാനാവണം. അവൾ വിവാഹത്തിനു പോകാതിരുന്നത് ഭർത്താവുമായുള്ള ചില പിണക്കങ്ങൾ കാരണമാണെന്ന് പിന്നീടു വ്യക്തമാവുന്നുണ്ട്. വൃദ്ധയുടെ സംഭാഷണമല്ലാതെ മറ്റൊന്നും കഥയുടെ ആദ്യ ഭാഗത്തില്ല. മറ്റുള്ളവരെ സംബന്ധിച്ച് ഈ വൃദ്ധ ഓർമ്മ നഷ്ടപ്പെട്ട സ്ത്രീയാണെന്ന സൂചനയുണ്ട്. ക്രമരഹിതമെന്നു പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ സംഭാഷണങ്ങളിലൂടെയാണ് വൃദ്ധയുടെ ജീവിതം വ്യക്തമാക്കപ്പെടുന്നത്. വള്ളത്തോൾ വന്ന സമ്മേളനവും അതിൽ കവിത വായിച്ചതും ചരിത്രത്തിന്റെ തിളക്കമുള്ള മുഹൂത്തങ്ങളായി മനസ്സിലാക്കാൻ കഴിയുന്ന പെൺകുട്ടി സാധാരണ പെൺകുട്ടിയല്ല. കുട്ടി എഴുതുമോ എന്ന ചോദ്യത്തിലും ഈ സൂചനയുണ്ടല്ലോ. എഴുതുന്നതു കൊണ്ട് എന്താ പ്രയോജനം എന്നു ചിന്തിക്കുന്ന ഈ തറവാട്ടിൽ എഴുത്തു ബന്ധത്തിനു തീവ്രത കൂടും. ഭൗതികജീവിതസമൃദ്ധിക്കപ്പുറം മനുഷ്യവേദനകളോട് ചേർന്നു നിൽക്കുന്നതാണല്ലോ എഴുത്ത്. വൃദ്ധയുടെ സംഭാഷണങ്ങൾ, പെൺകുട്ടിയുടെ മനോഭാവങ്ങൾ ഇവയാണ് കഥയിലാദ്യാവസാനം. രണ്ടോ മൂന്നോ വാക്യങ്ങളല്ലാതെ പെൺകുട്ടി വേറൊന്നും സംസാരിക്കുന്നതേയില്ല. വൃദ്ധയുടെ രൂപം, സംസാരിക്കുമ്പോൾ വെപ്പുപല്ലുകൾ ഉന്തിവരുന്നത് ഇവയെല്ലാം ആദ്യം പെൺകുട്ടിയിൽ വല്ലാത്ത അറപ്പാണുണ്ടാക്കുന്നത്. ഈ അറപ്പ് പിന്നീട് താൽപര്യത്തിനു (കൃത്രിമമായ കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു) വഴിമാറുന്നു എന്നത് കഥയിൽ പ്രധാനമാണ്. ആദ്യ കാഴ്ചയിൽ പെൺകുട്ടി വൃദ്ധയെ കാണുന്നത് ശ്രദ്ധിക്കുക. തുരുമ്പു പിടിച്ച വിജാഗിരികൾ ഇളകുന്ന ശബ്ദം, എഴുന്നു നിൽക്കുന്ന വയലറ്റ് ഞരമ്പ്,തലയോട്ടി പാതിയും പുറത്തായത്, വെപ്പുപല്ലു പുറത്തേക്കുന്തുന്നത് തുടങ്ങിയ കാഴ്ചകളിലൊക്കെ ഈ വെറുപ്പിന്റെ പ്രതിഫലനമുണ്ട്. വളരെ പതുക്കെ പെൺകുട്ടി വൃദ്ധയുടെ വാക്കുകളിൽ ആകൃഷ്ടയാവുന്നു. വള്ളത്തോളിൽ നിന്നും വൃദ്ധ താനെഴുതിയ കഥകളിലേക്കെത്തുന്നു. മൂന്നു കഥകൾ അവരെഴുതിയതായി സൂചനയുണ്ട്. ചില വാക്കുകൾ കൊണ്ടു സൃഷ്ടിക്കുന്ന മുഴക്കങ്ങൾ മീരയുടെ പല കഥകളുടെയും സവിശേഷതയാണ്. (കൃഷ്ണഗാഥയിൽ ഉരലുവലിച്ചു പോയപ്പോൾ കണ്ണൻ കാട്ടിയ കുസൃതികളെക്കുറിച്ചുള്ള വാക്യങ്ങൾ, മുറ്റത്തെ പലതരം ചെരുപ്പടയാളങ്ങളെക്കുറിച്ചുള്ള സൂചനകൾ..... നമ്മുടെ ക്ലാസ്സുകളിൽ നിർബന്ധമായും വായിച്ചു കൊടുക്കേണ്ട കഥയാണ് കൃഷ്ണഗാഥ. സൂര്യനെല്ലിയുടെ പശ്ചാത്തലത്തിലെഴുതിയ കഥ ഓർമ്മയുടെ ഞരമ്പ് എന്ന സമാഹാരത്തിലുണ്ട്.) ഉദാഹരണത്തിന്, നെറ്റിയിലെ സിന്ദൂരം കൈയിലൊട്ടിയതിനെ ഒരു തുള്ളി രക്തമായി കാണുന്നതു നോക്കുക. അതു താഴെ വീണു എന്നല്ല, താഴെ വീണു മരിച്ചു എന്നു തന്നെ പറയുമ്പോൾ ആ വാക്കിനു സന്ദർഭത്തിൽ ലഭിക്കുന്ന അധികമാനം ശ്രദ്ധിക്കുക. ദാമ്പത്യത്തിന്റെ അടയാളമായ ഈ സിന്ദൂരത്തിന് തീർത്തും നിഷേധാത്മകമായ ഒരർഥതലം സൃഷ്ടിക്കുന്നു. കുങ്കുമത്തരിപുരണ്ട ചിദംബരസന്ധ്യയിലെ കാൽപനിക ഭാവത്തിനു വിപരീതമാണിത്.
വൃദ്ധയ്ക്ക് തന്റെ കുട്ടികൾക്കു പേരിടുന്നതിനുള്ള ആഗ്രഹം പോലും നടക്കുന്നില്ലെന്നു മാത്രമല്ല അതവൾ അടുത്ത തലമുറയിലേക്കു മാറ്റിവെക്കുന്നു. രവീന്ദ്രനാഥ് എന്ന പേര് ദേശീയ പ്രസ്ഥാനവുമായി, കവിതയും സാഹിത്യവുമായി ബന്ധപ്പെട്ടതാണല്ലോ. വൃദ്ധയുടെ അഭിരുചിയുടെ പ്രത്യക്ഷമായ പ്രതിഫലനം ഈ പേരുകളിലുണ്ട്. എന്നാൽ ഭർത്താവ് പേരിട്ടത് രാമൻകുട്ടി എന്നും. രാമൻ പുരുഷാധികാരസ്ഥാനത്തിന്റെ പ്രഖ്യാതമായ അടയാളമാണെന്നതു വ്യക്തം.
അതി വൽസല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തു! നൃപനോർക്കവയ്യ! താൻ.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹവുമായി ബന്ധപ്പെട്ട് ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ച രാമനെക്കുറിച്ചുള്ള ആശാന്റെ വിമർശനങ്ങൾ ചിന്താവിഷ്ടയായ സീതയിൽ ഏറെയുണ്ട്. ഈ പുഷാധികാരരാമൻ തലമുറകളിലൂടെ ആവർത്തിക്കുന്നു എന്ന സൂചന കഥയിലുണ്ട്. വൃദ്ധയുടെ ആഗ്രഹം മക്കളിലൂടെയും സഫലമാകുന്നില്ല. കാരണം രാമൻ കുട്ടി മകനിട്ട പേര് ശ്രീജിത്തെന്നാണല്ലോ. ശ്രീജിതനായാലും സ്ത്രീജിതനായാലും അതും രാമന്റെ പര്യായങ്ങൾ തന്നെ. ഈ രാമഭാവത്തെയാണ് കഥാന്ത്യത്തിൽ പെൺകുട്ടി നേരിടുന്നത്. അർഹിക്കുന്ന ആദരം കിട്ടാത്ത യജമാന സ്വഭാവം തലമുറകൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ വേട്ടയാടുന്നു.
കുറച്ചു കഴിഞ്ഞ്, സ്വാതന്ത്ര്യം എന്ന വാക്ക് വൃദ്ധ ഉച്ചരിക്കുമ്പോൾ പെൺകുട്ടി സ്വന്തം പല്ലുകൾ ഇളകുന്നുണ്ടോ എന്നു നാവുകൊണ്ട് തടവി നോക്കുന്നുണ്ട്. വൃദ്ധയുടെ ജീവിതവുമായുള്ള താദാത്മ്യം ഇവിടം മുതലാണു തുടങ്ങുന്നത്. രാത്രിയുടെ ഏകാന്തതയിൽ അവളെഴുതിയുണ്ടാക്കിയ കഥ കാത്തുകാത്തിരുന്ന് ഭർത്താവിനെക്കാണിച്ചപ്പോൾ.... വൃദ്ധയുടെ മുഖം മങ്ങി എന്ന ഒറ്റ സൂചനയിൽ അതൊതുക്കിയിരിക്കുന്നു. രണ്ടാമത്തെ കഥയുടെ തലക്കെട്ട് ശ്രീരാമജയം എന്നത് നാം കാണാതെ പോയിക്കൂടാ. തൊട്ടടുത്തു പറയുന്നത് ദൽഹിയിലെ അധികാരക്കസേരയിലെത്തിയ ഭർത്താവിനെക്കുറിച്ചാണ്. വനവാസത്തിനുശേഷം അധികാരത്തിലേറിയ രാമനെക്കുറിച്ചുള്ള ഓർമ്മ നമ്മിൽ ഉണരാതിരിക്കില്ല. അച്ഛന്റെ അസ്ഥിത്തറയിൽ തിരികൊളുത്തുക, പശുവിനു വെള്ളം കൊടുക്കുക തുടങ്ങിയ ഗൃഹജോലികളിൽ തളച്ചിടപ്പെടാനായിരുന്നല്ലോ പിന്നെയും അവരുടെ വിധി. അയോധ്യ രാമന്റെ അധികാര കേന്ദ്രമാണ്. സീത അവിടെ നിന്നും നാടുകടത്തപ്പെട്ടവളും. ഈ കഥയിലും പുതിയ അധികാര കേന്ദ്രമായി വരുന്ന ദൽഹിയിലേക്ക് സ്ത്രീക്കൊരിക്കലും പ്രവേശനം ലഭിക്കുന്നില്ല. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീകളുടെ കൂടി അധ്വാനങ്ങളുടെ മേലാണ് ഓരോ അധികാര സ്ഥാപനങ്ങളും പണിതിട്ടുള്ളത്. ഭരണാധികാരികളായാലും വലിയ എഴുത്തുകാരായലും സ്ത്രീകളുടെ അധ്വാനത്തിന് വിലകൊടുത്തിരുന്നില്ലെന്നത് ഒരു യാഥാർഥ്യമാണെന്ന് ഇന്നു നമുക്കല്ലാമറിയാം. അവളുടെ അധ്വാനം പോലും മോഷ്ടിക്കപ്പെടുകയാണ് എന്ന സൂചന രണ്ടാമത്തെ കഥയുടെ പ്രമേയമാണല്ലോ. രാമന്റെ ജയം സീതയുടെ പരാജയം കൂടിയാണ്.
മൂന്നാമത്തെ കയെക്കുറിച്ചു പറയുമ്പോഴേക്കും പെൺകുട്ടിയിൽ ആകാംക്ഷ വളരുന്നുണ്ട്. അവളാകെ കഥയിൽ സംസാരിക്കുന്നത് വെറും മൂന്നു വാക്യങ്ങളാണെന്നോർക്കുക. മുറിയിലേക്കു കടന്നു വരുന്ന വേലക്കാരിയുടെ സമീപനം വൃദ്ധയോട് വീട്ടുകാർക്കുള്ള പൊതുമനോഭാവത്തിന്റെ പ്രതിഫലനം തന്നെ. ഓർമ്മ പോയ സ്ത്രീ. ആ വേലക്കാരിയുടെ വാക്കുകളിലൂടെ, വിവാഹം കഴിഞ്ഞെത്തിയ പെൺകുട്ടി അന്നേ ദിവസം പ്രധാനപ്പെട്ട ഒരു വിവാഹത്തിനു പോകേണ്ടതാണെന്നും എന്തോ പിണക്കങ്ങൾ കാരണം അവൾ പോകാതിരുന്നതാണെന്നും വ്യക്തമാവുന്നു. വൃദ്ധയിൽ നിന്നും വ്യത്യസ്തമായി അവൾ ഭർത്താവിനെ ധിക്കരിക്കാനുള്ള ധീരത കാണിക്കുന്നുണ്ടെന്നർഥം. പല്ല് സെറ്റ് ഊരി കഴുകി കുപ്പിഗ്ലാസ്സിലെ വെള്ളത്തിലിടുന്നതിനെക്കുറിച്ചു കഥാകാരി പറയുന്നുണ്ട്. പക്ഷേ ഓർക്കേണ്ട കാര്യം ഈ പ്രവൃത്തികൾ ഇപ്പോൾ പെൺകുട്ടിയിൽ ഒരു ജുഗുപ്സയും ഉണ്ടാക്കുന്നില്ലെന്നതാണ്.
രണ്ടു കഥകളെക്കുറിച്ചും കൃത്യമായ സൂചനകൾ എഴുത്തുകാരി നൽകുന്നുണ്ട്. അത് വൃദ്ധയുടെ ആഗ്രഹങ്ങളുടെയും വ്യഥകളുടെയും ആവിഷ്കാരം തന്നെ. ജീവിതം കൊണ്ട് അവർ സൃഷ്ടിച്ചത്. അതിന്റെ മൂല്യം തിരിച്ചറിയുന്നവർ അവിടെയുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ച് അവരുടെ ജീവിതത്തിന്റെ ആകെത്തുക ആ കഥകളായിരുന്നു. അതു വീണ്ടെടുക്കാനുള്ള ശ്രമമാണ് വൃദ്ധ നടത്തുന്നത്. അവിടെയും അവർ കബളിപ്പിക്കപ്പെടുന്നതു നോക്കുക. നഷ്ടപ്പെട്ട പുസ്തകത്തിനു പകരം അവർക്കു ലഭിച്ചത് കുട്ടികളുടെ പുസ്തകങ്ങളാണ്. ആ പുസ്തകങ്ങളിൽ അവർ സ്വന്തം കഥ സങ്കൽപ്പിക്കുകയാണ്. ചിതറിയതെങ്കിലും ഓർമ്മകളിലൂടെ അവരുടെ ജീവിതത്തെ തിരിച്ചറിയാൻ പെൺകുട്ടിക്കു കഴിഞ്ഞു. എന്നാൽ മൂന്നാമത്തെ കഥ അവരെഴുതിയതോ ജീവിതം കൊണ്ട് എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടതോ?
രണ്ടു കഥകൾക്കും ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ആദ്യത്തേത് അവരുടെ കൗമാരത്തിൽ. ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ കാലഘട്ടത്തിൽ. രണ്ടാമത്തേത് നെഹ്രു അധികാരത്തിൽ വന്നപ്പോൾ. സ്വാതന്ത്ര്യലബ്ധിയുടെയും പുതുപ്രതീക്ഷകളുടെയും സൂചന ശ്രീരാമജയം എന്ന പേരിലുണ്ട്. എന്നാൽ ആ രാഷ്ട്രസങ്കൽപ്പത്തിൽ സ്ത്രീക്ക് ഒരു പ്രാധാന്യവും ലഭിച്ചില്ല എന്നു മാത്രമല്ല തന്റെ സ്വാതന്ത്ര്യവും അധ്വാനവും ആവിഷ്കാരവുമെല്ലാം മോഷ്ടിക്കപ്പെടുന്ന പുതിയ കാലത്ത് ദുർമ്മരണമല്ലാതെ അവർക്ക് മറ്റെന്ത് പ്രതീക്ഷിക്കാനുണ്ട്? (നവോത്ഥാന കാഥികർക്കൊപ്പം ഗണിക്കേണ്ടിയിരുന്ന സരസ്വതിയമ്മ പെണ്ണായതു കൊണ്ടു മാത്രമാണ് അവഗണിക്കപ്പെട്ടത് എന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്.)
വൃദ്ധയുടെ ഓരോ വാക്കും ഓർമ്മയെ വീണ്ടെടുക്കാനുള്ള യത്നങ്ങളാണ്. മറ്റുള്ളവരെ സംബന്ധിച്ച് അവർ ഓർമ്മ നഷ്ടപ്പെട്ടവരാണ്. എന്നാൽ അവരുടെ വാക്കുകളിൽ നിന്നും അവഗണിക്കപ്പെട്ടതും അസാധാരണവുമായ ഒരു ജീവിതമാണ് പെൺകുട്ടി കണ്ടെടുക്കുന്നത്. തന്റെ ജീവിതം അതിന്റെ ആവർത്തനമായിത്തീരുമെന്ന സൂചന കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നാമത്തെ കഥയെക്കുറിച്ച് വിശദീകരണങ്ങളില്ല. അതേസമയം തന്റെ കഴുത്തിലെ ഞരമ്പിൽ തൊട്ട് കുരുക്കിടുമ്പോൾ ദാ ഈ ഞരമ്പിൽ വീഴണം...അതാരറിഞ്ഞു! എന്ന നിസ്സഹായതയിലാണ് അവസാനിക്കുന്നത്. ഞരമ്പു തെറ്റിയാൽ ഓർമ്മ പോകും എന്ന മുന്നറിയിപ്പു നൽകാനും അവർ മറക്കുന്നില്ല.
നാം നേരത്തേ പറഞ്ഞു, ഈ കഥയുടെ കേന്ദ്രം ഓർമ്മയാണ്. വൃദ്ധയെ സംബന്ധിച്ച് ഓർമ്മയാണവരുടെ പിടിവള്ളി. ഓർമ്മകൾ ഇവിടെ വൈയക്തികമായ ഒന്നല്ല. ദേശചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടാണ് അത് തുടങ്ങുന്നത് എന്നോർക്കുക. പിന്നീട് കുടുംബത്തിലേക്കും എഴുത്തിലേക്കും അത് ചെന്നെത്തുന്നു. ഈ കഥയിലെ സ്ത്രീ പ്രതിനിധാനം കേവലം സ്ത്രീയെന്ന നിലയിൽ മാത്രമുള്ളതല്ല സ്ത്രീ എന്ന എഴുത്തുകാരി എന്ന തലത്തിൽ കൂടിയാണ്. ദേശസ്വാതന്ത്ര്യത്തിൽ തുടങ്ങുന്ന കഥ മുഖ്യമായും പ്രശ്നവല്ക്കരിക്കുന്നത് സ്ത്രീയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തന്നെയാണ്. വൃദ്ധ പെൺകുട്ടിയോട് ആദ്യം ചോദിക്കുന്നത് കുട്ടി എഴുതുമോ എന്നാണ്. ഈ ചോദ്യം വളരെ പ്രധാനമാണീ കഥയിൽ. എഴുത്ത് ഒരർഥത്തിൽ സ്വാതന്ത്ര്യം തന്നെയാണ്. സ്വയം ആവിഷ്കരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഉയർന്ന തലമാണല്ലോ. എഴുത്തുകാരി അല്ലെങ്കിൽ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരു സ്ത്രീയുടെ അനുഭവം പൊതു സ്ത്രീ അനുഭവത്തിൽ നിന്നു ഭിന്നമാണ്. 90 ശതമാനം സ്ത്രീകളും കണ്ടീഷൻഡ് ആണ്. അസ്വാതന്ത്ര്യം സ്വാതന്ത്ര്യമായവർ തെറ്റിദ്ധരിക്കുന്നു. പെണ്ണായാൽ ചോറും കറീം വെക്കണം, പെറണം എന്ന പൊതു ബോധത്തിൽ നിന്നും നമ്മൾ മാറിയിട്ടുണ്ടോ? പെൺകുട്ടികൾക്ക് സന്ധ്യകഴിഞ്ഞാലും പുറത്തിരങ്ങാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഒരു ചർച്ച ക്ലാസ്സിൽ ഉയരട്ടെ. ആൺകുട്ടികളെക്കാൾ ശക്തമായി അധ്യാപികമാരും പെൺകുട്ടികളുമൊക്കെയാവും അതിനെ എതിർക്കുക. എന്നാൽ ആത്മബോധം ഉള്ള ഒരു പെൺകുട്ടി ഒരു പക്ഷേ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചേക്കാം. എന്നാൽ അടിമത്തം ആഘോഷമാക്കിയ നമ്മുടെ ബഹളങ്ങളിൽ ആ ശബ്ദം നിശ്ശബ്ദമായേക്കും. ആത്മബോധമുള്ള സ്ത്രീകൾ എന്ന നിലയിലാണ് വൃദ്ധയും പെൺകുട്ടിയും ഐക്യപ്പെടുന്നത്.
ഓർമ്മയുടെ ഞരമ്പ് എന്നത് കഥയിൽ ഉപയോഗിക്കുന്ന ഒരു രൂപകമാണ്. വൃദ്ധയെ സംബന്ധിച്ച് ഈ ഞരമ്പ് അവർക്ക് വളരെ പ്രധാനമാണ്. ഈ ഓർമ്മ അവർക്ക് ജീവിതം തന്നെയാണ്. ഓർമ്മ കേവലം വൈയക്തികമായ ഒന്നല്ല എന്നു നാം നേരത്തേ സൂചിപ്പിച്ചു. അതുകൊണ്ട് ഓർമ്മ ഇവിടെ ചരിത്രം തന്നെയാണ്. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ കലാപം മറവിക്കെതിരെയുള്ള കലാപമാണെന്ന മിലാൻ കുന്ദേരയുടെ വാക്കുകൾ ഓർക്കുക. അതുകൊണ്ടാണ് ഓർമ്മകളുണ്ടായിരിക്കണം എന്ന വാക്കിന് അത്രമേൽ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. വേലക്കാരി ഉറങ്ങാനുള്ള മരുന്ന് കഴിച്പ്പിച്ചിട്ടും വൃദ്ധ അബോധത്തിലും മറവിയുമായി യുദ്ധം ചെയ്യുന്നതു നാം കാണുന്നു. പെൺകുട്ടി വൈകിയ രാത്രിയിലും കണ്ണാടിക്കുമുമ്പിൽ ഉറങ്ങാതെ നിൽക്കുന്നത് ഭർത്താവിനെ കാത്തല്ല, മറിച്ച് തന്റെ ഞരമ്പ്, ഓർമ്മയുടെ ഞരമ്പ് അന്വേഷിച്ചാണ്. അടിമത്തത്തിന്റെ സുഖാലസ്യത്തിലേക്കല്ല, സ്വാതന്ത്ര്യത്തിന്റെ ജാഗ്രതയിലേക്ക് പെൺകുട്ടി എത്തിപ്പെടുന്നു. കണ്ണാടി ആത്മബോധത്തിന്റെ പ്രതീകം കൂടിയാണല്ലോ. അധികാരത്തിന്റെ പ്രയോക്താവായ ശ്രീജിത്തിനു മുന്നിൽ പെൺകുട്ടി വേവലാതിപ്പെടുന്നത് ഈ ഓർമ്മ തനിക്കു നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ്. വൃദ്ധയുടെ ഓർമ്മയെയും അധികാരത്തിനെതിരായുള്ള സ്ത്രീയുടെ കലാപമായി വായിക്കുമ്പോൾ മാത്രമേ ഈ കഥയുടെ വായന പൂർണ്ണമാവുകയുള്ളൂ.
എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യം അവരുടെ രചനയിലെ സാഡോ മസോക്കിസ്റ്റ് സ്വഭാവമാണ്. കുറുക്കു മുരുകുന്നതിനെക്കുരിച്ചുള്ള അവരുടെ വിവരണം നോക്കുക. ഇതിന്റെ ഒരു വികാസം തന്നെയല്ലേ ആരാച്ചാരിലുമുള്ളത്?

18 അഭിപ്രായങ്ങൾ:

  1. നന്നായി എഴുതി. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  2. നമസ്ക്കാരം ..
    അങ്ങിങ്ങ് കുറച്ച് അക്ഷരപ്പിശകുകൾ ഉണ്ടെന്നതൊഴിച്ചാൽ നല്ലപഠനം തന്നെ.
    അഭിനന്ദനങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  3. നന്നായി വിശദീകരിക്കാൻ സാധിച്ചു

    മറുപടിഇല്ലാതാക്കൂ
  4. ഗംഭീരമായി അവലോകനം നടത്തി .. ഇനി ഇത് വായിക്കാതെ തരമില്ല

    മറുപടിഇല്ലാതാക്കൂ
  5. ഞാൻ ഒരു ഹയർ സെക്കണ്ടറി വിദ്യാർത്ഥി ആണ്! എനിക്ക് മലയാള കഥ ആയ "ഓർമയുടെ ഞരമ്പ്" വിശദീകരിച്ചു മനസിലാക്കി തന്നതിന് നന്ദി....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ ഒരു ഹയർസെക്കൻഡറി വിദ്യാർത്ഥി വിദ്യാർത്ഥിയാണ് എനിക്ക് മലയാളം കഥയായ ഓർമ്മയുടെ ഞരമ്പ് എന്ന കഥ വിശദീകരിച്ചു മനസ്സിലാക്കി തന്നതിന് നന്ദി

      ഇല്ലാതാക്കൂ
  6. നന്നായി വിശകലനം ചെയ്തു

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് ,വളയരമധികം മനസ്സിലാക്കാൻ സാധിക്കും നന്ദി ......

    മറുപടിഇല്ലാതാക്കൂ
  8. നല്ല ഭാവനത്‌മകമായ ആശയം. Thank you.

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്നായിട്ടുണ്ട്.
    ഞാൻ ഒരു ചോദിയം ചോദിച്ചാൽ പറയാമോ?

    മറുപടിഇല്ലാതാക്കൂ
  10. കെ ആർ മീരയുടെ ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ പരാമർശിക്കുന്ന മഹാകവി ആര്

    മറുപടിഇല്ലാതാക്കൂ