2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

മുഹിയുദ്ദീൻ മാല- ഉമ്മർ ടി കെ.

മുഹിയുദ്ദീൻ മാല
അറബി മലയാളം സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകൃതി. മാലപ്പാട്ടുകൾ എന്നാൽ ഔലിയാക്കളുടെ അഥവാ പുണ്യ പുരുഷന്മാരുടെ അപദാനങ്ങൾ കീർത്തിക്കുന്ന ഗാനശാഖയാണ്. കേരളത്തിലെ മുസ്ലിം കുടുംബങ്ങളിൽ നൂറ്റാണ്ടുകളായി പാടി വന്നിരുന്നവയാണ് ഈ പാട്ടുകൾ. നേർച്ചപ്പാട്ടുകൾ എന്നും ഇവ അറിയപ്പെടുന്നു. ബദർമാല, രിഫായി മാല, മലപ്പുറം മാല, നഫീസത്ത് മാല ഇങ്ങനെ മാലപ്പാട്ടുകൾ പലതുണ്ട്. ഇവ വീടുകളിൽ പാടുന്നത് പുണ്യകർമ്മമായാണ് കരുതിപ്പോരുന്നത്. (പൂർണ്ണഗർഭിണികളുള്ള മുസ്ലിം വീടുകളിൽ പണ്ടു കാലത്ത് പ്രസവം സുഖകരമാകാൻ നഫീസത്തുമാല പാടിയിരുന്നു.)
കൊല്ലവർഷം 782 ൽ ആണ് മുഹിയുദ്ദീൻ മാല രചിച്ചിട്ടുള്ളത്. അത് എഴുത്തച്ഛൻറെ രാമായണത്തിൻറെ രചനയ്ക്കും അഞ്ചു വർഷം മുമ്പാണെന്നു പറയപ്പെടുന്നു.
കൊല്ലം എഴുന്നൂറ്റി എൺപത്തി രണ്ടിൽ ഞാൻ / കോർത്തേൻ ഇമ്മാലനെ നൂറ്റമ്പത്തഞ്ചുമ്മേൽ. / മുത്തും മാണിക്കവും ഒന്നായിക്കോർത്ത പോൽ / മൊഹിയുദ്ദീൻ മാലനെ കോർത്തേൻ ഞാൻ ലോകരെ
നൂറ്റി അമ്പത്തഞ്ചു ഈരടികളിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ആധ്യാത്മിക അനുഭവങ്ങളെ ഒരു സമുദായത്തിന് ഏറ്റവും ലളിതമായ ഭാഷയിൽ പകർന്നു കൊടുക്കുക എന്ന ധർമ്മമാണ് ഇവിടെ നിർവഹിക്കപ്പെടുന്നത്.
ബാഗ്ദാദിനടുത്തുള്ള ജിലാൻ എന്ന സ്ഥലത്ത് ജനിച്ച മുഹിയുദ്ദീൻ ഷെയ്ഖിൻറെ മഹത്വങ്ങളാണ് ഇതിലെ പ്രതിപാദ്യം. ശൈഖ് അബ്ദുൽ കാദിരി കൈലാനി - ഖാദർ ജീലാനി എന്നതിൻറെ തൽഭവ രൂപം – എല്ലാ സൂഫിശ്രേഷ്ഠൻമാർക്കും നേതാവായിട്ടുള്ളയാൾ. ദൈവം ഏറ്റവും സ്നേഹിച്ചവൻ, അനന്തമായ മേന്മകൾക്ക് പാത്രമായിട്ടുള്ളവൻ. ആ മേന്മയിൽ അൽപം മാത്രമാണ് കവി പ്രതിപാദിക്കുന്നത്. പറയാനാണെങ്കിൽ ഏറെ ഉണ്ടുതാനും. പാലിൽ നിന്ന് വെണ്ണ എടുക്കുന്നതു പോലെ അവയിൽ മുഖ്യമായ ചിലത് മാത്രമാണ് ഗാനമാക്കി ചൊല്ലുന്നതെന്നും കവി സൂചിപ്പിക്കുന്നു. ഇത് മനസ്സിലാക്കുന്നവർ പഠിക്കുന്നവർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്. അറിവാളൻ എന്നാൽപണ്ഡിതൻ. കണ്ടൻ അറിവാളൻ എന്നതിന് നേരിട്ടുകണ്ട, മുഹിയുദ്ദീൻ ഷെയ്ഖിൻറെ അൽഭുതകൃത്യങ്ങൾ നേരിട്ടു കണ്ട പണ്ഡിതർ എന്നാണർഥം കാണുന്നത്.(മറ്റൊരു തരത്തിൽ കണ്ടൻ - കഷ്ണം, കണ്ടം - എന്നത് അൽപജ്ഞാനി എന്നായാലോ? അങ്ങിനെയെങ്കിൽ അൽപജ്ഞാനിയായ ഞാൻ ഷെയ്ഖിൻറെ മഹത്വങ്ങൾ പറയുന്നു എന്ന വിനയപ്രസ്താവനയായി മാറില്ലേ?) കോർവാ ഇതൊക്കെയും നോക്കി എടുത്തോവർ - പല രചനകളുടെയും പിൻബലത്തിലാണ് താനിത് രചിച്ചത് എന്നർഥം. ഓരോ ഈരടികളിലും ഷെയ്ഖിൻറെ ജീവിതത്തിലെ ചില അൽഭുത സംഭവങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അറിവും നിലയും ഇല്ലാത്തവർക്ക് അത് നൽകി. അതേസമയം അറിവിൻറെയും നിലയുടെയും പേരിൽ അഹങ്കരിച്ചവരിൽ നിന്ന് അത് എടുത്തു കളയുകയും ചെയ്തു. അഹങ്കാരിയായ ഒരു ഷെയ്ഖിനെ പാഠം പഠിപ്പിച്ച കാര്യവും ഇവിടെ സൂചിപ്പിക്കുന്നു. തൻറെ ശിഷ്യന്മാർക്ക് വരാൻ പോകുന്ന ദുഷ്പ്രവർത്തികളെ നേരത്തേ സ്വപ്നത്തിൽ കാട്ടിക്കൊടുക്കുകയും തിന്മയിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. ജിന്നുകൾ പാമ്പിൻറെ രൂപത്തിൽ വന്ന് ഉപദ്രവിക്കാൻ നോക്കിയ സമയത്ത് അവയെ പറിച്ചെറിഞ്ഞ സംഭവവും വിശദീകരിക്കുന്നു. ഒരിക്കൽ ജിന്ന് ഒരു പെൺകുട്ടിയെതട്ടിക്കൊണ്ടു പോവുകയുണ്ടായി. പിതാവ് ഷെയ്ഖിൻറെ മുന്നിൽ ആവലാതിയുമായെത്തി. ജിന്നുകളുടെ രാജാവിനെത്തന്നെ വിളിച്ച് ആ കുട്ടിയെ പിതാവിന് തിരിച്ചെത്തിച്ച കഥ ഇവിടെ സൂചിതമാകുന്നു. നല്ല ഭക്ഷണം തിന്നാൻ കൊതിച്ചവർക്ക് അതു നൽകി. പെയ്യുന്ന മഴയെയും പുഴയെയും തൻറെ അൽഭുതസിദ്ധിയാൽ നിർത്തിക്കാനും മുഹിയുദ്ദീൻ ഷെയ്ഖിനു കഴിഞ്ഞു. കനിയില്ലാത്ത കാലത്ത് കനികൾ കൊടുക്കാനും, ഉണങ്ങിയ മരത്തിൽ കായ്കൾ ഉണ്ടാക്കാനും കഴഞ്ഞതും ഷെയ്ഖിൻറെ അൽഭുതം തന്നെ.
അറബി മലയാളം എന്ന സാഹിത്യശാഖയിലെ പ്രഥമകൃതിയാണ് മുഹിയുദ്ദീൻ മാല എന്നു പറഞ്ഞുവല്ലോ. സാധാരണ ജനങ്ങളിൽ ആധ്യാത്മിക ബോധം വളർത്തുക എന്നതായിരുന്നു ഇത്തരം പാട്ടുകളുടെ ധർമ്മം. എഴുത്തച്ഛൻറെ രാമായണരചനയുടെ ലക്ഷ്യവും മറ്റൊന്നല്ലല്ലോ. അറബിലിപിയിൽ എഴുതപ്പെട്ടിരുന്ന ഇത്തരം മലയാള – അറബിമലയാള - കൃതികളിലെ ഭാഷയ്ക്കും സവിശേഷതകളുണ്ട്. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം പോലെ അറബിവാക്കുകളുടെ ഉപയോഗം ഇത്തരം കൃതികളിൽ സർവസാധാരണമാണ്. ഖുത്തുബ്, ബൈത്ത്, കോർവ, ഹാറ് തുടങ്ങിയ പദങ്ങൾ ശ്രദ്ധിക്കുക.
അറബിമലയാളത്തിൻറെ വ്യവസ്ഥകളും നിയമങ്ങളും രൂപപ്പെടുന്നതിനുമുമ്പാണ് ഖാസി മുഹമ്മദിൻറെ മുഹിയുദ്ദീൻ മാല രചിക്കപ്പെട്ടത്. അതു കൊണ്ടുതന്നെ കൃഷ്ണഗാഥ പോലെ ലളിതമായ ഭാഷയാണ് ഇതിൽ ഉള്ളത്. ഇസ്ലാമിൻറെ കർശനമായ ആചാരാനുഷ്ഠാനങ്ങളുടെ ഒരു ധാരയ്ക്കു സമാന്തരമായി കഥകളിലൂടെയും ഭാവനയിലൂടെയും സാധാരണക്കാരിലേക്ക് ഭക്തി പ്രദാനം ചെയ്യുന്ന ഒരു സാംസ്കാരികധാര – സൂഫിസം – ഇസ്ലാം പ്രചരിച്ചിടത്തെല്ലാം നിലനിന്നിരുന്നു. അതിൻറെ ഉദാഹരണം കൂടിയാണ് മുഹിയുദ്ദീൻ മാല. മതസൗഹാർദ്ദത്തിൻറെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്ന സങ്കരഭാഷയാകുന്നു അറബിമലയാളം.
ഉറവുകൾ എന്ന പാഠഭാഗത്താണല്ലോ നമുക്കിതു കൈകാര്യം ചെയ്യാനുള്ളത്. മലയാള ഭാഷ, സംസ്കാരം എന്ന നദി അനേകം കൈവഴികൾ ചേർന്നതാണ്. ഒരു ഉറവയല്ല, അനേകം ഉറവുകളിൽ നിന്നാണ് നാമിന്നു കാണുന്ന നമ്മുടെ ഭാഷയും സംസ്കാരവും രൂപപ്പെട്ടത് എന്നു തിരിച്ചറിയേണ്ടതുണ്ട്.

4 അഭിപ്രായങ്ങൾ: