2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ചില ശാകുന്തള ചിന്തകള്‍ - ബൈജു. കെ പി

ചില ശാകുന്തള ചിന്തകൾ
ബൈജു. കെ പി
വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിൽ പ്രധാനമാണ്‌ ശാകുന്തളോപാഖ്യാനം. ശൈശവത്തിൽ മാതാപിതാക്കളാലും യൗവ്വനത്തിൽ ഭർത്താവിനാലും പരിത്യക്തയായ ശകുന്തളയുടെ ജീവിതത്തിലെ ആവർത്തിച്ചുള്ള വിഷമതകൾ മറ്റൊരു വീക്ഷണത്തിൽ ഒരു ജനപ്രിയ ദുരന്ത നായികയുടെ പരിവേഷമാണ്‌ അവൾക്ക് പകർന്നു നല്കുന്നത്. അതുകൊണ്ടു തന്നെയാകണം പലരാൽ പലവിധത്തിൽ പറയപ്പെട്ട പലപല ശകുന്തളമാർ ഉണ്ടാകുന്നതും. മൂലകൃതിയിൽ വ്യാസരും അഭിജ്ഞാന ശാകുന്തളത്തിൽ കാളിദാസനും ശ്രീ മഹാഭാരതം കിളിപ്പാട്ടിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്ന ശകുന്തളയുടെ ചിത്രങ്ങൾ വ്യത്യസ്തമായതുകൊണ്ടുതന്നെയായിരിക്കണം ജനമനസ്സുകളിൽ ഇവയെല്ലാമിടകലർന്ന ശാകുന്തളങ്ങൾ പ്രചാരം നേടിയിരിക്കുന്നത്.
വ്യാസഭാരതത്തിൽ ശകുന്തളോപാഖ്യാനം ആരംഭം, ദുഷ്യന്തന്റെ നായാട്ട്, കണ്വതപോവന വർണ്ണന, മേനകാപ്രേഷണം, ശകുന്തളയുടെ ജനനകഥ, ശകുന്തളയുടെ ഗാന്ധർവ്വവിവാഹം, ശകുന്തളാസ്വീകാര്യം എന്നീ ഭാഗങ്ങളായി 327 ശ്ളോകങ്ങളിലായാണ്‌ ശകുന്തളോപാഖ്യാനം വികസിക്കുന്നത്. അഭിജ്ഞാന ശാകുന്തളത്തിലാകട്ടെ ഏഴ് അങ്കങ്ങളിലായി 194 ശ്ളോകങ്ങളും സംഭാഷണങ്ങളുമാണുള്ളത്. എഴുത്തച്ഛന്റെ ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ 300 ഈരടികളിലായാണ്‌ ശകുന്തളയുടെ കഥ പൂർത്തിയാകുന്നു.
മേനകയുടേയും വിശ്വാമിത്രന്റേയും മകളായി പിറന്ന് ശകുന്തങ്ങൾ പരിപാലിച്ച് കണ്വൻ പോറ്റിയ ശകുന്തളയുടെ വളർച്ചയിൽ ദുഷ്യന്തന്റെ (ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ മാത്രം ദുഷ്ഷന്തൻ)രംഗപ്രവേശം വരെ ശാന്തമായ നീരൊഴുക്കുപോലെയാണ്‌. ഇവയിലെല്ലാം മൃഗയാ വിനോദത്തിനായാണ്‌ രാജാവ് വനപ്രവേശം നടത്തുന്നത്. നാഗരികലോകത്തിന്റെ ശല്യപ്പെടുത്തലുകളില്ലാത്ത സ്വൈര്യജീവിതസ്ഥാനങ്ങളായ മഹാ വനങ്ങളിലേക്കുള്ള രാജാവിന്റേയും രാജസേനയുടേയും കടന്നുകയറ്റം മറ്റൊരർഥത്തിൽ ശകുന്തളയുടെ സ്വച്ഛജീവിതത്തിന്റെ തകർച്ചകൂടിയാണ്‌. വനനിശ്ശബ്ദതയിലുയരുന്ന ശബ്ദകോലാഹലങ്ങൾ നഗരശീലങ്ങളുടെ അധിനിവേശവും ആശ്രമവിശുദ്ധിയുടെ തകർച്ചയുമാണ്‌.
ഇങ്ങനെ കാടിനെ കൊന്നുമുടിച്ച് മുന്നോട്ടു പോകുന്ന ദുഷ്യന്തൻ ശാന്തസുന്ദരമായ കണ്വാശ്രമം കണ്ട് അവിടത്തെ പ്രകൃതി മനുഷ്യ സമന്വയത്തിൽ അതിശയിക്കുന്നു. നഗരാധിപധിയായ രാജാവിനും സഹചാരികൾക്കും, അതിക്രമിച്ചുകയറാനും തകർക്കുവാനുമുള്ളതാണ്‌ ഹരിതാഭയും ജീവജാലപ്രപഞ്ചവുമെങ്കിൽ സാത്വികരായ ആശ്രമനിവാസികൾക്ക് അത് സഹജീവനത്തിന്റെ സൗഹാർദ്ദസ്ഥാനമാണ്‌.
പ്രാണഭയത്താൽ ‘കണ്ഠനാളം’ തിരിക്കുന്നത് ‘അഴകുള്ള’ കാഴ്ചയായി ആസ്വദിക്കുന്ന മാനസികാവസ്ഥയ്ക്ക് ‘അതിക്രൂരം ബാണം കുസുമതതിയിൽ ചെങ്കനലുപോൽ പതിപ്പിച്ചീടൊല്ലാ‘ എന്ന മുനികുമാരന്മാരുടെ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായി വരുന്നു. അഭിജ്ഞാന ശാകുന്തളത്തിൽ ഈ തടസപ്പെടുത്തലിലൂടെയാണ്‌ വേട്ടയാടൽ അവസാനിക്കുന്നത്. ചില തടസപ്പെടുത്തലുകൾ തിരിച്ചറിവിലേക്ക് നയിക്കുന്നു.
അവിടെ കണ്വാശ്രമത്തിലെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കിക്കണ്ട രാജാവ് പർണശാലയിൽ മുനിയെ കാണാതെ ആരുണ്ടെന്ന് അന്വേഷിക്കുമ്പോൾ ശകുന്തള അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ശകുന്തള ആരാണെന്നും മറ്റുമുള്ള വിവരാന്വേഷണവും ശകുന്തളോല്പ്പത്തിയുടെ ആഖ്യാനവും നടക്കുന്നു. ശകുന്തള രാജപുത്രിയാണെന്നു തിരിച്ചറിഞ്ഞ ശേഷമാണ്‌ ദുഷ്യന്തൻ ’പുഷ്കരശരമേറ്റ്‘ ;എന്നെ നീ പരിഗ്രഹിക്കേണ’മെന്ന് ചൊല്ലുന്നത്.ഏട്ടു തരത്തിലുള്ള വിവാഹങ്ങളും (ബ്രാഹ്മം, ആർഷം, ദൈവം, പ്രാജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം) അതിൽ ക്ഷത്രിയർക്ക് ധർമ്മമായ ആറെണ്ണവും (പൈശാചവും ആസുരവും ഒഴികെ) പറഞ്ഞ് ശകുന്തളയെ ഗാന്ധർവ്വവിവാഹത്തിന്‌ പ്രേരിപ്പിക്കുന്നത് രാജാവാണ്‌. ഈ അവസരത്തിൽ വ്യാസഭാരത്തിൽ ശകുന്തള
‘ഫലം കൊണ്ടുവരാനച്ഛനാശ്രമം വിട്ടിറങ്ങിനാൻ
മുഹൂർത്തം കാക്കുകദ്ദേഹമെന്നെയങ്ങേയ്ക്കു നല്കിടും.’ എന്ന് ഔചിത്യം കാട്ടുന്നുണ്ട്.
വ്യാസഭാരതത്തിൽ ശകുന്തളയുടെ പൂർവ്വവൃത്താന്തവും രാജപുത്രിയെന്ന യാഥാർഥ്യവും മനസ്സിലാക്കിയാണ്‌ രാജാവ് വിവാഹാഭ്യർത്ഥന നടത്തുന്നതെങ്കിൽ കിളിപ്പാട്ടിൽ പ്രഥമദർശനത്തിൽ തന്നെ അദ്ദേഹം ‘മാരപരവശ’നാകുകയാണ്‌. എനിക്ക് തെറ്റു പറ്റുകയില്ലെന്നും എന്റെ രാഗത്തിന്‌ ഹേതുവാകമൂലം നീ രാജപുത്രിതന്നെയായിരിക്കുമെന്നും പൂർവ്വകഥാശ്രവണത്തിനു മുൻപ് ഒരു പ്രവചനം തന്നെ നടത്തുന്നുണ്ട് ദുഷ്യന്തൻ.
ഇവിടെ എഴുത്തച്ഛൻ അല്പ്പംകൂടി കൗശലം കാട്ടുന്നു. പ്രഥമദർശനാനുരാഗിയായി സ്വയം വെളിപ്പെടുത്തിയ ദുഷ്യന്തനോട് “എനിക്ക് കണ്വനെ ഭയക്കണം, ഞാൻ സ്വതന്ത്രയല്ല, വേദവിധിയായ ധർമ്മത്തെ പാലിക്കേണ്ടതുണ്ട്, ആവശ്യപ്പെട്ടാൽ അച്ഛൻ സമ്മതിക്കാതെ വരില്ല” എന്നീ കാരണങ്ങൾ പറയുമ്പോഴാണ്‌ ‘ഊർധ്വരേതസ്സായ കണ്വന്‌ നീയെങ്ങനെ പുത്രിയാകും’ എന്ന മറുചോദ്യത്തിലൂടെ ശകുന്തളയെ ജനനകഥ പറയുവാൻ രാജാവ് പ്രേരിപ്പിക്കുന്നത്.
മുഹൂർത്തനേരമെന്നത് രണ്ടര നാഴിക. ഒരു മണിക്കൂറിൽ താഴെ മാത്രമുള്ള സമയം. അത്രപോലും കണ്വനെ കാത്തുനില്ക്കുവാൻ ക്ഷമയില്ലാത്ത കാമഭ്രാന്തിനെ കർത്തവ്യബാഹുല്യമെന്ന കണക്കിൽ ഉൾപ്പെടുത്തി ലഘൂകരിക്കുന്നതെങ്ങനെ? അല്ലെങ്കിലും മൃഗയാ വിനോദത്തിനായി കാട്ടിലെത്തിയ മഹാരാജാവിന്‌ എന്തു കൃത്യാന്തരബാഹുല്യം? ഈ അനൗചിത്യം മൂലമാണ്‌ കാളിദാസൻ കണ്വമഹർഷിയെ ദൂരയാത്രയ്ക്കയയ്ക്കുന്നത്.
രാജാധികാരത്തിന്റെ പ്രതാപത്തിനു മുന്നിൽ വിവാഹാഭ്യർത്ഥന പോലും വലിയൊരു സൗമനസ്യമായി മാറുന്ന കാലം. ഇന്നിന്റെ ലോക രീതികളിൽ പഴയൊരു കാലത്തെ അളക്കുന്നത് അനുചിതമാകും. എങ്കിലും അധികാരത്തിന്റെ ഈ അക്ഷമയെ, അഹന്തയെ കാണാതെ പോയിക്കൂടാ. റ്റി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ ദേവനായകി ആദ്യമായി രാജസദസ്സിലെത്തിയ ദിവസം ‘അവളുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തിൽ മതിമറന്നുപോയ മഹേന്ദ്രവർമ്മൻ സഭനിർത്തിവച്ച് അമൃതേത്തിനു ശേഷം ദേവനായകിയോട് കൊട്ടാരമാളികയിലേക്കെത്താൻ ഉത്തരവിടുകയാണ്‌ ചെയ്തത്’. അധികാരം എന്തിലുമുള്ള അവകാശമായി മാറുന്നു.
കൂടുതൽ നാടകീയത ആവശ്യപ്പെടുന്നതിനാലാകണം കാളിദാസൻ പ്രണയത്തിന്റെ വളർച്ചയെ ദീർഘമായും മനോഹരമായും ചിത്രീകരിക്കുന്നത്. ശകുന്തളയേയും തോഴിമാരേയും മറഞ്ഞുനിന്നു കാണുന്ന രാജാവ്, ശകുന്തളയും തോഴിമാരുമായുള്ള കളിപറയൽ, ശകുന്തളയെ ആക്രമിക്കുന്ന വണ്ട്, രാജാവിന്റെ രംഗപ്രവേശം, തോഴിമാർ പറയുന്ന ശകുന്തളയുടെ പൂർവ്വവൃത്താന്തം എന്നിങ്ങനെ ഒന്നാം അങ്കത്തിലും മാഢവ്യനുമായുള്ള ദുഷ്യന്തന്റെ സംഭാഷണം, യാഗരക്ഷ എന്നിങ്ങനെ രണ്ടാം അങ്കത്തിലും വീണ്ടും മറഞ്ഞുനിന്ന് ശകുന്തളയും തന്നിൽ അനുരക്തയാണെന്ന തിരിയലും താമരയിലയിൽ നഖം കൊണ്ടുള്ള ശകുന്തളയുടെ പ്രണയലേഖനവും ശകുന്തളയുമായുള്ള സംഭാഷണവും പ്രതിബന്ധമായി ഗൗതമിയുടെ പ്രവേശനവും മൂന്നാം അങ്കത്തിലും വിസ്തരിച്ചുകൊണ്ട് പ്രണയതിന്റെ അനുക്രമമായ വികാസം കാളിദാസൻ അവതരിപ്പിക്കുന്നു. കാല്പ്പനിക ഭംഗി നിറഞ്ഞ ഈ ക്ളാസിക്കൽ പ്രണയരംഗങ്ങൾക്കിടെ മൂന്നാം അങ്കത്തിലാണ്‌ ഗാന്ധർവ്വവിവാഹത്തെക്കുറിച്ച് ദുഷ്യന്തൻ ശകുന്തളയോട് പറയുന്നത്. നാടകനിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുക്കേണ്ടതുകൊണ്ടാകണം നാലാം അങ്കം ആരംഭിക്കുമ്പോൾ ദുഷ്യന്തൻ വിവാഹാനന്തരം രാജധാനിയിലേക്ക് പോയ്ക്കഴിഞ്ഞു. അതുകൊണ്ടു തന്നെ രണ്ടു ഭാരതങ്ങളിലും ദുഷ്യന്തനിൽ തനിക്കുണ്ടാകുന്ന പുത്രനെ രാജാവാക്കി വാഴിക്കാമെന്ന ഉറപ്പ് നേടിയെടുക്കുന്ന ശകുന്തളയുടെ പ്രായോഗിക ബുദ്ധി കാളിദാസൻ ഉപേക്ഷിക്കുന്നു. ഉപാധികൾ പ്രണയത്തിന്റെ ശോഭ കെടുത്തുമെന്നതിനാലാകണം അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയുടേതു പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധപ്രണയമായി നിലനില്ക്കുന്നു.
എങ്കിലും ശകുന്തളയെപ്പൊലെ ഒരു ആശ്രമ കന്യകയ്ക്ക് ഇത്തരമൊരു വ്യവസ്ഥ മുന്നോട്ടുവയ്ക്കാനുള്ള ദീർഘവീക്ഷണമുണ്ടായി എന്നത് അതിശയം തന്നെ. ഇതേ ഉറപ്പുതന്നെയാണ്‌ സത്യവതിയെ വിവാഹം ചെയ്യാനാഗ്രഹിച്ച ശന്തനുവിനും നല്കേണ്ടിവന്നത്. പക്ഷേ അവിടെ സത്യവതിയുടെ പിതാവാണ്‌ ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. രാജാക്കന്മാരുടെ കഥകൾ കേട്ടറിവുള്ള ഒരു മുക്കുവന്‌ തന്റെ മകളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ അതാവശ്യമായിരുന്നിരിക്കാം. പക്ഷേ ശകുന്തളയിൽ നിന്ന് ഈ ആവശ്യം സ്വമേധയാ ഉണ്ടാകുമ്പോൾ നാം തിരിച്ചറിയണം, കണ്വാശ്രമത്തിൽ പൂജയും പ്രാർഥനയുമായി വളർന്ന ഒരു വെറും പെണ്ണല്ല, ഈ ലോകജീവിതത്തിന്റെ ആഴവും പരപ്പും ആശ്രമജീവിതത്തോടൊപ്പം അറിവായി നേടിയവളാണവളെന്ന്. അധികാരത്തിന്റെ ആജ്ഞാശക്തിക്കുമുന്നിൽ ഭാവി നരകതുല്യമായ നിരവധി കന്യകമാരുടെ ദുരിതജീവിതങ്ങളാകാം ശകുന്തളയെ ഗാന്ധർവ്വവിവാഹവും സോപാധികമാക്കുവാൻ പ്രേരിപ്പിച്ചത്. ജീവിതം പ്രശ്നസങ്കീർണമാകുമ്പോൾ നിശ്ശബ്ദയായിരുന്നു കണ്ണീർവാർക്കുകയല്ല, പറയാനുള്ളത് നേരേചൊവ്വേ പറയുകയാണ്‌ വേണ്ടതെന്ന അറിവാണ്‌ കാളിദാസന്റെ ശകുന്തളയ്ക്ക് ഇല്ലാതെപോകുന്നത്. രാജസഭയിൽനിന്ന്‌ അപമാനിതയും നിഷ്കാസിതയുമായി പുറത്തിറങ്ങുന്ന ശകുന്തളയുടെ നിസ്സഹായത ആ അറിവില്ലായ്മയുടെ അനന്തരഫലമാണ്‌.
ഗാന്ധർവ്വവിവാഹാനന്തരം
‘ചതുരംഗിണിയായ സേനയുമായ് വന്നു ഞാൻ
കുതുകമോടു നിന്നെ കൊണ്ടു പൊയ്ക്കൊൾവേ’നെന്നു പറഞ്ഞാണ്‌ ദുഷ്യന്തൻ യാത്രയാകുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരം നല്കി
ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ
പ്രതിദിനമൊരുവർണം വീതമായെണ്ണണം നീ
അതിനുടയ സമാപ്താവസ്മദീയാവരോധം
പ്രതി സുതനു! നയിപ്പാൻ നിന്നെയാളെത്തു‘മെന്നാണ്‌ ദുഷ്യന്തൻ പറയുന്നത്. പക്ഷേ കാലം കഴിയുന്നു, ആളെത്തുന്നില്ല. രാജാവിന്റെ മറവിക്കു കാരണം അഭിജ്ഞാനമായ മുദ്രമോതിരവുമാണെന്ന് കാളിദാസൻ പറയുന്നു. എന്നാൽ വ്യാസർ പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. സേന വരുന്നില്ല. കൂട്ടിക്കോണ്ടു പോകുന്നില്ല. അത്രമാത്രം.
പുത്രനുണ്ടായി, (സർവ്വദമനൻ) വ്യാസഭാരതത്തിൽ ആറും കിളിപ്പാട്ടിൽ പന്ത്രണ്ടും വയസ്സായശേഷമാണ്‌ ശകുന്തള മകനോടും മുനികുമാരന്മാരോടുമൊപ്പം ഹസ്തിനപുരിയിൽ ദുഷ്യന്തന്റെ രാജകൊട്ടാരത്തിലെത്തുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മാത്രം അത് വളരെ നേരത്തേയാണ്‌. അവിടെ സർവ്വദമനോല്പത്തി വിൺലോകത്തുവച്ച് പിന്നീടാണ്‌. ഈ കാലവിളംബത്തിനു കാരണമെന്താണ്‌? കുമാരന്റെ പ്രഥമിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണമാവാം. അത് ആശ്രമത്തിൽ വച്ചു തന്നെ നടത്തണമെന്ന നിഷ്കർഷയാവാം. എന്തുതന്നെയായാലും ദുഷ്യന്തന്റെ വാക്കും വിശ്വസിച്ച് കാത്തിരുന്നതാവാൻ തരമില്ല. തന്നെയുമല്ല ദീർഘവും അർത്ഥശൂന്യവുമായ ഈ കാത്തിരിപ്പിന്‌ ന്യായീകരണവുമില്ല. കാളിദാസൻ കഥാഘടനയിലെ ഈ അനൗചിത്യവും മനോഹരമായി മറികടന്നിരിക്കുന്നു.
ആശ്രമത്തിൽ നിന്നുള്ള ശകുന്തളയുടെ വിടവാങ്ങൽ വ്യാസർ ഒരു പ്രസ്താവനയിൽ ഒതുക്കുന്നു. അതിൽനിന്നു ഭിന്നമായി, കാളിദാസനേപ്പോലെ എഴുത്തച്ഛൻ കണ്വമഹർഷിയോടുള്ള ശകുന്തളയുടെ വിടവാങ്ങൽ
‘മാനുഷഭാവം കൊണ്ടു മാമുനിക്കതുനേരം
മാനസേഖേദം ചെറുതുണ്ടായിതെന്നേ വേണ്ടൂ.’ എന്നരീതിയിൽ വൈകാരികമായി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം കണ്വാശ്രമം മുതൽ ഹസ്തിനപുരിവരെയുള്ള കാഴ്ചകളും. കൊട്ടാരത്തിലെത്തി രാജാവിനോട് ‘അങ്ങയുടെ പുത്രനായ ഇവന്‌ രാജ്യാഭിഷേകം ചെയ്യണം’എന്നാണ്‌ ശകുന്തളയുടെ ആവശ്യം.അതവൾ നേരേ ചൊവ്വേ പറയുകയും ചെയ്യുന്നു. ഇവിടെ രാജാവിന്റെ മറുപടി ‘ഓർമ്മ വരുന്നില്ല’ എന്നാണ്‌. തന്നെയുമല്ല അവളെ ‘ദുഷ്ടതാപസി’ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇതുകേട്ട് നൊടിയിട ‘നാണിച്ച്, കേണുമോഹിച്ച് തൂണുപോലെ നിന്നുപോയ ആ തപസ്വിനി കടക്കൺചാച്ചരചനെ ചുടുമാറു നോക്കി ക്രുദ്ധയായി, അല്പനേരം ധ്യാനമാത്രയായി നിന്നിട്ട്’ അറിഞ്ഞുംകൊണ്ടിങ്ങനെ നുണപറയുന്നതെന്തിനാണ്‌ എന്നാണ്‌ ദുഷ്യന്തനോട് ചോദിക്കുന്നത്. പുത്രജന്മത്തിന്റെ പ്രാധാന്യവും ഭാര്യാത്വത്തിന്റെ മഹിമയും വ്യക്തമാക്കി വ്യാസഭാരതത്തിൽ തന്നെ ഉപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കണമെന്ന് അവൾ ദുഷ്യന്തനോട് അപേക്ഷിക്കുന്നു. എഴുത്തച്ഛനും അവസാന അപേക്ഷയിലൊഴികെ ഇതിഹാസകാരനെ പിന്തുടരുന്നു.
തുടർന്ന് ദുഷ്യന്തൻ നടത്തുന്ന ശകുന്തളോപലംഭത്തിൽ കുലട, കാമതലപര, ക്രോധം കൊണ്ട് ചഞ്ചല, അസത്യം പറയുന്നവൾ, കണ്വന്‌ മിഥ്യാപവാദമുണ്ടാക്കിയവൾ, ഭോഗലോലുപയായ പുംശ്ചലി തുടങ്ങിയ ആക്ഷേപങ്ങൾക്കു പുറമേ വേശ്യയായ മേനകയുടെ മകൾ എന്ന് മാതാവിനെകൂടി പരിഹസിക്കുകയും സ്ഥലം വിട്ടുപോകുവാൻ സുവർണ്ണമണിമുക്താഭരണ വസ്ത്രാദികൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഈ പരിഹാസങ്ങളാണ്‌ ആദ്യസംസാരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായി രാജാവിനെതിരെ പ്രതികരിക്കുവാൻ ശകുന്തളയെ പ്രേരിപ്പിക്കുന്നത്. ഈ ഭാഗവും വ്യാസഭാരതത്തിലും കിളിപ്പാട്ടിലും സമാനം തന്നെ.
ശകുന്തള ദുഷ്യന്തനുമേൽ ചൊരിയുന്ന ആരോപണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: “നീ മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ കാണുകയും സ്വന്തം വലിയ കുറവുകൾ കാണാതെ പോകുകയും ചെയ്യുന്നു. അങ്ങയുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ്‌ എന്റെ ജന്മം. നാം തമ്മിൽ കടുകും കുന്നും തമ്മിലുള്ള അന്തരമുണ്ട്. അങ്ങയുടെ വംശത്തിലും അപ്സരസ്ത്രീകളിലുണ്ടായ മക്കൾ പ്രശസ്തരായ രാജാക്കളായിരുന്നു. കണ്ണാടി കാണുംവരെ എല്ലാവരും തന്റെ കുറ്റങ്ങൾ അറിയാതെ മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞുകൊണ്ടിരിക്കും. സജ്ജനങ്ങളെ ദുർജ്ജനം നിന്ദിക്കുന്നു, എന്നാൽ സജ്ജനം ദുർജ്ജനത്തെ നിന്ദിക്കാറില്ല. അധർമ്മചാരികൾ ശുഭാശുഭങ്ങൾ കേട്ടാൽ അശുഭം ഗ്രഹിച്ചിടും. മറ്റേതിനേക്കാളും സത്യത്തിനാണ്‌ പ്രാധാന്യം. ആയിരം അശ്വമേധത്തേക്കാൾ തൂക്കം സത്യത്തിനാണ്‌ കൂടുതൽ. എല്ലാ വേദങ്ങളും എന്നും ജപിച്ചാലും എല്ലാ പുണ്യതീർത്ഥങ്ങളിലും എന്നും കുളിച്ചാലും സത്യത്തേക്കാൾ വലിയൊരു ധർമ്മമില്ല. അതിനാൽ അങ്ങ് സത്യം പാലിക്കാൻ തയ്യാറാവണം.
രാജസദസ്സിൽ നിരവധി പേരുടെ മുന്നിൽ മകന്റെ പിതാവുകൂടിയായ രാജാവിനാൽ ക്രൂരമായി അധിക്ഷേപിക്കപ്പെടുമ്പോൾ അഭിമാനിയായ ഒരു സ്ത്രീയുടെ തികച്ചും മാന്യമായ സ്വാഭാവിക പ്രതികരണം മാത്രമാണ്‌ ശകുന്തളയുടേത്. ആശ്രമവാസം പകർന്നു നല്കിയ അറിവിന്റേയും സംയമത്തിന്റേയും സംസ്കാരം അവളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.
എന്നാൽ ദുഷ്യന്തനോ? തന്റെ പ്രജകൂടിയായ ഒരു സ്ത്രീയുടെ നേരെ ഇത്രയും അപഹാസ്യമായ ഭാഷയിൽ പരസ്യമായ പരിഹാസത്തിന്‌ അയാളെ പ്രേരിപ്പിക്കുന്നത് ആണധികാരത്തിന്റെ അളവില്ലാത്ത അഹങ്കാരമാണ്‌, തന്റെ തെറ്റിനെ ജനസമക്ഷം മറയ്ക്കുവാനുള്ള വ്യഗ്രതയുമാണ്‌. തന്റെ അഹങ്കാരത്തെയാണ്‌ ദുഷ്യന്തൻ ശകുന്തളയുടെ മേൽ ആരോപിക്കുന്നത്. അപ്പോൾ ചതുരംഗ സൈന്യവുമായി വന്ന് രാജകൊട്ടാരത്തിലേക്ക് ആനയിക്കുമെന്നത് ഒരു വിൺവാക്കും മറന്നുപോയത് മനപ്പൂർവ്വമാണെന്നും വരുന്നു. അപരാധിയായ രാജാവിന്‌ തെറ്റു മൂടിവയ്ക്കാനുള്ള എളുപ്പമാർഗ്ഗം അപരാധഭാരം ഇരയുടെമേൽ കെട്ടിയേല്പ്പിക്കുകയാണെന്നത് ഒരു സമകാലിക യാഥാർഥ്യമാണല്ലോ.
ഈ ഭാഗത്ത് എഴുത്തച്ഛൻ കണ്ണാടി കാണ്മോളവും, കടുകിന്മണിമാത്രമുള്ളൊരു പരദോഷം, നീരിൽനിന്നും പാൽ വേർതിരിച്ചു കുടിക്കുന്ന അന്നം തുടങ്ങിയ പ്രയോഗങ്ങൾ വ്യാസഭാരതത്തിൻ നിന്ന് മാറ്റമൊന്നും കൂടാതെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ കാളിദാസനാകട്ടെ അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരത്തിന്റേയും ദുർവ്വാസാവിന്റെ ശാപകഥയുടേയും സൃഷ്ടിയിലൂടെ ദുഷ്യന്തരാജാവിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും മോതിരം വേണ്ടവിധം സൂക്ഷിക്കാതിരുന്ന ശകുന്തള അപരാധിയാകുകയും ചെയ്യുന്നു. തന്നെയുമല്ല പിന്നീട് മോതിരം തിരികെ ലഭിക്കുമ്പോൾ ശകുന്തളയെക്കുറിച്ചോർത്ത് മന്നവേന്ദ്രൻ വിലപിക്കുകയും ചെയ്യുന്നു.
മൂലകഥയിൽനിന്നുള്ള ഈ കുതറിച്ചാട്ടമാണ്‌ ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് ‘കാലത്തിന്റെ കണ്ണാടി’യിൽ കാളിദാസനും ‘കാലത്തിന്റെ ദാസൻ’ എന്നു പറയിപ്പിച്ചത്. കാളിദാസന്റെ കാലത്തെ രാജനീതി ദുഷ്യന്തനെന്ന രാജാവിനെ കുറ്റവാളിയാക്കാൻ അനുവദിച്ചിരിക്കില്ല. കാരണം കാളിദാസൻ ഭോജരാജാവിന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്നു.
ശ്രീമഹാഭാരതം കിളിപ്പാട്ടിന്റെ അവതാരികയിൽ വടക്കുംകൂർ രാജരാജവർമ്മ വ്യാസഭാരതത്തിൽ ധർമ്മത്തിനാണ്‌ പ്രാധാന്യം എന്ന് ചൂണ്ടികാണിക്കുന്നു. അസത്യം പറഞ്ഞ രാജാവിനോട്
‘ഞാനിതാ ഹന്തപോകുന്നേൻ നിന്നോടു വേണ്ട സംഗമം.
ദുഷ്യന്ത, നീയൊഴിഞ്ഞാലുമുച്ചാദ്രിമുടിചൂടിയും
ആഴി ചുടിയുമുള്ളോരീയൂഴി കാത്തീടുമെന്മകൻ’ എന്നാണ്‌ ശകുന്തള ഉപസംഹരിക്കുന്നത്. ഈ ആത്മവിശ്വാസം എഴുത്തച്ഛൻ പ്രകടിപ്പിക്കുന്നില്ല. ഇവിടെയാണ്‌ അശരീരി ദുഷ്യന്തന്റെ തെറ്റു തിരുത്താനായി എത്തുന്നത്. ഇതിഹാസങ്ങളിൽ പലയിടങ്ങളിലും അശരീരികളും ദേവന്മാരുടെ സാന്നിധ്യവും മനുഷ്യജീവിതത്തിനിടയിൽ ഉണ്ടാകുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഗ്രീക്ക് ഇതിഹാസങ്ങളും വ്യത്യസ്ഥമല്ല. അശരീരി ദേവോക്തിയാണെന്ന് വ്യാസർ സ്ഥിരീകരിക്കുന്നുമുണ്ട്. എങ്കിലും അതൊരു തിരുത്തൽ ശബ്ദമാണ്‌. ഭരണാധികാരിയുടെ പ്രവൃത്തിയുടെ ശരി തെറ്റുകളെക്കുറിച്ചുള്ള അന്തിമവിധി. ഒരു പക്ഷേ, അത് ജനഹിതവുമാകാം. ഏത് സ്വേച്ഛാധിപത്യ ഭരണത്തിലും ജനകീയ ഇടപെടലുകളുടെ സാധ്യതയെ സാധൂകരിക്കുന്ന ജനകീയ മുന്നേറ്റങ്ങൾ ഉണ്ടല്ലോ.
എന്നാൽ അങ്ങനെയൊരു എതിർശബ്ദമുണ്ടായപ്പോൾ വ്യാസഭാരതത്തിലെ ദുഷ്യന്തൻ തന്റെ മുന്നിലപാടുകളിൽ നിന്ന്‌ ഒരു മലക്കം മറിച്ചിൽ നടത്തുന്നു. മാത്രവുമല്ല
കേൾക്കുവിൻ നിങ്ങളെല്ലാമീദ്ദേവദൂതന്റെ ഭാഷിതം
എനിക്കുമറിയാമെന്റെ സൂനുവണിവനെന്നിഹ.
ഓതിക്കേൾക്കുമ്പൊഴേ ഞാനീസ്സുതനെ സ്വീകരിക്കുകിലോ
ലോകർക്കു ശങ്കാസ്പദമാ,മാകില്ലവനു ശുദ്ധിയും. എന്ന് ശകുന്തളാനിരാസത്തിന്‌ ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നു. മാത്രവുമല്ല ദുഷ്യന്തൻ പിന്നീട്, ശകുന്തളയുടെ ശുദ്ധിക്കു വേണ്ടിയാണ്‌ താൻ അവളെ നിരസിച്ചതെന്ന് വ്യാസഭാരതത്തിൽ സ്വകാര്യമായി ബോധ്യപ്പെടുത്തുന്നുമുണ്ട്.
ഓന്തിന്റെ ഈ നിറം മാറൽ പക്ഷേ, എഴുത്തച്ഛൻ സ്വീകരിക്കുന്നില്ല. ഈശ്വരഹിതം നിറവേറ്റി അവർ സുഖമായി ജീവിച്ചു എന്നു പറഞ്ഞവസാനിപ്പിക്കുകമാത്രം ചെയ്യുന്നു. കാളിദാസൻ ദേവലോകത്ത് വികാരം മുറ്റിനില്ക്കുന്ന ഒരു പുനസമാഗമത്തിലൂടെയാണ്‌ കഥ പൂർത്തീകരിക്കുന്നത്.
ഇങ്ങനെ വ്യാസനും കാളിദാസനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുഷ്യന്തനെ കുറ്റവിമുക്തനാക്കുമ്പോൾ വ്യാസരെ പിന്തുടരാൻ വിസമ്മതിച്ചുകൊണ്ട് എഴുത്തച്ഛൻ അശരീരിയോടെ ശകുന്തളോപാഖ്യാനം അവസാനിപ്പിക്കുകയാണ്‌. ഇതു കേവലം യാദൃച്ഛികതയോ സംഗ്രഹണത്തിലെ വിട്ടുപോകലോ മാത്രമായി കരുതുവാനാകില്ല. രാജാവു നഗ്നനാണെന്നു ചിലരെങ്കിലും വിളിച്ചുപറയാൻ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ അധികാരത്തിന്റെ ശക്തിയിൽ അബലയായ ഒരു ആശ്രമ കന്യകയെ വഴിപിഴപ്പിക്കാനുള്ള ശ്രമത്തിനെതിരേ സ്വയംപ്രതിരോധം തീർക്കുകയും അഭിമാനം കാക്കാനും ആക്ഷേപങ്ങൾക്കു മറുപടി പറയാനും ആരെയും കൂസാതെ തന്റെ പക്ഷം സ്ഥാപിക്കാനും തയ്യാറായ ശകുന്തളയുടെ വിജയഗാഥയായി ശാകുന്തളം മാറുന്നു. തനിക്കെതിരായ നിലവാരമില്ലാത്ത ആക്ഷേപങ്ങളിൽ അവൾ തകർന്നുവീഴുന്നില്ല. ഒരു നിമിഷനേരത്തെ നിശ്ശബ്ദതയിൽനിന്ന് നൂറു നാവുകളായി ഉയർന്ന് സംസ്കാരഭദ്രമായ ഭാഷയിൽ അധിക്ഷേപത്തിന്റെ ചാട്ടുളികളെ തച്ചുതകർത്ത് സ്വന്തം വ്യക്തിത്വം പൊതുജനസമക്ഷം അവതരിപ്പിച്ച് അംഗീകാരം നേടുന്നു അവൾ. സമൂഹമാകട്ടെ ആണധികാരത്തിന്റെ ആക്ഷേപങ്ങൾ കേട്ട് അവളെ കല്ലെറിയുന്നുമില്ല. നിലപാടുകളിൽ മാറ്റം വരുത്തുവാൻ അവളുടെ ശബ്ദം അധികാരി വർഗത്തെ നിർബന്ധിതമാക്കുന്നു.
വ്യാസന്റെ വഴികളിൽനിന്ന് ചെറിയതോതിൽ എഴുത്തച്ഛൻ വരുത്തുന്ന തെന്നിമാറലുകൾ ദുഷ്യന്തനെ കൂടുതൽ അപരാധിയും ശകുന്തളയെ കരുത്തുറ്റ കഥാപാത്രവുമാക്കി മാറ്റുന്നു.
ശകുന്തളയുടെ ദർശനമാത്രയിൽ, അവളാരെന്നോ എന്തെന്നോ അറിയുന്നതിനു മുമ്പ് കാമാതുരനാകുന്ന ദുഷ്യന്തൻ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി നല്കുന്ന വാഗ്ദാനങ്ങൾ കേവലമായ വാചാടോപം മാത്രമാണെന്ന് എഴുത്തച്ഛൻ പറയാതെ പറയുന്നുണ്ട്.ഇതേ വിഷയലമ്പടത്വമാണ്‌ രാജസഭയിൽ ശകുന്തളയോട്
സുവർണ്ണമണിമുക്താഭരണ വസ്ത്രാദിക
ളുവന്നു തരുവൻ ഞാൻ നിനക്കു വേണ്ടുവോളം.
പിന്നെ നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളേണം
നിന്നിനി കാലം കളഞ്ഞീടായ്ക വെറുതേ നീ.
എന്നു പറയുന്ന ദുഷ്യന്തന്റേയും കൈമുതൽ. പാരിതോഷികമോ നഷ്ടപരിഹാരമോ നല്കി പടിയിറക്കേണ്ടവളായി ശകുന്തളയെ ദുഷ്യന്തനു തോന്നുന്നുവെങ്കിൽ അത് അയാളുടെ അപരാധിത്വത്തെയാണ്‌ ഉറപ്പിക്കുന്നത്. എന്തിനേയും സമ്പത്തിന്റെ അളവുകോലിലാണ്‌ അയാൾ അളക്കുന്നത്. എന്നാൽ ശകുന്തളയാകട്ടെ, എന്നെയുപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കേണമെന്ന് അപേക്ഷിക്കാനോ, നീയുപേക്ഷിച്ചാലും എന്റെ മകനെ ഊഴികാക്കുന്ന ചക്രവർത്തിയാക്കുമെന്ന് വെല്ലുവിളിക്കാനോ മുതിരുന്നില്ല. അതേസമയം, തന്റെ ഭാഗം ന്യായീകരിക്കാനുള്ള എല്ലാ വാദമുഖങ്ങളും യുക്തിയുക്തം അവതരിപ്പിക്കുന്നതിൽ അവൾ പിന്നാക്കം പോകുന്നുമില്ല.
അതുകൊണ്ടുമാത്രം വ്യാസരുടേയോ എഴുത്തച്ഛന്റേയൊ ജീവിത കാലഘട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് ഇങ്ങനെ അഭിപ്രായ സ്വാതന്ത്രമോ സാമൂഹികമായ പദവിയോ ഉണ്ടായിരുന്നു എന്നു വരുന്നില്ല. സാഹിത്യകൃതികളിൽ അഭിപ്രായസ്ഥിരതയും ചങ്കൂറ്റവും വ്യക്തിത്വവുമുള്ള നിരവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. പൗരസ്ത്യലോകത്ത് ശകുന്തള, സീത, സത്യവതി തുടങ്ങി മിഴിവാർന്ന സ്ത്രീകഥാപാത്രങ്ങൾ നിരവധി. പാശ്ചാത്യ ലോകവും വ്യത്യസ്ഥമല്ല. ആന്റിഗണി, ക്ളിയോപാട്ര, ലേഡി മാക്ബത്ത്, ഡെസ്റ്റിമോണ, അന്നാകരീനീന ..... ഇങ്ങനെ പട്ടിക നീണ്ടുപോകും.
എന്നാൽ അക്കാലങ്ങളിലെ യഥാർഥജീവിത സാഹചര്യങ്ങളിൽ ഒരു സ്ത്രീയുടെ ജീവിതനില, അവൾ എത്ര ഉന്നതയായിരിന്നാലും എങ്ങനെയായിരുന്നു? അത് ഈ ഭാവനാസൃഷ്ടികളിൽ നിന്നും തികച്ചും ഭിന്നമായിരുന്നുവെന്നതിൽ തർക്കമില്ല. അവർ പുരുഷൻ അനുവദിച്ച ഇടങ്ങളിൽ ലഭ്യമായ സ്വാതന്ത്രം മാത്രം ഉപയോഗിച്ച് ജീവിച്ചു. മാനുഷികമായ അവകാശങ്ങൾക്ക് എന്നും അവൾക്കന്യമായിരുന്നു.
അതാണ്‌ വെർജീനിയ വുൾഫ് ‘എഴുത്തുകാരിയുടെ മുറി’ എന്ന കൃതിയിൽ ‘ഭാവനാപരമായി അവൾ അങ്ങേയറ്റം പ്രാധാന്യമുള്ളവളാണ്‌. എന്നാൽ പ്രായോഗികമായി അവൾ തിർത്തും നിസ്സാരയാണ്‌’ എന്നു പറയുന്നത്.
ശകുന്തളയും ഇതിൽനിന്നു ഭിന്നയല്ല. രാജസഭയിൽ അവൾ ശക്തിയുക്തം പറയുന്ന കാര്യങ്ങളിൽനിന്നുമാത്രം പൗരാണിക കാലത്തെ സ്ത്രീയുടെ പദവിയെപ്പറ്റി കാല്പ്പനികമായ നിലപാടുകളിലെത്തുന്നത് യുക്തമല്ല.

1 അഭിപ്രായം:

  1. Virginia wolf ന്റെ കൃതിയുടെ പേര് A room of one's own എന്നല്ലേ അതെങ്ങനെ" എഴുത്ത്കാരിയുടെ മുറി" ആകും

    മറുപടിഇല്ലാതാക്കൂ