2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എം എൻ വിജയന്റെ ലേഖനത്തെക്കുറിച്ച് അൽപം കൂടി ---- ഉമ്മർ ടികെ

എം എൻ വിജയൻറെ ലേഖനത്തെക്കറിച്ച് അൽപം കൂടി…
സൂപ്പർ ഈഗോ. നമ്മുടെ മനസ്സാക്ഷി എന്നോ സമൂഹബോധം എന്നോ ഒക്കെ പറയാവുന്നത്. ഒരു കൊച്ചു കുട്ടിയെ നാമടിച്ചാൽ അവൻ തിരിച്ചടിക്കും. അത് വളരെ സ്വാഭാവികമാണ്. എന്നാൽ വളരുമ്പോൾ തിരിച്ചടിക്കാൻ പാടില്ലെന്ന് അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവിനെയാണ് നാം സംസ്കാരം എന്നു പറയുന്നത്. സ്വാഭാവികമായ പ്രതികരണത്തെ തടയാനുള്ള കഴിവു നേടുകയാണ് വ്യക്തി. ഇതൊരർഥത്തിൽ മെരുക്കിയെടുക്കലാണ്. സംസ്കാരം ഇവിടെ ഒരാനപ്പന്തിയായി മാറുന്നു. സ്കൂൾ,കുടുംബം, സമൂഹം എല്ലാം ഈ ആനപ്പന്തിയുടെ ഭാഗം തന്നെ. ചിലപ്പോൾ മെരുക്കപ്പെട്ട ആന അടിച്ചമർത്തപ്പെട്ട പ്രാകൃതമായ ചോദനയുടെ പ്രേരണയാൽ സ്വാതന്ത്ര്യത്തിലേക്കു വിലക്കുകൾ പൊട്ടിച്ചു കുതിക്കാനായുന്നു. മദം പൊട്ടുക എന്നു നാമതിനെ വിളിക്കുന്നു. ചിലപ്പോൾ ശക്തമായ ശിക്ഷണം മടുത്ത് മദം പൊട്ടിയ ഒരു കുട്ടി മാഷെ തള്ളി മാറ്റി സ്വാതന്ത്ര്യത്തിൻറെ ലോകത്തേക്കു കുതിച്ചു എന്നു വരാം. 
സമൂഹികജീവിതം സങ്കീർണ്ണമാവുമ്പോൾ കവിതയും സങ്കീർണ്ണമാവുന്നു. വള്ളത്തോളിൻറെ കാലത്തെ അനുഭവങ്ങളല്ല വൈലോപ്പിള്ളിയുടെ കാലത്തുള്ളത്. ആറ്റൂരിൻറെ അനുഭവങ്ങളല്ല ടി പി രാജീവനുള്ളത്. കാലം മാറുമ്പോൾ അനുഭവങ്ങൾ കൂടുതൽ വൈപുല്യവും വൈചിത്ര്യവുമുള്ളതായി മാറുന്നു. സമൂഹത്തിൻറെ അവ്യവസ്ഥിതത്വം കവിതയിലും പ്രത്യക്ഷമാവുന്നു. അതു കൊണ്ടു തന്നെ അവ്യവസ്ഥിതത്വം കവിതയുടെ ഒരു സ്വഭാവമായിത്തീരുന്നു. വള്ളത്തോളിൻറെ കവിതയുടെ കൃത്യമായ അർഥോൽപ്പാദന രീതിയല്ല മൽസ്യത്തിനുള്ളത്.
പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴുവായിത്തീരുന്നു. മണ്ണു തിന്നുന്നവൻ ഞാഞ്ഞൂലായിത്തീരുന്നു…. പഴംപായിലിരുന്നു പറഞ്ഞാൽ മാത്രമേ കവിതയാവൂ എന്ന ധാരണ നിലനിന്ന ഒരു കാലം ഇതിനു പിന്നിലുണ്ട്. പഴം പായോ പട്ടുമെത്തയോ എന്നതല്ല, സങ്കീർണമായിത്തീർന്ന പുതിയ കാലത്തെ ആവിഷ്ക്കരിക്കാൻ കഴിയുക എന്നതാണു പ്രധാനമെന്നു ലേഖകൻ പറയുന്നു. തിളയ്ക്കുന്ന ഈ അനുഭവങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാതെ ഇത് സാധ്യമല്ലെന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. പുസ്തകങ്ങളുടെ, വായനയുടെ ലോകത്തിനപ്പുറം വൈചിത്ര്യവും വൈപുല്യവുമാർന്ന് സങ്കീർണമായ പുതുലോകത്തിൻറെ മനസ്സാക്ഷിയാകണം കവിത എന്നാണു സൂചന. അപ്പോൾ പുസ്തകപ്പുഴു പുസ്തകം തിന്ന് പുസ്തകത്തിൽ ജീവിച്ച് അവിടെത്തന്നെ മരിക്കുന്ന സമൂഹത്തിന് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാത്ത ഒന്നായിത്തീരുന്നു. കവിത മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം ആവശ്യമുള്ള മനുഷ്യനുപകാരപ്രദമായ ഒന്നാണെന്ന മാഷുടെ കാഴ്ചപ്പാടും ഓർക്കുക. അപ്പോൾ സമസ്താനുഭവങ്ങളെയും ആഹരിച്ച് ലോകത്തിന് ഉപകാരപ്രദമായ വളം പ്രദാനം ചെയ്യുന്ന ഞാഞ്ഞൂൽ യഥാർഥ കവിയുടെ ചിഹ്നമായിത്തീരുന്നു. പാവങ്ങൾ എന്ന കൃതി ലോകത്തെ എങ്ങിനെ മാറ്റിത്തീർത്തു എന്നു നമുക്കറിയാം. ആശാൻ ഉൾപ്പെടുന്ന ആധുനികകവികളും തകഴി അടക്കമുള്ള നോവലിസ്റ്റുകളും കേരളത്തിൻറെ മണ്ണിനെ ഫലഭുയിഷ്ഠമാക്കിയ മണ്ണിരകളത്രെ. നീലകണ്ഠനെപ്പോലെ സമൂഹത്തിലെ വിഷം സ്വയം ആഹരിച്ച് ലോകത്തെ രക്ഷിക്കുന്നവരാണ് കലാകാരന്മാർ എന്ന് കേസരി സമുദായത്തിലെ വിഷം തീനികൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പഴം പായയ്ക്കും പട്ടുമെത്തക്കും മുകളിലല്ല, പച്ചയായ, പരുപരുത്ത സങ്കീർണ്ണമായ മണ്ണടരുകളിലേക്ക് സഞ്ചരിച്ച് മണ്ണിനെ ജീവിതവ്യമാക്കുന്ന മണ്ണിര എന്ന് അർഥം ലഭിക്കുന്നു. മണ്ണിൽ നടക്കുന്നവൻ എന്നു പറയുമ്പോൾ ലഭിക്കുന്ന അർഥം നോക്കുക. പി ഭാസ്ക്കരൻറെ വിണ്ട കാലടികളിൽ മണ്ണിൽ നടക്കുന്ന മനുഷ്യനെ കുട്ടികൾ പരിചയപ്പെട്ടിട്ടുണ്ട്. വിണ്ട കാലടികൾ തന്നെ അവിടെ എങ്ങിനെ ചിഹ്നമായിത്തീരുന്നു എന്നും കുട്ടികൾ പറയാതിരിക്കില്ല.
വാഴക്കുല ഓരോ ചരിത്രഘട്ടത്തിലും വ്യത്യസ്ഥമായ അർഥം കൈവരിക്കുന്നതിനെക്കുറിച്ച് പറഞ്ഞതോർക്കുക. ചരിത്രഘട്ടം മാത്രമല്ല സാമൂഹിക സാഹചര്യങ്ങളും കാഴ്ചകളെ നിയന്ത്രിക്കും. ആർഷഭാരതത്തിൻറെ മഹത്വത്തെക്കുറിച്ച് വള്ളത്തോളിന് യഥേഷ്ടം പാടാം. എന്നാൽ അയിത്തം തൻറെ ശരീരം കൊണ്ടറിയുന്ന ആശാന് അത് അത്ര മഹത്വമുള്ളതായി തോന്നണമെന്നില്ല. ആ സംസ്കാര മഹത്വത്തെ തകർക്കാൻ വന്നവരായിട്ടാണ് വെള്ളക്കാരെ വള്ളത്തോൾ കാണുന്നതെങ്കിൽ തങ്ങളെ മനുഷ്യരായി അംഗീകരിച്ചവരായി മാത്രമേ അവരെ ആശാനു കാണാൻ കഴിയൂ. 
തീണ്ടൊല്ല തൊടല്ലെന്നു 
തങ്ങൾ തങ്ങളിൽ മൗഢ്യം 
പൂണ്ടാട്ടിയോടിക്കുന്ന കാലമെന്നോളം നിൽക്കും… എന്നു തുടങ്ങുന്ന വരികളോർക്കുക.
അതു വരെയും തറവാട്ടിലെ ഭ്രഷ്ടരാണ് നാം എന്നാണ് ആശാൻ പറയുന്നത്. അതു കൊണ്ടുതന്നെയാണ് വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും വാങ്ങിയത് ആശാൻറെ ശരിയായി മാറുന്നതും. നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നു നാരായണ ഗുരു പറഞ്ഞതും ഓർക്കുക. ചരിത്രഘട്ടം മാത്രമല്ല വ്യക്തിയുടെ സാമൂഹ്യസാഹചര്യങ്ങളും കാഴ്ചപ്പാടുമെല്ലാം ഇവിടെ പ്രധാനമായിത്തീരുന്നു. 
നാമുണ്ടാക്കുന്ന ലോകം ഉണ്ടു തീർക്കുന്ന ലോകം..
ഉപഭോഗസ്വഭാവത്തിന് (കൺസ്യൂമറിസം) ഇത്രയും ഭംഗിയുള്ളൊരു മലയാളം- ഉണ്ടു തീർക്കുക- നമുക്കു കണ്ടെത്താനാവില്ല. ഉൽപാദനത്തിൻറെയും ഉപഭോഗത്തിൻറെയും അപ്പുറം ചില സന്ധികളുണ്ടെന്നും- സന്ധിക്കുന്നതാണല്ലോ സന്ധ്യ- അതിനെ തിരിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നവരാണ് കവികളായിത്തീരുന്നതെന്നും. ചരിത്രത്തിൻറെ ഈ ടേണിങ്ങ് പോയൻറുകളാണല്ലോ കുടിയൊഴിക്കലിൽ വൈലോപ്പിള്ളിയും സംക്രമണത്തിൽ ആറ്റൂരും അവതരിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ