2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പ്രകാശം ജലം പോലെയാണ്‌

ഈ ലക്കം മലയാളം വാരികയില്‍ വന്ന ലേഖനം
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥ മാജിക്കല്‍ റിയലിസത്തിന് മികച്ച ഉദാഹരണമായി പല നിരൂപകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ഹയര്‍ സെക്കന്ററി മലയാളം പാഠപുസ്തകത്തില്‍ അത് ഇടം പിടിച്ചിട്ടുമുണ്ട്. ആ കഥയിലൂടെയുള്ള ഒരു സഞ്ചാരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം പാഠപുസ്തകത്തില്‍ കഥചേര്‍ക്കുമ്പോള്‍ നിരുത്തരവാദപരമായി നടത്തുന്ന സെന്‍സറിങ്ങുകള്‍ കഥയുടെ ആത്മാവിനെ എങ്ങിനെ നശിപ്പിക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണവും.
ടോട്ടോ, ജോവല്‍ എന്നീ രണ്ടു കുട്ടികളാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. നല്ല ഗ്രേഡു വാങ്ങിയാല്‍ ബോട്ടുവാങ്ങിത്തരണമെന്ന നിര്‍ദ്ദേശം കുട്ടികള്‍ രക്ഷിതാക്കളുടെ മുന്നില്‍ വെക്കുന്നു. പുഴയോ കടലോ ഇല്ലാത്ത മാഡ്രിഡിലെ ഒരു അഞ്ചാം നില അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ഈ കുട്ടികളുടെ ആവശ്യം വിചിത്രമാണെങ്കിലും രക്ഷിതാക്കള്‍ അതെല്ലാം സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാര്‍ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളില്‍ കുട്ടികള്‍ ബള്‍ബുകള്‍ പൊട്ടിച്ച് അതില്‍ നിന്നും പുറത്തേക്കൊഴുകുന്ന പ്രകാശത്തില്‍ തോണിയിറക്കുന്നു. മറ്റൊരു ദിവസം അവരുടെ കൂട്ടുകാരായ രണ്ടു ക്ലാസ്സിലെ കുട്ടികള്‍ അവിടെയെത്തി ഈ കൃത്യത്തില്‍ പങ്കു ചേരുകയും ഒരേ സമയം എല്ലാവരും ഒന്നിച്ചു ബള്‍ബ് പൊട്ടിച്ചപ്പോഴുണ്ടായ പ്രകാശത്തിന്റെ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിക്കുകയും ചെയ്യുന്നു. ഇതാണ് കഥയുടെ ചുരുക്കം. മാര്‍ക്കേസിനെപ്പോലൊരു എഴുത്തുകാരന്റെ കഥ ചുരുക്കിപ്പറയുന്നതിന്റെ അനൗചിത്യം ഓര്‍ക്കായ്കയല്ല.
പ്രത്യക്ഷത്തില്‍ വിചിത്രമാണീ കഥ. ഇത്തരം വൈചിത്ര്യങ്ങള്‍ നമുക്ക് അപരിചിതമല്ല. നമ്മുടെ നാടോടിക്കഥകളും അനേകമായ ഐതിഹ്യങ്ങളും ഇത്തരം മാന്ത്രികസങ്കല്‍പ്പങ്ങള്‍ കൊണ്ട് സമ്പന്നമാണ്. സ്ഥലകാലങ്ങളുടെ അതിരുകളെ മായ്ചു കളഞ്ഞാല്‍ നമുക്കിത് മാന്ത്രികമല്ല, യാഥാര്‍ഥ്യം തന്നെയായി മാറും. കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ യുക്തിഭദ്രമായ ഒരു ഭാവനയും അയഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യമായി കാണാന്‍ കഴിയുന്ന ഒരു ഭാവനയും നമുക്കുണ്ട്. പണ്ട് എന്ന ഒരൊറ്റ വാക്കു കൊണ്ട് നാമതിന് അതിര്‍ത്തി നിശ്ചയിച്ച് യുക്തിഭദ്രമാക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ഇന്നലെ ഒരു രാജകുമാരന്‍ പറക്കും പരവതാനിയില്‍ സഞ്ചരിക്കുകയായിരുന്നു എന്നു വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രശ്‌നം പണ്ട് പണ്ട് ഒരു രാജകുമാരന്‍ എന്നു പറയുമ്പോഴേക്കും പരിഹരിച്ചു കഴിഞ്ഞു. പണ്ട് എന്നത് ഏത് അസാധ്യതകളെയും സാധ്യമാക്കുന്ന കാലമായി മാറുന്നു. ഈ പണ്ട് അതീത ഭൂതകാലമൊന്നും ആകണമെന്നില്ല. കാലത്തിന്റെ ഈ അതിര്‍ത്തികള്‍ മായ്ചുകളയാനായാല്‍ മാജിക്കല്‍ എന്നു വിശേഷിപ്പിക്കേണ്ടതില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ തന്നെയായി മാറും പലതും എന്നാണ് സൂചിപ്പിച്ചത്.
രണ്ടു ഭൂഖണ്ഡങ്ങള്‍ ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ കുടുംബം താമസിക്കുന്ന സ്‌പെയിനിലെ ഇടുങ്ങിയ അപ്പാര്‍ട്ടുമെന്റിനും അവര്‍ വിട്ടു പോന്ന കടല്‍തീരത്തുള്ള വീടിനും (ലാറ്റിനമേരിക്ക)ഈ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. കാര്‍ടജിനെ എന്ന തുറമുഖ നഗരത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ താമസിക്കുന്നത് യൂറോപ്യന്‍ പരിഷ്‌കൃത നഗരത്തിലാണെങ്കിലും അഞ്ചാം നിലയിലെ ഇടുങ്ങിയ ആ അപ്പാര്‍ട്ടുമെന്റ് അവരെ ശ്വാസം മുട്ടിക്കുന്നതാണ്. വിട്ടുപോന്ന ആ ഭൂഭാഗത്തിലേക്കു തിരിച്ചു ചെല്ലണമെന്ന കുട്ടികളുടെ തീവ്രമായ ആഗ്രഹം ഈ കഥയില്‍ മുഖ്യമാണ്. ഈ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ കൊളോണിയല്‍ ആധിപത്യത്തിന്റെ സൂചനയുണ്ട്. നഷ്ടപ്പെട്ട ഭൂപ്രദേശത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. അവര്‍ വളരെ മിടുക്കരായ കുട്ടികളൊന്നുമല്ല. എന്നാല്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ ടീച്ചറുടെ കസേരപോലും തട്ടിക്കൊണ്ടു വരാന്‍ മാത്രം നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തീവ്രാഭിനിവേശമായി, കൊണോണിയല്‍ കാലത്തോടുള്ള പ്രതിഷേധമായി, അവര്‍ വിട്ടുപോന്ന നാട്ടിലേക്കു തിരിച്ചു പോകാനുള്ള ആഗ്രഹത്തെ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരുടെ കളികളും സാഹസികതയുമെല്ലാം ഈ രണ്ടു ലോകങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളോടുള്ള പ്രതികരണമത്രെ.
ജീവിക്കാന്‍ നിര്‍ബന്ധിതമായ ഈ പരിഷ്‌കൃത ദേശത്തോടുള്ള പ്രതിഷേധവും അതിനു കാരണക്കാരായ രക്ഷിതാക്കളോടും വ്യവസ്ഥയോടുമുള്ള എതിര്‍പ്പും അവരുടെ പ്രവര്‍ത്തികളിലുണ്ട്. രക്ഷിതാക്കള്‍ സിനിമ കാണാന്‍ പോകുന്ന ബുധനാഴ്ചകളില്‍ അവര്‍ വീടിന്റെ സര്‍വാധികാരികളാവുന്നു. കൂടുതല്‍ സാഹസികമായ പുതിയ ലോകങ്ങളിലേക്ക് അവര്‍ സഞ്ചരിക്കുന്നു. സിനിമ കാണലിലൂടെ മുതിര്‍ന്നവരും മറ്റൊരു ലോകത്തെയാണ് തേടുന്നത്. രണ്ടു സിനിമകളുടെ പേരുകള്‍ മാര്‍കേസ് കഥയില്‍ സൂചിപ്പക്കുന്നുണ്ട്. ലാസറ്റ് ടാംഗോ ഇന്‍ പാരീസും ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സും. (സംവിധായകര്‍ യഥാക്രമം ബര്‍ട്ടുലൂച്ചി, ഗില്ലോ പൊന്റികോര്‍വോ!) രണ്ടും കലാപരമായ ഔന്നത്യമുള്ള സിനിമകള്‍. ഒരാള്‍ കാണുന്ന സിനിമയായാലും വായിക്കുന്ന പുസ്തകമായാലും അതയാളുടെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചന കൂടിയാണെന്നു വ്യക്തമാണല്ലോ. ആദ്യത്തെ സിനിമ ലൈംഗികത കൊണ്ട് വിവാദമായതാണ്. രണ്ടാമത്തേതാകട്ടെ അള്‍ജീരിയയുടെ ഐതിഹാസികമായ കോളനി വിരുദ്ധസമരവുമായി ബന്ധപ്പെട്ടതും. ഇവ മാര്‍കേസ് ഉപയോഗിച്ചത് വെറുതെയാവില്ല. ലൈംഗികതയുടെയും വിമോചനത്തിന്റെയും ലോകത്തിലേക്കു സിനിമയിലൂടെ സഞ്ചരിക്കുന്ന മുതിര്‍ന്നവര്‍ നഷ്ടപ്പെട്ട ഭൂതകാലത്തെ വിസ്മരിക്കാന്‍ ശ്രമിക്കുകയാണോ? അതോ ലൈംഗികതയും വിമോചനസ്വപ്നങ്ങളും നിറഞ്ഞ സിനിമകളിലൂടെ മറ്റൊരു ലോകം സൃഷ്ടിക്കുകയോ? ധ്വനിസാന്ദ്രമായ ഇത്തരമൊരു കഥയെ വിശകലനം ചെയ്യുമ്പോള്‍ തീര്‍പ്പുകളെക്കാള്‍ സാധ്യതകള്‍ക്കാണു പ്രാധാന്യംനല്‍കേണ്ടത്.
കുട്ടികള്‍ സാഹസികതയിലൂടെ അവര്‍ക്കു നഷ്ടമായ ഗൃഹാതുരത്വമാര്‍ന്ന കാര്‍ടജിനയിലെ ഭൂതകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ജലസമൃദ്ധി നിറഞ്ഞ, മോഹിപ്പിക്കുന്ന ആ പ്രദേശത്തെ തിരിച്ചു പിടിക്കാനുള്ള സാഹസവൃത്തികളാണല്ലോ കഥയുടെ കാതല്‍. കാര്‍ടജിനയിലെ ജലസമൃദ്ധിക്കതിരെ മാഡ്രിഡിലുള്ളത് ഷവറില്‍ നിന്നുള്ള അല്പ ജലമാണ്. അനന്തതയുടെയും സാഹസികതയുടെയും ഭാവനയുടെയും സാധ്യതകളായി ജലം ഇവിടെ പ്രത്യക്ഷപ്പെടുന്നു. പ്രകാശസമ്പന്നമായ പുതിയ ലോകത്തെ കുട്ടികള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചു ക്രമപ്പെടുത്തുന്നു. പ്രകാശത്തെ അവര്‍ ജലമാക്കി മാറ്റുന്നു.
അതിരുകളില്ലാത്ത അവരുടെ സാഹസികത ജെറാനിയം ചെടിച്ചട്ടിയില്‍ മൂത്രമൊഴിക്കുന്നതിലും സ്‌കൂള്‍പാട്ടിലെ വരികള്‍ മാറ്റിപ്പാടി ഹെഡ്മാസ്റ്ററെ കളിയാക്കുന്നതിലും ഒതുങ്ങുന്നില്ല. വിലക്കുകള്‍ ലംഘിച്ച് അവ മറ്റൊരു തലത്തിലേക്കെത്തുന്നതിന്റെ സൂചനകള്‍ ഇനിയുമുണ്ട്. അച്ഛന്റെ മദ്യം കട്ടുകുടിച്ചതിനെക്കുറിച്ച്, ടെലിവിഷനിലെ മുതിര്‍ന്നവര്‍ക്കായുള്ള പാതിരാപ്പടത്തിലെ ദൃശ്യങ്ങളെക്കുറിച്ച്, ഒഴുകി നടക്കുന്ന ഗര്‍ഭനിരോധന ഉറകളെക്കുറിച്ചെല്ലാമുള്ള സൂചനകള്‍ മറ്റെന്താണ്?
അയുക്തികമോ വിശദീകരണക്ഷമമല്ലാത്തതോ ആയ അനുഭവങ്ങള്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. അതാകട്ടെ ആ നാടിന്റെ സവിശേഷത കൂടിയാണ്. മലയാളികള്‍ മാര്‍കേസിനെ ഏറെ കൊണ്ടാടിയതിനു പിന്നില്‍ മാജിക്കല്‍ റിയലിസത്തോടുള്ള ഈയൊരഭിനിവേശം കൂടിയുണ്ട്. മാജിക്കല്‍ റിയലിസമെന്നത് ലാറ്റിനമേരിക്കയയുടെ കണ്ടു പിടുത്തമല്ല. അവരെ സംബന്ധിച്ച് അത് യാഥാര്‍ഥ്യം തന്നെയാണ്. ചെറിയൊരുദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം. പേഗന്‍ വിശ്വാസങ്ങളുടെ ശേഷിപ്പുകള്‍ യഥേഷ്ടമുള്ള നമ്മുടെ ഭാവനയുടെ സ്വാതന്ത്ര്യം യൂറോപ്യന് അപരിചിതമാണ്. കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ആസ്വാദനബോധമാണ് യാഥാര്‍ഥ്യം മാന്ത്രികം എന്നൊക്കെയുള്ള അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത്.
പേഗന്‍ വിശ്വാസധാരകളെ മുച്ചൂടും നശിപ്പിച്ച ഏകശിലാത്മകമായ യൂറോപ്യന്‍ ഭാവമണ്ഡലത്തിന് നമ്മുടെയോ ലാറ്റിനമേരിക്കയുടെയോ ഇത്തരം അനുഭവമണ്ഡലങ്ങളെ പ്രാകൃതമായോ വിചിത്രമായോ മാത്രമേ കാണാന്‍ കഴിയൂ. അതുകൊണ്ടാണ് അവരീ റിയലിസത്തെ മാജിക്കല്‍ ആക്കുന്നത്. ലാറ്റിനമേരിക്കയ്ക്ക് അത് മാജിക്കല്ല, അവരുടെ യാഥാര്‍ഥ്യം തന്നെയാണ്. പൂതപ്പാട്ടും യയാതിയും നാം മാന്ത്രിക കൃതികളായല്ല വായിക്കുന്നത്. നമുക്കത് യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന മറ്റൊരു യാഥാര്‍ത്ഥ്യമാണ്. മാടനും മറുതയും യക്ഷിയും ചാത്തനും ഈയടുത്തകാലം വരെ നമുക്കിടയിലെല്ലാമുണ്ടായിരുന്നു. ഇന്നും സൂക്ഷിച്ചൊന്നു നോക്കിയാല്‍ അവരെ കണ്ടെത്താനാവും. പിതൃക്കളായി വരുന്ന കാക്ക, വിരുന്നറിയിക്കുന്ന കാക്ക, മരണത്തിന്റെ സൂചന നല്‍കുന്ന കാലന്‍ കോഴി, ഒടി വിദ്യകള്‍, മന്ത്രിച്ച് ഊതല്‍, മരിച്ചു പോയവര്‍ ബാധകളായി വെളിച്ചപ്പെടല്‍, കരിനാക്ക്, കരിങ്കണ്ണ്, പൂച്ചയും ഗൗളിയും നല്‍കുന്ന ശകുനങ്ങള്‍ തുടങ്ങി എന്തെല്ലാം സങ്കല്പങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ചുറ്റപാടെന്നു ചിന്തിച്ചിട്ടുണ്ടോ? മാര്‍ക്കേസും ഇത്തരം ശകുനങ്ങളിലെല്ലാം ശക്തമായ വിശ്വാസം വെച്ചു പുലര്‍ത്തുന്നയാളാണെന്നതും ഓര്‍ക്കുക. ജനനം മുതല്‍ മരണം വരെയുള്ള അനേകം ചടങ്ങുകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ യുക്തിയുടെ കോലുകൊണ്ടല്ല നാമളക്കാറ്. തെയ്യത്തെയോ തിറയെയോ പടയണിയെയോ നാം സമീപിക്കുന്നത് ചരിത്രം,ഐതിഹ്യം, സൗന്ദര്യം, വിശ്വാസം ഇവയെല്ലാം കൂടിക്കലര്‍ന്ന ഒരു മനോഭാവത്തോടെയാവും. ഒരു നിരീശ്വരവാദിക്ക് വിശ്വാസമൊഴിച്ച് അതിലെ മറ്റു ഘടകങ്ങള്‍ സ്വീകരിക്കാം. എന്നാല്‍ പാശ്ചാത്യന് വിഢ്ഢിത്തം നിറഞ്ഞ കോമാളിക്കാഴ്ചകളായി തോന്നാനുള്ളസാധ്യത ഏറെയാണ്.
ലാറ്റിനമേരിക്ക പോലെ കൊളോണിയലിസം ഇത്രയധികം ചവിട്ടിമെതിച്ച ഭൂപ്രദേശമില്ല. തുടര്‍ന്നു വന്ന ഏകാധിപതികളായ ഭരണാധികളാകട്ടെ ആ തകര്‍ച്ച പൂര്‍ണ്ണമാക്കുകയും ചെയ്തു. കെട്ടുകഥകളെക്കാള്‍ വിചിത്രമായിരുന്നു പലഭരണാധികാരികളുടെയും ജീവിതം. സ്വന്തം മരണം അഭിനയിച്ച് അതു ജനം ആഘോഷിക്കുന്നതു കണ്ടപ്പോള്‍ അവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട വെനിസ്വേലന്‍ പ്രസിഡന്റ് വിന്‍സന്റ് ഗോമസ്, യുദ്ധത്തില്‍ നഷ്ടപ്പെട്ട കാല് സൂക്ഷിച്ചു വെച്ച് അധികാരത്തിലെത്തിയപ്പോള്‍ ആഘോഷപൂര്‍വം അതു സംസ്‌കരിച്ച സാന്താ ആന്നാ (പിന്നീട് സ്ഥാനഭ്രഷ്ടനായപ്പോള്‍ ജനങ്ങള്‍ കാല് വലിച്ചെടുത്തു പുറത്തിട്ടു. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഒരാശ്രിതന്‍ സൂക്ഷിച്ചു വെച്ച കാല് വീണ്ടും ഔദ്യോഗികമായി സംസ്‌കരിച്ചു.) തുടങ്ങി അനേകം ഏകാധിപതികളെക്കൊണ്ടു സമ്പന്നമാണ് ലാറ്റിനമേരിക്ക. അതുകൊണ്ടാണ് തങ്ങള്‍ എഴുതുന്നത് ഭാവനയല്ല യാഥാര്‍ഥ്യം തന്നെയാണെന്ന് മാര്‍ക്കേസ് പറഞ്ഞത്. ഡിക്ടേറ്റര്‍ഷിപ്പ് നോവല്‍ എന്ന പ്രസ്ഥാനം തന്നെ ലാറ്റിനമേരിക്കയിലുണ്ടായി. മാര്‍ക്കേസിന്റെ ഓട്ടം ഓഫ് ദ പാട്രിയാര്‍ക്ക്, അലെജോ കാര്‍പന്ത്യരുടെ റീസണ്‍സ് ഓഫ് സ്റ്റേറ്റ്, അഗസ്‌തോ റോ ബാസ്‌തോസിന്റെ ഐ ദ സുപ്രീം, മരിയാ വര്‍ഗാസ് യോസയുടെ ഫീസ്റ്റ് ഓഫ് ദ ഗോട്ട് തുടങ്ങി ഇത്തരം നോവലുകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്.
മാര്‍ക്കേസടക്കമുള്ള എഴുത്തുകാര്‍ കോളനിവല്‍ക്കരണത്താല്‍ ചൂഷണം ചെയ്യപ്പെട്ട, ഭാഷയുടെയും സംസ്‌കാരത്തിന്റെയും മേല്‍ കൈയേറ്റം ചെയ്യപ്പെട്ട, ഏകാധിപതികളുടെ ദീര്‍ഘകാല ഭരണത്തില്‍ ഭീതിയിലുറഞ്ഞു പോയ ലാറ്റിനമേരിക്കയുടെ സന്തതികളാണ്. കോളനീകരണം കൊണ്ട് ഭൗതികമായി ദരിദ്രമാക്കപ്പെട്ടെങ്കിലും അതിനെതിരെ നിര്‍ത്താന്‍ തങ്ങളുടെ മാനസിക ലോകങ്ങള്‍, ഭാവനാമണ്ഡലങ്ങള്‍ അത്രമേല്‍ സമ്പന്നമാണെന്ന കാഴ്ചപ്പാട് മാര്‍ക്കേസ്, ജോര്‍ജ് അമാദോ, ഇസബെല്‍ അലന്‍ഡേ തുടങ്ങി അനേകം ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടാണ് മാജിക്കല്‍ റിയലിസം കോളനീകരണത്തിനെതിരായ, യൂറോപ്പിന്റെ ശാസ്ത്രീയവും യുക്തിയിലധിഷ്ഠിതവുമായ ആസ്വാദനബോധത്തിനെതിരായ പ്രതികരണമാണെന്നു വിശേഷിപ്പിക്കപ്പെടുന്നതും.
ഇത്തരം ആശയങ്ങളെ ഉറപ്പിക്കുന്ന തരത്തിലാണ് കഥ അവസാനിക്കുന്നതും. ഈ വാക്യം നോക്കുക.. സ്‌പെയിനില്‍ പൊളളുന്ന വേനലും മഞ്ഞും കാറ്റുമുള്ള നദിയോ കടലോ ഇല്ലാത്ത, പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണ് ഇതു നടന്നത്. അപ്പോള്‍ എന്താണീ പ്രകാശത്തില്‍ തുഴയുന്ന ശാസ്ത്രം? പ്രകാശത്തില്‍ തുഴയുന്നത് നമ്മുടെ സാമാന്യയുക്തിക്കു വഴങ്ങുന്നതല്ല. യുക്ത്യധിഷ്ഠിതമായ സമീപനമാണല്ലോ ശാസ്ത്രത്തിന്റേത്. ഉപരിതലങ്ങളേക്കാള്‍ ആഴങ്ങള്‍ പ്രധാനമായ മറ്റൊരു ലോകം സൃഷ്ടിക്കാന്‍ മാനസികവ്യാപാരങ്ങള്‍ക്ക്, അതിന്റെ വന്യഭാവനകള്‍ക്കു കഴിയുമെന്നും അത് യുക്തിയുടെ നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്ത മറ്റൊരു ശാസ്ത്രം തന്നെയാണെന്നുമുള്ള സൂചനയല്ലേ ഈ കഥാന്ത്യം? പ്രകാശത്തില്‍ തുഴവള്ളമിറക്കുന്ന ശാസ്ത്രത്തില്‍ പ്രാവീണ്യമില്ലാത്ത മാഡ്രിഡ് എന്ന വിശേഷണം മറ്റെന്താണ്? മാഡ്രിഡിന് അന്യമായ ഈ ശാസ്ത്രം ലാറ്റിനമേരിക്കന്‍ മനസ്സിന് സ്വാഭാവികമാണ്.
കടല്‍ ആഴം നിറഞ്ഞ നിഗൂഢതകളെ ഉള്ളില്‍ പേറുന്ന മാന്ത്രികലോകമാണ്. ഈ പാതാളലോകം നമുക്കും പരിചിതമാണല്ലോ. ഉപരിപ്ലവവും മടുപ്പിക്കുന്നതുമായ യാഥാര്‍ഥ്യത്തിന്റെ അടയാളമായ കരയ്‌ക്കെതിരെ(മാഡ്രിഡ്-യൂറോപ്പ്) നിഗൂഢതകള്‍ ഉള്ളില്‍പേറുന്ന ജലത്തിന്റെ, കടലിന്റെ മാന്ത്രികലോകമല്ലേ (കാര്‍ടജിന-ലാറ്റിനമേരിക്ക)മാര്‍ക്കേസ് മുന്നോട്ടു വെക്കുന്നത്? അവയെല്ലാം കഥയുടെ ഭാവമണ്ഡലത്തെ നിര്‍ണ്ണയിക്കുന്നതില്‍ സവിശേഷ പങ്കു വഹിക്കുന്നുണ്ട്. മാഡ്രിഡിനെയും കാര്‍ടജിനയെയും വേര്‍തിരിക്കുന്നത് പ്രകാശത്തില്‍ തുഴയാനുള്ള കഴിവാണെന്ന കാര്യം പ്രസക്തമാണ്.
ഇവിടെ മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ കോളണിവല്ക്കരിക്കപ്പെട്ട ജനതയെ പ്രാകൃതരായി, അപരിഷ്‌കൃതരായി ആണ് ചിത്രീകരിച്ചത്. കൊളോണിയല്‍ ആധുനികത കോളനി രാജ്യങ്ങളിലെ നാടോടിയായ എല്ലാ ജ്ഞാനങ്ങളെയും പരിഹാസ്യമായാണ് കണ്ടത് എന്നതും ശ്രദ്ധിക്കുക. എന്നാല്‍ പോസ്റ്റ് കൊളോണിയല്‍ വ്യവഹാരങ്ങളുടെ ഒരു സവിശേഷത കോളനിരാജ്യങ്ങളിലെ എഴുത്തുകാര്‍ അവരുടെ ഭാവനയുടെ മാന്ത്രികതയെ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ്. മറ്റൊരര്‍ഥത്തില്‍ എഴുത്തിലൂടെ അവര്‍ തങ്ങളുടെ പഴയ യജമാനന്മാരെ പരാജയപ്പെടുത്തുന്നു എന്നും പറയാം. പാശ്ചാത്യനു നഷ്ടമായ മാന്ത്രികമായ ഭാവനയാണ് കോളനി രാജ്യങ്ങളുടെ കരുത്ത്. ഇനി കഥയിലെത്തുമ്പോള്‍ പ്രകാശത്തില്‍ തുഴയാനുള്ള സവിശേഷമായ സിദ്ധി കൈമുതലായ ടോട്ടോവും ജോവലും അതിജീവിക്കുകയും മറ്റുള്ള കുട്ടികള്‍ മുങ്ങിമരിക്കുകയും ചെയ്യുന്നു എന്നാണോ കഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നത്? തീര്‍ച്ചയായും യുക്തിയുടെ അളവു കോല്‍ കൊണ്ട് ഈ കഥയെ സമീപിക്കാനാവില്ല. ഇതുയര്‍ത്തുന്ന അനേകം ചോദ്യങ്ങളുണ്ട്. കഥാന്ത്യത്തിലും ചില ചോദ്യങ്ങള്‍ നമ്മെ മഥിക്കാതിരിക്കില്ല. എന്തു കൊണ്ട് സുരക്ഷിതത്വത്തിനായുള്ള മുങ്ങല്‍ ഉപകരണങ്ങള്‍ അവര്‍ വാങ്ങി? ജറാനിയത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കവേ അനശ്വരതയിലേക്കു നീങ്ങുന്ന മറ്റു കുട്ടികളെക്കുറിച്ചുള്ള സൂചന മുന്നോട്ടു വെക്കുന്നതെന്താണ്? കോളണിവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളുടെ ഭാവനാത്മകമായ വിജയമാണോ?
ഇനി മറ്റൊരു കാര്യം ആഖ്യാനത്തിലെ സവിശേഷതയാണ്. കുട്ടികളുടെ അതിശയകരമായ സാഹസത്തിനു കാരണമായി പറയുന്നത് പ്രകാശം ജലം പോലെയാണെന്ന് കുട്ടികളോട് ആഖ്യാതാവ് പറഞ്ഞതാണ്. അതും ഒരു സെമിനാറില്‍ വെച്ച്. ഒന്നു പ്രത്യക്ഷപ്പെട്ടു പിന്നെ മറഞ്ഞിരിക്കുന്ന ആഖ്യാതാവിന്റെ ആ ഒരൊറ്റ വാക്യമാണ് കുട്ടികളെ ഭാവനയുടെ മറ്റൊരു ലോകത്തേക്കുതുഴയാന്‍ പ്രേരണയായും. അതാണീ കഥയിലെ മറ്റൊരു ചാരുതയും. കുട്ടികളുടെ ഈ ഭാവനാസഞ്ചാരത്തെക്കുറിച്ച് അച്ഛനമ്മമാര്‍ അജ്ഞരാണെന്ന കാര്യം കഥയില്‍ വളരെ വ്യക്തമായുണ്ട്. ഈ ആഖ്യാതാവാകട്ടെ കുട്ടികളെ കടത്തിവെട്ടുന്ന ഭാവനയ്ക്കുടമയുമാണ്. അത് എഴുത്തു കാരനല്ലാതെ മറ്റാരാണ്? ഇതു പറയാന്‍ കാരണം സെമിനാറിലെ വിഷയമാണ്. വീട്ടുപകരണങ്ങളിലെ കവിത എന്ന വിഷയം നോക്കുക. സാമാന്യ യുക്തിയെ കൊഞ്ഞനം കുത്തുന്ന ഈയൊരു പ്രയോഗം കഥയ്ക്കു നല്‍കുന്ന സവിശേഷ തലമുണ്ട്. നിര്‍ജീവമായ വീട്ടുപകരണങ്ങളിലെ കവിതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇത്തരമൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും കുട്ടികളുടെ ഈ ഭാവനാസഞ്ചാരത്തിനു കാരണക്കാരനും അവരുടെ സാഹസികാനുഭവങ്ങളുടെ സാക്ഷിയും ആഖ്യാതാവുമാകാന്‍?
ഈ കഥയിലെ പലസംഭവങ്ങളും വെട്ടിമാറ്റിയ തരത്തിലാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് കഥയോടു ചെയ്യുന്ന നീതികേടാണുതാനും. രക്ഷിതാക്കള്‍ ബുധനാഴ്ചകളില്‍ സിനിമ കാണാന്‍ പോകുന്നതിനെക്കുറിച്ച് കഥയില്‍ സൂചനയുണ്ട്. ആ സിനിമകളുടെ പ്രസക്തിയെക്കുറിച്ചും നാം സൂചിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ആ രണ്ടു സിനിമകളുടെ പേരും ഒഴിവാക്കിയിരിക്കുന്നു. ആ കുട്ടികളുടെ സാഹസികവൃത്തികളെക്കുറിച്ചു പറയുമ്പോള്‍ അച്ഛന്റെ ബ്രാണ്ടി കട്ടുകുടിച്ചത്, ഒഴുകുന്ന ടെലവിഷനിലെ മുതിര്‍ന്നവര്‍ക്കായുള്ള പാതിരാപ്പടത്തിലെ ദൃശ്യങ്ങള്‍ എന്നതില്‍ മുതിര്‍ന്നവര്‍ക്കായുള്ള എന്ന വിശേഷണം, ഒഴുകി നടക്കുന്ന ഗര്‍ഭനിരോധന ഉറകളെക്കുറിച്ചുള്ള സൂചന ഇവയെല്ലാം തന്നെ എഡിറ്റു ചെയ്തു മാറ്റിയിരിക്കുന്നു. മാര്‍ക്കേസിനെപ്പോലൊരാളുടെ കഥകളില്‍ നടത്തുന്ന ഇത്തരം വെട്ടിമാറ്റലുകള്‍ കഥയുടെ ഭാവതലത്തില്‍ ഉണ്ടാക്കുന്ന കോട്ടം ചെറുതല്ല. ഏറ്റവും പ്രധാനപ്പെട്ടതും കഥയുടെ മര്‍മ്മത്തെ തിരിച്ചറിയാന്‍ കഴിയുന്നതുമായ അവസാന വാക്യത്തില്‍ ഒരൊറ്റ കോമ കൊണ്ടു അര്‍ഥം നഷ്ടപ്പെടുന്നതും നമുക്കു കാണാം. സാഹിത്യലോകത്തില്‍ (2014 സെപ്റ്റംബര്‍ ഒക്ടോബര്‍) വന്ന ചന്ദ്രമതിയുടെ വിവര്‍ത്തനത്തെയാണ് പാഠപുസ്തക സമിതിക്കാര്‍ ആശ്രയിച്ചിട്ടുള്ളത്. സാഹിത്യ ലോകത്തിനു പറ്റിയിരിക്കാവുന്ന അനാവശ്യമായി ഒരു കോമ ചേര്‍ത്ത പിഴവ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു. സ്‌പെയിനില്‍ പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത, പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന, ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണ് ഇത് നടന്നത്. ഈ വരിയില്‍ തുഴഞ്ഞു നടക്കുന്ന എന്നതിനു ശേഷം കോമ വന്നതോടെ അത് സ്ഥലത്തിന്‌റെ വിശേഷണമായി മാറി. സത്യത്തില്‍ പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം എന്നാണ് മാര്‍ക്കേസ് ഉദ്ദേശിച്ചത്. ഇതിന്റെ പ്രാധാന്യം നാം നേരത്തേ സൂചിപ്പിച്ചതാണ്.
വരണ്ടയാഥാര്‍ഥ്യത്തിന്റെ അടയാളമായ മാഡ്രിഡിനെതിരെ ജലസമൃദ്ധവും നിഗൂഢതകളെ ഉള്ളില്‍ പേറുന്നതുമായ കാര്‍ത്തജീനയെയാണല്ലോ മാര്‍ക്കേസ് മുന്നോട്ടു വെക്കുന്നത്. മാഡ്രിഡിലെ ആളുകളെ ക്കുറിച്ചു പറയുമ്പോള്‍ കരയില്‍ പെട്ടു പോയ, അഥവാ കടലിനെക്കുറിച്ചറിയാത്ത എന്ന വിശേഷണം നിസ്സാരമായി ഒഴിവാക്കപ്പെടേണ്ടതല്ല. ചന്ദ്രമതിയുടെ വിവര്‍ത്തനത്തിലും അത് കാണുന്നില്ല. ജെറാനിയം ചെടിച്ചട്ടിയില്‍ മൂത്രമൊഴിച്ച, സ്‌കൂളിലെ പാട്ടിന്റെ വരികള്‍ മാറ്റിപ്പാടി ഹെഡ്മാസ്റ്ററെ കളിയാക്കിയ പപ്പായുടെ കുപ്പിയില്‍ നിന്ന് ഒരു ഗ്ലാസ്സ് ബ്രാന്‍ഡി അടിച്ചുമാറ്റിയ നിമിഷങ്ങളില്‍ അവര്‍ അനശ്വരരായിത്തീര്‍ന്നിരുന്നു എന്ന ചന്ദ്രമതിയുടെ വിവര്‍ത്തനത്തില്‍ നിന്ന് നിമിഷങ്ങളില്‍ അവര്‍ അനശ്വരരായിത്തീര്‍ന്നിരുന്നു എന്ന മനോഹരമായ വാക്യഭാഗം വെട്ടിമാറ്റിയതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. കുട്ടികള്‍ക്കു മാത്രം സാധ്യമാവുന്ന ഇത്തരം കൃത്യങ്ങളിലൂടെ അനശ്വരതയിലേക്കുയര്‍ത്തപ്പെട്ട നിമിഷമെന്ന വിശേഷണത്തിനു ലഭിക്കുന്ന അധികമാനം വാക്കുകള്‍ കൊണ്ടു വിശദീകരിക്കാനാവാത്തതാണ്.
നോബല്‍ സമ്മാനിതനും മലയാളികള്‍ക്കു പ്രിയങ്കരനുമായ ഒരെഴുത്തുകാരന്റെ കഥ കൗമാരക്കരായ കുട്ടികള്‍ക്കു പഠിക്കാന്‍ കിട്ടുന്നത് സൗഭാഗ്യമാണ്. എന്നാല്‍ അതിനെ വികലമായി ചെത്തിയൊതുക്കുന്നതും സെന്‍സര്‍ ചെയ്യുന്നതും മഹാന്മാരായ എഴുത്തുകാരോടു ചെയ്യുന്ന കൊടിയ അനീതിയും.

5 അഭിപ്രായങ്ങൾ: