2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കടമ്മനിട്ടയുടെ കിരാതൻ

കടമ്മനിട്ടയുടെ കിരാതൻ
(മലയാളഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ ഹയർസെക്കന്ററി അധ്യപകർക്കായുള്ള ശിൽപ ശാലയിൽ കെ വി മണികണ്ഠദാസ് അവതരിപ്പിച്ച പ്രഭാഷണത്തിൽ നിന്ന്.)
കടമ്മനിട്ടയുടെ കിരാതവൃത്തം ധ്യാനത്തിന്റെ കവിതയല്ല ഈറ്റു നോവിന്റെ കവിതയാണ്. ഇതിൽ പ്രത്യക്ഷപ്പെടുന്നകാട്ടാളൻ നമ്മുടെ പൊതുബോധത്തിലുള്ള കാട്ടാളനല്ല. നല്ലവനായ കാട്ടാളനാണ്. മാനിഷാദ പ്രതിഷ്ഠാം...അല്ലയോ കാട്ടാളാ നിനക്കു പ്രതിഷ്ഠ ലഭിക്കാതെ പോകട്ടെ. കാട്ടാളനിൽ നിന്നു കവിയുണ്ടായി. അതിനർഥം കാട്ടാളനിൽ കവിയില്ല. കാട്ടാളനിൽ നിന്നുള്ള വലിയൊരു പരിവർത്തനമാണ് കവി. കാട്ടാളനിൽ നിന്നു കവിയുണ്ടാക്കുക എന്നതിൽ കാട്ടാളനെ നിരസിക്കലുണ്ട്. കാട്ടാളത്തം മോശമാണെന്ന ധ്വനിയുണ്ട്. രാമായണത്തിലൂടെ സഞ്ചരിച്ചാൽ ഒരു കറുത്ത കഥാപാത്രം അംഗീകരിക്കപ്പെടുന്നത് വിഭീഷണനാണ്. എന്നാൽ അദ്ദേഹത്തെ രാവണന്റെ ഗോത്രത്തിൽ പെടുത്താനാവില്ല. കാട്ടാളരാജാവായ ഗുഹനുണ്ട്. കാട്ടാളരിൽ നല്ല കഥാപാത്രം. എന്നാൽ ഗുഹൻ നല്ല കഥാപാത്രമാവുന്നത് രാമന്റെ ആശ്രിതദാസനായി നിൽക്കുന്നതുകൊണ്ടാണ്. ഇങ്ങോട്ടു വന്നുകഴിഞ്ഞാൽ ഉണ്ണായി വാര്യരിൽ കറുത്ത കാട്ടാളനുണ്ട്. എങ്ങിനെ നോക്കിയാലും നമ്മുടെ കേരളീയ സാഹിത്യചരിത്രമെടുത്തു നോക്കിയാൽ ഈ കാട്ടാളൻ പുറത്തു നിൽക്കുകയായിരുന്നു. ഈ കാട്ടാളനെ അകത്തു കൊണ്ടു വരികയാണ് കടമ്മനിട്ട ചെയ്തത്. കടമ്മനിട്ടയുടെ കവിതയിൽ കാണുന്ന കാട്ടാളൻ നമ്മുടെ ഭാരതീയസാഹിത്യ പാരമ്പര്യത്തിന്റെയോ കേരളീയ പാരമ്പര്യത്തിലെയോ കാട്ടാളനല്ല.
കടമ്മനിട്ട പറഞ്ഞ ആശയങ്ങൾ മുമ്പും പലരും പറഞ്ഞിട്ടുണ്ട്. വാഴക്കുലയിൽ, രമണനിൽ ഒക്കെ സാമൂഹിക അവസ്ഥകളോടുള്ള ഈ പ്രതിഷേധം നാം കാണുന്നുണ്ട്. എന്നാൽ രമണൻ എന്ന പേരു കൊണ്ടു പോലും അവിടെ കാട്ടാളന്റെ വിപരീതഭാവമാണ് നമുക്ക് അനുഭവപ്പെടുന്നത്. കേരളീയമായ പൊതുകവിതാസംസ്കാരത്തിന്റെ ഭാഗമായല്ല ഈ കാട്ടാളൻ കടന്നു വരുന്നത് എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ ഇതിനുള്ള ഒരു സാധ്യത കടമ്മനിട്ടയുടെ നാട്ടിലെ പടയണി പോലുള്ള കലാരൂപങ്ങളിൽ, നാടോടിക്കലാരൂപങ്ങളിൽ കാട്ടാളന്റെ പ്രാഗ്രൂപമെന്നു പറയാവുന്ന ചില കറുത്ത കഥാപാത്രങ്ങൾ വന്നു പോയിരുന്നു. അവർക്ക് നല്ല താളത്തിലുള്ള പാട്ടുകളുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളുടെ സ്വാധീനം അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ തെയ്യങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കാണാനാവും. എല്ലാ തെയ്യങ്ങളും വിഷ്ണുമൂർത്തികളല്ല. നമുക്ക് പറയാവുന്ന ഭാരതീയ പാരമ്പര്യത്തിലെ ഒരു കാട്ടാളൻ ശിവനാണ്. ഭാരതീയ പാരമ്പര്യത്തിൽ വന്ന വലിയൊരു തിരിവിന്റെ, വളവിന്റെ ഭാഗമായി ഈ ശിവൻ എന്ന കാട്ടാളൻ ആര്യവൽക്കരിക്കപ്പെട്ടു. ഈ ആര്യവൽക്കരണത്തോടെ അതിനു മുമ്പുണ്ടായിരുന്ന, കറുപ്പിനോടു ചാഞ്ഞു നിൽക്കുന്ന എല്ലാത്തിനെയും മാറ്റിയെടുക്കുന്നുണ്ട്. ശിവനെ ചുടല നർത്തകനായല്ല പിന്നെ നാംകാണുന്നത്. കറുപ്പു മോശമെന്ന ബോധം കൊണ്ടാവാം കൃഷ്ണനെ പിന്നീട് നീലക്കാർവർണ്ണനാക്കി മാറ്റുന്നുണ്ട്. ഇങ്ങനെ കറുപ്പിനെ മാറ്റിനിർത്തിയ ഒരു സംസ്കാരമാണ് ഭാരതീയ സംസ്കാരത്തിന്റെ പൊതു ധാര എന്നു പറയാം. അപ്പോൾ എവിടെ നിന്നാണ് കടമ്മനിട്ടയുടെ ഈ കാട്ടാളൻ വരുന്നത്? നാം നേരത്തേ പറഞ്ഞതു പോലെ നാടോടികലാരൂപങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധവും അവഗാഹവും ഇത്തരം ബിംബങ്ങൾ സ്വീകരിക്കന്നതിനു കാരണമായിട്ടുണ്ടാവാം. എന്നാൽ എനിക്കു തോന്നുന്നു കടമ്മനിട്ടയുടെ കാട്ടാളൻ യഥാർഥത്തിൽ കേരളത്തിൽ നിന്നു സ്വീകരിച്ച ഒന്നല്ല. ആഫ്രിക്കൻ കവിതയിൽ നിന്നു സ്വീകരിച്ചതാണ്. ഇതൊരു മോശം അർഥത്തിൽ പറയുന്നതല്ല. മോഷ്ടിച്ചു കൊണ്ടു വന്നു എന്ന അർഥത്തിലുമല്ല. തനിക്കു പറയാനുള്ള ചില കാര്യങ്ങൾ പറയാൻ കടമ്മനിട്ടയ്ക്ക് കാട്ടാളനെ വേണ്ടി വന്നു. കാട്ടാളനിലൂടെ പറയിച്ചാൽ മാത്രമേ അത് ശരിയാവൂ എന്ന ഒരു ഘട്ടം വന്നു. അറുപതുകളുടെ അവസാനമാണ് കാട്ടാളനും കിരാതവൃത്തവും എഴുതുന്നത്.
1920 കളിൽ തുടങ്ങി 1960 വരെ പ്രബലമായിരുന്ന, നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു വാക്കായിരുന്നു നെഗ്രിറ്റ്യൂഡ്. നീഗ്രോത്വം എന്നു സച്ചിദാനന്ദൻ വിവർത്തനം ചെയ്യുന്ന നെഗ്രിറ്റ്യൂഡ്എന്ന പ്രവണതയുടെ പ്രധാന വക്താവ് എയ്മേ സെസാർ ആണ്. ലോകത്തുണ്ടായ അംഗീകൃതമായ വർഗൈതിഹ്യങ്ങളൊക്കെ വെള്ളക്കാരന്റെയൊ സവർണ്ണന്റെയൊ ആയിരുന്നു. ഈ വർഗൈതിഹ്യങ്ങളിലൊക്കെ കറുത്തവൻ ശത്രുപക്ഷത്താണ്. എല്ലാ കഥകളിലും രാക്ഷസനെ കൊല്ലലാണ്. അവൻ അർഹിക്കുന്നത് മരണമാണ്. ആ മരണം സ്വീകരിക്കുക എന്നത് അയാളെ സംബന്ധിച്ച് ശ്രേയസ്ക്കരവുമാണ്. മരണം കൊണ്ട് അയാൾ ഗന്ധർവനാവും, മോക്ഷം ലഭിക്കും. അത് സപ്ലിമേറ്റ് ചെയ്യപ്പെടുന്നു. രാമനിങ്ങനെ രാക്ഷസരെ കൊല്ലുന്നുണ്ട്. രാമൻ വെളുത്തവനാണോ എന്ന ചോദ്യം വരാം. സവർണ്ണതയുടെയും അതുസൃഷ്ടിച്ച അധികാരഘടനയുടെയും അതി ശക്തനായ അവതാരരൂപമാണ് രാമൻ. ഈ രാമൻ കൊല്ലുന്നതോടുകൂടിയാണ് കറുത്തവന്, രാക്ഷസന് മോക്ഷം ലഭിക്കുന്നത്. ഇങ്ങനെ രൂപീകരിക്കപ്പെട്ട വർഗൈതിഹ്യങ്ങളിൽ പ്രബലങ്ങളായത് പിൽക്കാലത്ത് ലോകത്തിന്റെ സാമൂഹ്യ ഘടനയെയും സംസ്കാരഘടനയെയും രാഷ്ട്രീയ സ്വഭാവത്തെയും നിശ്ചയിക്കാൻ ശക്തമായിരുന്ന സവർണ്ണന്റെ വർഗൈതിഹ്യങ്ങളായിരുന്നു. ആ വർഗൈതിഹ്യങ്ങളെ തകർത്തു കൊണ്ടല്ലാതെ ഇനി ലോകത്തിനു മുന്നോട്ടു പോകാനാവില്ല എന്ന ഒരു ഘട്ടം വരുന്നു. അത് ഈ അധീശത്വത്തിനെതിരെ കറുത്തവനുണ്ടാകുന്ന തിരിച്ചറിവാണ്. ഫ്രഞ്ച് അധിനിവേശത്തിൽ പെട്ട് സർവവും നഷ്ടമായ ഒരു ജനതയ്ക്ക് എന്താണിനി ഭൂപടത്തിൽ സ്ഥാനം എന്നു ചിന്തിക്കാൻ തുടങ്ങുന്നിടത്തു നിന്നാണ് നെഗ്രിറ്റ്യൂഡ് എന്ന പ്രവണത ആരംഭിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളായിക്കൊണ്ടു മാത്രമേ നിൽക്കാൻ പറ്റുകയുള്ളൂ. ഫ്രഞ്ചു വേഷം ധരിച്ചാൽ ചിലപ്പോൾ മാന്യത കിട്ടിയേക്കാം. എന്നാലത് തങ്ങൾക്കു കിട്ടുന്ന മാന്യതയല്ല, ഫ്രഞ്ചു കുപ്പായത്തിനു കിട്ടുന്ന മാന്യതയാണ്. അത് ഞങ്ങൾക്കു വേണ്ട. ഞങ്ങൾ ഞങ്ങളായി നിന്നു കൊണ്ടു തന്നെ ചിലതു പറയാനുണ്ട്. പ്രവർത്തിക്കാനാണ്ട്.തിരിച്ചു പിടിക്കാനുണ്ട്. അത് കാട്ടാളന് കാട്ടാളനു കാട്ടാളനായി നിന്നു കൊണ്ടു തന്നെ പറയേണ്ടതാണ് എന്ന് നീഗ്രോ വിഭാഗത്തിനുണ്ടായ തിരിച്ചറിവിൽ നിന്നാണ് നെഗ്രിറ്റ്യൂഡ് ഉണ്ടാവുന്നത്.
ഇവിടെ സ്വാതന്ത്ര്യനന്തരം കമ്മ്യൂണിസ്റ്റു പാർട്ടികൾ വന്നു. രണ്ടാം ഘട്ടത്തിലും വന്നു. മോചനം കൊണ്ടു വരുമെന്നു വിചാരിച്ചിരുന്ന ഈ പ്രമാണത്തിൽ പലരും സംശയാലുക്കളായി. അതു സൃഷ്ടിച്ച അതൃപ്തി സമൂഹത്തിൽ ശക്തമായിരുന്നു. പിന്നെ ചെയ്യാനുള്ളത് സമൂഹത്തിന്റെ മൂല്യ ഘടനയെ തകർക്കുക എന്നതാണ്. നെഗ്രിറ്റ്യൂഡിന്റെ ഏറ്റവും വലിയ സ്വഭാവസവിശേഷതയായി പറയുന്നതും അക്രമോൽസുകതയാണ്. നിലവിലെ മൂല്യ ഘടനയെ അക്രമോൽസുകമായ മനോഭാവം കൊണ്ടും മനപരിവർത്തനം കൊണ്ടും മാത്രമേ മാറ്റാൻ കഴിയുകയുള്ളൂ എന്ന ഒരു ധാരണ കേരളത്തിലും പലരിലും ഉണ്ടായി. നക്സൽ മൂവ്മെന്റിന്റെ പശ്ചാത്തലം ഈയൊരു കവിതയ്ക്കുണ്ട്. ഡേവിഡ് ദിയോപിന്റെ ഒരു കവിത നോക്കുക.
വെള്ളക്കാരൻ എന്റെ അച്ഛനെ കൊന്നു. എന്റെ അച്ഛൻ തന്റേടിയായിരുന്നു. വെള്ളക്കാരൻ എന്റെ അമ്മയെ മയക്കിയെടുത്തു. എന്റെ അമ്മ സുന്ദരിയായിരുന്നു. വെള്ളക്കാരൻ എന്റെ ചേട്ടനെ ഉച്ചവെയിലിൽ ചുട്ടുകളഞ്ഞു. എന്റെ ചേട്ടൻ കരുത്തനായിരുന്നു. കറുത്തവന്റെ ചോരകൊണ്ട് ചുവന്ന കൈയുമായി വെള്ളക്കാരൻ എന്റെ നേരെ തിരിഞ്ഞു. ചക്രവർത്തിയുടെ ശബ്ദത്തിൽ കൽപ്പിച്ചു. ഹേ പയ്യൻ ഒര കസേര, ഒരു തോർത്ത്, ഒരു പാത്രം വീഞ്ഞ്. (രക്തസാക്ഷി)
എവിടെപ്പോയെന്റെ കിടാങ്ങൾ......തേൻ കൂടുകൾ തേടിപ്പോയോ...പൂക്കൂട നിറക്കാൻ പോയോ......ഇവിടെ വെള്ളക്കാരൻ എന്ന വാക്കുപയോഗിക്കുന്നില്ല. വേട്ടക്കാരൻ എന്ന വാക്കാണ് വരുന്നത്. വേട്ടക്കാരന്റെ കൈ വെട്ടുന്നതിൽ കുരലൂരിയെടുത്ത് കുഴലൂതുന്നതിൽ ഈ പറഞ്ഞ അക്രമോൽസുകത നാം കാണുന്നു.
പറഞ്ഞു വരുന്നത് കേരളീയമായ സാഹിത്യപാരമ്പര്യത്തിൽ നിന്നു സ്വീകരുച്ച ഒരു രൂപകമല്ല കാട്ടാളൻ എന്നാണ്. അത് കേരളീയ സാഹിത്യത്തെ പിൽക്കാലത്ത് സ്വാധീനിച്ച പാശ്ചാത്യസ്വാധീനവുമല്ല. അത് കറുത്തവരുടെ സംസ്കാരത്തിൽ നിന്ന് പ്രത്യയശാസ്ത്രത്തിൽ നിന്ന് കൊണ്ടു വരുന്നതാണ്. അവരെപ്പോഴും കറുപ്പിനെ ന്യായീകരിക്കുന്നു. ഓരോ വാക്കിലും ഓരോ ആശയത്തിലും കറുപ്പിനെ സ്ഥാപിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. കാരണം വെളുത്തവനുണ്ടാക്കിയതിനു ബദലായി മറ്റൊന്നവർ സ്ഥാപിച്ചെടുക്കുന്നു. വെളുത്തവനായതു കൊണ്ട് അവൻ സമ്പന്നനായി, സമ്പന്നനായതുകൊണ്ട് അവൻ വെളുത്തവനായെന്ന് മറ്റൊരു കവിതയിൽ പറയുന്നു. സമ്പത്തിലേക്കു പോകണമെങ്കിൽ വെളുത്തവനായാലേ പറ്റൂ എന്നു ചിന്തിക്കുന്ന കാലഘട്ടത്തിൽ വെളുപ്പിനെ തകർത്ത് അവിടെ കറുപ്പിനെ പ്രതിഷ്ഠിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. അതുകൊണ്ടവർ നിലാവിൽ നിൽക്കുന്ന പോപ്ലാർ മരങ്ങളെ സൗവർണ്ണ വസ്ത്രങ്ങൾ ധരിച്ച കറുത്ത ദൈവങ്ങളാണെന്നു പറയുന്നു. മരണത്തെക്കുറിച്ച് വെളുത്ത മരണം എന്നും അവർ പറയുന്നു. നാം കറുത്ത മരണം എന്നേ പറയൂ. അവർ വെളുത്ത മരണത്തിന്റെ വെളുത്ത ചിരി എന്നേ പറയൂ. നാം കറുത്ത മരണം എന്നു പറയുന്ന അതേഅർഥത്തിലാണ് ആഫ്രിക്കൻ കവി വെളുത്ത മരണം എന്നു പ്രയോഗിക്കുന്നത്. ഇങ്ങനെ കവിതയുടെയും സംസ്കാരത്തിന്റെയും തലത്തിൽ, ലാവണ്യശാസ്ത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമമാണ് നടന്നത്. പിന്നീട് പ്രസിദ്ധനായ നോബൽ സമ്മാനജേതാവായ വോൾ സോയങ്കയുടെ ടെലഫോൺ സംഭാണം എന്ന കവിതയുണ്ട്. കാപ്പിരിയായ ഒരു യുവാവ് ഒരു വെളുത്ത വീട്ടുടമയോട് സംസാരിക്കുന്നു. തനിക്ക് വീട് വേണം ഞാൻ കറുത്തവനാണ്. അപ്പോൾ ചോദ്യം വരുന്നു കറുത്തവനോ? എങ്ങിനെ കറുത്തവൻ? ഇളം കറുപ്പാണോ കടും കറുപ്പാണോ? ഈ കറുപ്പിനെക്കുറിച്ചു വിശദീകരിക്കാൻ വെള്ളക്കാരൻ പറയുന്നു. അവൻ പറയുന്നു എന്റെ കറുപ്പ് വിശദീകരിച്ചു തരാനെനിക്കു പറ്റില്ല. എന്റെ കറുപ്പ് കറുപ്പാണ്. വേണമെങ്കിൽ നിങ്ങൾ വന്നാൽ ഞാനെന്റെ ചന്തി കാണിച്ചു തരാം. ഇതൊരു തകർക്കലാണ്. നിലനിൽക്കുന്ന ലാവണ്യസങ്കൽപ്പങ്ങളെ കറുപ്പ് എന്ന വാക്കു കൊണ്ട് ചന്തി എന്ന വാക്കുകൊണ്ട് സവർണ്ണമായ ലാവണ്യസങ്കൽപങ്ങളെ ബോധപൂർവം തകർക്കുകയാണ്. നമ്മുടെ മണ്ണിനെ പെണ്ണിനെ സ്വന്തമാക്കിയത് ഭാഷയെ സംസ്കാരത്തെ ആചാരരീതികളെ മുഴുവൻ ഇല്ലായ്മ ചെയ്തത് വളരെ ബോധപൂർവമായ ബിംബനിർമ്മിതികളിലൂടെയാണ്. ഇവയെ തകർത്ത് തങ്ങളെ സ്ഥാപിക്കണമെന്ന വളരെ ബോധപൂർവമായ ചിന്തയുടെയും പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെയും ഭാഗമായാണ് ഇവിടെ കടമ്മനിട്ടയും കാട്ടാളനെ കൊണ്ടു വരുന്നത് എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടാണ് കടമ്മനിട്ടയുടെ കവിതയിൽ ഈറ്റപ്പുലിയുടെ രൗദ്രഭാവം കടന്നു വരുന്നത്. ഈറ്റപ്പുലി പെറ്റുകിടക്കുന്ന കണ്ണ്, കരിമൂർഖൻ വാലിൽ എഴുന്നേറ്റു നിൽക്കുന്ന വളഞ്ഞ പുരികം തുടങ്ങിയ വന്യ ബിംബങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നു. നിലവിലുള്ള കാവ്യബിബങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണവ എന്നും നാമോർക്കണം. കാവ്യപാരമ്പര്യത്തിന്റെ തുടർച്ച എന്നു പറയുമ്പോഴും വലിയെരു വിച്ഛിത്തി, ബ്രേക്ക് കൊണ്ടു വന്നു എന്നു പറയുന്നതും അതുകൊണ്ടാണ്. കറുപ്പിനെ പ്രധാനമാക്കുന്ന, നായകസ്ഥാനത്തു കൊണ്ടു വരുന്ന ഒരു പ്രതിലാവണ്യബോധം കവിതയിൽ കൊണ്ടു വരാനുള്ള വളരെ പ്രധാനമായ ശ്രമം കടമ്മനിട്ടയിലുണ്ട്. അക്രമോൽസുകത വളർത്തുന്ന ഒരു കവിതയല്ലേ ഇത് എന്നു ക്ലാസ്സിൽ കുട്ടികൾ സംശയം പ്രകടിപ്പിച്ചേക്കാം. എന്നാൽ അക്രമോൽസുകത കൊണ്ടുമാത്രമേ നിലവിലെ മൂല്യവ്യവസ്ഥയെ മാറ്റാൻ കഴിയൂ എന്നു വിശ്വസിക്കുന്ന ഒരു ഘട്ടത്തിൽ അങ്ങനെയേ ചിന്തിക്കാൻ പറ്റുകയുള്ളൂ. അതുപോലെ കടമ്മനിട്ടയിൽ ആവർത്തിച്ചു വരുന്ന സ്ത്രീത്വം ആണ്. ഈ കവിതയിൽ പ്രത്യക്ഷപ്പെടുന്നത് അമ്മയാണ്. അമ്മയുടെ വേദനയാണ് ചാട്ടുളിയായി പതിക്കുന്നത്. കടമ്മനിട്ടയുടെ കവിതയിൽ വരുന്ന രണ്ടു സ്ത്രീ, പ്രചോദന കേന്ദ്രമോ ഊർജകേന്ദ്രമോ ആയിട്ടുള്ള അമ്മയും പിന്നെ ഇണയുമാണ്. ഭാര്യയല്ല, കാമുകിയല്ല. ഭാര്യ, കാമുകി എന്നതൊക്കെ വ്യവസ്ഥാപിത സമൂഹസങ്കൽപ്പങ്ങളിൽ പെടുന്ന ഒന്നാണ്. ഇണ എന്നു പറയുന്നത് വളരെ പ്രാക്തനവും സ്വതന്ത്രവുമായ ഒന്നാണ്. പുരുഷനും സ്ത്രീയും ചേരുമ്പോൾ മാത്രമേ പൂർണ്ണതയുണ്ടാവൂ എന്ന സങ്കൽപ്പവും കടമ്മനിട്ടയിലുള്ളതു കൊണ്ടുമാവാം പുരുഷന്റെ ഊർജപ്രവാഹത്തിനുള്ള ശക്തിയയി സ്ത്രീ എപ്പോഴും പ്രത്യക്ഷപ്പെടുന്നതു കാണാം. പുരുഷസൂക്തത്തിലും കാട്ടാളനിലും പ്രത്യക്ഷപ്പെടുന്ന രതിബിംബങ്ങൾ ഓർക്കുക. ഈ രതി കവിതയിലാകുമ്പോൾ അതു കേവലം രതിയല്ല പുതിയൊന്നിന്റെ സൃഷ്ടിയായ വിപ്ലവം തന്നെയാണ്. ചരിത്രത്തിന്റെ രതിമുഹൂർത്തത്തെ വിപ്ലവമായി മാറുന്നു. ഈ വിപ്ലവത്തിനു ശേഷം ഒരു സൃഷ്ടിയുണ്ടാകുന്നു. പെയ്യുന്ന മഴയും പുതിയമുളകൾ പൊട്ടുന്നതും ഈ കവിതയിൽ നാം കാണുന്നു.
രണ്ട് അവസ്ഥാന്തരങ്ങൾ ഈ കവിതയിലുണ്ട് എന്നതും ഓർക്കുക. കവിതയുടെ വർത്തമാനം ഗ്രീഷ്മമാണ്. കരിമേഘം ചത്തുകിടക്കും കാകോളക്കടൽ. കറുപ്പുതന്നെയാണ് മഴയായി പെയ്യുന്നത്, അമ്മയുടെ മനസ്സിൽ കനലാണ്, നീറായ വനമാണ്, ചുട്ടുപൊള്ളിക്കുന്ന ഒരു ഗ്രീഷ്മകാലമാണ് കവിതയുടെ വർത്തമാനം. എന്നാൽ അദ്ദേഹം പ്രതീക്ഷിക്കുന്ന നല്ല കാലം വർഷമാണ്. കടമ്മനിട്ടക്കവിതകളിൽ അവസാനം ഒരു വർഷപ്പെയ്ത്തുണ്ട്. അതോടുകൂടിയാണ് പുതിയ ചന്ദ്രനും പുതിയ സൂര്യനും പുതിയ ഭൂമിയും ഉദിക്കുന്നത്. ഗ്രീഷ്മത്തിന്റെ ചൂടിൽ മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് കിരാതവൃത്തം. ജലബിംബങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിച്ചു വരുന്നതും അതുകൊണ്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ