2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

സിനിമയും സമൂഹവും ഉമ്മർ ടി കെ

സിനിമയും സമൂഹവും 
ഒ.കെ ജോണിയുടെ സിനിമയും സമൂഹവും എന്ന ലേഖനത്തിലെ ആശയങ്ങൾ എങ്ങിനെയാണ് കുട്ടികളിലേക്കെത്തിക്കുക? ലേഖനത്തിലെ മുഖ്യാശയങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം.
1. ജനപ്രിയസിനിമകളെ അവഗണിക്കരുത്.
2. അവയെ വിമർശനാത്മകമായി പഠിക്കേണ്ടതുണ്ട്.
3. അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയണം.
4. എന്തു കൊണ്ട് ഇവ ജനപ്രിയമാവുന്നു എന്നു കണ്ടെത്തണം.
5. അവ വിനിമയം ചെയ്യുന്ന അർഥ തലങ്ങൾ, മുന്നോട്ടു വെക്കുന്ന മൂല്യസങ്കൽപ്പങ്ങൾ ഇവ തിരിച്ചറിയണം.
6. സിനിമ എങ്ങിനെ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കണം. ഇത്തം ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ നമുക്കെന്തു ചെയ്യാൻ പറ്റും?
അവർ പൊതുവായി കാണുന്ന സിനിമകളെ ക്കറിച്ച് സംസാരിക്കാൻ പറയാം. അവ എത്രമാത്രം യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു എന്ന ചോദ്യമുന്നയിക്കാം. ചില പൊതു സ്വഭാവമുള്ള സിനിമകൾ അവർക്കു കണ്ടെത്താനാവുമോ എന്നന്വേഷിക്കാം. അല്ലെങ്കിൽ സിനിമകളിൽ പൊതുവായി കണ്ടു വരുന്ന, ആവർത്തിക്കുന്ന സവിശേഷതകളെക്കുറിച്ചാവാം ചോദ്യം. ചിലതെങ്കിലും അവർ പറയും. നായക കേന്ദ്രീകൃതം. നായകൻ ശക്തൻ. കരുത്തരായ പ്രതിനായകൻ. അന്തിമ വിജയം നായകന്. 
സ്വന്തം നാട്ടിലേക്കു തിരിച്ചു വരുന്ന നായകൻ. അയാളുടെ വരവിൻറെ ഉദ്ദേശം പ്രതികാരമാണ്, അല്ലെങ്കിൽ മുടങ്ങിയ ഉൽസവം നടത്തൽ, അതുമല്ലെങ്കിൽ നഷ്ടപ്പെട്ട തറവാടു വീണ്ടെടുക്കൽ ഇങ്ങനെയെന്തെങ്കിലും ആകാം. അയാൾക്കു പ്രതിബന്ധങ്ങളെ നേരിടേണ്ടി വരാറുണ്ടോ? ആ പ്രതിബന്ധങ്ങൾക്കവസാനം ആത്യന്തിക വിജയം അയാൾക്കു തന്നെയാണോ? ഇതുപോലുള്ള വെറെയും സമാനമായ ചേരുവയുള്ള ഇതിവൃത്തങ്ങൾ കുട്ടികൾ കണ്ടെത്തും.ഉദാഹരണമായി കുടുംബം. കൂട്ടുകുടുംബം നിലനിർത്താൻ നായകൻ നടത്തുന്ന ശ്രമങ്ങൾ, അതിൽ അയാൾക്കു നേരിടേണ്ടി പ്രതിസന്ധികൾ കുടുംബത്തിലെ സമ്പത്ത് അയാൾ കൈക്കലാക്കുകയാണെന്ന സംശയങ്ങൾ, കുടുംബത്തിൽ മുഴുവൻ അയാൾ തെറ്റിദ്ധരിക്കപ്പെടുന്നത്, ഇങ്ങനെ കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട് സ്ഥിരം ശൈലിയിലുള്ള കഥകൾ അവർ ഓർത്തെടുക്കും. 
ഇത്തരം സിനിമകൾ എത്ര മാത്രം യാഥാർഥ്യവുമായി ബന്ധമുള്ളവയാണ് എന്നു ചോദിക്കാവുന്നതാണ്. അവയുടെ മറ്റു പ്രത്യേകതകൾ കണ്ടെത്താനും ആവശ്യപ്പെടാം.
അവ അതിശയോക്തിയുടെ പിൻബലത്തിൽ യാഥാർഥ്യത്തിൻറെ പ്രതീതി സൃഷ്ടിക്കുന്നവയാണ്. ഒരൊറ്റ അച്ചിൽ വാർത്തെടുക്കപ്പെട്ടവയാണ്. നായകനു പ്രാധാന്യം നൽകുന്നവയാണ്….
ഇത്തരം സിനിമകൾ എന്തു കൊണ്ട് ഒരു സമൂഹത്തിന് ആവശ്യമായി വരുന്നു? നാം നേരത്തേ സിനിമാപാട്ടുകളെക്കുറിച്ചു പറഞ്ഞപ്പോൾ സൂചിപ്പിച്ചു. നമ്മുടെ സ്വപ്നങ്ങളുടെ, അടിച്ചമർത്തപ്പെടുന്ന അഭിലാഷങ്ങളുടെ സാക്ഷാൽക്കാരം പാട്ടുകളിലൂടെ സംഭവിക്കുന്നുണ്ട് എന്ന്. സിനിമയും ഇതേ ധർമ്മം തന്നെയാണു നിർവ്വഹിക്കുന്നത്. ഭൗതിക ജീവിതത്തിലെ ഇല്ലായ്മകളെ പൂരിപ്പിക്കുകയാണ് സിനിമ െയ്യുന്നത്. നമുക്ക് പ്രണയിക്കണം. എന്നാൽ അതിന് സാമൂഹികമായ വിലക്കുകളുണ്ട്. അതുകൊണ്ട് നമുക്കു വേണ്ടി നമ്മുടെ നായകൻ പ്രണയിക്കുകയും ധീരമായി പ്രതിബന്ധങ്ങളെ അതിജീവിക്കുകയും ചെയ്യുന്നു. നായകനുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെ നമ്മുടെ പ്രശ്നങ്ങൾ സിനിമയിലൂടെ സമാശ്വസിപ്പിക്കപ്പെടുന്നു. യഥാർഥമായ പ്രശ്നത്തിന് വ്യാജമായ പരിഹാരം. വേറെയും ഉദാഹരണം പറയാം. പോലീസ് നമ്മുടെ വലിയ ഭയങ്ങളിലൊന്നാണ്. ആ ഭയത്തെ സിനിമയിലൂടെ എങ്ങിനെയാണ് മറികടക്കുന്നത്? നമ്മുടെ വീര നായകൻ ഉയർന്ന പോലീസുദ്യോഗസ്ഥനെ തെരുവിൽ വെച്ചു തന്നെ നേരിടുന്ന സന്ദർഭം ജനപ്രിയ സിനിമകളിലെ മുഖ്യചേരുവകളിലൊന്നാണ്. ആ ദൃശ്യത്തിലൂടെ പോലീസ് ഭീതിയെ നാം പരിഹരിക്കാൻ ശ്രമിക്കുന്നു. ഇവിടെ നമ്മുടെ യഥാർഥ പ്രശ്നത്തെ സത്യസന്ധമായി പരിശോധിക്കുകയല്ല സിനിമ ചെയ്യുന്നത് മറിച്ച് അയഥാർഥ്യമായ ഒരു പരിഹാരത്തിലൂടെ നമ്മെ തൃപ്തരാക്കുകയാണ് ചെയ്യുന്നത്.
മിത്തുകളെക്കുറിച്ച് ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. മിത്തുകളെന്താണെന്ന് കുട്ടികളെ പരിചയപ്പെടുത്തണം. മൂല്യവത്തായ മനുഷ്യാനുഭവങ്ങൾ കഥകളിലൂടെരൂപപ്പെട്ട് തലമുറകളിലൂടെ കൈമാറ്റം ചെ്യപ്പെടുന്നവയാണ് മിത്തുകൾ.പഴയ കാലത്തിലെ ഒരു വ്യക്തിയുടെ പ്രതികാരം ത്യാഗം കൊലപാതകം തുടങ്ങി എന്തെങ്കിലും അനുഭവങ്ങൾ സമൂഹം സ്വീകരിച്ച് കഥകളായോ അനുഷ്ഠാനങ്ങളായോ തലമുറകളിലേക്കു കൈമാറുമ്പോൾ അവ മിത്തുകളായിത്തീരുന്നു. നമ്മുടെ തെയ്യങ്ങളുമായും കാവുകളുമായും ബന്ധപ്പെട്ട് എത്രയെത്ര മിത്തുകളുണ്ട്. 
കഥപറയുമ്പോൾ എന്ന സിനിമ ഭൂരിഭാഗം കുട്ടികളും കണ്ടിട്ടുണ്ട്. ആ സിനിമയിൽ പുരാണകഥയുടെ അടിയൊഴുക്ക് ഉണ്ടല്ലോ എന്ന് കുട്ടികളോടു പറയുക.അവരുടെ ഓർമ്മയിൽ കൃഷ്ണകുചേലജീവിതം പൊങ്ങി വരാതിരിക്കില്ല. ആ മിത്തിനെ ആധുനികവൽക്കരിക്കുകയാണ് സിനിമ ചെയ്തത്. കുചേലൻറെ സ്ഥാനത്ത് ബാർബറാം ബാലനും കൃഷ്ണൻറെ സ്ഥാനത്ത് ഇന്നത്തെ താരദൈവവും. സ്വന്തം തൊഴിലിൽ അഭിവൃദ്ധിപ്പെടാൻ ശ്രമിക്കാത്ത ഈ നായകന് സൂപ്പർ സ്റ്റാറിൻറെ അനുഗ്രഹം വേണ്ടി വന്നു ജീവിതം രക്ഷപ്പെടുത്താൻ. ഇത് അഭികാമ്യമായി തോന്നുന്നുമ്ടോ എന്നു കുട്ടികളോടു ചോദിച്ചു കൂടേ? സൂപ്പർ നായകനുമായുള്ള സൗഹൃദം എന്ന ലോട്ടറിയാണ് ബാലനെ രക്ഷപ്പെടുത്തുന്നത്. നായകനോട് സൗഹൃദപ്പെടുവാനുള്ള അഭിവാഞ്ച എല്ലാ ആരാധകർക്കുമുള്ളതാണല്ലോ. ആ ആഗ്രഹത്തെയും സിനിമ തൃപ്തിപ്പെടുത്തുന്നു എന്നു പറയാം. കൃഷ്ണനു പകരം താരങ്ങൾ പുതിയ നാഗരിക മിത്തുകളായി മാറുന്നതും നമുക്കിവിടെ കാണാം. 
പഴശ്ശിരാജ എന്ന സിനിമയും ചലച്ചിത്രമാവുമ്പോൾ ജനപ്രിയ സിനിമയുടെ ചേരുവകൾ സ്വീകരിക്കുന്നത് നമുക്ക് കാണാം. 
കലകൾ പൊതുവെ സമൂഹത്തിൻറെ മൂല്യസങ്കൽപ്പങ്ങളെ നിരന്തരം വെല്ലുവിളിക്കുകയും അവയെ നവീകരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് കല സംസ്കാരത്തെ പുതുക്കിപ്പണിയുന്ന ഒന്നായിത്തീരുന്നത്. നമ്മുടെ ജനപ്രിയ സിനിമകൾ നമ്മുടെ സാമൂഹികമൂല്യങ്ങളെ വെല്ലു വിളിക്കുകയല്ല അവയെ ഊട്ടിയുറപ്പിക്കുകയാണു ചെയ്യുന്നത്. സ്ത്രീ, കുടുംബം,മതം,ദാമ്പത്യം തുടങ്ങി ഏതിനെ സംബന്ധിച്ചും നിലവിലുള്ള മൂല്യബോധത്തിനെതിരായി സംസാരിക്കുന്ന ജനപ്രിയ സിനിമകൾ നമുക്ക് കണ്ടെത്താനാവില്ല. പരമ്പരാഗതമായ സങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അതു കൊണ്ടു തന്നെ ജനപ്രിയ സിനിമകൾ മയക്കു മരുന്നു പോലെ സമൂഹത്തെ ഉറക്കിക്കിടത്തുന്ന ഒന്നായിത്തീരുന്നു.
ഇത്തരം സിനിമകളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നാണ് നാം ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലേക്കെത്തേണ്ടത്. ആ സിനിമ കണ്ട കുട്ടികളോട് നാം നിരന്തരം കാണുന്ന സിനിമകളിൽ നിന്ന് ഈ ചിത്രം എങ്ങിനെയെല്ലാം വത്യാസപ്പെട്ടിരിക്കുന്നു എന്നു ചോദിക്കാവുന്നതാണ്. നാം പരിചയിച്ച വാർപ്പു മാതൃകയല്ല ഇവിടെയുള്ളത്. നായകനെ നമ്മുടെ സിനിമയിൽ അവതരിപ്പിക്കുന്നതിലെ സവിശേഷതകൾ നമുക്കറിയാം. ലോ ആംഗിളുകൾ ഉപയോഗിച്ച് നായകനെ അമാനുഷനാക്കി ചിത്രീകരിക്കുന്ന രീതി ഇവിടെ കാണാനാവില്ല. നായകൻ മാത്രമല്ല അയാൾ ഉൾപ്പെടുന്ന സമൂഹം പലപ്പോഴും ഫ്രെയിമുകളിൽ കടന്നു വരുമ്പോൾ അത് ഒരു വ്യക്തിയുടെ കഥയ്ക്കപ്പുറം സമൂഹത്തിൻറെ അനുഭവമായി മാറുന്നു എന്ന കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തണം. നമ്മുടെ സൂപ്പർ നായക സിനിമകളിൽ നിരന്തരം ക്ളോസപ്പുകൾ ഉപയോഗിച്ച് ഒരൊറ്റ നായക ബിംബത്തെ പർവതീകരിക്കുന്ന ഏകാധിപത്യപരമായ ക്യാമറാസമീപനമല്ല ഇവിടെയുള്ളതെന്ന് അവരെ ബോധ്യപ്പെടുത്തണം. ഓരോ ഷോട്ടും വെറുതെയല്ലെന്നും അവയുടെ ആംഗിളുകൾ, ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ തുടങ്ങി പലതും അർഥോൽപ്പാദന സാധ്യത ഉള്ളവയാണെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കണം. സൈക്കിൾ കള്ളൻമാരിൽ സാധാരണ മനഷ്യജീവിതാനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. ഫ്രെയിമുകളിലേക്കു നിരന്തരം കടന്നു കയറുന്ന ആൾക്കൂട്ടവും സൈക്കിളുകളുമെല്ലാം റിച്ചിയുടെ അനുഭവത്തെ സമൂഹത്തിൻറെ പൊതുവായ അനുഭവങ്ങളാക്കി മാറ്റുന്നു. നമ്മുടെ സിനിമകളിൽ ഇന്ന് സാമാന്യമനുഷ്യരുടെ അനുഭവങ്ങൾ അപ്രത്യക്ഷമായിത്തീർന്നിരിക്കുന്നു എന്നു നമുക്കറിയാം. ഉപരിവർഗത്തിൻറെ അനുഭവങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള സാമാന്യ ജനതയുടെ അഭീഷ്ടത്തെ തൃപ്തിപ്പെടുത്തുന്ന ജനപ്രിയ സിനിമകളിൽ നിന്നും വത്യസ്തമായി യുദ്ധവും ദാരിദ്ര്യവും തകർത്തു കളഞ്ഞ ഒരു രാജ്യത്തിൻറെ വേദന തന്നെയാണ് റിച്ചിയിലൂടെ, ബ്രൂണോയിലൂടെ, മരിയയിലൂടെ, അവർക്കു ചുറ്റും നിറഞ്ഞിരിക്കുന്ന ആൾക്കൂട്ടത്തിലൂടെ വിറ്റോറിയോ ഡിസീക്ക അവതരിപ്പിക്കുന്നത്. ഇത്തരം സിനിമകളുടെ നിരന്തരമായ കാഴ്ചകളിലൂടെ മാത്രമേ അത്രമേൽ മലീമസമായ കാഴ്ചാനുഭവങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. പുതിയ തലമുറയുടെ അഭിരുചികളെ മുഴുവൻ നിർണ്ണയിക്കുന്ന കാഴ്ചയുടെ ലോകത്തെ മാറ്റിയെടുക്കാൻ അധ്യാപകർ ശ്രമിച്ചേ മതിയാവൂ. സാഹിത്യത്തെക്കാൾ പ്രാധാന്യം കൊടുക്കേണ്ട മേഖലയായി സിനിമ മാറിയിട്ടുണ്ട് എന്നതു നാം വിസ്മരിച്ച കൂടാ... ഈ യൂണിറ്റ് നല്ല രീതിയിൽ വിനിമയം ചെയ്യാൻ ഈ കുറിപ്പ് സഹായകമാകുമായെങ്കിൽ പ്രതികരണങ്ങൾ അറിയിക്കണം. കൂട്ടിച്ചേർക്കലുകളും വേണം. തിരുത്തലുകളും. ഇതൊരു വെറും പാഠഭാഗമായി കണ്ട് "പഠിപ്പിച്ചു" തീർക്കരുത്. നിരന്തരമുള്ള പ്രവർത്തനമായി കാണണം. ഒരു പീരിയഡ് ഫ്രീ കിട്ടുമെങ്കിൽ ഒരു ഷോർട്ട് ഫിലം പ്രദർശിപ്പിക്കാൻ ശ്രമിക്കണം. 
സിനിമകൾ അനേകമുണ്ട്. ചിലത് താഴെ കൊടുക്കാം. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, പാൻസ് ലാബിറിന്ത്, മജീദി മജീദിയുടെ സിനിമകൾ, ഡ്രീംസ്, ഗ്രേവ് ഓഫ് ദ ഫയർ ഫ്ളൈസ്(ആനിമേഷൻ) ഹോട്ടൽ റുവാണ്ട,ടാൻജറിൻസ്, ഗെറ്റിങ്ങ് ഹോം, അമോർ, നൈറ്റ് ആൻറ് ഫോഗ്,പ്ളാനറ്റ് എർത്ത് തുടങ്ങി അനേകം സിനിമകളുണ്ട്. ഈ പറഞ്ഞ സിനിമകൾക്ക് മലയാളം സബ്ടൈറ്റിലുകളുമുണ്ട്.https://www.facebook.com/groups/MSONEsubs/ ഈ ലിങ്കിൽ നിന്ന് സബ് ടൈറ്റിലുകൾ ഡൗൺ ലോഡ് ചെയ്തെടുക്കാം സിനിമകൾ. നിങ്ങളെക്കുറിച്ചുള്ള ഓർമ്മ നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളിൽ ഒരു പ്രചോദനമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറച്ചു കഷ്ടപ്പാടുകളിലൂടെ കടന്നു പോവണം. വെറും സാദാ മാഷായി ഒടുങ്ങനാണ് താൽപ്പര്യമെങ്കിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടില്ല. നന്ദി.

8 അഭിപ്രായങ്ങൾ:

  1. സാർ... വളരെ നന്നായിട്ടുണ്ട്... ഏറെ ഉപകാരപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സർ വളരെ ഉപകാരപെട്ടു

    മറുപടിഇല്ലാതാക്കൂ
  3. നന്ദി ,നന്നായി മനസ്സിലാകുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. Thank you സർ നന്നായി മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  5. Thank you Sir ഇത് നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. Thanks sir.. ഒരു student എന്ന നിലയിൽ എനിക്കും ഇത് വളരെ അധികം പ്രയോജനപ്പെട്ടു... 🥰

    മറുപടിഇല്ലാതാക്കൂ