2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

എം എൻ വിജയന്റെ ലേഖനം. ഉമ്മർ ടികെ

എം എൻ വിജയൻറെ ലേഖനത്തിലേക്ക്
ശരീരചലനത്തെ ക്രമപ്പെടുത്തുമ്പോൾ നൃത്തമാകുന്നു. ശബ്ദത്തെ ചിട്ടപ്പെടുത്തുമ്പോൾ സംഗീതമാവുന്നു. പദങ്ങളെ ക്രമപ്പെടുത്തലാണ് കവിത. അത് അലൗകികമൊന്നുമല്ല. മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം വേണ്ട ഒരു തൊഴിൽ മാത്രം. വാക്കാണ് കവിയുടെ ഉപാധി. വാക്കുകൾക്ക് സാമാന്യ ഭാഷയിൽ സ്വാഭാവികമായ അർഥങ്ങളുണ്ട്. എന്നാൽ അതേ വാക്കുകൾ തന്നെ കവിതയിൽ സവിശേഷ അർഥങ്ങൾ കൈവരിക്കുന്നു. വാക്കുകൾക്ക് നിയതമായ അർഥം നിഘണ്ടു നൽകുന്നുണ്ട്. എന്നാൽ കവിതയിൽ സന്ദർഭങ്ങളാണ് വാക്കുകൾക്ക് അർഥം നൽകുന്നത്. ദേവൻ പെരുമാറുന്ന മസ്തകത്തിനടിയിൽ പിശാചുക്കൾ മന്ത്രിക്കുന്നു എന്നു വൈലോപ്പള്ളി പറയുന്നു. മുകളിൽ ദേവൻ, താഴെ അല്ലെങ്കിൽ ഉള്ളിൽ പിശാച്. ഇത് വൈലോപ്പള്ളിയിൽ നാം മുമ്പും കണ്ടിട്ടുണ്ടല്ലോ? പുഞ്ചിരി പുറത്തും അകത്ത് കള്ളവും, സ്വസ്ഥിതി തൻ മറുപുറം തപ്പുന്നത്, വസന്തത്തിൽ വസൂരി രോഗാണുക്കളെ കാണുന്നത് കവിയുടെ സ്വഭാവമാണല്ലോ. കെട്ടപ്പൊക്കിയ ദൈവികത്വത്തിൻറെയും സംസ്കാരത്തിൻറെയും എടുപ്പുകൾക്കു താഴെ കിരാതത്വമാണെന്ന് കവി ഓർമ്മിപ്പിക്കുന്നു. പുഞ്ചിരിക്കുന്ന നമ്മുടെ മാന്യതയ്ക്കു പിന്നിലെ നിഗൂഢവും പാപപങ്കിലവുമായ അബോധത്തെയും അത് ഓർമ്മിപ്പിക്കുന്നു. നമ്മെ നിരന്തരം നിയന്ത്രിക്കുന്ന നമ്മുടെ മനസ്സാക്ഷി എന്നൊക്കെ പറയുന്ന സൂപ്പർ ഈഗോ ദേവനായി മാറുന്നു. ആന സംസ്കാരത്തിൻറെ പന്തിയിൽ ക്രൂരമായി മെരുക്കപ്പെട്ട ആധുനിക മനുഷ്യനായിത്തീരുകയും ചെയ്യുന്നു.
ഓരോ വാക്കും നൂറ്റാണ്ടുകളിലെ മനുഷ്യാനുഭങ്ങളുടെ പാടുകളേറ്റു വാങ്ങിയാണ് നമ്മുടെ കൈകളിലെത്തിച്ചേരുന്നത്. വാക്ക് സാമൂഹികമായ ഒരുൽപ്പന്നമാണ്. അത് വ്യക്തിയുടെയോ കവിയുടെയോ സ്വകാര്യസ്വത്തല്ല. ഓരോ വാക്കും ചരിത്രത്തിൽ നിന്ന് പുതിയ അർഥങ്ങൾ സ്വീകരിക്കുകയും ചെയ്യും. ചങ്ങമ്പുഴയുടെ സ്പർശത്തിൽ നിന്ന് വാഴക്കുലയ്ക്ക് ചരിത്രപരമായ ഒരർഥം കൈവന്നത് നമുക്കറിയാമല്ലോ. പിശാച് എന്ന വാക്ക് നമ്മെ ഹവ്വയിലേക്കു കൊണ്ടു പോകാതിരിക്കില്ല. പിശാച് ചെവിയിലോതിയ വാക്കുകളാണല്ലോ ജ്ഞാനത്തിൻറെ പുതിയ ലോകം അവർക്കു മുമ്പിൽ തുറന്നു കൊടുത്തത്. പൗരാണികമായ അനുഭവങ്ങളിലേക്കും വാക്കുകൾ നമ്മെ കൊണ്ടു പോകുന്നു. ഓരോ വാക്കും കേവലം ഓരോ അർഥങ്ങളെ സംവഹിക്കുന്ന ഉപകരണങ്ങളല്ല.
പഴംപായിലായാലും പട്ടുമെത്തയിലായാലും പഴംപായിലിരുന്നു പറഞ്ഞാൽ മാത്രമേ കവിതയാവൂ എന്ന ധാരണ നിലനിന്ന ഒരു കാലം ഇതിനു പിന്നിലുണ്ട്. പഴംപായോ പട്ടുമെത്തയോ എന്നതല്ല, സങ്കീർണമായിത്തീർന്ന പുതിയ കാലത്തെ ആവിഷ്ക്കരിക്കാൻ കഴിയുക എന്നതാണു പ്രധാനമെന്നു ലേഖകൻ പറയുന്നു. തിളയ്ക്കുന്ന ഈ അനുഭവങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാതെ ഇത് സാധ്യമല്ലെന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. പുസ്തകങ്ങളുടെ വായനയുടെ ലോകത്തിനപ്പുറം വൈചിത്ര്യവും വൈപുല്യവുമാർന്ന് സങ്കീർണമായ പുതുലോകത്തിൻറെ മനസ്സാക്ഷിയാകണം എന്നാണു സൂചന. അപ്പോൾ പുസ്തകപ്പുഴു പുസ്തകം തിന്ന് പുസ്തകത്തിൽ ജീവിച്ച് അവിടെത്തന്നെ മരിക്കുന്ന സമൂഹത്തിന് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാത്ത ഒന്നായിത്തീരുന്നു. കവിത മറ്റേതൊരു തൊഴിലും പോലെ വൈദഗ്ദ്യം ആവശ്യമുള്ള മനുഷ്യനുപകാരപ്രദമായ ഒന്നാണെന്ന മാഷുടെ കാഴ്ചപ്പാടും ഓർക്കുക. അപ്പോൾ സമസ്താനുഭവങ്ങളെയും ആഹരിച്ച് ലോകത്തിന് ഉപകാരപ്രദമായ വളം പ്രദാനം ചെയ്യുന്ന ഞാഞ്ഞൂൽ യഥാർഥ കവിയുടെ പ്രതീകമായിത്തീരുന്നു. നീലകണ്ഠനെപ്പോലെ സമൂഹത്തിലെ വിഷം സ്വയം ആഹരിച്ച് ലോകത്തെ രക്ഷിക്കുന്നവരാണ് കലാകാരന്മാർ എന്ന് കേസരി സമുദായത്തിലെ വിഷം തീനികൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. പഴം പായയ്ക്കും പട്ടുമെത്തക്കും മുകളിലല്ല, പച്ചയായ, പരുപരുത്ത സങ്കീർണ്ണമായ മണ്ണടരുകളിലേക്ക് സഞ്ചരിച്ച് മണ്ണിനെ ജീവിതവ്യമാക്കുന്നു മണ്ണിര എന്ന് അർഥം കാണുന്നതാണ് സന്ദർഭത്തിന് യോജ്യം.
ബോധം ചരിത്രപരമാണ് എന്നു പറയുന്നത് ശ്രദ്ധിക്കുക. ആസ്വാദനബോദത്തിൻറെ കാര്യമെടുക്കുക. സംക്രമണം എന്ന കവിത നമുക്ക് പഠിക്കാനുണ്ട്. അത് പുറത്തിറങ്ങിയ കാലത്ത് ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ കവിതയായിരുന്നു അത്. പ്രത്യേകിച്ചും ദുർഗ്രഹതയുടെ പേരിൽ അന്നത്തെ പണ്ഡിതന്മാരിൽ നിന്നു തന്നെ. നിഘണ്ടുവിൽ നിന്ന് കൃത്യമായ അർഥം കണ്ടെത്തി വിശദീകരിക്കേണ്ട ഒന്നല്ല കവിത എന്നു നാമിന്നു തിരിച്ചറിയുന്നു. കുറേനാളായുള്ളിലൊരുത്തിതൻ ജഢമളിഞ്ഞുനാറുന്നു എന്നു വായിക്കുമ്പോൾ ഒരാളുടെ മനസ്സിൽ ഒരുത്തി ഇങ്ങനെ അളിഞ്ഞു നാറുമോ ഇതൊക്കെ എങ്ങിനെ അന്വയിക്കും എന്നൊന്നും ഇന്നു നാം വേവലാതിപ്പെടാറില്ല. നമുക്കു കണ്ടാത്തെനാവുന്ന ഒരു തലം നാം തിരിച്ചറിയാൻ ശ്രമിക്കുന്നു. കവിത ആസ്വാദകൻറെ മനസ്സിൽ ആയിരം അർഥങ്ങളുടെ സാധ്യതകൾ നിരത്തുന്നു. കവിതയെ ഇങ്ങനെ സമീപിക്കാനുള്ള ബോധംപോലും ചരിത്രപരമാണ് എന്നാണ് പറഞ്ഞുവന്ന്.
കവി എഴുതിയ കവിതയല്ല നാം വായിക്കുന്നത്. അഥവാ കവി കൽപ്പിച്ച അർഥം ആകണമെന്നില്ല വായനക്കാരൻ കണ്ടെത്തുന്നത്. മനുഷ്യപ്രദർശനത്തിൽ ഗോത്രരാജാവിൻ ജനനേന്ദ്രിയമിത് എന്നു കുരീപ്പുഴ എഴുതുമ്പോൾ ജനനേന്ദ്രിയം പോലും അപ്രസക്തമാവുന്ന ക്ളോണിങ്ങ് കാലത്തെക്കുറിച്ച് നാം ചിന്തിക്കുക തന്നെ ചെയ്യും. ക്ളോണിങ്ങ് കണ്ടു പിടിക്കുന്നതിനു മുമ്പാണ് താനിതെഴുതിയതെന്നു കുരീപ്പുഴ വാദിച്ചു എന്നു തന്നെ വിചാരിക്കുക. എങ്കിലും എൻറെ വായനയ്ക്ക് അത് തടസ്സമാകുന്നില്ല. വാക്ക് കവിയുടെ സ്വകാര്യ സ്വത്തല്ല. ചരിത്രത്തിലൂടെ പുതിയപുതിയ അർഥങ്ങൾ സ്വീകരിച്ചാണ് അത് കവിയുടെ കൈകളിലും നമ്മുടെ കൈകളിലും എത്തിച്ചേരുന്നത്. കാലത്തിൻറെ, ചരിത്രത്തിൻറെ ഉമിനീരു കൂടി ചേർത്താണ് നാം കവിത ആസ്വദിക്കുന്നത്. ഉൽവത്തിന് ഇടഞ്ഞ ഒരാനയുടെ കഥമാത്രമാണ് സഹ്യൻറെ മകൻ എന്നു വൈലോപ്പിള്ളിക്കു വാദത്തെ മുഖവിലക്കെടുക്കേണ്ടതില്ല. ചരിത്രത്തിൻറെയും സമൂഹത്തിൻറെയും ഉൽപന്നമായ ഭാഷ നമ്മുടെ ബോധം പോലെ തന്നെ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ മഞ്ഞിനായാലും ഇന്ദുലേഖയ്ക്കായാലും പുതിയപുതിയ വായനകൾ ഉണ്ടായിക്കൊണ്ടിരിക്കും.
അവ്യവസ്ഥിതത്വം ആണ് കവിതയുടെ ഒരു സൗന്ദര്യം. കവി ഒന്നു പറയുന്നു. നാം മറ്റൊരർഥത്തിൽ വായിക്കുന്നു. ഒരു ടെക്സ്റ്റിനു തന്നെ പലപാരായണങ്ങൾ. അതുകൊണ്ടാണ് കവിത ടെക്സ്റ്റ്വൽ അല്ല കോൺടെക്സ്റ്റ്വൽ ആണ് എന്നു പറയുന്നതും. ഒരു വാക്ക് വ്യത്യസ്ഥ സമൂഹങ്ങളിൽ വ്യത്യസ്ഥ ആശയങ്ങൾ സൃഷ്ടിക്കാം എന്നു ലേഖകൻ പറയുന്നതും ഓർക്കുക. മേഘം മലയാളി കാണുന്നതു പോലെയല്ല ഉത്തരേന്ത്യക്കാരൻ കാണുന്നത്. ഉത്തരേന്ത്യയിൽ യാത്രപോയ പ്രിയപ്പെട്ടവർ തിരിച്ചു വരുന്നകാലമാണത്. അതുകൊണ്ട് അനുരാഗസൂചകവും. അതുകൊണ്ടാണ് യക്ഷന് ആ മേഘദർശനം ഏറ്റവും വേദനാജനകമായത്. കാളിദാസൻ കണ്ടതുപോലെയല്ല വള്ളത്തോൾ മേഘത്തെ കാണുന്നത്. ചരിത്രസന്ദർഭങ്ങൾ വാക്കുകൾക്ക് പുതിയ മാനം നൽകുന്നത് ശ്രദ്ധിക്കുക.
ശൈശവഭാവനയാൽ തിരസ്കൃതനായ മുതിർന്ന മനുഷ്യൻ എന്നു യക്ഷനെ വിശേഷിപ്പിക്കുന്നുണ്ട്. ആകാശത്ത് മേഘം കാണുമ്പോൾ അത് ആന കൊമ്പുകുത്തിക്കളിക്കുകയാണോ എന്നു ചിന്തിക്കുന്നത് തീർച്ചയായും ഒരു ശൈശവമനസ്സാണ്. ഇത്തരം ഭാവനകൾ കുട്ടികളുടെ സവിശേഷതയാണല്ലോ. യക്ഷൻ രാമഗിര്യാശ്രമത്തിലേക്ക് നാടുകടത്തപ്പെട്ടത് ഇത്തരം ഭാവനകളിൽ മുഴുകി ജോലിയിൽ അശ്രദ്ധകാണിച്ചതുകൊണ്ടാണ് എന്നും ഓർക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ