2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

സംക്രമണത്തെക്കുറിച്ച്---വി അബ്ദുൽ ലത്തീഫ്

സംക്രമണം ഒരു പുരുഷപക്ഷ രചന 
********************************************
മലയാളകവിതയുടെ അനുശീലനങ്ങളിലേക്ക് ഭാവപരമായും രൂപപരമായും പരിഭ്രമങ്ങളും പ്രതീക്ഷയുമുണർത്തി കടന്നു വന്ന കവിതയാണ് 1960 കളിൽ പുറത്തുവന്ന ആറ്റൂരിന്റെ സംക്രമണം. പിന്നീട് മലയാളകവിതയിൽ നിറഞ്ഞുനിന്ന ആധുനികതയ്ക്ക് മാതൃകയായി വർത്തിച്ച കവിതകളിലൊന്നാണിത്. പുറത്തുവന്ന കാലത്ത് അക്കാലത്തെ മുൻനിര നിരൂപകർ ഈ കവിതയെ ദുർഗ്രഹമെന്നു മാറ്റിനിർത്തുകയാണുണ്ടായത്. ആറ്റൂരിന് നല്ല പദ്യം വശമില്ലാത്തതുകൊണ്ടാണ് ഗദ്യത്തിലെഴുതുന്നതെന്ന് ആക്ഷേപമുയർന്നു. ഋജുവായി കാര്യങ്ങൾ പറഞ്ഞുപോകുന്ന വൈലോപ്പിള്ളി പാരമ്പര്യത്തിൽനിന്നുള്ള വിച്ഛേദമായിരുന്നു അനുഭവങ്ങളെയും കാഴ്ചകളെയും പ്രതികരണങ്ങളെയും ബിംബങ്ങളിലേക്കു മാറ്റി വിന്യസിക്കുന്ന ആറ്റൂരിന്റെ രീതി. ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകൾ ഛന്ദോബദ്ധതയുടെയും ഉചിതഭാഷാപ്രയോഗത്തിന്റെയും സൗന്ദര്യമുള്ള പദ്യത്തിൽ പറഞ്ഞ നേർക്കുനേരെയുള്ള ആവിഷ്കാരങ്ങളായിരുന്നു. പദ്യത്തിന്റെ കെട്ടുവിടുവിച്ച് ഗദ്യത്തിൽ പറഞ്ഞാലും അവർ മുന്നോട്ടു വെയ്ക്കുന്ന ചിന്താധാരയ്ക്ക് നിലനില്പുണ്ട്. എന്നാൽ സംക്രമണത്തിൽ കാണുന്ന ബിംബവിന്യാസം പൊളിച്ചടുക്കിയാൽ തകർന്ന ശില്പത്തിന്റെ ശിലാപാളികൾ പോലെ അർത്ഥം നഷ്ടപ്പെട്ടുപോകും. സച്ചിദാനന്ദനെപ്പോലുള്ളവർ സൂചിപ്പിച്ച സമഗ്രധ്വനിയിലൂടെ മാത്രമേ ആറ്റൂരിന്റെയും പിൻമുറക്കാരുടേയും കവിതയിൽനിന്ന് പാഠത്തെ രൂപപ്പെടുത്തിയെടുക്കാനാവൂ.
കുറേനാളായുള്ളി-
ലൊരുത്തിതൻ ജഡമളിഞ്ഞുനാറുന്നു
ഉള്ളിൽ ഒരുത്തിയുടെ ജഢം അളിഞ്ഞു നാറുക എന്ന പ്രായോഗം സാമാന്യയുക്തിക്കു നിരക്കുന്നതല്ല. പക്ഷെ, പുതിയ കാലത്ത് കവിത വായിക്കുന്ന ഒരു സ്കൂൾവിദ്യാർത്ഥിക്കുപോലും അതിന്റെ പൊരുൾ ഊഹിച്ചെടുക്കാൻ പ്രയാസമുണ്ടാവില്ല. കവിത കടന്നുവന്ന വഴികൾ അത്തരമൊരു ആസ്വാദനശീലത്തിലേക്ക് നമ്മെ വളർത്തിയെടുത്തു എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്. കവിതയുടെ ഇത്തരത്തിലുള്ള രൂപമാറ്റങ്ങൾ സംക്രമണം എന്ന കവിത പഠിപ്പിക്കാനെടുക്കുമ്പോൾ നിർബന്ധമായും പരിഗണിക്കണം.
വരാനിരിക്കുന്ന വിപ്ലവസ്വപ്നങ്ങൾക്കുള്ള ആഹ്വാനമായി ഈ കവിത വായിക്കപ്പെട്ടിട്ടുണ്ട്. ഉള്ളിൽ ചീഞ്ഞുനാറുന്ന സ്ത്രീ ആർഷസംസ്കാരമാണെന്നും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ സമമൂഹമനസ്സിൽ നടത്തുന്ന ശസ്ത്രക്രിയയാണെന്നും പുതിയ ഉടലിലേക്ക് സംക്രമിക്കുന്ന ആ കടുവ ഉറക്കം തൂങ്ങുന്ന പുതുതലമുറയുടെ ആത്മാവിൽ അലർച്ചയാവണമെന്നും ലീലാവതി നിരീക്ഷിക്കുന്നുണ്ട്. പുതിയ കാലത്ത് ഇനി അത്തരമൊരു വായനയ്ക്കു പ്രസക്തിയില്ല. അറുപതുകളിൽ കണ്ട സ്വപ്നങ്ങളല്ല പിന്നീട് നടപ്പിലായത്. തുടക്കത്തിൽത്തന്നെ വഴിതെറ്റിയ ആ സ്വപ്നങ്ങൾ വേറൊരു വഴിക്ക് തിരിച്ചു നടക്കുന്നതിന്റെ ആകുലതകൾ പേറുന്ന തൊണ്ണൂറുകളും കടന്നെത്തുമ്പോൾ സംക്രമണം ഒരു ചരിത്രവസ്തു മാത്രമാണ്. പ്രമേയപരമായി ഈ കവിത മുന്നോട്ടുവെക്കുന്നതെന്താണെന്നു നോക്കാം. പെണ്ണിന്റെ ഉടലിനെക്കുറിച്ചും അതിൽനിന്നുണ്ടാകുന്ന എഴുത്തിനെക്കുറിച്ചും (writings from the body) യൂറോപ്പിൽ വലിയ ചിന്തകളുണ്ടായത് ഈ കവിതയുടെ പശ്ചാത്തലമായി കാണണം. ആ അർത്ഥത്തിൽ പെണ്ണുടലിന്റെ സ്വാതന്ത്ര്യത്തെ കവിതയുടെ ബിംബമാക്കുന്ന ആദ്യത്തെ മലയാളകവിതയാകും സംക്രമണം. മുടിത്തെയ്യങ്ങളുറയുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് സച്ചിദാനന്ദനും പിന്നീട് കടമ്മനിട്ടയ്ക്കും തോന്നുന്നതിന്റെ തുടക്കം സംക്രമണത്തിൽ വായിക്കാം.
പ്രത്യക്ഷത്തിൽ ഈ കവിത പെണ്മയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ പുതിയ ബോധങ്ങളിലേക്കു സംക്രമിക്കുന്നതിന്റെ ആവിഷ്കാരമാണ്. രണ്ടു കാര്യങ്ങൾ ഇവിടെ ആലോചിക്കേണ്ടതുണ്ട്. അറുപതുകളിൽ ആറ്റൂർ മുന്നിൽക്കണ്ട ആധുനികത എന്തായിരുന്നു എന്നതാണ് ആദ്യത്തേത്. അതിനെ രൂപപ്പെടുത്തിയ വഴികൾ നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും അലയൊലികളാണെന്നു വ്യക്തം. (അതു കൃത്രിമമോ കപടമോ ആയ ഒരു ആധുനികതയെയാണ് മുന്നോട്ടുവെച്ചത് എന്ന വാദം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.) രണ്ടാമത്തെ കാര്യം ആറ്റൂരിന്റെ ഉള്ളിൽ ചീയുന്ന ആ സ്ത്രീ ആരാണ് എന്നതാണ്. അത് സ്ത്രീയെയല്ല, അത് ഒരു കെട്ട കാലമോ സംസ്കാരമോ ആണ് എന്ന മട്ടിലുള്ള വായനയ്ക്ക് മനസ്സു വരാത്തതുകൊണ്ട് കവിതയിലെ പെണ്ണിനെ കേവലമായ പെണ്ണായിത്തന്നെ കണ്ട് വായിക്കാനാണ് എനിക്കിഷ്ടം. പതിനൊന്നാം ക്ലാസിലെ ഒരു പാഠം എന്ന നിലയിൽ അതാണ് സൗകര്യം. എങ്കിൽ എല്ലാ മലയാളി സ്ത്രീകളുടെയും പ്രതിനിധാനം ഏറ്റെടുക്കാൻ ആ സ്ത്രീക്കു കഴിയുമോ? വി.ടി.യും എം.ആർ.ബി.യും പിൽക്കാലത്ത് ദേവകി നിലയങ്ങോടുമെല്ലാം ചൂണ്ടിക്കാണിച്ച അന്തർജ്ജനങ്ങളുടെ പ്രതിനിധിയാണ് സംക്രമണത്തിലെ സ്ത്രീ. കേരളത്തിലെ സ്ത്രീ ഏകമുഖമുള്ള ഒന്നല്ല. ദളിത്,ആദിവാസി,മുസ്ളിം തുടങ്ങിയ കള്ളികളിൽ അവളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സാമൂഹികപദവിക്കും ഏകരൂപമില്ല. ഒരുപക്ഷെ, കുറത്തിയെക്കാളും ദയനീയാവസ്ഥയിലായിരുന്നു അക്കാലത്തെ അന്തർജ്ജനങ്ങൾ എന്നു കാണാനാവും. അവർ മനുഷ്യർ പോലുമായിരുന്നില്ല, സാധനം മാത്രമായിരുന്നു. (താത്രിക്കുട്ടിയെ ഓർക്കാം) പൊതുമലയാളി എന്ന കാഴ്ചപ്പാട് ആധുനികതയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽനിന്ന് ഒരിക്കലും യാഥാർത്ഥ്യത്തിലേക്കു വരാത്ത ഒന്നാണ്. ഈ പെണ്ണുടലിനെ കവി എന്താണ് ചെയ്യുന്നത് എന്നു നോക്കാം.
ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തുഞാ-
നതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ
ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം കടുവയിൽ
ഈ വരികളിലെ ചേർക്കാവൂ എന്ന ക്രിയാപദം കവിതയിലേക്കുള്ള താക്കോൽ വാചകങ്ങളിലൊന്നായി പരിഗണിക്കേണ്ടിയിരിക്കുന്നു. ചേർക്കും എന്നോ ചേർക്കണം എന്നോ പറയാതെ ചേർക്കാവൂ എന്നു പറഞ്ഞതിന്റെ പൊരുൾ എന്തായിരിക്കും? കേൾക്കാവൂ, കലർത്താവൂ, അണയ്ക്കാവൂ എന്നെല്ലാം ഇത് ആവർത്തിക്കുന്നുണ്ട്. കവിതയുടെ തുടക്കത്തിൽക്കാണുന്ന പെണ്ണിന്റെ ആത്മാവിനെ പുതിയ ലോകത്തേക്ക് സംക്രമിപ്പിക്കുന്നിടത്താണ് ഈ പ്രയോഗങ്ങൾ കാണുന്നത്. അഞ്ചോ ആറോയിടത്ത് കാണുന്ന ഈ ക്രിയാപദങ്ങളിൽ കേൾക്കാവൂ എന്നതൊഴികെ ബാക്കിയെല്ലാം പ്രയോജകക്രിയകളാണ്. വക്താവ് ഞാനും. (കേൾക്കാവൂ എന്ന പ്രയോഗത്തിന്റെ സാഹചര്യം അല്പം വ്യത്യസ്തമാണ്) പെണ്ണിന്റെ ജഢത്തിൽനിന്ന് അഴിച്ചെടുക്കുന്ന ആത്മാവ് കടുവയിലും നാവ് ചെന്നായയിലും വിശപ്പ് ജനപദങ്ങളിലും വേദന സന്ധ്യയിലും ശാപം സൂര്യനിലും ചേർക്കാവൂ എന്നാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ് സംക്രമണം. ഈ കവിതയിലെ സംക്രമണത്തെ സൂചിപ്പിക്കുന്ന ആവൂ പ്രയോഗത്തിന് ഒരു നിർദ്ദേശകസ്വഭാവമാണുള്ളത്. ഇങ്ങനെയേ ചെയ്യാവൂ എന്നതിന് ഇങ്ങനെ ചെയ്യണം എന്നു പറയുന്നതിനേക്കാൾ ഒരു അധികമാനമുണ്ട്.
കേരളത്തിൽ രൂപപ്പെട്ട ആധുനികത കപടവും അംഗവൈകല്യമുള്ളതുമായിരുന്നു. സമത്വത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും വാചാലമാകുമ്പോൾത്തന്നെ സവർണ്ണബോധവും ആൺകോയ്മയും നിലനിർത്താനുള്ള ആന്തരികമായ ഒരു പ്രതിരോധപ്രവർത്തനം അതിന് കൂടപ്പിറപ്പാണ്. ഭാഷ വെളിപ്പെടുത്തുമ്പോൾത്തന്നെ മറച്ചുവെക്കുന്നതും കൂടിയാണെന്ന ഹെബർമാസിനെപ്പോലുള്ളവരുടെ ചിന്തകളെ ചേർത്തു വെച്ചുവേണം അറുപതുകളെയും എഴുപതുകളേയും ഇനി വായിക്കേണ്ടത്. വിപ്ലവത്തിന്റെ ആഹ്വാനത്തിനപ്പുറം പെണ്ണിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനെ കരുതലോടെ കാണണമെന്ന ആൺനോട്ടം (മെയിൽഷോവനിസ്റ്റ് പ്രതിരോധപ്രവർത്തനം) ആറ്റൂരിന്റെ ഈ ആവൂ പ്രയോഗത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അതുകൊണ്ടാണ്. അങ്ങനെയാണെങ്കിൽ സംക്രമണം ഒരു പുരുപക്ഷ കവിതയും പുരുഷനുള്ള മുന്നറിയിപ്പ് കവിതയുമായി മാറും. യന്ത്രസമാനമായ സാഹചര്യത്തിൽനിന്ന് ജൈവികമായ ചലനാത്മകത വൈവരിച്ചാൽ മാത്രമമേ സ്ത്രീയുടെ വിമോചനം സാധ്യമാകൂ. എന്നാൽ ആറ്റൂർ യന്ത്രത്തിൽനിന്ന് അഴിച്ചെടുത്ത് പെണ്ണായ്മയെ കൂട്ടിക്കെട്ടുന്നത് ജൈവികതയുടെ ജനകീയ പരിസരത്തേക്കല്ല, മറിച്ച് ചെന്നായയുടെയും കടുവയുടെയും ആൾക്കൂട്ടത്തിന്റെയും സൂര്യന്റെയും പൊള്ളലുകളിലേക്കാണ്. അങ്ങനെ വരുമ്പോൾ ആ അളിഞ്ഞു നാറൽ ഉടൻ മറവു ചെയ്യേണ്ട സാഹചര്യമാണുണ്ടാക്കുന്നത്. ഇത്തരത്തിലേ ചെയ്യാവൂ എന്ന ആവർത്തിക്കൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. നാലുകെട്ട്, വൈക്കോൽക്കൂന, കഴിയുമെങ്കിൽ മുറ്റത്തൊരാന എന്ന മധ്യവർഗ്ഗഅരിസ്റ്റോക്രസി വിദ്യാഭ്യാസവും പണവും സ്വാധീനവും എന്നു മാറുകയേ ചെയ്തിട്ടുള്ളൂ. അല്ലാതെ അത് സമൂഹബോധനവീകരണത്തിലേക്ക് മാറുന്നില്ല എന്ന യാഥാർത്ഥ്യമാണ് ഇത്തരമൊരു പരിശോധന ആവശ്യപ്പെടുന്നത്. ചുരുക്കത്തിൽ അരനൂറ്റാണ്ടിനിപ്പുറം ഒരു ചരിത്രവസ്തു എന്ന നിലയിൽ പരിഗണനയ്ക്കെടുക്കേണ്ട ഈ രചന കവിതയുടെ സൗന്ദര്യാത്മകമായ ആസ്വാദനത്തിനപ്പുറം ഇടപെടലുകളുടെ രാഷ്ട്രീയവായനകൾക്കു കൂടി സാധ്യതകൾ തുറന്നിടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ