2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

പ്രണയം!

പ്രണയം!

സന്ദർശനത്തെക്കുറിച്ച് പഠനസഹായിയിൽ വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്. പ്രണയമാണല്ലോ കവിതയിലെ മുഖ്യാശയം. ഈ പ്രണയത്തെക്കുറിച്ച് നാം ക്ലാസ്സിൽ ചർച്ച ചെയ്യാറുണ്ടോ? മനുഷ്യന്റെ ഏറ്റവും തീവ്രമായ ഈ വികാരത്തെ, ഈ വേദനയെ ചർച്ചയ്ക്കു വിധേയമാക്കേണ്ടതല്ലേ? ഇപ്പോഴല്ല്ലെങ്കിൽ മറ്റെപ്പോഴെങ്കിലും? പ്രത്യേകിച്ചും കൗമാരക്കരോട്. പ്രണയം മനുഷ്യജീവിതത്തിന് സഹജമാണ്. ഈ വികാരമില്ലെങ്കിൽ ജീവിതം എത്ര ശൂന്യമായിത്തീരും? എന്തായിരിക്കും അതിന്റെ അടിസ്ഥാനം? അത് സങ്കുചിതമായ വെറും ഉടമസ്ഥതാബോധം മാത്രമാണോ? എന്താണ് പ്രണയ നേട്ടം അല്ലെങ്കിൽ നഷ്ടം? പ്രണയത്തെ പലരും പലതരത്തിൽ സങ്കൽപ്പിക്കുന്നുണ്ട്. ക്വോട്ടുകൾ യഥേഷ്ടമെടുത്തോളൂ. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇതിനും കാലത്തിനും ദേശത്തിനുമനുസരിച്ച് വത്യാസങ്ങൾ വരാം. കൊട്ടാരത്തിൽ മറ്റു ഭാര്യമാരുണ്ടായിരുന്ന  ദുഷ്യന്തന് കാട്ടിൽ വെച്ച് ശകുന്തളയോടു തോന്നിയ വികാരത്തിന് നാമിന്നു പ്രണയം എന്നു പറയുമോ? നളചരിതത്തിലും ദമയന്തിക്കു പ്രണയമുദിക്കുന്നത് നളന്റെ സ്ഥാനമാനങ്ങൾക്കനുസരിച്ചാണ്. എന്നാൽ ആധുനിക കാലത്ത്  ജാതിയുടെയും സാമ്പത്തികവ്യവസ്ഥയുടെയും തട്ടുകളെ തകർക്കുന്ന ഒന്നായി പ്രണയം പ്രത്യക്ഷപ്പെടുന്നു. ആശാനിലും ചങ്ങമ്പുഴയിലും നാമതു കാണുന്നു. പ്രണയത്തിന്റെ ആ ഉന്നത മൂല്യം. മലയാളിസമൂഹത്തിന് പ്രണയമെന്ന വികാരത്തെ നൽകിയത് ആശാനായിരുന്നില്ലേ?
          ഏതൊരു വസ്തുവിനും മൂല്യം നൽകുന്നത് ലഭിക്കനുള്ള പ്രയാസങ്ങളാണല്ലോ. ഇഷ്ടപ്പെടുന്നവർക്ക് ഒന്നിച്ചു ചേരുന്നതിൽ യാതൊരു പ്രശ്നവുമില്ലാത്ത പാശ്ചാത്യന്റെ മൂല്യമല്ല അനേകം പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുന്ന നമ്മുടെ പ്രണയമൂല്യം. ഒരു പക്ഷേ ആ പ്രതിബന്ധങ്ങൾ ദുർബലമായാൽ ആ മൂല്യബോധത്തിലം മാറ്റം വരും. എൻ വി കൃഷ്ണവാരിയർ  കൊച്ചു തൊമ്മനിൽ ഇതു രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരർഥത്തിൽ ചങ്ങമ്പുഴയ്ക്കുള്ള പാരഡിയാണ് കൊച്ചു തൊമ്മൻ എന്നു പറയാം. പ്രണയവേദനയിൽ മുങ്ങി തീവ്രമായ ആത്മപീഢാവാസനയോടെ സമൂഹത്തെ പഴിക്കുന്ന ചങ്ങമ്പുഴയുടെ നായകന്മാർ വിവാഹത്തിനായി ഒരു ചെറുവിരലെങ്കിലും അനക്കുന്നത് കണ്ടിട്ടുണ്ടോ? ക്ലാരയെ സ്വപ്നം കണ്ട് ക്ലാസിൽ കയറാതെ(ക്ല ക്ല ക്ലാസിലിരിക്കവേ ബോറൻ ലക്ചറിൽ ശ്രദ്ധിക്കാൻ മരമല്ലല്ലോ തൊമ്മൻ) പഠനം കളഞ്ഞ് പരീക്ഷകളെഴുതാതെ ഉന്മാദാവസ്ഥയിലെത്തിയ കൊച്ചു തൊമ്മന്റെ  മുന്നിൽ ക്ലാര വന്ന് താൻ സാധാരണ ഒരു പെൺകുട്ടിയാണെന്നും അച്ഛൻ ടിക്കറ്റ് ചെക്കറാണെന്നും കൃത്യവിലോപത്തിന് ഇന്നലെ ജയിലിലായെന്നും തന്നെ സ്വീകരിക്കമെന്നും പറയുന്നു ക്ലാര. സങ്കൽപ്പ ലോകത്തുനിന്നും യാഥാർഥ്യ ലോകത്തേക്ക് അടിതെറ്റി വീഴുന്നു തൊമ്മൻ.
      കുട്ടികളിൽ പ്രണയമില്ലാത്തവർ ഉണ്ടാവില്ല. പാശ്ചാത്യ രാജ്യങ്ങളിൽ കൗമാരത്തിലെത്തിയ കുട്ടി ബോയ്ഫ്രണ്ടിനെയോ ഗേൾഫ്രണ്ടിനെോ കൂട്ടി നടക്കുന്നില്ലെങ്കിൽ അവന് /അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നു മനസ്സിലാക്കി രക്ഷിതാക്കൾ മനശ്ശാസ്ത്രജ്ഞനെ കാണാൻ പോകും. നമ്മൾ  പേടിപ്പിക്കും, സ്റ്റാഫ് റൂമിൽ വിളിച്ച് അപമാനിക്കും, അല്ലെങ്കിൽ സദാചാരപ്പോലീസിനെ വിട്ടു തല്ലിക്കും എന്നു കുട്ടികൾക്ക് അസ്സലായി അറിയാം. അതുകൊണ്ട് ആർക്കൊക്കെ പ്രണയമുണ്ടെന്നൊന്നും ചോദിക്കേണ്ടതില്ല. പക്ഷേ സ്വയം ആലോചിച്ചു നോക്കാൻ പറയാം. എന്താണ് ആ പ്രണയത്തിന്റെ അടിസ്ഥാനം?  ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയാറുണ്ടല്ലോ. പ്രഥമദൃഷ്ട്യാ അനുരാഗം! അതല്ല തമ്മിൽ വളരെയധികം മനസ്സിലാക്കി അഭിരുചികൾ പൊരുത്തപ്പെടും എന്നു മനസ്സിലാക്കിയിട്ടോ? അതിനുള്ള സാധ്യതയൊക്കെ നമ്മുടെ സമൂഹം നൽകുന്നുണ്ടോ? (പല ആദിവാസി സമൂഹങ്ങളിലും വിവാഹത്തിനു മുമ്പേ ഒന്നിച്ചു ജീവിച്ചതിനുശേഷം മാത്രമേ വിവാഹമാകാവൂ എന്ന ചിട്ടകളുണ്ട്. രവീന്ദ്രന്റെ അകലങ്ങളിലെ മനുഷ്യർ നോക്കുക. മാലി എന്ന മുസ്ലിം രാജ്യത്ത് പ്രണയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു വിവാഹവും നടക്കില്ലെന്നാണ് അറിവ്.) പ്രഥമ ദൃഷ്ട്യാ അനുരാഗമെന്നതിൽ അസംബന്ധത്തിന്റെ അംശമുണ്ടോ? അപ്പോൾ പ്രഥമദൃഷ്ടിയിൽ അവരെ അടുപ്പിച്ചത് എന്താവാം? നമുക്കിഷ്ടമുള്ള നടനോട്/നടിയോട് വിദൂരസാദൃശ്യമുള്ള ചേഷ്ടാസാദൃശ്യമുള്ള ചില വ്യക്തികളോട് ചിലപ്പോൾ ഇഷ്ടം തോന്നാനുള്ള സാധ്യതയില്ലേ? പുനർജന്മം എന്ന സിനിമയുടെ ഇതിവൃത്തം അമ്മയോട് സാദൃശ്യമുള്ള ഭാര്യയോട് രതി തോന്നാത്ത ഭർത്താവിനെ ചികിൽസിച്ചുമാറ്റുന്നതാണ്. എടി കോവുരിന്റെ ഒരു കേസ് ഡയറിയാണ് സിനിമയ്ക്കാധാരം. ചില ഒബ്സെഷനുകൾ വ്യക്തികളിലുണ്ടാകാനുള്ള സാധ്യത സാധാരണമാണ്. അമ്മയോട് വളരെ വിധേയത്വമുള്ള ഒരു വ്യക്തിക്ക് അമ്മയോട് സാദൃശ്യമുള്ള സ്ത്രീകളോട് താല്പര്യം തോന്നുക സ്വാഭാവികം. ഇത്തരം ഫിക്സേഷനുകൾ ചെറുപ്പത്തിലേ സംഭവിക്കാം. വളരെ ചെറുപ്പത്തിൽ വീട്ടിൽ വിരുന്നു വന്ന ബന്ധത്തിലെ ചേച്ചിമാരോട് / ചേട്ടന്മാരോട് നമുക്കെത്ര ഇഷ്ടമായിരുന്നു. അവർ കുറച്ചു ദിവസം താമസിച്ചു തിരിച്ചു പോകുമ്പോൾ നാമെത്ര വിഷമമിച്ചിരുന്നു. അവരെ നാം പിന്നീടു മറന്നിട്ടുണ്ടാകാം. എങ്കിലും അവരുടെ രൂപം നമ്മുടെ അബോധമനസ്സിൽ ഉണ്ടാവും. ആ രൂപത്തോട് സാമ്യം തോന്നുന്ന മുഖങ്ങളോട് നമുക്ക് വല്ലാത്ത ഇഷ്ടം തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. രൂപം കൊണ്ട് ഇഷ്ടം തോന്നുന്ന വ്യക്തികളിൽ ഇത്തരം അബോധഘടകങ്ങൾ പ്രവർത്തിച്ചേക്കാം എന്നു മാത്രമാണു പറഞ്ഞത്.
        പൂർണ്ണമായും ശരിയാണെന്നു പറയാനാവുമോ എന്നറിയില്ല. ശിഥില കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ, വളരെ അന്തർമുഖരായവർ ഇവരൊക്കെ പ്രണയത്തിൽ നിലതെറ്റി വീഴുന്നത് കണ്ടിട്ടുണ്ട്. മറ്റെല്ലാം നഷ്ടപ്പെടുമ്പോൾ അവരുടെ എല്ലാ വേദനകളും ഇറക്കി വെക്കാനുള്ള ഒന്നായി പ്രണയത്തെ കാണുന്നതാണോ? അന്തർമുഖന്മാരിൽ ആന്തരിക ജീവിതം കൂടുതലായിരിക്കും. മനസ്സിൽ പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നസൗധങ്ങൾ അവർ കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കും. അതു തകർന്നാൽ ജീവിതം അവസാനിപ്പിക്കാൻ പോലും അവർ മടിക്കില്ല. അഥവാ അവരുടെ പ്രണയം വിവാഹത്തിൽ കലാശിച്ചാൽ വളരെ നിരാശരാകുന്നതും കണ്ടിട്ടുണ്ട്. ആന്തരിക ലോകത്തിൽ അഭിരമിക്കുന്നവർക്ക് യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുക വളരെ പ്രയാസകരമായിരിക്കും. ചെറുപ്പത്തിൽ കണ്ട സിനിമയിൽ എല്ലാദിവസവും രാവിലെ ഭാര്യയ്ക്കു ചുംബനം കൊടുത്ത് ജോലിക്കു പോകുന്നഭർത്താവിനെ ഏതോ സിനിമയിൽ കണ്ടിരുന്നത് ഞാനോർക്കുന്നുണ്ട്. അതായിരുന്നു വളരെക്കാലം എന്റെ ഉൽക്കൃഷ്ട ദാമ്പത്യ മാതൃക. വൈലോപ്പിള്ളിയിൽ ഈ പ്രണയം നാനാതരം വേലകൾക്കിടയിലോർത്തന്തരാ ലജ്ജിക്കാവുന്ന ഒരു നിമിഷനേരത്തെ അനുഭൂതിയായി, ആറ്റൂരിന്റെ നഗരത്തിൽ ഒരു യക്ഷനിൽ പോയമധുവിധുകാലത്തിനേക്കാളുമേറെ പ്രിയമെനിക്കിന്നു നിന്നോടെടോ! എന്ന തിരിച്ചറിവായി പ്രണയം മാറുന്നു. ഓർത്തു നോക്കൂ നമ്മുടെ പ്രണയത്തെയും സങ്കൽപ്പങ്ങളെയും രൂപപ്പെടുത്തിയത്  സിനിമകളാല്ലാതെ മറ്റെന്താണ്? അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇത്തരം സ്വാധീനങ്ങൾ ഏതൊക്കെ അളവിലുണ്ടെന്നു തിരിച്ചറിയാൻ ഇത്തരം ചർച്ചകൾ സഹായിക്കില്ലേ? നിലം തൊടാത്ത സങ്കൽപ്പങ്ങൾ നിറഞ്ഞ ഈ പ്രണയം ശരിയോ തെറ്റോ എന്നു വിധിക്കാനൊന്നും ഞാനില്ല. ഈ സ്വപ്നാത്മകതയില്ലെങ്കിൽ എന്തു പ്രണയം? അതിന്റെ വിജയം വിവാഹം തന്നെയാകമമെന്നുണ്ടോ? വിജയം എന്നതു തന്നെ എത്ര അസംബന്ധമാണ്! വിജയപരാജയങ്ങൾ നിശ്ചയിക്കാൻ ഇതൊരു ഗുസ്തിമൽസരമല്ല. പ്രണയം പ്രണയമാണ്. അത്രതന്നെ.
           എങ്കിലും നമ്മുടെ സാമൂഹിക ബന്ധങ്ങൾക്ക് ഒരേസമയം ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്. കുടുംബബന്ധങ്ങൾക്ക് സാമൂഹികബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നവരാണ് പൗരസ്ത്യ സമൂഹങ്ങൾ. അത്രയധികം കെട്ടുപാടുകൾ നമുക്കതുമായുണ്ട്. അതില്ലാതെ ജീവിക്കണമെങ്കിൽ വല്ലാത്തൊരൂർജ്ജം വ്യക്തിയിലുണ്ടാകണം. പ്രതിരോധിക്കാനുള്ള ശക്തിവേണം. ജാതിയുടെയും മതത്തിന്റെയും മൂശയിൽ വാർത്തെടുക്കപ്പെട്ടാണ് ഓരോരുത്തരും പുറത്തു വരുന്നത്. പ്രണയം ഈ അതിരുകളെ മായ്ക്കുമെങ്കിലും പിൽക്കാലത്ത് പലതും പുറത്തുവരും. പ്രണയത്തിൽ പെട്ടവ്യക്തി ഇണയ്ക്ക് വലിയ സ്വാതന്ത്ര്യം കൊടുക്കും, മിക്കവാറും വിവാഹത്തോടെ അത് അധികാരസ്ഥാപനമായിമാറും. സംഘർഷങ്ങൾ ആരംഭിക്കും. സംസ്കാരവത്യസങ്ങളും ചിലപ്പോൾ പുറത്തുചാടും. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനു ശേഷം കൃസ്ത്യനിയിയായ ഭർത്താവിന്  മീൻ മണം അനുഭവപ്പെടുന്ന ഹിന്ദുസ്ത്രീയെക്കുറിച്ച് അശേകൻ ചരുവിലിന്റെ കഥയുണ്ട്. പേരോർക്കുന്നില്ല.
          ബന്ധങ്ങൾക്കു നാം കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു. അമൃതാപ്രീതത്തിന്റെ ആത്മകഥയിൽ അവരുടെ മകൾ തീപൊള്ളലേറ്റ് പാരീസിൽ ആശുപത്രിയിലായപ്പോൾ അവർ കാണാൻ പോയ സംഭവം സൂചിപ്പിക്കുന്നുണ്ട്. ആശുപത്രി അധികൃതർ കാണാൻ സമ്മതിച്ചില്ല. മന്ത്രി തലത്തിൽ ബന്ധപ്പെട്ട് അനുമതി സമ്പാദിച്ച അവരെ നീരസത്തോടെയാണ് ഡോക്ടർമാർ കണ്ടത്. പത്തിരുപതു വർഷം മുമ്പ് കഥകളി പഠിക്കാൻ കേരളത്തിലെത്തി പിന്നീട് കാശ്മീർ കാണാൻ പോയപ്പോൾ അവിടെ വെച്ച് ഭീകരവാദികളുടെ വെടിയേറ്റു മരിച്ച ഒരു വെള്ളക്കാരന്റെ പേരു മറന്നു. പത്രങ്ങളിൽ അന്നത് വലിയ വാർത്തായായിരുന്നു. അദ്ദേഹം കോട്ടക്കൽ ശിവരാമനെയാണെന്നു തോന്നുന്നു ആശപത്രിയിൽ സന്ദർശിച്ച കാര്യം ഒരു കുറിപ്പായി എഴുതിയിരുന്നു. അതിൽ അൽഭുതകരമായി പറഞ്ഞത് അനേകം ബന്ധുക്കൾ രോഗിയെക്കാണാൻ ആശുപത്രിയിൽ സന്ദർശിക്കുന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സംഭവങ്ങൾ സൂചിപ്പിച്ചത് ബന്ധങ്ങൾ നമുക്ക് എത്ര പ്രധാനമാണ് എന്നു കാണിക്കാൻ വേണ്ടിയാണ്. പാശ്ചാത്യലോകത്ത് വ്യക്തിക്കാണ് പരമ പ്രാധാന്യം. നമ്മുടെ ജീവിത്തിൽ കുടുംബവും സാമൂഹവും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവരെല്ലാം പ്രണയത്തിൽ എതിർപക്ഷത്തു നിൽക്കുക വളരെ സ്വാഭാവികവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതത്വം നഷ്ടപ്പെടുക എന്നത് ദുർബലരെ സംബന്ധിച്ച്, ചിന്താശൂന്യരെ സംബന്ധിച്ച് വളരെ വിഷമകരമാണ്. നമ്മുടെ സമൂഹമാകട്ടെ അത്രമേൽ യാഥാസ്ഥിതികവുമാണ്. ശുദ്ധജാതകമായതിനാൽ മുപ്പതുവയസ്സുകഴിഞ്ഞിട്ടും വിവാഹം കഴിയാത്ത ഒരു സുന്ദരി എന്റെ സ്റ്റാഫ് റൂമിലുള്ളപ്പോൾ എനിക്കീ സമൂഹത്തെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല. എന്നാൽ ഈ കുടുംബജീവിതത്തിൽ നിന്നും സാമൂഹികജീവിത്തിൽ നിന്നും കുറച്ചെങ്കിലും വിടുതൽനേടി പുറമെ ജീവിക്കുന്ന ചെറുപ്പക്കാർക്കിടയിൽ പ്രണയവിവാഹങ്ങൾ കൂടുതലുണ്ട് എന്നത് ആശ്വാസകരമായും തോന്നുന്നു. ഒരു ടീച്ചർ പറഞ്ഞത് പ്രണയം പോലും ഇപ്പോൾ ജാതിയും മതവും നോക്കിയിട്ടാണെന്നാണ്.
         ഭിന്ന മതങ്ങളിൽ ജാതികളിൽപെട്ടവർ വിവാഹം കഴിക്കുമ്പോൾ സംസ്കാരങ്ങളെ ഉൾക്കൊള്ളാനും സഹിഷ്ണുത കാണിക്കാനും നമുക്കു കഴിവുണ്ടാകുമോ? ഉയർന്ന ചിന്തയും സഹിഷ്ണുതയും പുലർത്തുന്നവർക്കു മാത്രവേ സംസ്കാര, വിശ്വാസവൈവിധ്യങ്ങളെ ആരോഗ്യപരമായി സമീപിക്കാൻ കഴിയൂ. അല്ലെങ്കിൽ ഒരാളുടെ സമ്പൂർണ്ണമായ കീഴടങ്ങലാണ് മിക്കവാറും സംഭവിക്കുക. പ്രത്യക്ഷത്തിൽ തോന്നുന്ന വെറും ഫാൻസിക്കപ്പുറം (പൂവുപോലുള്ളൊരോമനക്കൗതുകം)എന്തെങ്കിലുമാണോ അത് എന്നൊക്കെ മനസ്സിലാക്കാൻ ഈ ചർച്ച സഹായകമാവില്ലേ?  വളരെ കലഹപ്രിയരോ നിഷേധാത്മകവാസനയോ ഉള്ളവരിൽ പ്രണയം ഒരു സാഹസമായി പ്രവർത്തിക്കാനുള്ള സാധ്യതയുണ്ടാകും. ഒരു സാഹസത്തിന്റെ ലഹരിയാവാം പ്രണയം അവർക്കു നൽകുന്നത്. അങ്ങിനെ സവിശേഷവും സ്വാഭാവികവുമായ ഈ വികാരത്തെ പലതലങ്ങളിലാണ് വ്യക്തികളിൽ പ്രവർത്തിക്കുന്നത്. ഇവയൊക്കെ തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതല്ലേ? വളരെ അന്തർമുഖരായ ആളുകൾക്ക് ബഹിർമുഖരായ ആളുകളോടും തിരിച്ചും താൽപര്യം തോന്നുന്നതായും കണ്ടിട്ടുണ്ട്. ഇതൊക്കെ പൂർണ്ണമായും ശരിയാണെന്നല്ല പറഞ്ഞത്. ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു എന്നു മാത്രം.
     സ്കൂളുകളിൽ കുട്ടികളുടെ പ്രണയം കണ്ടെത്താൻ കുട്ടികളെത്തന്നെ ചാരന്മാരായി നിയോഗിക്കുന്ന അധ്യാപകർ ഏറെയുണ്ട്. മിക്കവാറും ഒരു കൗതുകമായി വളർന്ന് സ്വാഭാവികമായി അവസാനിച്ചേക്കാവുന്ന അത്തരം താല്പര്യങ്ങളെ മാന്തിപ്പുണ്ണാക്കുന്നതിൽ ബഹുതാല്പര്യം പുലർത്തുന്നവരുമുണ്ട്. ഇന്ന് വളരെ സ്വാഭാവികമായി ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപഴകാനുള്ള സ്വാതന്ത്ര്യം മിക്ക സ്കൂളുകളിലുമുണ്ട്. ആരോഗ്യപരമായ മാനസികവികാസത്തിന് അതത്യാവശ്യവുമാണ്. അത്തരം സ്കൂളുകളിൽ നിന്നു വരുന്നവർ മാനസികാരോഗ്യമുള്ളവാവുമ്പോൾ കർശനമായ നിയന്ത്രണങ്ങളുള്ള സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾ പെർവേർട്ടഡ് ആയ മനോഭാവം പുലർത്തുന്നതു കാണാം. പറഞ്ഞു വന്നത് പാഠപുസ്തകത്തിനപ്പുറം പ്രണയമെന്ന അനുഭൂതിയെക്കുറിച്ചു ചർച്ച ചെയ്യേണ്ടത് ഒരാവശ്യമാണെന്നാണ്. പ്രസക്തമല്ലെങ്കിൽ ഈ പോസ്റ്റ് പിൻവലിക്കുന്നതായിരിക്കും എന്ന ഉറപ്പോടെ ചർച്ചകൾക്ഷണിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ