2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സന്ദര്‍ശനം

സന്ദര്‍ശനം ചില ചിന്തകള്‍
 സന്ദര്‍ശനം സമ്യക്കായ ദര്‍ശനം കൂടിയാണ്. പെരുവഴിയമ്പലത്തില്‍ ഒന്നിച്ചുകൂടി പിരിയും പോലെ ഹൃസ്വമാണല്ലോ ജീവിതം. ഒന്നിച്ചിരിക്കലും പിരിയലുമാണ് സന്ദര്‍നത്തിലെ കേന്ദ്രാശയം. കൂടിച്ചേര്‍ന്നതിന് വേര്‍പിരിഞ്ഞേ പറ്റൂ. വാക്കുകള്‍ അപ്രസക്തമാവുന്ന, മൗനം വാചാലമാവുന്ന സന്ദര്‍ശന മുഹൂര്‍ത്തം. ജീവിതം പോലെ പകല്‍ വെളിച്ചം പൊലിയുന്നു എന്നാണു കവി പറയുന്നത്. ജീവിതത്തിന്റെ സന്ധ്യയെക്കുറിച്ചുള്ള സൂചന നമ്മുടെ മനസ്സില്‍ വരാം. പക്ഷേ കവി തന്റെ യൗവനത്തിലെഴുതിയ കവിതയില്‍ അത്തരമൊരര്‍ഥ സാധ്യത അപ്രസക്തമാണല്ലോ. അപ്പോഴിത് പ്രണയത്തിന്റെ സന്ധ്യയാവുന്നതാണ് യുക്തം. പ്രണയിനിയയുടെ നിശ്വാസം പോലും സംഗീതമായി അനുഭവപ്പെടുന്നു. പൊന്‍ചെമ്പകം പ്രണയത്തിന്റെ പ്രതീകമാണെന്നു നമുക്കറിയാം. ലീലയ്ക്ക് മദനനെ കണ്ടെത്താന്‍ സഹായകമായത് ചെമ്പകപുഷ്പഗന്ധമാണെന്നോര്‍ക്കുക. കറപിടിച്ച ചുണ്ടും കരിഞ്ഞുപോയ കരളും പ്രണയത്തിനു വന്നു ചേര്‍ന്ന അവസ്ഥാവിപര്യയത്തെ സൂചിപ്പിക്കുന്നു. മനസ്സിനെ ആര്‍ദ്രമാക്കുന്നത് കവിതയാണ്. അതു വറ്റിപ്പോയ മനസ്സ് വരണ്ടതായിത്തീര്‍ന്നിരിക്കുന്നു. വലയില്‍ കുരുങ്ങി ചിറകു നിവര്‍ത്താനാവാതെ പിടയുന്ന ഒരു പക്ഷിയുടെ ദൈന്യത പോലെ നിശ്ശബ്ദമായ ഒരു നിലവിളി തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വിദൂരമാണ്. അത് സമുദ്രംപോലെ ആഴമേറിയതാണ്. മനസ്സാകുന്ന നദി പ്രണയസ്മരണകളുടെ ആ സാഗരത്തിലേക്കു തന്നെയാണ് വീണ്ടും വീണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നത്. പൊന്‍ചെമ്പകം പൂത്തകരളും കനകമൈലാഞ്ചിനീരില്‍ തുടുത്ത വിരലും നെടിയകണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റു പൂത്ത മനസ്സിന്റെ ചില്ലകളും കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകളും പ്രണയത്തിന്റെ ഏറ്റവും മനോഹരമായ സൂചകങ്ങളായി മാറുന്നു. ഈ സന്ദര്‍ഭങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കവി സ്വീകരിച്ചിരിക്കുന്ന കാല്‍പനിക പദഭംഗി ശ്രദ്ധിക്കേണ്ടതാണ്. ഒരൊറ്റ സ്പര്‍ശം കൊണ്ട് കിനാവിനെ ചുരത്താന്‍,(പശുക്കുട്ടി സ്പര്‍ശം കൊണ്ടാണല്ലോ പാല്‍ ചുരത്തുന്നത്.) ഒരൊറ്റ നോട്ടം കൊണ്ട് മനസ്സിന്റെ ചില്ലകളെ പൂവണിയിക്കാന്‍(കാന്തം ആകര്‍ഷിക്കുന്നതാണല്ലോ) പ്രണയത്തിനല്ലാതെ മറ്റെന്തിനാവും? ചിദംബരം മനസ്സാകുന്ന ആകാശം തന്നെ. എന്റെ മനസ്സാകുന്ന ആകാശത്തിനു വര്‍ണ്ണശോഭ നല്‍കുന്ന സന്ധ്യയാകുന്നു നീ. കുങ്കുമം പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ചിഹ്നങ്ങളാണ്. നിന്റെ നെറ്റിയിലെ കുങ്കുമത്തരിയില്‍ നിന്നാണ് എന്റെ സന്ധ്യകള്‍ക്കു ഇത്ര വര്‍ണ്ണങ്ങള്‍ ലഭിച്ചത്. കാമുകനെ സംബന്ധിച്ച് തന്റെ എല്ലാ സൗന്ദര്യാനുഭവങ്ങളുടെയും അടിസ്ഥാനം പ്രണയമാണ്. അവിടെ നിശ്വാസം സംഗീതമായും നെഞ്ചിടിപ്പ് താളമായും മാറുന്നു. പ്രണയം വ്യക്തിക്ക് ഒരു മൂന്നാം കണ്ണ് നല്‍കുന്നു, അല്ലെങ്കില്‍ പുതിയൊരു കാഴ്ച നല്‍കുന്നു. വിരലിന് ഇത്ര വിശേഷണങ്ങള്‍ നല്‍കിയത് പ്രണയമാണ്. കനകമൈലാഞ്ചിനീരില്‍ തുടുത്ത വിരല്‍ എന്ന് ഇത്ര ദീര്‍ഘമായ വിശേഷണങ്ങള്‍ അധികം കവികകളില്‍ കാണില്ല.
കവിതയില്‍ പ്രണയാര്‍ദ്രമായ ഒരു ഭൂതകാലവും ആസുരമായ ഒരു വര്‍ത്തമാനകാലവുമുണ്ട്. നാഗരികവും പരുഷവുമായ ചിഹ്നങ്ങള്‍ കൊണ്ടാണ് വര്‍ത്തമാനത്തെ കവി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ദുഖിതനാണു കവി. മരണ വേഗത്തിലോടുന്ന വണ്ടികളും അവസാനമില്ലാത്ത അലച്ചിലുകളും മദ്യവും മദിരയും നിറഞ്ഞ നഗരത്തിലെ നരകരാത്രികളും വഴിയമ്പലങ്ങളും(വീട് നഷ്ടപ്പെട്ടവന്‍, ബഹിഷ്‌കൃതന്‍) ഇതിന്റെ സൂചനകളായി വരുന്നു. ഈ വേദനകളില്‍ നിന്ന് ഏകാകിതയില്‍ നിന്ന് മോചനം നേടാന്‍ ആര്‍ത്തമായ മനസ്സ് ഭൂതകാലത്തിലേക്ക്, ആ പ്രണയകാലങ്ങളിലേക്കു കുതിക്കുകയാണ്. വര്‍ത്തമാനകാലജീവിതത്തിന്റെ ഈ ഇരുട്ടില്‍ വെളിച്ചമാവുന്നത്, ഭ്രാന്തമായ അലച്ചിലില്‍ ഏക ആശ്വാസമായി മാറുന്നത് പ്രണയിനിയുടെ മുഖമല്ലാതെ മറ്റൊന്നല്ല. ഈ ജന്മത്തിനു മാത്രമല്ല, മറ്റു ജന്മങ്ങളിലേക്കു കൂടി നീളുന്ന സാന്ത്വനമാണ് പ്രണയം നല്‍കുന്നത്. അതു കൊണ്ടു തന്നെ നിന്നോടുള്ള കടപ്പാട് ഒരു നന്ദിവാക്കില്‍ ഒതുക്കാവുന്നതല്ല. അഴിമുഖം കടലും നദിയും സന്ധിക്കുന്ന സ്ഥലമാണല്ലോ. അഴിമുഖം ചുള്ളിക്കാടില്‍ ആവര്‍ത്തിച്ചു വരുന്ന ബിംബവുമാണ്. വേര്‍പാടിന്റെ, കരച്ചിലിന്റെ അഴിമുഖം എന്ന പ്രയോഗത്തിന് ഒരു അപൂര്‍വതയുമുണ്ട്. അതു കാണാതിരിക്കാനാണു കവിയുടെ പ്രാര്‍ഥന. പിരിയേണ്ട മുഹൂര്‍ത്തത്തിന്, യാത്രികര്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ എന്നു പ്രയോഗിക്കുമ്പോള്‍ ഒരു ദാര്‍ശനിക മാനം കൂടി കൈവരുന്നു. നിഴല്‍ എന്നതു തന്നെ ഇരുണ്ടതും അശുഭസൂചകവുമാണ്. രാത്രിയുടെ നിഴലുകള്‍ നമ്മള്‍ എന്ന പ്രയോഗത്തില്‍ കവി അനുഭവിക്കുന്ന നിസ്സഹായതയുടെയും നിരര്‍ഥകതയുടെയും പ്രതിഫലനം നാം തിരിച്ചറിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ